Tuesday, November 30, 2010

ശിക്കാരി വരുന്നു
നല്ല സിനിമകള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ട്രീറ്റമെന്റുമായി ഒരു കന്നട ചിത്രം ഒരുങ്ങുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി ആദ്യമായി കന്നടത്തിലഭിനയിക്കുന്ന 'ശിക്കാരി'യെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരെല്ലാം.
'ഗുബ്ബച്ചികളു' എന്ന ചിത്രത്തിലൂടെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭയ സിംഹയാണ് മമ്മൂട്ടിയെ കന്നടത്തിലേക്കെത്തിക്കുന്നത്. യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അതീവശ്രദ്ധ കൊടുക്കുന്ന മമ്മൂട്ടിയാകട്ടെ കഥയുടെ രത്‌നച്ചുരുക്കം കേട്ടയുടന്‍ 'യെസ്' പറയുകയായിരുന്നു. മമ്മൂട്ടിയുടെ സമ്മതം കൂടിയായപ്പോള്‍ സിംഹക്ക് ഇരട്ടി സന്തോഷം.

അഭിജിത്ത് എന്ന സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രത്യേകത-ബാംഗഌരില്‍ നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. യുവസംവിധായകരിലാണ് സിനിമയുടെ ഭാവിയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു- യുവത്വത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച നിരവധി ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടി പറയുന്നു.
പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ബിരുദധാരിയായ സിംഹ മമ്മൂട്ടി ചിത്രങ്ങളുടെ കടുത്ത ആരാധകനാണ്. ഈ ആരാധനയാണ് ഇദ്ദേഹത്തെ നായകസ്ഥാനത്തേക്ക് എത്തിച്ചതെന്ന് സിംഹ പറയുന്നു. 'കഥ പറയുമ്പോള്‍ ഭയമായിരുന്നു. പക്ഷെ രത്‌നച്ചുരുക്കം കേട്ടയുടന്‍ അദ്ദേഹത്തിന് താല്‍പ്പര്യമായി' -സിംഹ പറഞ്ഞു.

മമ്മൂട്ടിയുടെ അഭിജിത്തിന് സഹപ്രവര്‍ത്തകനായ അവിനാശ് (മോഹന്‍) ലൈബ്രറിയില്‍ നിന്ന് ഒരു നോവല്‍ നല്‍കുന്നു.നോവലില്‍ ആകൃഷ്ടനായ അഭിജിത്ത് അതിലെ കഥാപാത്രത്തെത്തേടി പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയവും സസ്‌പെന്‍സും എല്ലാം ഒത്തിണങ്ങി നില്‍ക്കുന്ന ചിത്രമാണിത്- സിംഹ പറയുന്നു.
ബാംഗഌര്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക സെറ്റിട്ടാണ് ലൈബ്രറിരംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ലൈബ്രേറിയനായി ചിത്രത്തിന്റെ കലാസംവിധായകന്‍ ദിനേശ് മാംഗഌര്‍ അഭിനയിച്ചു.

പുതുമ നിറഞ്ഞതും എന്നാല്‍ വ്യത്യസ്തവുമായ ട്രീറ്റ്‌മെന്റാണ് 'ശിക്കാരി'യുടെ പ്രത്യേകത. ഒരു സ്വപ്‌നത്തിന്റെ പ്രതീതി നിലനിര്‍ത്തിക്കൊണ്ടാണ് സിംഹ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നോവലിലെ കഥാപാത്രത്തെതേടിയുള്ള യാത്രക്കിടെ അഭിജിത്ത് പലയിടത്തും അവരെ കണ്ടുമുട്ടുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നതും രസകരമായി ചിത്രീകരിച്ചിട്ടുണ്ട്.

'ഡ്രീം സെല്ലര്‍' (സ്വപ്‌നങ്ങളുടെ മൊത്തക്കച്ചവടക്കാരന്‍) എന്ന പേരിലെത്തുന്ന കന്നടനടന്‍ ആദിത്യയാണ് മറ്റൊരു പ്രധാന കഥാപാത്രം. കഥാപാത്രത്തിന് കൃത്യമായൊരു പേരില്ലാത്ത ഇദ്ദേഹം ചിത്രത്തില്‍ അവിടവിടെ പ്രത്യക്ഷപ്പെടുന്നു. ബസ് കണ്ടക്ടറായും വഴി യാത്രക്കിടയില്‍ പലയിടത്തുമായി ഡ്രീം സെല്ലറെ അഭിജിത്ത് കണ്ടു മുട്ടുന്നു. കന്നടനടന്‍ രാജേന്ദ്രസിങ് ബാബുവിന്റെ മകനാണ് ആദിത്യ.
1945-കളില്‍ നടക്കുന്ന കഥയെ ആസ്​പദമാക്കി അഭയസിംഹ തന്നെയാണ്

'ശിക്കാരി'യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. നോവലില്‍ അരുണും രേണുകയും തമ്മിലുള്ള പ്രണയമാണ് കഥ. ഇത് ഇന്നത്തെ തലമുറക്ക് വേണ്ടി മാറ്റം വരുത്തിയാണ് തിരക്കഥയാക്കിയിരിക്കുന്നത്.
ഉത്തരഹള്ളി ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേകം സജ്ജമാക്കിയ സെറ്റിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് നടന്നത്. മെയ് 21-ന് നടന്ന പൂജയില്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നടി ഭാരതി വിഷ്ണുവര്‍ധന്‍ സ്വിച്ചോണ്‍ കര്‍മം നടത്തി. മമ്മൂട്ടി ചടങ്ങില്‍ സംബന്ധിച്ചു. 'മുംഗാരു മലൈ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ ഗണേശ് ക്ലാപ്പടിച്ചു.

ഒരെ സമയം കന്നടത്തിലും മലയാളത്തിലുമായാണ് ശിക്കാരി ചിത്രീകരിക്കുന്നത്. മലയാളത്തില്‍ ഇതേ പേരില്‍ത്തന്നെ മറ്റൊരു പേരുള്ളതിനാല്‍ അനുയോജ്യമായ മറ്റൊരു പേര് തേടുകയാണ് സംവിധായകന്‍. നായികയെ തീരുമാനിച്ചിട്ടില്ല. മലയാള പതിപ്പില്‍ ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍ എന്നിവര്‍ അഭിനയിക്കും. കന്നടത്തില്‍ മോഹന്‍, ആദിത്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എസ് മനോജ് (എഡിറ്റിങ്), ഡോ വിക്രം (ക്യാമറ), ഹരികൃഷ്ണ( സംഗീതരചന) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തില്‍ കൈതപ്രമാണ് ഗാനരചന.

മമ്മൂട്ടിയെക്കൂടാതെ ചിത്രത്തിന് മറ്റൊരു മലയാളി ബന്ധം കൂടിയുണ്ട്. സഹസംവിധായകരായി പ്രവര്‍ത്തിക്കുന്ന രണ്ടു പേരും മലയാളികളാണ്. സന്തോഷ് കൈതപ്രവും സാഗറും.കൈതപ്രത്തിന്റെ ബന്ധു കൂടിയായ സന്തോഷ, ജയരാജിന്റെ അസിസ്റ്റന്റായി തിളക്കം, ഫോര്‍ ദി പീപ്പിള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങിന് ശേഷം 'ശിക്കാരി' സംഘം ഇപ്പോള്‍ കൊച്ചിയില്‍ രണ്ടാം ഷെഡ്യൂളിലാണ്.

http://www.mathrubhumi.com/movies/location/142638/#storycontent