Showing posts with label race. Show all posts
Showing posts with label race. Show all posts

Friday, February 18, 2011

ട്രാഫിക് വന്‍ നഗരങ്ങളില്‍, മേക്കപ്പ്‌മാന്‍ ഹിറ്റ്



മലയാളത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന ഇന്ത്യയിലെ വന്‍ നഗരങ്ങളിലേക്ക് ഒരു ചെറിയ ചിത്രം എത്തുന്നു. മുംബൈ, പൂനെ, കൊല്‍ക്കത്ത നഗരങ്ങളില്‍ ‘ട്രാഫിക്’ പ്രദര്‍ശനം ആരംഭിക്കുകയാണ്. പുതിയ 18 കേന്ദ്രങ്ങളിലാണ് അടുത്തയാഴ്ച ട്രാഫിക് റിലീസ് ചെയ്യുന്നത്. സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ഈ സിനിമ കേരളത്തില്‍ സ്റ്റഡി കളക്ഷനില്‍ മുന്നേറുന്നു.

ജനുവരി ഏഴിന് 44 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ട്രാഫിക് മൂന്നാമത്തെ ആഴ്ചയില്‍ 22 കേന്ദ്രങ്ങളില്‍ മാത്രമായി ചുരുങ്ങി. സൂപ്പര്‍സ്റ്റാറുകളില്ലാത്ത ഒരു ചെറിയ ചിത്രത്തിന് അത്രയും ദിവസങ്ങള്‍ അനുവദിച്ചതുതന്നെ വലിയ കാര്യം എന്ന നിലപാടിലായിരുന്നു തിയേറ്ററുടമകള്‍. എന്നാല്‍ മൌത്ത് പബ്ലിസിറ്റിയും റിപ്പീറ്റ് ഓഡിയന്‍സും കാര്യങ്ങള്‍ മാറ്റിമറിച്ചു. ഈ സിനിമ ഒരത്ഭുതമാണെന്ന് തിയേറ്ററുടമകള്‍ക്ക് മനസിലായി. പടത്തിന്‍റെ വന്‍ വിജയം അവിടെ ആരംഭിക്കുകയായിരുന്നു.

ഇപ്പോള്‍ ആറു വാരങ്ങള്‍ പിന്നിടുമ്പോള്‍ ട്രാഫിക് ഒരു തരംഗമായി മാറിക്കഴിഞ്ഞു. ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ് ഈ സിനിമ. ദിലീപിന്‍റെ മേരിക്കുണ്ടൊരു കുഞ്ഞാടാണ് ഒന്നാം സ്ഥാനത്ത്.

ബോക്സോഫീസ് ഹിറ്റ് ചാര്‍ട്ട് ഈ വാരം ഇങ്ങനെ:

1. മേരിക്കുണ്ടൊരു കുഞ്ഞാട്
2. ട്രാഫിക്
3. മേക്കപ്പ്‌മാന്‍
4. ഗദ്ദാമ
5. അര്‍ജുനന്‍ സാക്ഷി

നിലവാരമില്ലാത്ത തിരക്കഥയില്‍ ഒരു തട്ടിക്കൂട്ട് സിനിമയാണെങ്കിലും മേക്കപ്പ്‌മാന്‍ ഹിറ്റായി മാറുകയാണ്. എല്ലാ കേന്ദ്രങ്ങളിലും ഫുള്‍ ഹൌസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. കുഞ്ഞാടിന് ശേഷമെത്തിയ ഷാഫിച്ചിത്രം എന്ന പബ്ലിസിറ്റിയാണ് ചിത്രത്തിന് ഗുണമാകുന്നത്. ജഗതിയുടെയും സുരാജ് വെഞ്ഞാറമ്മൂടിന്‍റെയും പ്രകടനവും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നു. പുതിയ റിലീസായ റേസ് മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

Tuesday, February 15, 2011

Race: Review



മലയാള സിനിമ മാറ്റത്തിന്‍റെ പാതയിലാണ്. നമ്മുടെ സംവിധായകര്‍ ട്രാഫിക് ചിന്തിക്കുന്നു, കോക്ടെയില്‍ ചിന്തിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സിനിമകള്‍ക്കായി ശ്രമിക്കുന്നു. പക്ഷേ ശ്രമം ആത്മാര്‍ത്ഥമല്ലെങ്കില്‍ തകര്‍ന്നടിയുകയല്ലാതെ വഴിയില്ലല്ലോ. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘റേസ്’ എന്ന സിനിമയ്ക്ക് സംഭവിക്കുന്നതും അതാണ്.

ഇത് ഒരു ട്രാപ്പിന്‍റെ കഥയാണ്. ആര്‍ക്കും സംഭവിക്കാവുന്ന, ജീവിതത്തോട് അടുത്തുനില്‍ക്കുന്ന സിനിമയുമാണ്. പക്ഷേ, സംവിധായകന്‍റെ കൈപ്പിഴ, തിരക്കഥാകൃത്തിന്‍റെ(റോബിന്‍ തിരുമല) ഭാവനാ ശൂന്യത റേസ് എന്ന സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്നു. ഒരു ത്രില്ലര്‍ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ കാമ്പില്ലാത്ത ക്ലൈമാക്സ് ഇറക്കിവച്ച് നടുവ് നിവര്‍ത്തുകയാണ് സംവിധായകന്‍. ട്രാഫിക് കണ്ട് ആവേശം കൊണ്ടവര്‍, റേസ് വീക്ഷിച്ച് നിരാശയുടെ നിലവിളിയും തൊണ്ടയിലമര്‍ത്തി തിയേറ്റര്‍ വിടുന്നു.


കാര്‍ഡിയോ സര്‍ജന്‍ എബി ജോണ്‍(കുഞ്ചാക്കോ ബോബന്‍), ഭാര്യ നിയ(മം‌മ്‌ത), മകള്‍ അച്ചു എന്നിവരടങ്ങുന്ന സന്തുഷ്ടകുടുംബം. ബാംഗ്ലൂരില്‍ ഡോക്ടേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്ന എബി ഒരു കുരുക്കിലേക്കാണ് വീഴുന്നത്. നിരഞ്ജന്‍(ഇന്ദ്രജിത്ത്) എന്ന ക്രിമിനല്‍ എബിയെ കിഡ്നാപ് ചെയ്യുന്നു. ഭാര്യ നിയയും മകള്‍ അച്ചുവും ഇതേ രീതിയില്‍ അപകടത്തില്‍ പെടുന്നു. നിരഞ്ജന്‍റെ ഒരു ടീം - ഗൌരി മുന്‍‌ജളും(പാലേരി മാണിക്യത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട് ഇവരെ), ജഗതി ശ്രീകുമാറും അടങ്ങുന്ന ടീം - എബിയുടെ കുടുംബത്തെയാകെ അപകടത്തിലേക്ക് തള്ളിവിടുകയാണ്.

എന്താണ് ഇവരുടെ ലക്‍ഷ്യമെന്ന് എബിക്ക് തിരിച്ചറിയാനാവുന്നില്ല. പണമാണെന്നാണ് എബി ആദ്യം കരുതുന്നത്. അത് സാധൂകരിക്കുന്ന വിധത്തില്‍ നിരഞ്ജന്‍ വിലപേശല്‍ ആരംഭിക്കുന്നു. ആദ്യം പറഞ്ഞ തുക പിന്നീട് മാറ്റിപ്പറയുന്നു. അങ്ങനെ ചില കളികള്‍. ഒടുവില്‍ നിഗൂഢതയുടെ ചുരുള്‍ നിവരുകയാണ്.

(കോക്ടെയിലില്‍ അരുണ്‍കുമാര്‍ പറഞ്ഞതും ഇതുതന്നെയല്ലേ? നായകന്‍ ഇതുപോലൊരു ട്രാപ്പില്‍ അകപ്പെടുകയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് അതിന്‍റെയും പ്രമേയം. കോക്ടെയിലില്‍ കഥയെ വിശ്വസനീയമാക്കാന്‍ സംവിധായകന് കഴിഞ്ഞു. എന്നാല്‍ റേസില്‍ കുക്കു സുരേന്ദ്രന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ പൂര്‍ണ പരാജയമാണ്).

സംവിധായകനും തിരക്കഥാകൃത്തും പരാജയപ്പെട്ട ഈ സിനിമ പക്ഷേ പ്രേക്ഷകര്‍ ഒരു കാരണം കൊണ്ട് എന്നെന്നും ഓര്‍ത്തിരിക്കും. ഇന്ദ്രജിത്ത് എന്ന നടന്‍റെ അഭിനയ മികവിന്‍റെ പേരില്‍. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഇന്ദ്രന്‍ ഈ ചിത്രത്തില്‍ നല്‍കുന്നത്. നായകനായ കുഞ്ചാക്കോ ബോബനെ പല സീനിലും നിഷ്പ്രഭമാക്കുന്ന പെര്‍ഫോമന്‍സാണ് ഇന്ദ്രജിത്തിന്‍റേത്. ഇത് ഒരു ഇന്ദ്രജിത്ത് ചിത്രമാണെന്നുപോലും പറയാം.

ചാക്കോച്ചനും മം‌മ്തയും ഗൌരിയും ജഗതി ശ്രീകുമാറുമെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ആദ്യപകുതിയില്‍ ജഗതിയുടെ അഭിനയം കൈയടി നേടുന്നു. എന്നാല്‍ കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയുടെ മേല്‍ പണിതുയര്‍ത്തിയ റേസ്, നല്ല സിനിമകള്‍ കൂട്ടത്തോടെ റേസില്‍ പങ്കെടുക്കുന്ന ഈ കാലത്ത് ഏറ്റവും പിന്നിലായിപ്പോകുന്നു.

വീരാളിപ്പട്ട്, ഒരാള്‍ എന്നിവയാണ് കുക്കു സുരേന്ദ്രന്‍ മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍. കണ്ണൂര്‍, പതാക, കൃത്യം, സായ്‌വര്‍ തിരുമേനി, ഇന്ദ്രപ്രസ്ഥം തുടങ്ങിയവയാണ് റോബിന്‍ തിരുമല ഇതിനുമുമ്പ് തിരക്കഥയെഴുതിയ ചിത്രങ്ങള്‍. ഇവരുടെ മുന്‍‌കാല ചിത്രങ്ങളേക്കാള്‍ സാങ്കേതികമായെങ്കിലും എന്തുകൊണ്ടും മെച്ചപ്പെട്ട സിനിമ തന്നെയാണ് റേസ്. എന്നാല്‍ കൊമേഴ്സ്യല്‍ സിനിമ എന്നാല്‍ കോടികളുടെ കളിയാണ്. നേരിയ പാകപ്പിഴവ് പോലും നിര്‍മ്മാതാക്കളെ നശിപ്പിക്കും. വ്യക്തമായ പ്ലാനിംഗോ, പൂര്‍ണവും ശക്തവുമായ തിരക്കഥയോ ഇല്ലാതെ ഇറങ്ങിത്തിരിക്കുന്നത് അപകടത്തില്‍ കലാശിക്കും. റേസിലൂടെ ഈ തിരിച്ചറിവെങ്കിലും സംവിധായകനും തിരക്കഥാകൃത്തിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Thursday, February 10, 2011

റേസിനൊപ്പം പയ്യന്‍സിന്റെ റേസ്



തിയറ്ററുകളില്‍ ഇത് ത്രില്ലറുകളുടെ കാലം. പാസഞ്ചറിലും കോക്ക്‌ടെയിലും തുടങ്ങി ട്രാഫിക്കിലും അര്‍ജ്ജുനന്‍ സാക്ഷിയിലുമെത്തി നില്‍ക്കുന്ന ത്രില്ലര്‍ സിനിമകളുടെ ഗണത്തിലേക്ക് ഒന്നുകൂടി വരികയാണ്.

ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും ഒന്നിയ്ക്കുന്ന റേസ് ഫെബ്രുവരി 11നാണ് തിയറ്ററുകളിലെത്തുന്നത്. കുക്കു സുരേന്ദ്രന്‍ സംവിധാനവും തിരക്കഥയും നിര്‍വഹിയ്ക്കുന്ന ചിത്രം പ്രമേയമാക്കുന്നത് ജീവിത്തിലെ അപ്രതീക്ഷിതസംഭവങ്ങളാണ്. ഇതാദ്യമായി മംമ്ത മോഹന്‍ദാസ് കുഞ്ചാക്കോയുടെ നായികയായെത്തുന്ന പ്രത്യേകതയും റേസിന് സ്വന്തം. റോബിന്‍ തിരുമലയാണ് സിനിമയുടെ സംഭാഷണം എഴുതിയിരിക്കുന്നത്.

റേസിനോട് റേസ് ചെയ്യാനെത്തുന്നതും മറ്റൊരു യുവതാരത്തിന്റെ ചിത്രമാണ്. ജയസൂര്യ നായകനാവുന്ന കോമഡി ഫ്ളിക്ക് പയ്യന്‍സാണ് റേസിനോട് മത്സരിയ്ക്കുന്നത്. 'അങ്ങാടിത്തെരു' ഫെയിം അഞ്ജലിയുടെ ആദ്യ മലയാള ചിത്രമായ സിനിമ ഉത്തരവാദിത്വങ്ങളൊന്നും ഏല്‍ക്കാതെ ചുമ്മാ നടക്കുന്ന പയ്യന്‍സിന്റെ കഥയാണ് പറയുന്നത്.

യുവസംവിധായകരില്‍ ശ്രദ്ധേയനായ ലിയോ തദേവൂസാണ് പയ്യന്‍സ് ഒരുക്കുന്നത്. മുന്‍കാല നടി രോഹിണിയും ലാലും ജയസൂര്യയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത് സിനിമയുടെ മറ്റൊരു പുതുമയാണ്. പയ്യന്‍സിനോടും റേസിനോടും മത്സരിയ്ക്കാന്‍ ജയറാമിന്റെ മേക്ക്പ്പ് മാന്‍ കൂടി വരുന്നതോടെ ബോക്‌സ് ഓഫീസ് വീണ്ടും സജീവമാവും

Sunday, January 23, 2011

'റേസ്' ഫിബ്രവരി 4-ന്‌



ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, മംമ്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കുക്കു സുരേന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'റേസ്' ഫിബ്രവരി 4-ന് റെഡ്‌വണ്‍ മീഡിയാ ലാബ് തിയേറ്ററിലെത്തിക്കുന്നു. പെന്റാ വിഷന്റെ ബാനറില്‍ ജോസ് കെ. ജോര്‍ജ്, ഷാജി മേച്ചേരി എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ കുക്കു സുരേന്ദ്രന്‍, റോബിന്‍ തിരുമല എന്നിവര്‍ എഴുതുന്നു. ജഗതി ശ്രീകുമാര്‍, ശ്രീജിത്ത് രവി, ചെമ്പില്‍ അശോകന്‍, മനു ജോസ്, ഗീതാ വിജയന്‍, കവിത, ലക്ഷ്മി, ബേബി അനിഘ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഗാനരചന-വയലാര്‍ ശരച്ചന്ദ്രവര്‍മ, രാജീവ് നായര്‍. സംഗീതം-വിശ്വജിത്ത്.

Friday, December 10, 2010

റേസ് കുടുംബ സദസ്സുകളിലേക്ക്


ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ കുടുംബസദസ്സുകളുടെ പ്രിയങ്കരനാകുന്നു. മമ്മി ആന്‍ഡ് മീ, സകുടുംബം ശ്യാമള, എത്സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി കുടുംബങ്ങളുടെ പ്രിയ നായകനായി മാറിയ ചാക്കോച്ചന്‍ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന റേസ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

ചോക്ലേറ്റ് പയ്യന്‍ എന്ന ലേബല്‍ ഇല്ലാത്ത ഗ്രാമീണവും അഭിനയസാധ്യതകളുമുള്ള കഥാപാത്രങ്ങളാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ തേടിയെത്തുന്നത്. എത്സമ്മ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണിയിലൂടെ തനിക്ക് വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ചാക്കോച്ചന്‍ തെളിയിച്ചു.വീരാളിപ്പട്ടിനുശേഷം കുക്കു സുരേന്ദ്രന്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന റേസില്‍ കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് എബി ജോണായി ചാക്കോച്ചന്‍ വേഷമിടുന്നു. പുതുമകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ എന്നും ഇഷ്ടപ്പെടുന്ന ചാക്കോച്ചന്റെ ഏറെ വ്യത്യസ്തമായ മെച്യൂരിറ്റിയുള്ള കഥാപാത്രമാണ് ഡോ. എബി ജോണ്‍.

അപ്പിയറന്‍സിലും സ്വഭാവവിശേഷങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന അച്ഛന്‍ കഥാപാത്രമായി ആദ്യമായാണ് ചാക്കോച്ചന്‍ ഒരുങ്ങുന്നത്. ഭാര്യ നിയയുടെ വേഷത്തില്‍ മംമ്ത മോഹന്‍ദാസും മകള്‍ അനുവായി ബേബി അനിഘയും എത്തുന്നു.
മംമ്ത ആദ്യമായാണ് ചാക്കോച്ചന്റെ നായികയാകുന്നത്. സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിന്‌ശേഷം അമ്മയും മകളുമായി മംമ്തയും അനിഘയും വീണ്ടും വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രത്യേകതയും റേസിനുണ്ട്.

നൂറുശതമാനം ഫാമിലി എന്റര്‍ടെയ്‌നറാണ് റേസ്. അപ്രതീക്ഷിത ട്വിസ്റ്റും സസ്‌പെന്‍സും നിറഞ്ഞ ഫാസ്റ്റ് ബേസ്ഡ് സിനിമ. ഉദ്വേഗജനകമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന കഥ. കാലിക പ്രസക്തമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
കുടുംബപ്രേക്ഷകര്‍ക്ക് ഒരു നല്ല സന്ദേശം ഈ സിനിമ തരുന്നു.കുഞ്ചാക്കോ ബോബനും മംമ്തയ്ക്കും അനിഘയ്ക്കുമൊപ്പം ഇന്ദ്രജിത്തും ചിത്രത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ ഒരു വേഷം കൈകാര്യം ചെയ്യുന്നു. ജഗതി, ഗൗരി, മുന്‍ജല്‍, ശ്രീജിത്ത് രവി, ഗീതാ വിജയന്‍, മണികണ്ഠന്‍, മനു ജോസ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. സംവിധായകന്റെ തന്നെ കഥയ്ക്ക് റോബിന്‍ തിരുമല തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ഗാനങ്ങള്‍ - വയലാര്‍ ശരത്ചന്ദ്ര വര്‍മ, രജീവ് ജി. ക്യാമറ - പി.കെ. വര്‍മ. എഡിറ്റിങ് - വിപിന്‍ മണ്ണൂര്‍.

പെന്റാ വിഷന്റെ ബാനറില്‍ ഷാജി മേച്ചേരിയും ജോസ് കെ. ജോര്‍ജുമാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചിയിലും ബാംഗ്ലൂരിലുമായി ഷൂട്ടിങ് പുരോഗമിക്കുന്ന റേസ്, റെഡ് വണ്‍ മീഡിയ ലാബ് ജനവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കും.