Showing posts with label ashokan. Show all posts
Showing posts with label ashokan. Show all posts

Tuesday, May 24, 2011

നല്ല സിനിമയുടെ മേല്‍വിലാസം


വ്യത്യസ്തമായ സിനിമാ പരിശ്രമങ്ങള്‍ അപൂര്‍വമായി കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ വേറിട്ടൊരു പരീക്ഷണമായി തിയ്യറ്ററുകളിലെത്തിയ സിനിമയാണ് മാധവ് രാമദാസ് സംവിധാനം ചെയ്ത മേല്‍വിലാസം. സ്വദേശ് ദീപക്കിന്റെ പ്രശസ്ത ഹിന്ദി നാടകമായ കോര്‍ട്ട് മാര്‍ഷലിന്റെ മലയാളരൂപത്തെ സൂര്യകൃഷ്ണമൂര്‍ത്തിയാണ് മേല്‍വിലാസം എന്ന പേരില്‍ നാടകമാക്കിയത്. സൂര്യയുടെ സ്‌റ്റേജ് ഷോകളില്‍ സൂപ്പര്‍ഹിറ്റായി ഓടുകയും ചെയ്തു ഈ നാടകം.

അതിന്റെ സിനിമാഭാഷ്യമാണ് മാധവിന്റെ അതേപേരിലുള്ള ഈ ചിത്രം. അമിത വികാരത്തിന് അടിമപ്പെടുന്നവനല്ല ഒരു പട്ടാളക്കാരന്‍ എന്ന കൃത്രിമ മനോനിലയെയും അതിനെ കീഴ്‌പ്പെടുത്തുന്ന ആസന്നതകളെയും വൈകാരികതയേയും വെളിച്ചത്തുകൊണ്ടുവരുന്ന ഈ ചിത്രം അഭിനേതാക്കള്‍ക്കും ഛായാഗ്രാഹകനുമെല്ലാം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. നാലുചുവരുകളുടെ അടച്ചിട്ട, വായുസഞ്ചാരം പോലും പട്ടാളച്ചിട്ടയില്‍ അധിഷ്ഠിതമായ ഒരു പരിതസ്ഥിതിയില്‍ നടക്കുന്ന കോര്‍ട്ട് മാര്‍ഷല്‍ എന്ന സൈനിക വിചാരണയാണ് മേല്‍വിലാസം എന്ന സിനിമയുടെ ഇതിവൃത്തം.

അതിലൂടെ ഇന്ത്യന്‍ സൈനിക വ്യവസ്ഥയിലെ കീഴാളവിരുദ്ധ നിലപാടിന്റെ തെളിഞ്ഞ ചിത്രണങ്ങളും അതിന്റെ പരിഹാസ്യരൂപവും അടിവരയിട്ട് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു മേല്‍വിലാസം. ജാതിവിവേചനത്തിന്റെ സൈനിക ഭാഷയും സാധാരണക്കാരനായ ഒരു പട്ടാളക്കാരന്റെ നിസ്സഹായ ജീവിതാസ്ഥയും അനിശ്ചിതത്വങ്ങളും ചൂണ്ടിക്കാണിക്കുന്ന ഈ ചിത്രം തിരക്കഥയോടും മൂലനാടകത്തോടും നീതിപുലര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം. മനോഹരമായ ദൃശ്യസന്നിവേശവും ആഖ്യാനവുമാണ് ഈ കൊച്ചുസിനിമയെ അഭിനന്ദനാര്‍ഹമാക്കുന്നത്.

മാധവ് രാമദാസിന്റെ ആദ്യചിത്രം അങ്ങേയറ്റത്തെ കയ്യടക്കം കൊണ്ടും അവതരണശൈലി കൊണ്ടും അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല ചിത്രമായി മാറുന്നു എന്ന് പറയാതെ വയ്യ. ഒരു കോടതി മുറിയില്‍ മാത്രം നിലനില്‍ക്കുന്ന രംഗങ്ങള്‍, ഒന്നേ മുക്കാല്‍ മണിക്കൂര്‍ നേരം അവിടെ മാത്രം കഥ നടക്കുക, എന്നിട്ടും ഒരു മിനിറ്റ് പോലും ബോറടിക്കാതെ പ്രേക്ഷകന്‍ അത് കണ്ടിരിക്കുക എന്നുപറഞ്ഞാല്‍ പിന്നെ ചിത്രത്തിന്റെ മേന്മയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

വെറും പത്ത് ദിവസം കൊണ്ട് ചെറിയ ബജറ്റില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ സെറ്റിട്ട് ചിത്രീകരിച്ച മേല്‍വിലാസം അഭിനേതാക്കളുടെ മികവ് കൊണ്ടും ശ്രദ്ധേയമാണ്. സുരേഷ് ഗോപി, പാര്‍ഥിപന്‍, തലൈവാസല്‍ വിജയ്, കക്കരവി, കൃഷ്ണകുമാര്‍, അശോകന്‍ തുടങ്ങിയ അഭിനേതാക്കള്‍ പ്രകടിപ്പിക്കുന്ന സൂക്ഷ്മതയും മിതത്വവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും കലാസംവിധാനവും അടക്കം എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയിട്ടും പക്ഷേ ചിത്രം കാണാന്‍ ആളുണ്ടായില്ല എന്നതാണ് വിചിത്രം.

നല്ല സിനിമ തരൂ എന്ന് വാശിപിടിക്കുകയും അങ്ങനെ ഒന്ന് സംഭവിച്ചാല്‍ അത് കാണാതിരിക്കുകയും ചെയ്യുന്ന അതേ ഇരട്ടത്താപ്പ് മലയാളി പ്രേക്ഷകര്‍ ഈ ചിത്രത്തോടും കാണിച്ചു. സൂപ്പര്‍താര-മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രത്തോട് പ്രത്യേക മമതയുള്ള തിയ്യറ്ററുകളും മേല്‍വിലാസത്തെ എങ്ങനെയങ്കിലും ഹോള്‍ഡ് ഓവര്‍ ആക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. അങ്ങനെ ടി.ഡി. ദാസന്‍ ആറ് ബി പോലെ മറ്റൊരു മനോഹര ചിത്രം കൂടി അനാഥമായി തിയ്യറ്ററുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു.

അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ടി.വിയില്‍ കണ്ടിട്ട് നാം പറയും ഇത് എത്ര നല്ല ചിത്രമായിരുന്നുവെന്ന്. അങ്ങനെയുള്ള എത്രയോ ഉദാഹരണങ്ങള്‍ നമ്മള്‍ക്ക് മുന്നിലുണ്ട്. റിലീസ് ചെയ്ത് തിയ്യറ്ററില്‍ നിന്ന് പുറത്താക്കപ്പെട്ട മേല്‍വിലാസം ഒരുകൂട്ടം സഹൃദയരുടെ പിന്തുണയോടെ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍.

കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയനാകുന്ന രാമചന്ദ്രന്‍ എന്ന തമിഴ് ജവാന്റെ അവഗണന നിറഞ്ഞ സൈനിക ജീവിതം സൗന്ദര്യാത്മകതയോടെ ചിത്രീകരിച്ച ഈ സിനിമയ്ക്കും നായകന്റെ അതേഗതിയാണ് സിനിമാലോകം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ജൂണ്‍ മാസത്തില്‍ മൂന്നാംതവണ തിയ്യറ്ററുകളിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് മാധവ് രാമദാസും അണിയറ പ്രവര്‍ത്തകരും. ആനന്ദ് ബാലകൃഷ്ണന്റെ ഛായാഗ്രഹണം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന മേല്‍വിലാസം ഇപ്പോള്‍ മൗത്ത് പബ്ലിസിറ്റിയുടെ മാത്രം ബലത്തിലാണ് മുന്നോട്ടുനീങ്ങുന്നതെന്ന് സംവിധായകന്‍ പറയുന്നു.

തിരക്കഥയുടെ കെട്ടുറപ്പും പിരിമുറുക്കം സൃഷ്ടിക്കുന്ന വിചാരണക്കോടതിയിലെ അന്തരീക്ഷത്തെയും അതേ പിരിമുറുക്കത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ സംവിധാന മികവാണ് ഏറ്റവും അംഗീകരിക്കപ്പെടേണ്ടത്.


ചിത്രം തിയ്യറ്റര്‍ വിട്ടെങ്കിലും സംവിധായകന്‍ ശരത്തിന്റെ സഹായിയായി സിനിമാലോകത്തെത്തിയ മാധവ് രാമദാസ് തനിക്ക് വന്നുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണത്തില്‍ സന്തുഷ്ടനാണ്.

ഒരു കോടതി മുറിയ്ക്കുള്ളിലെ പരിമിതമായ സാഹചര്യത്തെ മുന്‍നിര്‍ത്തി അതിഭാവുകത്വമില്ലാത്ത അഭിനയത്തോടെ തന്റെ ജോലി മനോഹരമായി ചെയ്ത അഭിനേതാക്കളും ചിത്രത്തോട് നീതിപുലര്‍ത്തിയിരിക്കുന്നു. കുട്ടിസ്രാങ്കും ടിഡി ദാസനും ആത്മകഥയും കോക്ക്‌ടെയിലും ട്രാഫിക്കും ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കും പ്രാഞ്ചിയേട്ടനും പോലെയുള്ള നല്ല ചിത്രങ്ങളുടെ ശ്രേണി ഇനിയും നീളാന്‍ ഇത്തരം ചിത്രങ്ങളെ പ്രേക്ഷകന്‍ ഇടപെട്ട് രക്ഷിച്ചേ മതിയാകൂ. എങ്കില്‍ മാത്രമേ മലയാളസിനിമയുടെ നല്ല മേല്‍വിലാസത്തിന് നിലനില്‍പ്പുള്ളു.



Monday, February 7, 2011

ഡിഫന്‍സ് ലോയറായി സുരേഷ്‌ഗോപി



കോര്‍ട്ട് മാര്‍ഷല്‍-പ്രമേയമായുള്ള സുരേഷ്‌ഗോപി ചിത്രം 'മേല്‍വിലാസം'പൂര്‍ത്തിയായി. ഡിഫന്‍സ് ലോയര്‍ ക്യാപ്റ്റന്‍ വികാസ്‌റോയ്- എന്ന കഥാപാത്രമായാണ് സുരേഷ്‌ഗോപി ചിത്രത്തിലെത്തുന്നത്. ഒരേ സമയം മലയാളത്തിലൂം തമിഴിലും ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ മാധവ്‌രാമദാസനാണ്. തമിഴില്‍ 'ഉള്‍വിലാസം' എന്നപേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

ജവാന്‍ രാമചമചന്ദ്രന്‍ രണ്ട് ഓഫീസര്‍മാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നു, രാമചന്ദ്രന്റെ പട്ടാളവിചാരണയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സാക്ഷിവിസ്താരത്തിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കോടതിക്കു ലഭിക്കുന്നത്. വാദപ്രതിവാദങ്ങളിലൂടെ സിനിമ ചൂടുപിടിക്കുന്നു. കഥയ്ക്ക് പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍ ഇല്ല, രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണ്ണമായും കോടതിമുറിയില്‍വച്ചാണ് ചിത്രീകരിച്ചത.് പട്ടാളക്കാരുടെ ജീവിതത്തിലെ കറുപ്പും-വെളുപ്പും, സീനിയര്‍-ജൂനിയര്‍ കോംപ്ലക്‌സും, ജാതി-വര്‍ഗ്ഗമേല്‍ക്കോയ്മയും വിചാരണയില്‍ കടന്നുവരുന്നുണ്ട്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ മേല്‍വിലാസം-എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.

ജവാന്‍ രാമചന്ദ്രനായി പാര്‍ത്ഥിപനാണ് വേഷമിടുന്നത്, കോര്‍ട്ട് കണ്‍ട്രോള്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ കേണല്‍ സൂരത്ത്‌സിങായി തലൈവാസല്‍ വിജയും, മേജര്‍ അജയ്പുരിയായി കക്കരവിയ്യും ചിത്രത്തിലുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലാണ് കോടതിയായി ഒരുക്കിയത്.

Tuesday, November 30, 2010

കാദര്‍ഭായി വീണ്ടും വരുമ്പോള്‍




ലാല്‍ മീഡിയയിലെ ഡബ്ബിങ് തിയേറ്ററില്‍ വെച്ച് കണ്ടപ്പോള്‍ ഇന്നസെന്റ് ഫാദര്‍ തറക്കണ്ടത്തെപ്പോലെ തലയാട്ടി. കേരളത്തെ തലയറഞ്ഞുചിരിപ്പിച്ച അച്ചന്റെ മാനറിസം ഇന്നും ഇന്നസെന്റിന് ഇന്നലത്തെപ്പോലെ. കാസര്‍കോട് കാദര്‍ഭായിയുടെ രണ്ടാം ഭാഗമായ എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയിലും ഇന്നസെന്റിന്റെ ഫാദര്‍ തറക്കണ്ടം തന്നെ ചിരിയുടെ അമരക്കാരന്‍.

ഡബ്ബിങ്ങിനിടെ ഇന്നസെന്റ് ആദ്യം പറഞ്ഞത് അംബുജം ടീച്ചറുടെ കഥയാണ്. പണ്ട് ഇന്നസെന്റിനെ സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപികയാണ് അംബുജം. അടുത്തിടെ ഇന്നസെന്റ് വീണ്ടും ടീച്ചറെ കാണാന്‍ ചെന്നു. പണ്ട് എല്ലാദിവസവും ടീച്ചര്‍ വരുന്നുണ്ടോയെന്ന് നോക്കി സ്‌കൂളിന്റെ ഗേറ്റിനടുത്ത് നില്‍ക്കുമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് അത്ഭുതം. എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നോയെന്ന് അംബുജം ടീച്ചര്‍ ചോദിച്ചു. അതല്ല, ഒരു ദിവസം വരുന്നില്ലെന്നറിഞ്ഞാല്‍ അത്രയും സന്തോഷമാകുമല്ലോയെന്ന് കരുതിയാണെന്ന് ഇന്നച്ചന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു- ''കഴിഞ്ഞ ദിവസം തന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന രാധാകൃഷ്ണന്‍ വന്നിരുന്നു. ഐ.എസ്.ആര്‍.ഒ ചെയര്‍മാനൊക്കയായിട്ടും എന്താ ഇപ്പോഴും ആ കുട്ടിയുടെ അനുസരണ. താനിപ്പോഴും പഴയതുപോലെ തന്നെ.''

''പഴയകാലത്തിലേക്ക് തിരിച്ചുപോകാന്‍ കൊതിക്കുന്ന കുട്ടികളാണ് നമ്മളെല്ലാം ഈ സിനിമയും അത്തരത്തിലൊന്നാണ്''-ഇന്നസെന്റ് പറഞ്ഞു. കലാദര്‍ശന എന്ന മിമിക്‌സ് ട്രൂപ്പില്‍ പണ്ടുണ്ടായിരുന്ന ഉണ്ണിയും ജിമ്മിയും മനോജും തങ്ങളുടെ എല്ലാമെല്ലാമായ തറക്കണ്ടം അച്ചന്റെ അറുപതാം പിറന്നാളിന് എത്തുന്നിടത്താണ് 'എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായി' തുടങ്ങുന്നത്. അച്ചന്‍ പഴയതുപോലെ തന്നെ. തലയാട്ടലും കുട്ടികളെ വിറപ്പിക്കലുമൊക്കെയുണ്ട്. പക്ഷേ കാലം അല്‍പ്പം വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇന്നസെന്റ് പറയുന്നു. മിമിക്‌സ് പരേഡിലും കാദര്‍ഭായിയിലും കണ്ട തറക്കണ്ടത്തേക്കാള്‍ ചുറുചുറുക്കുണ്ട് പുതിയ ഭാഗത്തില്‍. അത് യുവാക്കളുമായുള്ള സഹവാസം കൊണ്ടുണ്ടായതാണ്. അച്ചന് കുറേക്കൂടി ബുദ്ധിയും പക്വതയും വന്നതായും ഇന്നസെന്റ് സാക്ഷ്യപ്പെടുത്തുന്നു. ഈ അച്ചന്റെ കീഴില്‍ കലാദര്‍ശനയില്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നങ്കില്‍ എന്ന് ആഗ്രഹിച്ചവരായിരുന്നു മിമിക്‌സ് പരേഡും കാദര്‍ഭായിയും കണ്ടിറങ്ങിയവരെല്ലാം. ഫാദര്‍ തറക്കണ്ടത്തിന്റെ ജനപ്രീതി തന്നെയാണ് എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയുടെ ഹൈലൈറ്റും.

''വര്‍ഷങ്ങള്‍ക്കുശേഷം ഫാദര്‍ തറക്കണ്ടമായി വേഷമിട്ടപ്പോള്‍ പഴയകാലത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു. വളരെ രസകരമായിരുന്നു ആ അനുഭവം. ഇത് കലൂര്‍ ഡെന്നീസ് എന്ന തിരക്കഥാകൃത്തിന്റെ വലിയൊരു തിരിച്ചുവരവു കൂടിയായിരിക്കും. മറ്റുരണ്ടുഭാഗങ്ങളേക്കാള്‍ ഗംഭീരമായാണ് അദ്ദേഹം പുതിയ സിനിമയെഴുതിയിരിക്കുന്നത്. സംവിധായകന്‍ തുളസീദാസിനും ഇതൊരു രണ്ടാംവരവ് ആണ്.''-ഇന്നസെന്റ് പറഞ്ഞു.

1993-ലാണ് കാസര്‍കോട് കാദര്‍ഭായി തീയറ്ററുകള്‍ കീഴടക്കിയത്.
കാദര്‍ഭായിക്ക് മുമ്പ് മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ഫാ.തറക്കണ്ടം ആദ്യമായി
പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ പുതിയ ഹാസ്യതരംഗത്തിന് തുടക്കമിട്ട ഈ സിനിമകളുടെ സ്രഷ്ടാക്കള്‍ തുളസീദാസും കലൂര്‍ഡെന്നീസുമായിരുന്നു. ഫാ.തറക്കണ്ടത്തിന്റെയും അദ്ദേഹം നടത്തുന്ന കലാദര്‍ശന എന്ന മിമിക്‌സ്ട്രൂപ്പിന്റേയും പശ്ചാത്തലത്തിലുള്ള ഈ ചിത്രങ്ങള്‍ ചിരിക്കൊപ്പം സസ്‌പെന്‍സ് എന്ന തന്ത്രമാണ് പരീക്ഷിച്ചത്. എഗൈന്‍ കാസര്‍കോട് കാദര്‍ഭായി വരുമ്പോള്‍ കാദര്‍ഭായിയുടെ വേഷമിട്ട ആലുംമൂടനും കലാദര്‍ശനയിലെ കലാകാരനായിരുന്ന സൈനുദ്ദീനുമില്ല. പക്ഷേ, അവര്‍സൃഷ്ടിച്ച ചിരിക്കൊപ്പം പഴയകഥാപാത്രങ്ങള്‍ കടന്നുവരുമ്പോള്‍ അത് മലയാളത്തില്‍ മറ്റൊരു വിജയതരംഗത്തിന് തുടക്കമിടലാകും.

ഉണ്ണിയായി ജഗദീഷും ജിമ്മിയായി അശോകനും മനോജായി ബൈജുവും വീണ്ടും പ്രേക്ഷകരെത്തേടിയെത്തുന്നു. നര്‍മവും സസ്‌പെന്‍സും ഒട്ടും ചോര്‍ന്നുപോകാതെയാണ് പുതിയ ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. സിദ്ദിഖിന്റെ സാബു പുതിയഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. മാള അരവിന്ദന്‍ അവതരിപ്പിച്ച ട്രൂപ്പ് മാനേജര്‍ മമ്മൂട്ടിയുടെ സ്ഥാനത്ത് ഇപ്പോള്‍ മകന്‍ സലിം ആണ്. സലിംകുമാര്‍ ആണ് ഈ കഥാപാത്രമാകുന്നത്. അച്ചന്റെ സഹായിയായിരുന്ന ഫിലോമിനയുടെ താണ്ടമ്മയ്ക്ക് പകരം മകളുടെ വേഷത്തില്‍ തെസ്‌നിഖാന്‍ എത്തുന്നു. കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി, ഗൗതം, സുരേഷ്‌കൃഷ്ണ, ബിജുക്കുട്ടന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അനില്‍ ആദിത്യന്‍, നാരായണന്‍കുട്ടി, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരുമുണ്ട്. ക്രേസി ഗോപാലനിലെ രാധാവര്‍മയാണ് നായിക.
ഡിസംബര്‍മൂന്നാം തീയതി ചിത്രം തീയറ്ററുകളിലെത്തും. ഷൂട്ടിങ്ങ് തുടങ്ങി വെറും അമ്പത്തി രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് റിലീസ് എന്ന പ്രത്യേകതയും എഗൈന്‍ കാസര്‍കോട് കാദര്‍ഭായിക്കുണ്ട്.