Thursday, February 10, 2011

പെരുമാള്‍ രക്ഷിക്കാനെത്തുന്നത് വിഎസിനെ



22 വര്‍ഷം മുമ്പ് കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ പൊലീസ് നേതൃത്വം കൊലയാളിയെ കണ്ടെത്താനും കീഴടക്കാനും നിയോഗിച്ചത് പെരുമാള്‍ എന്ന സമര്‍ഥനായ ഓഫീസറെയായിരുന്നു. ആ ദൗത്യം പെരുമാള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ബോക്‌സ് ഓഫീസിലും പെരുമാള്‍ നായകനായ ആഗസ്റ്റ് 1 തകര്‍ത്തോടി.

രണ്ട് പതിറ്റാണ്ടിന് ശേഷം അപകടത്തിലായ കരിയര്‍ രക്ഷിയ്ക്കുന്നതിനായി സംവിധായകന്‍ ഷാജി കൈലാസ് അഭയം കണ്ടെത്തുന്നതും പെരുമാളില്‍ തന്നെയാണ്.

ഇത്തവണയും സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വധഭീഷണി നേരിടാനാണ് ഷാജിയും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും പെരുമാളിനെ നിയോഗിക്കുന്നത്. ആഗസ്റ്റ് 1ലെ കൂള്‍ ജെന്റില്‍മാന്‍ പൊലീസ് ഓഫീസറെ കൂടുതല്‍ പക്വതയോടെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു

സമീപകാലത്തിറങ്ങിയ ഷാജി സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തലവേദന സൃഷ്ടിയ്ക്കുന്നതായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത ക്യാമറ ഷോട്ടുകള്‍ ഷാജി സിനിമകളുടെ പതനം വേഗത്തിലാക്കി. സംവിധാനം എന്നതിന് പകരം ഷോട്‌സ് എന്നാക്കി മാറ്റിയ ഷാജി പക്ഷേ ആഗസ്റ്റ് 15ല്‍ ഷോട്ടുകളുടെ ധാരാളിത്തം ഉപയോഗിച്ചിട്ടില്ല. തീര്‍ത്തതും മിതത്വമായി എന്നാല്‍ പഞ്ച് വേണ്ടിടത്ത് അതും കൊടുത്താണ് സിനിമ ചെയ്തിരിയ്ക്കുന്നതെന്ന് സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി വിശദീകരിയ്ക്കുന്നു.

സൂപ്പര്‍ സ്റ്റൈലില്‍ സെക്രട്ടേറിയറ്റിന് മുന്നിലൂടെയും മറ്റും ബുള്ളറ്റില്‍ മമ്മൂട്ടി പാഞ്ഞുപോകുന്നത് ആരാധകരെ ഹരം കൊള്ളിയ്ക്കുമെന്നതില്‍ സംശയമില്ല. ആഗസ്റ്റ് 15ലെ മുഖ്യമന്ത്രിയ്ക്ക് മോഡലായി തിരഞ്ഞെടുത്തത് വിഎസ് അച്യുതാനന്ദനെയാണെന്നും ഷാജി പറയുന്നു. വിഎസിന്റെ ശത്രുക്കള്‍ ആരാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അവരാണ് ഇവിടെയും വില്ലന്‍മാരായി വരുന്നത്. നെടുമുടി വേണുവാണ് മുഖ്യമന്ത്രിയുടെ റോള്‍ അവതരിപ്പിയ്ക്കുന്നത്. അതേ സമയം സിനിമയിലെ അവസാന അഞ്ച് മിനിറ്റിലാണ് സിനിമയുടെ സസ്‌പെന്‍സ് നില്‍ക്കുന്നതെന്നും അഭിമുഖത്തില്‍ ഷാജി പറയുന്നുണ്ട്.