Showing posts with label fazil. Show all posts
Showing posts with label fazil. Show all posts

Thursday, February 17, 2011

ലിവിങ് ടുഗെദര്‍ ഫെബ്രുവരി 18ന്



ഒരുകാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകനായിരുന്ന ഫാസില്‍ വീണ്ടുമെത്തുകയാണ്. പുതുമുഖങ്ങളെ അണിനിരത്തി ലിവിംഗ് ടുഗെദറിലൂടെയാണ് ഫാസില്‍ തിരിച്ചുവരവിന് ശ്രമിയ്ക്കുന്നത്.

ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തുന്ന സിനിമ ഫാസിലിന്റെ ഇഷ്ടവിഷയമായ പ്രണയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഹേമന്ത്, ശ്രീലേഖ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. സംഗീതപ്രാധാന്യമുള്ള ചിത്രത്തില്‍ ജഗതി, ഇന്നസെന്റ, കെപിഎസി ലളിത, അനൂപ് മേനോന്‍, കല്‍പന എന്നിങ്ങനെയുള്ള മുതിര്‍ന്ന താരങ്ങളും അഭിനയിക്കുന്നുണ്ട്.

ഇതാദ്യമായി സംഗീത സംവിധായകന്‍ എം ജയചന്ദ്രനുമായി ഫാസില്‍ കൈകോര്‍ക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്ക് സ്വന്തമാണ്.

ഒട്ടേറെ പ്ലസ് പോയിന്റുകളുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന ഫാസിലിന്റെ പുതിയ ചിത്രം ബോക്‌സ് ഓഫീസില്‍ ക്ലിക്കാവുമോയെന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം. സൂപ്പര്‍ സംവിധായകനെന്ന ലേബല്‍ നഷ്ടപ്പെട്ട ഫാസില്‍ പുതിയ സിനിമയുടെ റിലീസ് തിരഞ്ഞെടുത്ത സമയവും പലരെയും അദ്ഭുതപ്പെടുത്തുന്നുണ്ട്. ലോകകപ്പ് ക്രിക്കറ്റും പരീക്ഷാക്കാലവുമൊക്കെ ഒരുമിച്ചെത്തുന്ന നേരത്ത് ഒരു പുതുമുഖ ചിത്രം റിലീസ് ചെയ്യുന്നത് മണ്ടത്തരമാണെന്നും പലരും ചൂണ്ടിക്കാണിയ്ക്കുന്നു.

എന്നാല്‍ എക്കാലത്തും ട്രെന്‍ഡുകള്‍ സൃഷ്ടിച്ച സംവിധായകന്‍ വീണ്ടുമൊരു ഹിറ്റുമായി മടങ്ങിയെത്തുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.