Tuesday, November 30, 2010

കാദര്‍ഭായി വീണ്ടും വരുമ്പോള്‍




ലാല്‍ മീഡിയയിലെ ഡബ്ബിങ് തിയേറ്ററില്‍ വെച്ച് കണ്ടപ്പോള്‍ ഇന്നസെന്റ് ഫാദര്‍ തറക്കണ്ടത്തെപ്പോലെ തലയാട്ടി. കേരളത്തെ തലയറഞ്ഞുചിരിപ്പിച്ച അച്ചന്റെ മാനറിസം ഇന്നും ഇന്നസെന്റിന് ഇന്നലത്തെപ്പോലെ. കാസര്‍കോട് കാദര്‍ഭായിയുടെ രണ്ടാം ഭാഗമായ എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയിലും ഇന്നസെന്റിന്റെ ഫാദര്‍ തറക്കണ്ടം തന്നെ ചിരിയുടെ അമരക്കാരന്‍.

ഡബ്ബിങ്ങിനിടെ ഇന്നസെന്റ് ആദ്യം പറഞ്ഞത് അംബുജം ടീച്ചറുടെ കഥയാണ്. പണ്ട് ഇന്നസെന്റിനെ സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപികയാണ് അംബുജം. അടുത്തിടെ ഇന്നസെന്റ് വീണ്ടും ടീച്ചറെ കാണാന്‍ ചെന്നു. പണ്ട് എല്ലാദിവസവും ടീച്ചര്‍ വരുന്നുണ്ടോയെന്ന് നോക്കി സ്‌കൂളിന്റെ ഗേറ്റിനടുത്ത് നില്‍ക്കുമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് അത്ഭുതം. എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നോയെന്ന് അംബുജം ടീച്ചര്‍ ചോദിച്ചു. അതല്ല, ഒരു ദിവസം വരുന്നില്ലെന്നറിഞ്ഞാല്‍ അത്രയും സന്തോഷമാകുമല്ലോയെന്ന് കരുതിയാണെന്ന് ഇന്നച്ചന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു- ''കഴിഞ്ഞ ദിവസം തന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന രാധാകൃഷ്ണന്‍ വന്നിരുന്നു. ഐ.എസ്.ആര്‍.ഒ ചെയര്‍മാനൊക്കയായിട്ടും എന്താ ഇപ്പോഴും ആ കുട്ടിയുടെ അനുസരണ. താനിപ്പോഴും പഴയതുപോലെ തന്നെ.''

''പഴയകാലത്തിലേക്ക് തിരിച്ചുപോകാന്‍ കൊതിക്കുന്ന കുട്ടികളാണ് നമ്മളെല്ലാം ഈ സിനിമയും അത്തരത്തിലൊന്നാണ്''-ഇന്നസെന്റ് പറഞ്ഞു. കലാദര്‍ശന എന്ന മിമിക്‌സ് ട്രൂപ്പില്‍ പണ്ടുണ്ടായിരുന്ന ഉണ്ണിയും ജിമ്മിയും മനോജും തങ്ങളുടെ എല്ലാമെല്ലാമായ തറക്കണ്ടം അച്ചന്റെ അറുപതാം പിറന്നാളിന് എത്തുന്നിടത്താണ് 'എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായി' തുടങ്ങുന്നത്. അച്ചന്‍ പഴയതുപോലെ തന്നെ. തലയാട്ടലും കുട്ടികളെ വിറപ്പിക്കലുമൊക്കെയുണ്ട്. പക്ഷേ കാലം അല്‍പ്പം വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇന്നസെന്റ് പറയുന്നു. മിമിക്‌സ് പരേഡിലും കാദര്‍ഭായിയിലും കണ്ട തറക്കണ്ടത്തേക്കാള്‍ ചുറുചുറുക്കുണ്ട് പുതിയ ഭാഗത്തില്‍. അത് യുവാക്കളുമായുള്ള സഹവാസം കൊണ്ടുണ്ടായതാണ്. അച്ചന് കുറേക്കൂടി ബുദ്ധിയും പക്വതയും വന്നതായും ഇന്നസെന്റ് സാക്ഷ്യപ്പെടുത്തുന്നു. ഈ അച്ചന്റെ കീഴില്‍ കലാദര്‍ശനയില്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നങ്കില്‍ എന്ന് ആഗ്രഹിച്ചവരായിരുന്നു മിമിക്‌സ് പരേഡും കാദര്‍ഭായിയും കണ്ടിറങ്ങിയവരെല്ലാം. ഫാദര്‍ തറക്കണ്ടത്തിന്റെ ജനപ്രീതി തന്നെയാണ് എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയുടെ ഹൈലൈറ്റും.

''വര്‍ഷങ്ങള്‍ക്കുശേഷം ഫാദര്‍ തറക്കണ്ടമായി വേഷമിട്ടപ്പോള്‍ പഴയകാലത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു. വളരെ രസകരമായിരുന്നു ആ അനുഭവം. ഇത് കലൂര്‍ ഡെന്നീസ് എന്ന തിരക്കഥാകൃത്തിന്റെ വലിയൊരു തിരിച്ചുവരവു കൂടിയായിരിക്കും. മറ്റുരണ്ടുഭാഗങ്ങളേക്കാള്‍ ഗംഭീരമായാണ് അദ്ദേഹം പുതിയ സിനിമയെഴുതിയിരിക്കുന്നത്. സംവിധായകന്‍ തുളസീദാസിനും ഇതൊരു രണ്ടാംവരവ് ആണ്.''-ഇന്നസെന്റ് പറഞ്ഞു.

1993-ലാണ് കാസര്‍കോട് കാദര്‍ഭായി തീയറ്ററുകള്‍ കീഴടക്കിയത്.
കാദര്‍ഭായിക്ക് മുമ്പ് മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ഫാ.തറക്കണ്ടം ആദ്യമായി
പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ പുതിയ ഹാസ്യതരംഗത്തിന് തുടക്കമിട്ട ഈ സിനിമകളുടെ സ്രഷ്ടാക്കള്‍ തുളസീദാസും കലൂര്‍ഡെന്നീസുമായിരുന്നു. ഫാ.തറക്കണ്ടത്തിന്റെയും അദ്ദേഹം നടത്തുന്ന കലാദര്‍ശന എന്ന മിമിക്‌സ്ട്രൂപ്പിന്റേയും പശ്ചാത്തലത്തിലുള്ള ഈ ചിത്രങ്ങള്‍ ചിരിക്കൊപ്പം സസ്‌പെന്‍സ് എന്ന തന്ത്രമാണ് പരീക്ഷിച്ചത്. എഗൈന്‍ കാസര്‍കോട് കാദര്‍ഭായി വരുമ്പോള്‍ കാദര്‍ഭായിയുടെ വേഷമിട്ട ആലുംമൂടനും കലാദര്‍ശനയിലെ കലാകാരനായിരുന്ന സൈനുദ്ദീനുമില്ല. പക്ഷേ, അവര്‍സൃഷ്ടിച്ച ചിരിക്കൊപ്പം പഴയകഥാപാത്രങ്ങള്‍ കടന്നുവരുമ്പോള്‍ അത് മലയാളത്തില്‍ മറ്റൊരു വിജയതരംഗത്തിന് തുടക്കമിടലാകും.

ഉണ്ണിയായി ജഗദീഷും ജിമ്മിയായി അശോകനും മനോജായി ബൈജുവും വീണ്ടും പ്രേക്ഷകരെത്തേടിയെത്തുന്നു. നര്‍മവും സസ്‌പെന്‍സും ഒട്ടും ചോര്‍ന്നുപോകാതെയാണ് പുതിയ ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. സിദ്ദിഖിന്റെ സാബു പുതിയഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. മാള അരവിന്ദന്‍ അവതരിപ്പിച്ച ട്രൂപ്പ് മാനേജര്‍ മമ്മൂട്ടിയുടെ സ്ഥാനത്ത് ഇപ്പോള്‍ മകന്‍ സലിം ആണ്. സലിംകുമാര്‍ ആണ് ഈ കഥാപാത്രമാകുന്നത്. അച്ചന്റെ സഹായിയായിരുന്ന ഫിലോമിനയുടെ താണ്ടമ്മയ്ക്ക് പകരം മകളുടെ വേഷത്തില്‍ തെസ്‌നിഖാന്‍ എത്തുന്നു. കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി, ഗൗതം, സുരേഷ്‌കൃഷ്ണ, ബിജുക്കുട്ടന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അനില്‍ ആദിത്യന്‍, നാരായണന്‍കുട്ടി, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരുമുണ്ട്. ക്രേസി ഗോപാലനിലെ രാധാവര്‍മയാണ് നായിക.
ഡിസംബര്‍മൂന്നാം തീയതി ചിത്രം തീയറ്ററുകളിലെത്തും. ഷൂട്ടിങ്ങ് തുടങ്ങി വെറും അമ്പത്തി രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് റിലീസ് എന്ന പ്രത്യേകതയും എഗൈന്‍ കാസര്‍കോട് കാദര്‍ഭായിക്കുണ്ട്.