Thursday, February 3, 2011

Review: Arjunan Sakshi



രഞ്‌ജിത് ശങ്കര്‍ എഴുതി സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷിയുടെ പശ്ചാത്തലം കൊച്ചിയാണ്; പിന്നെ കൊച്ചിയുടെ തനതുകലയെന്ന മട്ടില്‍ നമ്മുടെ സിനിമക്കാര്‍ തലങ്ങും വിലങ്ങും എടുത്തുപെരുമാറുന്ന ക്വട്ടേഷന്‍- ലാന്‍‌ഡ് മാഫിയ ഇടപാടുകളും. പത്രപ്രവര്‍ത്തകയാ‍യ അഞ്‌ജലി മേനോന്‍ (ആന്‍ അഗസ്‌റ്റിന്‍) ഒരു കുരുക്കില്‍ പെടുന്നു. എറണാകുളം കളക്‍ടറായിരുന്ന ഫിറോസ് മൂപ്പന്റെ (മുകേഷ്) കൊലപാതകത്തിന് സാക്ഷിയാണെന്നു പറഞ്ഞ് അര്‍ജുനന്‍ എന്ന പേരില്‍ ഒരാളെഴുതിയ കത്ത് അഞ്‌ജലി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഒറ്റ നോട്ടത്തില്‍ നിരുപദ്രവം എന്നു തോന്നാവുന്ന ഇത് അപ്രതീക്ഷിതമായ പ്രശ്‌നങ്ങളിലേക്കാണ് അഞ്‌ജലിയെ നയിക്കുന്നത്. ഇതേസമയത്ത് കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ആര്‍ക്കിടെക്‍റ്റായി ജോലിക്കു ചേര്‍ന്ന റോയ് മാത്യുവും (പൃഥ്വിരാജ്) ഇതേ പ്രശ്‌നത്തില്‍ കുരുങ്ങുന്നു; തികച്ചും അപ്രതീക്ഷിതമായി.

ഫിറോസ് മൂപ്പന്റെ ഘാതകര്‍ റോയിയെ ഉന്നമിടുന്നതോടെ പുതിയ കളികളും പുതിയ കളിക്കാരും ഇരുവരുടെയും മുന്നില്‍ നിരക്കുകയാണ്. പിടി വിട്ടുപോകുന്ന സ്വന്തം ജീവിതത്തെ നേരെയാക്കാനുള്ള റോയിയുടെ ശ്രമങ്ങളാണ് പിന്നീട്. (ഇതേ പോയിന്റില്‍ വച്ച് പിടിവിട്ടു പോകുന്ന സിനിമ, നേരെയാക്കാന്‍ കഴിയാതെ വിഷമിക്കുന്ന സംവിധായകനെയും പിന്നീട് കാണാം എന്നതാണ് ഇതിലെ ട്രാജഡി!)

PLUSES
പറഞ്ഞു കേള്‍ക്കുമ്പോള്‍ കൌതുകം തോന്നുന്ന ഒരു കഥാംശം ഈ ചിത്രത്തിലുണ്ട്; അതിന്റെ പരിസരം വളരെ പഴകിയതും പല വട്ടം ഉപയോഗിക്കപ്പെട്ടിട്ടുള്ളതും ആണെങ്കിലും. പദ്മരാജന്റെ അപരനെ മറ്റൊരു വാതിലിലൂടെ ഈ കഥയിലേക്ക് കടത്തിവിട്ടിരിക്കുന്നതും നന്നായിരിക്കുന്നു.

ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കാണികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം കൂടിയുണ്ട്: സമൂഹത്തിന്റെ ദുര്‍നടപ്പു കാണുമ്പോള്‍ ശബ്‌ദിക്കാനോ പ്രവര്‍ത്തിക്കാനോ തരിക്കുകയും പല ഭീതികളാലും പൊതിയപ്പെട്ട് ഉള്‍വലിയുകയും ചെയ്യുന്ന മധ്യവര്‍ഗത്തിന് വളരെ സ്വീകാര്യരാവുന്ന കഥാപാത്രങ്ങള്‍ ഒന്നിലധികമുണ്ട് ഈ ചിത്രത്തില്‍.

അജയന്‍ വിന്‍സന്റിന്റെ ക്യാമറ പതിവുപോലെ മികച്ചത്. ഈ സിനിമ കുറച്ചെങ്കിലും കണ്ടിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനു പ്രധാനമായും നന്ദി പറയേണ്ടത് ഈ സമര്‍ഥനായ ഛായാഗ്രാഹകനോടാണ്. അജയന്‍ വിന്‍സന്റ്, നന്ദി!

MINUSES
ത്രില്ലറുകളുടെ ഗണത്തില്‍ പെടുത്തേണ്ട സിനിമയാണെങ്കിലും ത്രില്ലിങ് ആയ ഒരു വസ്‌തുവും ഇല്ല അര്‍ജുനന്‍ സാക്ഷിയില്‍. ആദ്യപകുതിയില്‍ ഇടയ്‌ക്കൊക്കെ ഒരു കൌതുകം ജനിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പാതി പോലും വേകാത്ത ചേരുവകളും പ്രവചനീയമായ നീക്കങ്ങളും മാത്രം; ഒടുവില്‍, അങ്ങേയറ്റം അമച്വറിഷ് ആയ ക്ലൈമാക്‍സും.

രഞ്‌ജിത്തിന്റെ ആദ്യചിത്രമായ പാസഞ്ചറിലെ തുറുപ്പുചീട്ട് ഒരു വീഡിയോ ക്ലിപ്പിങ്ങാണ്. ഇതിലും അതു തന്നെ! വേറെ എന്തെങ്കിലുമൊന്ന്ആലോചിച്ചെടുക്കാന്‍ ഒരു രാത്രിയെങ്കിലും സംവിധാ‍യക-രചയിതാവ് മാറ്റി വച്ചിരുന്നെങ്കില്‍ ഒരു പക്ഷേ, ഈ സിനിമയുടെ ജാതകം തന്നെ മാറിപ്പോയേനെ.

ഒന്നൊഴിയാതെ അഭിനേതാക്കളെല്ലാം വളരെ passive ആയിട്ടാണ് സ്‌ക്രീനില്‍ വന്നുപോകുന്നത്; വളരെ വിരസമായ എന്തോ കാര്യം ചെയ്യുന്ന മട്ടില്‍! (outstanding performance ആവശ്യപ്പെടുന്ന കഥാപാത്രങ്ങള്‍ ഇതില്‍ ഇല്ലാതെ പോയതും അതിനു കാരണമാകാം.) സി ആര്‍ നീലകണ്‌ഠന്റെയും സാറാ ജോസഫിന്റെയും പ്രസംഗവും മീറ്റിങ്ങുമൊക്കെ ഏച്ചുകെട്ടിയതിനേക്കാള്‍ മുഴച്ചുനില്‍ക്കുന്നുണ്ട്.

REALLY FUNNY
തമാശകള്‍‌ക്ക് ഒരു ക്ഷാമവുമില്ലാത്ത സിനിമയാണ് അര്‍ജുനന്‍ സാക്ഷി. നമ്മള്‍ ചിരിച്ചു മരിക്കാന്‍ മാത്രമുണ്ട്. (അവയൊന്നും നമ്മളെ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയല്ല എന്നതു മാത്രമാണ് പ്രശ്‌നം.) കുറച്ച് സാം‌പിളുകള്‍ ഇതാ.

1. ഊമക്കത്ത് എന്നു വിശേഷിപ്പിക്കാവുന്ന ഒരു കുറിപ്പ് പത്രത്തില്‍ പ്രസിദ്ധീകരിക്കാ‍നായി എടുത്തുകൊടുത്തു എന്നല്ലാതെ അഞ്‌ജലി മേനോന്‍ ഒന്നും ചെയ്‌തിട്ടില്ല. പത്രത്തിന്റെ വായനക്കാരെ സംബന്ധിച്ചിടത്തോളം അഞ്‌ജലി അജ്ഞാതയാണെന്നു മാത്രമല്ല, അഞ്‌ജലിക്ക് ഈ സംഭവത്തേക്കുറിച്ച് ഒരു ചുക്കും അറിയുകയുമില്ല. പക്ഷേ, ബിന്‍ ലാദന്റെ താവളത്തില്‍ ഇടിച്ചു കയറിച്ചെന്ന് മൂപ്പരെ ഇന്റര്‍വ്യൂ ചെയ്തിട്ട് ജീവനോടെ ഇറങ്ങിവരുന്ന ജേണലിസ്റ്റിനു പോലും കിട്ടാത്ത സ്വീകരണമാണ് ഈ കഥാപാത്രത്തിന് പിന്നീട് കിട്ടുന്നത്. ചാനല്‍ചര്‍ച്ചകള്‍, ഭീഷണിഫോണുകള്‍, അന്ത്യശാസനങ്ങള്‍, വീടുകൈയേറ്റം.. അങ്ങനെ എന്തെല്ലാം!

2. അര്‍ജുനനെ ഇല്ലാതാക്കുകയാണ് ഫിറോസ് മൂപ്പന്റെ കൊലപാതകികളുടെ ലക്ഷ്യം. അത് ഒരു വെടിയുണ്ടയില്‍ തീര്‍ക്കാവുന്ന അവസരങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. കാരണം, ഒരു ബോധവുമില്ലാതെ തേരാപ്പാരാ റോഡിലൂടെ നടപ്പാണ് ഈ കക്ഷിയുടെ പ്രധാന പണി. എന്നാല്‍, ഒരു ചപ്പടാച്ചി ലോറിയും നേരെ നില്‍ക്കാന്‍ വയ്യാത്ത കുറേ കാറുകളും കൊണ്ട് അയാളുടെ കൂറ്റന്‍ എസ് യു വിയില്‍ ഇടിക്കുക, പാര്‍ക്കിങ് ലോട്ടില്‍ വന്ന് വടിവാളും ഇടിമുട്ടിയും വീശുക ഇത്യാദി age-old വേലകളാണ് വില്ലന്മാരുടെ കൈയില്‍. ഇവന്മാര്‍ക്ക് തരി ബുദ്ധിയുണ്ടായിരുന്നെങ്കില്‍ തുടങ്ങുന്നതിനു മുന്‍പേ ഈ സിനിമ തീര്‍ന്നു പോയേനെ! അര്‍ജുനനെ കൊല്ലാതെ ഫിറോസ് മൂപ്പന്റെ പിതാവിനെ കൊന്നിട്ട് സ്ഥലം വിടുന്ന സീനില്‍ ഇവരുടെ മണ്ടത്തരത്തിന്റെ തകര്‍പ്പന്‍ തനിയാവര്‍ത്തനം കാണാം.

3. വില്ലന്മാരെ ബോട്ടില്‍ കയറ്റി കൊണ്ടുപോകുന്ന സീന്‍. ബോട്ട് പുറപ്പെടും മുന്‍പ് നാലു പേരുടെയും ഫോണുകള്‍ വാങ്ങി കായലില്‍ എറിയുന്നുണ്ട്. കൊള്ളാം, നല്ലതു തന്നെ. എന്നാല്‍, ഈ വിദ്വാന്മാരുടെ പോക്കറ്റില്‍ വല്ല കൊച്ചുപിച്ചാത്തിയോ കളിത്തോക്കൊ മറ്റോ ഉണ്ടോയെന്ന് നോക്കുന്ന കാര്യം കൊണ്ടുപോകുന്നയാള്‍ ആലോചിക്കുന്നതു പോലുമില്ല. ഇതിലൊരുത്തന്‍ ഒടുവില്‍ തോക്കുമെടുത്ത് ചാടിവീഴുന്നതു കൂടി കാണുമ്പോള്‍ നമ്മള്‍ ശരിക്കും ചിരിച്ചുപോകും. സംവിധായകന്റെ ബുദ്ധി അപാരം!

4. വില്ലന്മാരുമായി സംഭാഷണം നടത്താന്‍ കൈയും വീശി തുറമുഖത്തു വന്ന് തെക്കു വടക്കു നോക്കി നില്‍ക്കുന്ന നായകന്‍ ചിരിക്കാനാണോ കൂവാനാണോ പ്രേരിപ്പിക്കുന്നതെന്നു ചോദിച്ചാല്‍ രണ്ടിനും എന്നു മാത്രമേ മറുപടി പറയാന്‍ പറ്റൂ. കൈയില്‍ കിട്ടിയ പ്രതിയോഗിയെ മൂന്നോ നാലോ തവണ കൊല്ലാന്‍ സമയം കിട്ടിയിട്ടും അതു ചെയ്യാതെ പൊലീസ് വന്നപ്പോള്‍ വെള്ളത്തില്‍ ചാടി മുങ്ങിക്കളയുന്ന വില്ലന്മാരും ചിരിക്കാനോ കൂവാനോ നമ്മളെ പ്രേരിപ്പിക്കും.

5. ക്ലൈമാക്‍സിലെ കാരവാന്‍ സീക്വന്‍‌സും തുടര്‍ന്നുളള സീനുകളും പൊട്ടിച്ചിരിച്ചുകൊണ്ടല്ലാതെ കണ്ടിരിക്കാന്‍ കഴിയില്ല. ഗഡാഗഡിയന്മാരായ വില്ലന്മാരെ നായകന്‍ പാട്ട കൊണ്ട് തല്ലി കാരവനില്‍ കയറ്റുന്നതും മറ്റും അഹോ ഗംഭീരം!

ഈ ലിസ്റ്റ് എത്ര വേണമെങ്കിലും ഇങ്ങനെ നീട്ടാം. പക്ഷേ, ഇതിനപ്പുറം കടന്നാല്‍ കഥയുടെ സ്വതേ ദുര്‍ബലമായ രസച്ചരട് പൊട്ടിപ്പോയേക്കാമെന്നതുകൊണ്ട് ഇവിടെ നിര്‍ത്തുന്നു.

EXTRAS
പാസഞ്ചര്‍ എന്ന പല വ്യത്യസ്തതകളുമുള്ള ചിത്രത്തിലൂടെ മലയാളത്തിലെ നല്ല ഫിലിം മേക്കര്‍മാര്‍ക്കുള്ള കസേരയില്‍ അന്തസായി ഇരിക്കാന്‍ യോഗ്യതയുണ്ടെന്ന് തോന്നിച്ച സംവിധായകനാണ് രഞ്‌ജിത് ശങ്കര്‍. ആ സിനിമയില്‍ അദ്ദേഹം കാണിച്ച ചെറിയ അബദ്ധങ്ങളും കഥ കെട്ടിപ്പൊക്കിയ അയുക്തികമായ അടിത്തറയും ഒരു തുടക്കക്കാരന്റെ കൈക്കുറ്റപ്പാടായി കാണാമെന്നാണ് അന്നു കരുതിയത്. നേരത്തെ പറഞ്ഞ കസേരയുടെ പരിസരത്തു ചുറ്റിത്തിരിയാമെന്നല്ലാതെ അതില്‍ കയറി ഇരിക്കാനുള്ള യോഗ്യത നേടാന്‍ രഞ്‌ജിത് ശങ്കര്‍ ഏറെ പണിപ്പെടേണ്ടിവരുമെന്ന് തെളിയിക്കുന്നു അദ്ദേഹത്തിന്റെ രണ്ടാംചിത്രം.

ബ്രാന്‍ഡിങ് എത്ര സൂക്ഷിച്ചു ചെയ്യേണ്ട കാര്യമാണെന്ന് അറിയാത്ത മാര്‍ക്കറ്റിങ്ങുകാര്‍ക്ക് ഒരു കേസ് സ്റ്റഡിയായി എടുത്ത് പഠിക്കാന്‍ മാത്രമുണ്ട് ഈ ചിത്രത്തിലെ മാതൃഭൂമിയുടെ അവസ്ഥ. വെറുതേ അവസ്ഥ എന്നു പറഞ്ഞാല്‍ പോര, ദയനീയമായ അവസ്ഥ എന്നു തന്നെ പറയണം. കാരണം, അങ്ങേയറ്റം നിരുത്തരവാദപരമായി നടത്തപ്പെടുന്ന ഒരു മാധ്യമസ്ഥാപനമാണ് മാതൃഭൂമി എന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. നാടിനെ പ്രകമ്പനം കൊള്ളിച്ച ഒരു കൊലപാതകത്തിന്റെ സാക്ഷി എന്നവകാശപ്പെട്ട് ഒരാളെഴുതിയ കത്ത് കിട്ടിയാല്‍ അത് പത്രാധിപര്‍ക്കുള്ള കത്തുകളില്‍ കൊടുക്കാനുള്ള ബോധമേ മാതൃഭൂമിയിലെ ജേണലിസ്റ്റുകള്‍ക്ക് ഉള്ളോ? പത്രത്തിന്റെ തലച്ചോറ് എന്നൊക്കെ ഫോര്‍ത്ത് എസ്റ്റേറ്റ് പണ്ഡിതര്‍ വീമ്പിളക്കാറുള്ള എഡിറ്റോറിയല്‍ പേജിലെ വളരെ crucial ആയ ഒരു കോളം എന്നു മുതലാണ് മുലകുടി മാറാത്ത കുട്ടികളെ മാതൃഭൂമി ഏല്പിച്ചുതുടങ്ങിയത്? ഇതുപോലുള്ള ഒരാളെ തങ്ങളുടെ പ്രതിനിധിയായി ടെലിവിഷന്‍ ചര്‍ച്ചകളിലേക്കും മറ്റും മാതൃഭൂമി പറഞ്ഞയയ്‌ക്കാന്‍ തുടങ്ങിയത് എന്നുമുതലാണ്? മാതൃഭൂമിയുടെ എഡിറ്റര്‍ എന്നു മുതലാണ് കൊച്ചിയില്‍ താമസമാക്കിയത്? കാണികള്‍ക്ക് തോന്നാവുന്ന സംശയങ്ങള്‍ ഇനിയുമുണ്ട്…

LAST WORD
വെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ നനഞ്ഞു നാണിച്ചു നില്‍ക്കുന്ന യുക്തികളും ശിക്കാരി ശംഭുവിന്റെ അക്കൌണ്ടില്‍ മാത്രം എഴുതാന്‍ പറ്റുന്ന യാദൃശ്ചികതകളും ശുപ്പാണ്ടിയുടെ അക്കൌണ്ടില്‍ പോലും എഴുതാന്‍ പറ്റാത്ത മണ്ടത്തരങ്ങളും നിര്‍ലോഭം നിറച്ചിരിക്കുന്ന ഒരു സിനിമ. ഒരു കുഞ്ഞു പ്രേതവും കുറച്ചു കൂടി ശരീരപ്രദര്‍ശനവും (അതു മരുന്നിനു ചേര്‍ത്തിട്ടുണ്ട് രഞ്‌ജിത് ശങ്കര്‍) ഉണ്ടായിരുന്നെങ്കില്‍ A Film By Vinayan എന്ന് ഒടുവില്‍ ധൈര്യമായി എഴുതിക്കാണിക്കാമായിരുന്നു; ആര്‍ക്കും സംശയം തോന്നില്ല! വിനയന്‍സിനിമകളുടെ ആരാധകര്‍ക്ക് ഈ ചിത്രം watchable ആയി തോന്നുകയും ചെയ്യും.