Showing posts with label jayaprada. Show all posts
Showing posts with label jayaprada. Show all posts

Thursday, June 23, 2011

മോഹന്‍ലാലിന്‍റെ മുന്നൂറാം ചിത്രം ഓണത്തിന്


യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ 300 സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ ആണ് ലാലിന്‍റെ മുന്നൂറാം ചിത്രം. അതിലും ആഹ്ലാദകരമായ വാര്‍ത്ത, മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ തീരുമാനിച്ചു എന്നതാണ്. മോഹന്‍ലാലിന് ഓണച്ചിത്രം ഉണ്ടാകില്ലെന്ന നിരാശയിലായിരുന്നു ലാല്‍ ആ‍രാധകര്‍. എന്തായാലും ബ്ലെസിയുടെ സിനിമ ഓണത്തിനെത്തുന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ ലാലിന്‍റെ ഓണച്ചിത്രമായി മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ്. എന്നാല്‍ ഷൂട്ടിംഗ് തീരാത്തതിനാല്‍ കാസനോവ ഓണത്തിനെത്തിക്കാനാവില്ലെന്ന് റോഷന്‍ അറിയിച്ചു. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്‍റെ സിനിമ ഓണച്ചിത്രമാക്കാന്‍ ആലോചിച്ചെങ്കിലും ഓണത്തിനിറക്കാനായി ഒരു സിനിമ തട്ടിക്കൂട്ടാന്‍ താനില്ലെന്ന് സത്യന്‍ അറിയിച്ചതോടെ ആ വഴിയും അടഞ്ഞു.

അങ്ങനെയാണ് ബ്ലെസിയുടെ സിനിമയെക്കുറിച്ച് ലാല്‍ ക്യാമ്പ് ആരാഞ്ഞത്. ‘പ്രണയം’ 15 ദിവസത്തോളം ഷൂട്ടിംഗ് നേരത്തേ പൂര്‍ത്തിയായതാണ്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് വേഗം തീര്‍ത്ത് ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്ന് ബ്ലെസി ഉറപ്പു നല്‍കി. അതോടെ മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഒരു സമ്പൂര്‍ണ പ്രണയചിത്രമാണ് പ്രണയം. മോഹന്‍ലാല്‍, ജയപ്രദ, അനുപം ഖേര്‍, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്നവരുടെ പ്രണയം എന്ന കണ്‍‌സെപ്ടാണ് ബ്ലെസി ഇവിടെ പ്രയോഗിക്കുന്നത്. ഒ എന്‍ വി രചിച്ച നാലു ഗാനങ്ങളാണ് മറ്റൊരു സവിശേഷത. എം ജയചന്ദ്രനാണ് സംഗീതം. സെപ്റ്റംബര്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Monday, March 28, 2011

മോഹന്‍ലാല്‍ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്



ഭാവോജ്ജ്വലമായ കഥാപാത്രങ്ങള്‍ കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന നടനാണ് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴൊക്കെ, എത്ര സാഹസികമായ രംഗമായാലും കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ മോഹന്‍ലാലിന് കഴിയാറുണ്ട്. മോശം സിനിമകളില്‍ പോലും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ മാത്രം തിളങ്ങിനില്‍ക്കുന്നതിന് കാരണവും മറ്റൊന്നല്ല. മോഹന്‍ലാല്‍ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്.

ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ വ്യത്യസ്തമായ പ്രകടനം. രണ്ടു ഗെറ്റപ്പുകളിലാണ് ഈ സിനിമയില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സുന്ദരനായ പ്രണയനായകന്‍റെ വേഷമാണ് അതിലൊന്ന്. എന്നാല്‍ അടുത്ത ഗെറ്റപ്പ് ആണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. നരച്ച തലമുടിയും കഷണ്ടി കയറിയ നെറ്റിയുമായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. സിനിമയുടെ പ്രധാന സീനുകളിലെല്ലാം മോഹന്‍ലാലിന് ഈ ഗെറ്റപ്പ് ആയിരിക്കും.

മുമ്പും നര കയറിയും കഷണ്ടിക്കാരനായുമൊക്കെ മോഹന്‍ലാലിനെ നമ്മള്‍ കണ്ടിട്ടുണ്ട്. ഉടയോന്‍, പവിത്രം, പക്ഷേ, പരദേശി, സൂര്യഗായത്രി, കളിപ്പാട്ടം തുടങ്ങിയ സിനിമകള്‍ ഉദാഹരണം. എന്നാല്‍ ‘പ്രണയം’ എന്ന സിനിമ അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു. ഇതൊരു ബ്ലെസിച്ചിത്രമാണെന്നതു തന്നെ കാരണം.

വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ‘പ്രണയം’ പറയുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അനുപം ഖേര്‍, ജയപ്രദ എന്നിവരും ഈ സിനിമയിലെ പ്രധാന താരങ്ങളാണ്.

Monday, February 21, 2011

‘പ്രണയം’ ഇതുവരെ എവിടെയായിരുന്നു?



മോഹന്‍ലാലും ബ്ലെസിയും വരികയാണ്. ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രണയകഥയാണ് ബ്ലെസിയുടെ പുതിയ ചിത്രമായ ‘പ്രണയം’ പറയുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലും ജയപ്രദയും അനുപം ഖേറുമാണ് പ്രധാന വേഷങ്ങളില്‍. ഈ മൂന്നുപേരുടെയും ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടായിരിക്കുമെന്ന് ബ്ലെസി പറഞ്ഞു.

“സിനിമ ഉണ്ടായ കാലം മുതല്‍ പ്രണയകഥകള്‍ ധാരാളമായി പലരും പറഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രണയകഥ എങ്ങനെ പറയാന്‍ കഴിയും എന്നാണ് ഞാന്‍ അന്വേഷിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിന്‍റെ തിരക്കഥാജോലികള്‍ നടന്നുവരികയായിരുന്നു. ഈ പ്രണയകഥ ഇതിനുമുമ്പ് മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒന്നാണ്. ഞാന്‍ അത്ഭുതപ്പെട്ട ഒരു കാര്യം, ‘പ്രണയം’ എന്ന മനോഹരമായ പേര് ഇതുവരെ ആരും മലയാള സിനിമയില്‍ ഉപയോഗിച്ചില്ല എന്നതാണ്. തിരക്കഥ എഴുതാനിരിക്കും മുമ്പ് ‘പ്രണയം’ എന്ന പേര് രജിസ്റ്റര്‍ ചെയ്യുകയാണ് ഞാന്‍ ചെയ്തത്” - ബ്ലെസി വ്യക്തമാക്കി.

“ഞാന്‍ 420 സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം വന്നപ്പോള്‍ തിരക്കഥ വായിക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്. ഫന്‍റാസ്റ്റിക്കായിട്ടുള്ള തിരക്കഥയാണ് ബ്ലെസിയുടേത്. മനോഹരമായ സിനിമകള്‍ ഉണ്ടാകുന്ന മലയാള സിനിമയില്‍ വീണ്ടും എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം” - അനുപം ഖേര്‍ പറഞ്ഞു.

“മലയാള സിനിമയില്‍ മികച്ച ടൈറ്റിലുകള്‍ ഇടുന്ന ഒട്ടേറെ സംവിധായകരുണ്ട്. പത്മരാജന്‍ മുതല്‍ ലാല്‍ ജോസ്, രഞ്ജിത് തുടങ്ങി ഒട്ടേറെ പേര്‍. പക്ഷേ ‘പ്രണയം’ എന്ന ലളിതവും സ്ട്രെയിറ്റുമായ ഒരു പേര് ഇതുവരെ ആരും ഇട്ടിട്ടില്ല. ആ പേര് ഇത്രകാലം എവിടെ മൂടിക്കിടന്നു എന്നും ഇപ്പോള്‍ എങ്ങനെ കണ്ടെത്തി എന്നും ചില സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ ‘ഇത് ഒരു ബ്ലെസി ചിത്രമാണ്’ എന്നായിരുന്നു ഞാന്‍ മറുപടി പറഞ്ഞത്” - ഈ സിനിമയില്‍ അഭിനയിക്കുന്ന നടന്‍ അനൂപ് മേനോന്‍ പറഞ്ഞു.

തന്‍‌മാത്ര, ഭ്രമരം എന്നീ സിനിമകള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘പ്രണയം’. ഒ എന്‍ വിയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രന്‍. നവാഗതനായ സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. തന്‍‌മാത്രയും ഭ്രമരവും ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമകളായിരുന്നു. ആ ജനുസിലേക്ക് പ്രണയവും ചേര്‍ക്കാനാണ് ബ്ലെസിയും മോഹന്‍ലാലും ഒത്തുകൂടുന്നത്.