Friday, December 10, 2010

റേസ് കുടുംബ സദസ്സുകളിലേക്ക്


ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ കുടുംബസദസ്സുകളുടെ പ്രിയങ്കരനാകുന്നു. മമ്മി ആന്‍ഡ് മീ, സകുടുംബം ശ്യാമള, എത്സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി കുടുംബങ്ങളുടെ പ്രിയ നായകനായി മാറിയ ചാക്കോച്ചന്‍ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന റേസ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

ചോക്ലേറ്റ് പയ്യന്‍ എന്ന ലേബല്‍ ഇല്ലാത്ത ഗ്രാമീണവും അഭിനയസാധ്യതകളുമുള്ള കഥാപാത്രങ്ങളാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ തേടിയെത്തുന്നത്. എത്സമ്മ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണിയിലൂടെ തനിക്ക് വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ചാക്കോച്ചന്‍ തെളിയിച്ചു.വീരാളിപ്പട്ടിനുശേഷം കുക്കു സുരേന്ദ്രന്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന റേസില്‍ കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് എബി ജോണായി ചാക്കോച്ചന്‍ വേഷമിടുന്നു. പുതുമകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ എന്നും ഇഷ്ടപ്പെടുന്ന ചാക്കോച്ചന്റെ ഏറെ വ്യത്യസ്തമായ മെച്യൂരിറ്റിയുള്ള കഥാപാത്രമാണ് ഡോ. എബി ജോണ്‍.

അപ്പിയറന്‍സിലും സ്വഭാവവിശേഷങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന അച്ഛന്‍ കഥാപാത്രമായി ആദ്യമായാണ് ചാക്കോച്ചന്‍ ഒരുങ്ങുന്നത്. ഭാര്യ നിയയുടെ വേഷത്തില്‍ മംമ്ത മോഹന്‍ദാസും മകള്‍ അനുവായി ബേബി അനിഘയും എത്തുന്നു.
മംമ്ത ആദ്യമായാണ് ചാക്കോച്ചന്റെ നായികയാകുന്നത്. സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിന്‌ശേഷം അമ്മയും മകളുമായി മംമ്തയും അനിഘയും വീണ്ടും വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രത്യേകതയും റേസിനുണ്ട്.

നൂറുശതമാനം ഫാമിലി എന്റര്‍ടെയ്‌നറാണ് റേസ്. അപ്രതീക്ഷിത ട്വിസ്റ്റും സസ്‌പെന്‍സും നിറഞ്ഞ ഫാസ്റ്റ് ബേസ്ഡ് സിനിമ. ഉദ്വേഗജനകമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന കഥ. കാലിക പ്രസക്തമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
കുടുംബപ്രേക്ഷകര്‍ക്ക് ഒരു നല്ല സന്ദേശം ഈ സിനിമ തരുന്നു.കുഞ്ചാക്കോ ബോബനും മംമ്തയ്ക്കും അനിഘയ്ക്കുമൊപ്പം ഇന്ദ്രജിത്തും ചിത്രത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ ഒരു വേഷം കൈകാര്യം ചെയ്യുന്നു. ജഗതി, ഗൗരി, മുന്‍ജല്‍, ശ്രീജിത്ത് രവി, ഗീതാ വിജയന്‍, മണികണ്ഠന്‍, മനു ജോസ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. സംവിധായകന്റെ തന്നെ കഥയ്ക്ക് റോബിന്‍ തിരുമല തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ഗാനങ്ങള്‍ - വയലാര്‍ ശരത്ചന്ദ്ര വര്‍മ, രജീവ് ജി. ക്യാമറ - പി.കെ. വര്‍മ. എഡിറ്റിങ് - വിപിന്‍ മണ്ണൂര്‍.

പെന്റാ വിഷന്റെ ബാനറില്‍ ഷാജി മേച്ചേരിയും ജോസ് കെ. ജോര്‍ജുമാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചിയിലും ബാംഗ്ലൂരിലുമായി ഷൂട്ടിങ് പുരോഗമിക്കുന്ന റേസ്, റെഡ് വണ്‍ മീഡിയ ലാബ് ജനവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കും.