Showing posts with label onv kuruppu. Show all posts
Showing posts with label onv kuruppu. Show all posts

Thursday, June 23, 2011

മോഹന്‍ലാലിന്‍റെ മുന്നൂറാം ചിത്രം ഓണത്തിന്


യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ 300 സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ ആണ് ലാലിന്‍റെ മുന്നൂറാം ചിത്രം. അതിലും ആഹ്ലാദകരമായ വാര്‍ത്ത, മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ തീരുമാനിച്ചു എന്നതാണ്. മോഹന്‍ലാലിന് ഓണച്ചിത്രം ഉണ്ടാകില്ലെന്ന നിരാശയിലായിരുന്നു ലാല്‍ ആ‍രാധകര്‍. എന്തായാലും ബ്ലെസിയുടെ സിനിമ ഓണത്തിനെത്തുന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ ലാലിന്‍റെ ഓണച്ചിത്രമായി മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ്. എന്നാല്‍ ഷൂട്ടിംഗ് തീരാത്തതിനാല്‍ കാസനോവ ഓണത്തിനെത്തിക്കാനാവില്ലെന്ന് റോഷന്‍ അറിയിച്ചു. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്‍റെ സിനിമ ഓണച്ചിത്രമാക്കാന്‍ ആലോചിച്ചെങ്കിലും ഓണത്തിനിറക്കാനായി ഒരു സിനിമ തട്ടിക്കൂട്ടാന്‍ താനില്ലെന്ന് സത്യന്‍ അറിയിച്ചതോടെ ആ വഴിയും അടഞ്ഞു.

അങ്ങനെയാണ് ബ്ലെസിയുടെ സിനിമയെക്കുറിച്ച് ലാല്‍ ക്യാമ്പ് ആരാഞ്ഞത്. ‘പ്രണയം’ 15 ദിവസത്തോളം ഷൂട്ടിംഗ് നേരത്തേ പൂര്‍ത്തിയായതാണ്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് വേഗം തീര്‍ത്ത് ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്ന് ബ്ലെസി ഉറപ്പു നല്‍കി. അതോടെ മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഒരു സമ്പൂര്‍ണ പ്രണയചിത്രമാണ് പ്രണയം. മോഹന്‍ലാല്‍, ജയപ്രദ, അനുപം ഖേര്‍, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്നവരുടെ പ്രണയം എന്ന കണ്‍‌സെപ്ടാണ് ബ്ലെസി ഇവിടെ പ്രയോഗിക്കുന്നത്. ഒ എന്‍ വി രചിച്ച നാലു ഗാനങ്ങളാണ് മറ്റൊരു സവിശേഷത. എം ജയചന്ദ്രനാണ് സംഗീതം. സെപ്റ്റംബര്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.