Tuesday, February 15, 2011

Race: Review



മലയാള സിനിമ മാറ്റത്തിന്‍റെ പാതയിലാണ്. നമ്മുടെ സംവിധായകര്‍ ട്രാഫിക് ചിന്തിക്കുന്നു, കോക്ടെയില്‍ ചിന്തിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സിനിമകള്‍ക്കായി ശ്രമിക്കുന്നു. പക്ഷേ ശ്രമം ആത്മാര്‍ത്ഥമല്ലെങ്കില്‍ തകര്‍ന്നടിയുകയല്ലാതെ വഴിയില്ലല്ലോ. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘റേസ്’ എന്ന സിനിമയ്ക്ക് സംഭവിക്കുന്നതും അതാണ്.

ഇത് ഒരു ട്രാപ്പിന്‍റെ കഥയാണ്. ആര്‍ക്കും സംഭവിക്കാവുന്ന, ജീവിതത്തോട് അടുത്തുനില്‍ക്കുന്ന സിനിമയുമാണ്. പക്ഷേ, സംവിധായകന്‍റെ കൈപ്പിഴ, തിരക്കഥാകൃത്തിന്‍റെ(റോബിന്‍ തിരുമല) ഭാവനാ ശൂന്യത റേസ് എന്ന സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്നു. ഒരു ത്രില്ലര്‍ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ കാമ്പില്ലാത്ത ക്ലൈമാക്സ് ഇറക്കിവച്ച് നടുവ് നിവര്‍ത്തുകയാണ് സംവിധായകന്‍. ട്രാഫിക് കണ്ട് ആവേശം കൊണ്ടവര്‍, റേസ് വീക്ഷിച്ച് നിരാശയുടെ നിലവിളിയും തൊണ്ടയിലമര്‍ത്തി തിയേറ്റര്‍ വിടുന്നു.


കാര്‍ഡിയോ സര്‍ജന്‍ എബി ജോണ്‍(കുഞ്ചാക്കോ ബോബന്‍), ഭാര്യ നിയ(മം‌മ്‌ത), മകള്‍ അച്ചു എന്നിവരടങ്ങുന്ന സന്തുഷ്ടകുടുംബം. ബാംഗ്ലൂരില്‍ ഡോക്ടേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്ന എബി ഒരു കുരുക്കിലേക്കാണ് വീഴുന്നത്. നിരഞ്ജന്‍(ഇന്ദ്രജിത്ത്) എന്ന ക്രിമിനല്‍ എബിയെ കിഡ്നാപ് ചെയ്യുന്നു. ഭാര്യ നിയയും മകള്‍ അച്ചുവും ഇതേ രീതിയില്‍ അപകടത്തില്‍ പെടുന്നു. നിരഞ്ജന്‍റെ ഒരു ടീം - ഗൌരി മുന്‍‌ജളും(പാലേരി മാണിക്യത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട് ഇവരെ), ജഗതി ശ്രീകുമാറും അടങ്ങുന്ന ടീം - എബിയുടെ കുടുംബത്തെയാകെ അപകടത്തിലേക്ക് തള്ളിവിടുകയാണ്.

എന്താണ് ഇവരുടെ ലക്‍ഷ്യമെന്ന് എബിക്ക് തിരിച്ചറിയാനാവുന്നില്ല. പണമാണെന്നാണ് എബി ആദ്യം കരുതുന്നത്. അത് സാധൂകരിക്കുന്ന വിധത്തില്‍ നിരഞ്ജന്‍ വിലപേശല്‍ ആരംഭിക്കുന്നു. ആദ്യം പറഞ്ഞ തുക പിന്നീട് മാറ്റിപ്പറയുന്നു. അങ്ങനെ ചില കളികള്‍. ഒടുവില്‍ നിഗൂഢതയുടെ ചുരുള്‍ നിവരുകയാണ്.

(കോക്ടെയിലില്‍ അരുണ്‍കുമാര്‍ പറഞ്ഞതും ഇതുതന്നെയല്ലേ? നായകന്‍ ഇതുപോലൊരു ട്രാപ്പില്‍ അകപ്പെടുകയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് അതിന്‍റെയും പ്രമേയം. കോക്ടെയിലില്‍ കഥയെ വിശ്വസനീയമാക്കാന്‍ സംവിധായകന് കഴിഞ്ഞു. എന്നാല്‍ റേസില്‍ കുക്കു സുരേന്ദ്രന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ പൂര്‍ണ പരാജയമാണ്).

സംവിധായകനും തിരക്കഥാകൃത്തും പരാജയപ്പെട്ട ഈ സിനിമ പക്ഷേ പ്രേക്ഷകര്‍ ഒരു കാരണം കൊണ്ട് എന്നെന്നും ഓര്‍ത്തിരിക്കും. ഇന്ദ്രജിത്ത് എന്ന നടന്‍റെ അഭിനയ മികവിന്‍റെ പേരില്‍. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഇന്ദ്രന്‍ ഈ ചിത്രത്തില്‍ നല്‍കുന്നത്. നായകനായ കുഞ്ചാക്കോ ബോബനെ പല സീനിലും നിഷ്പ്രഭമാക്കുന്ന പെര്‍ഫോമന്‍സാണ് ഇന്ദ്രജിത്തിന്‍റേത്. ഇത് ഒരു ഇന്ദ്രജിത്ത് ചിത്രമാണെന്നുപോലും പറയാം.

ചാക്കോച്ചനും മം‌മ്തയും ഗൌരിയും ജഗതി ശ്രീകുമാറുമെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ആദ്യപകുതിയില്‍ ജഗതിയുടെ അഭിനയം കൈയടി നേടുന്നു. എന്നാല്‍ കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയുടെ മേല്‍ പണിതുയര്‍ത്തിയ റേസ്, നല്ല സിനിമകള്‍ കൂട്ടത്തോടെ റേസില്‍ പങ്കെടുക്കുന്ന ഈ കാലത്ത് ഏറ്റവും പിന്നിലായിപ്പോകുന്നു.

വീരാളിപ്പട്ട്, ഒരാള്‍ എന്നിവയാണ് കുക്കു സുരേന്ദ്രന്‍ മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍. കണ്ണൂര്‍, പതാക, കൃത്യം, സായ്‌വര്‍ തിരുമേനി, ഇന്ദ്രപ്രസ്ഥം തുടങ്ങിയവയാണ് റോബിന്‍ തിരുമല ഇതിനുമുമ്പ് തിരക്കഥയെഴുതിയ ചിത്രങ്ങള്‍. ഇവരുടെ മുന്‍‌കാല ചിത്രങ്ങളേക്കാള്‍ സാങ്കേതികമായെങ്കിലും എന്തുകൊണ്ടും മെച്ചപ്പെട്ട സിനിമ തന്നെയാണ് റേസ്. എന്നാല്‍ കൊമേഴ്സ്യല്‍ സിനിമ എന്നാല്‍ കോടികളുടെ കളിയാണ്. നേരിയ പാകപ്പിഴവ് പോലും നിര്‍മ്മാതാക്കളെ നശിപ്പിക്കും. വ്യക്തമായ പ്ലാനിംഗോ, പൂര്‍ണവും ശക്തവുമായ തിരക്കഥയോ ഇല്ലാതെ ഇറങ്ങിത്തിരിക്കുന്നത് അപകടത്തില്‍ കലാശിക്കും. റേസിലൂടെ ഈ തിരിച്ചറിവെങ്കിലും സംവിധായകനും തിരക്കഥാകൃത്തിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.