Thursday, June 23, 2011

അവന്‍ വരുന്നൂ, പരമശിവം ഫ്രം വാളയാര്‍



അയാള്‍ ബുദ്ധികൊണ്ട് കളിക്കുന്നവനാണ്. എതിരാളികള്‍ക്കുമേല്‍ എന്നും വിജയം നേടാന്‍ ആഗ്രഹിക്കുന്നവനാണ്. സ്പിരിറ്റു കള്ളക്കടത്തിലായാലും അതേ, നാലാം‌കിട ഗൂണ്ടായിസത്തിലാണെങ്കിലും അതേ. വിജയം എന്നും അയാള്‍ക്കൊപ്പമായിരിക്കണം. വാളയാര്‍ പരമശിവം വ്യത്യസ്തനാകുന്നത് അവിടെയാണ്. വീണ്ടും വരികയാണ്, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍, പരമശിവം ഫ്രം വാളയാര്‍!

റണ്‍‌വേ എന്ന തന്‍റെ മെഗാഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി. വാളയാര്‍ പരമശിവം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജനപ്രിയനായകന്‍ ദിലീപ് തന്നെ. കോമഡിയും ആക്ഷനും കൂട്ടിക്കലര്‍ത്തിയാണ് ജോഷി ‘വാളയാര്‍ പരമശിവം’ ഒരുക്കുന്നത്. ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2004ലാണ് റണ്‍‌വേ റിലീസാകുന്നത്. ദിലീപിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ഒരുക്കാന്‍ പോകുന്നു എന്നറിഞ്ഞ് പലരും ജോഷിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ആത്മഹത്യാപരമായ തീരുമാനമായിരിക്കും അതെന്നൊക്കെയാണ് ജോഷിക്ക് ലഭിച്ച ഉപദേശങ്ങള്‍. എന്നാല്‍ അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയ ജോഷി റണ്‍‌വേ മെഗാഹിറ്റാക്കി മാറ്റി.

ഉദയകൃഷ്ണയും സിബി കെ തോമസും തന്നെയാണ് വാളയാര്‍ പരമശിവത്തിന്‍റെയും തിരക്കഥ രചിക്കുന്നത്. സ്പിരിറ്റ് കള്ളക്കടത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ സിനിമ സെവന്‍‌സിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കാവ്യാ മാധവനായിരുന്നു റണ്‍‌വേയിലെ നായിക. വാളയാര്‍ പരമശിവത്തിലും കാവ്യ തന്നെ നായികയാകും.

ജയറാം ഇനി 'കമ്മീഷണര്‍ ആന്‍റണി തലശ്ശേരി



ഈ വര്‍ഷം ജയറാമിന് വിജയങ്ങളുടെ വര്‍ഷമാണ്. ജയറാം അഭിനയിച്ച ആറ്‌ ചിത്രങ്ങളാണ് ഈ ആറുമാസത്തിനുള്ളില്‍ പുറത്തിറങ്ങിയത്. അതില്‍ മൂന്നെണ്ണം മെഗാഹിറ്റുകള്‍. ചൈനാ ടൌണ്‍, സീനിയേഴ്സ്, മേക്കപ്പ്‌മാന്‍ എന്നിവ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചപ്പോള്‍ കുടുംബശ്രീ ട്രാവല്‍‌സ് ശരാശരി വിജയം നേടി. സബാഷ് ശരിയാന പോട്ടി, പൊന്നാര്‍ ശങ്കര്‍ എന്നീ തമിഴ് ചിത്രങ്ങളും പുറത്തിറങ്ങിയെങ്കിലും ബോക്സോഫീസില്‍ പരാജയപ്പെട്ടു.

നല്ല നര്‍മ്മമുള്ള കുടുംബചിത്രങ്ങള്‍ തെരഞ്ഞെടുക്കാനാണ് ഇപ്പോള്‍ ജയറാം കൂടുതല്‍ ശ്രദ്ധ വയ്ക്കുന്നത്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ‘ഉലകം ചുറ്റും വാലിബന്‍’ എന്ന ചിത്രത്തിലാണ്. ഒരു തട്ടിപ്പുകാരന്‍റെ വേഷമാണ് ആ ചിത്രത്തില്‍. കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതുന്ന ചിത്രം രാജ്ബാബു സംവിധാനം ചെയ്യുന്നു.

തട്ടിപ്പുകാരനില്‍ നിന്ന് ജയറാം പോകുന്നത് പൊലീസാകാനാണ്. അതേ, ജയറാം നായകനാകുന്ന പുതിയ ചിത്രത്തിന് ‘സിറ്റി പൊലീസ് കമ്മീഷണര്‍ ആന്‍റണി തലശ്ശേരി’ എന്ന് പേരിട്ടു. കമ്മീഷണറായ ആന്‍റണി തലശ്ശേരി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.

നവാഗതനായ ലെന്നി പി തോമസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മീഷണര്‍ എന്നൊക്കെ കേട്ട് ആക്ഷന്‍ പടമാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. ഇതും ഒരു സമ്പൂര്‍ണ കോമഡിച്ചിത്രം തന്നെ.

നന്‍‌മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, സരോജ, രഹസ്യപ്പോലീസ്, ഫിംഗര്‍ പ്രിന്‍റ്, ഇവര്‍, കൊല കൊലയാ മുന്തിരിങ്ങ തുടങ്ങിയ സിനിമകളിലാണ് മുമ്പ് ജയറാം പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

മോഹന്‍ലാലിന്‍റെ മുന്നൂറാം ചിത്രം ഓണത്തിന്


യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ 300 സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ ആണ് ലാലിന്‍റെ മുന്നൂറാം ചിത്രം. അതിലും ആഹ്ലാദകരമായ വാര്‍ത്ത, മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ തീരുമാനിച്ചു എന്നതാണ്. മോഹന്‍ലാലിന് ഓണച്ചിത്രം ഉണ്ടാകില്ലെന്ന നിരാശയിലായിരുന്നു ലാല്‍ ആ‍രാധകര്‍. എന്തായാലും ബ്ലെസിയുടെ സിനിമ ഓണത്തിനെത്തുന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ ലാലിന്‍റെ ഓണച്ചിത്രമായി മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ്. എന്നാല്‍ ഷൂട്ടിംഗ് തീരാത്തതിനാല്‍ കാസനോവ ഓണത്തിനെത്തിക്കാനാവില്ലെന്ന് റോഷന്‍ അറിയിച്ചു. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്‍റെ സിനിമ ഓണച്ചിത്രമാക്കാന്‍ ആലോചിച്ചെങ്കിലും ഓണത്തിനിറക്കാനായി ഒരു സിനിമ തട്ടിക്കൂട്ടാന്‍ താനില്ലെന്ന് സത്യന്‍ അറിയിച്ചതോടെ ആ വഴിയും അടഞ്ഞു.

അങ്ങനെയാണ് ബ്ലെസിയുടെ സിനിമയെക്കുറിച്ച് ലാല്‍ ക്യാമ്പ് ആരാഞ്ഞത്. ‘പ്രണയം’ 15 ദിവസത്തോളം ഷൂട്ടിംഗ് നേരത്തേ പൂര്‍ത്തിയായതാണ്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് വേഗം തീര്‍ത്ത് ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്ന് ബ്ലെസി ഉറപ്പു നല്‍കി. അതോടെ മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഒരു സമ്പൂര്‍ണ പ്രണയചിത്രമാണ് പ്രണയം. മോഹന്‍ലാല്‍, ജയപ്രദ, അനുപം ഖേര്‍, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്നവരുടെ പ്രണയം എന്ന കണ്‍‌സെപ്ടാണ് ബ്ലെസി ഇവിടെ പ്രയോഗിക്കുന്നത്. ഒ എന്‍ വി രചിച്ച നാലു ഗാനങ്ങളാണ് മറ്റൊരു സവിശേഷത. എം ജയചന്ദ്രനാണ് സംഗീതം. സെപ്റ്റംബര്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

'പ്രണയം' ഓണത്തിനെത്തും


ലാല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ബ്ലെസിയുടെ മോഹന്‍ലാല്‍ ചിത്രം 'പ്രണയം' ഈ ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തും. കാസനോവയാണ് ഓണച്ചിത്രമായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കും എന്ന് വന്നതോടെ ഓണത്തിന് ലാല്‍ചിത്രമുണ്ടാകില്ലെന്ന് സൂചന പരന്നു.

ഇതിനിടെ പ്രണയത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കാസനോവയില്‍ ലാല്‍ വീണ്ടും ജോയിന്‍ ചെയ്തു. വിദേശത്തെ ഷൂട്ടിങ്ങിന് ശേഷം മടങ്ങിയെത്തിയ ലാല്‍ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. സൂപ്പര്‍താരങ്ങള്‍ വമ്പന്‍ ചിത്രവുമായി ഓണക്കാലത്തെത്തുമ്പോള്‍ തങ്ങളുടെ താരത്തിന്റെ ചിത്രമുണ്ടാവില്ലെന്ന വാര്‍ത്തകള്‍ ലാല്‍ ആരാധകരില്‍ നിരാശ പടര്‍ത്തിയിരുന്നു. ഏതായാലും സപ്തംബര്‍ ഏഴിന് പ്രണയം മാക്‌സ് ലാബ് റിലീസ് ചെയ്യുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 

ലാലിന്റെ 300 ാമത് ചിത്രം എന്ന നിലയിലായിരിക്കും പ്രണയം മാര്‍ക്കറ്റ് ചെയ്യുക. ലാലിന് പുറമേ അനുപം ഖേറും ജയപ്രദയും പ്രണയത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം ജയചന്ദ്രന്‍ ചിട്ടപ്പെട്ടുത്തി ഒ.എന്‍.വി കുറുപ്പ് എഴുതിയ നാല് ഗാനങ്ങളുണ്ടാകും സിനിമയില്‍

'ബോംബെ മാര്‍ച്ച് 12' റിലീസ് നീട്ടി


മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി തിരക്കഥാകൃത്ത് ബാബുജനാര്‍ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം '1993 ബോംബേ മാര്‍ച്ച് 12' ന്റെ റീലീസ് നീട്ടി. ജൂണ്‍ 24ന് സിനിമ തിയേറ്ററിലെത്തിക്കുമെന്നാണ് വിതരണക്കാരായ പ്ലേ ഹൗസ് അറിയിച്ചിരുന്നത്. എന്നാല്‍ ആദാമിന്റെ മകന്‍ അബുവും ഇതേ ദിവസം തന്നെ പ്രദര്‍ശനത്തിനെത്തുന്നതിനാല്‍ ഒരാഴ്ച റീലീസ് വൈകിക്കാന്‍ തീരുമാനിച്ചത്. മറ്റ് മാറ്റങ്ങളുണ്ടായില്ലെങ്കില്‍ ഈ പരീക്ഷണ ചിത്രം ജൂണ്‍ 30 നെത്തും.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദനന്‍ തന്നെ നിര്‍വഹിക്കുന്നു. ലാല്‍, ഉണ്ണി, ഇര്‍ഷാദ്, ജയന്‍, ശ്രീരാമന്‍, സാദിക്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പന്‍, സുധീര്‍ കരമന, അനില്‍ മുരളി, മണികണ്ഠന്‍ പട്ടാമ്പി, കൊച്ചു പ്രേമന്‍, ജോ, സന്തോഷ്, അരുണ്‍ നാരായണന്‍, മാസ്റ്റര്‍ ഫ്ലെമിന്‍ ഫ്രാന്‍സിസ്, റോമ, ശാരി, ജ്യോതി, ശരണ്യ ശശി, രഞ്ജുഷ മേനോന്‍, ശോഭാസിങ്, ബാവിക, ചിന്നു, മീനാക്ഷി, മിനി അരുണ്‍, സുധാനായര്‍, അര്‍ച്ചന, ബിന്ദു വരാപ്പുഴ എന്നിവരാണ് മറ്റ് താരങ്ങള്‍.
ലോകത്തെ നടുക്കിയ ബോംബെ ബോംബ് സ്‌ഫോടനം, അതുമായി ബന്ധമില്ലാത്ത മൂന്നുമലയാളികളുടെ ജീവിതത്തിലുണ്ടാക്കിയ സംഭവ ബഹുലമായ കാര്യങ്ങള്‍ സമകാലിക പശ്ചാത്തലത്തില്‍ ദൃശ്യവത്കരിക്കുകയാണ് ബാബു ജനാര്‍ദനന്‍.
ഛായാഗ്രഹണം-വിപിന്‍ മോഹന്‍, ഗാനരചന-റഫീക് അഹമ്മദ്, സംഗീതം-അഫ്‌സല്‍ യൂസഫ്.

Tuesday, June 14, 2011

മേയ് മാസപ്പൂക്കളുമായി പൃഥ്വിരാജ്



മാണിക്യക്കല്ലിലൂടെ തന്‍റെ ഇമേജ് മാറ്റിപ്പണിയുകയായിരുന്നു ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. ആക്ഷന്‍ ചിത്രങ്ങളില്‍ മാത്രം തിളങ്ങുന്നു എന്ന പേരുദോഷമാണ് മാണിക്യക്കല്ലിലൂടെ പൃഥ്വി മാറ്റിത്തീര്‍ത്തത്. സത്യന്‍ അന്തിക്കാട് ലൈനിലുള്ള സിനിമകള്‍ക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യത തിരിച്ചറിഞ്ഞാകണം ഇനി കുറച്ച് ‘ലൈറ്റ്’ സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കാമെന്നാണ് പൃഥ്വിരാജ് തീരുമാനിച്ചിരിക്കുന്നത്.

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രഞ്ജിത് ശങ്കര്‍ അല്‍പ്പം കട്ടിയുള്ള വിഷയങ്ങള്‍ സിനിമയാക്കണമെന്ന അഭിപ്രായക്കാരനാണ്. അര്‍ജുനന്‍ സാക്ഷി പരാജയമായെങ്കിലും തന്‍റെ അടുത്ത ചിത്രത്തിലും പൃഥ്വിയെ നായകനാക്കണമെന്നാണ് രഞ്ജിത് ശങ്കര്‍ ആഗ്രഹിച്ചത്. പൃഥ്വിയെ സമീപിച്ചപ്പോള്‍ അല്‍പ്പം ലളിതമായ സബ്ജക്ടുമായി വരാനുള്ള നിര്‍ദ്ദേശം കൊടുത്തതായാണ് വിവരം. എന്തായാലും പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു - ‘മേയ് ഫ്ലവര്‍’.

ലളിതമായ ഒരു ലവ് സ്റ്റോറിയാണ് മേയ് ഫ്ലവര്‍. പൃഥ്വിയുടെ നായികയായി ഒരു പുതുമുഖത്തെയാണ് പരിഗണിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. രഞ്ജിത് ശങ്കര്‍ തന്നെ രചന നിര്‍വഹിക്കുന്നു.

അതേസമയം, ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന കസിന്‍സ്, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയുടെ ചര്‍ച്ചകള്‍ പൃഥ്വിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. കസിന്‍സില്‍ പൃഥ്വിക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ അമല്‍ നീരദ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നു. അമല്‍ നീരദ് ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജാണ്.

‘ഇന്ത്യന്‍ റുപ്പീ’ ജൂലൈയില്‍, അമലാ പോള്‍ നായിക



രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ റുപ്പീ’യില്‍ അമലാ പോള്‍ നായിക. തമിഴകത്തെ ഈ ‘മൈന’പ്പെണ്ണ് മലയാളത്തില്‍ നായികയാകുന്ന ആദ്യ ചിത്രമാണ് ഇന്ത്യന്‍ റുപ്പീ. പൃഥ്വിരാജാണ് നായകന്‍. സുരേഷ്ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ജൂലൈ 15ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം, പൃഥ്വിരാജിന്‍റെ 'ഓഗസ്‌റ്റ്‌ സിനിമ’യും രഞ്ജിത്തിന്‍റെ കാപിറ്റോള്‍ തീയേറ്ററും ചേര്‍ന്ന്‌ നിര്‍മ്മിക്കും.

മെയിന്‍‌സ്ട്രീം സിനിമയിലേക്ക് മഹാനടന്‍ തിലകന്‍റെ തിരിച്ചുവരവും ഈ ചിത്രത്തിലൂടെ ഉണ്ടാകും. നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങിയവരും അഭിനയിക്കുന്നു. ഷഹബാസ് അമനാണ് സംഗീതം. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍.

വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഇന്ത്യന്‍ റുപ്പീയുടേത്. ഇന്നത്തെ യുവത്വത്തിന്‍റെ കഥയാണിത്. ‘ജെ പി’ എന്ന ജയപ്രകാശിനെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ പ്രതീകം. പുതിയ തലമുറയുടെ കഥയെന്നു പറയുമ്പോള്‍ ആട്ടവും പാട്ടും ബൈക്കും റൊമാന്‍സും കോളജുമൊക്കെ ചേര്‍ത്തൊരു മസാല ഒനുമല്ല ഉദ്ദേശിക്കുന്നത്. അതിനപ്പുറത്ത്, പണത്തിനോട് അത്യാര്‍ത്തി പൂണ്ട് നടക്കുന്ന യുവത്വത്തിന്‍റെ കഥയാണിത്.

ജെ പിയുടെ മുത്തച്ഛന്‍ ഗാന്ധിയനായ ഒരു കള്ളുചെത്തുകാരനായിരുന്നു. ഒരു തുള്ളി കള്ള് പോലും കഴിക്കാത്ത കള്ളുചെത്തുകാരന്‍. മഹാത്മാഗാന്ധിയോടുള്ള ആദരവ് കാരണം അയാള്‍ മകന് ഗാന്ധി എന്ന് പേരിട്ടു. മുഴുക്കുടിയനായിരുന്നു ഗാന്ധി. ഗാന്ധിയാകട്ടെ മകന് ജയപ്രകാശ് എന്ന് പേരിട്ടു. ഒരുദിവസം കൊണ്ട് എങ്ങനെ പണക്കാരനാകാം എന്നായിരുന്നു അവന്‍റെ ചിന്ത. എല്ലാ പണക്കാരും അവന്‍റെ ദൈവങ്ങളായി. പൃഥ്വിരാജിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യന്‍ റുപ്പീയിലെ ജെ പി.

മോശം സിനിമയ്ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു



കോഴിക്കോട്: പ്രഥമ ഡൂള്‍ന്യൂസ് മലയാളം ഫിലിംബോര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2010ല്‍ മോശം പ്രകടനം കാഴ്ചവെച്ച അഭിനേതാവിനുള്ള 'പുരസ്‌കാരം' മോഹന്‍ലാലിന് ലഭിച്ചു. മോശം നടിക്കുള്ള പുരസ്‌കാരം അര്‍ച്ചനാ കവിയും റിമ കല്ലിങ്കലും പങ്കിട്ടു. വിജി തമ്പിയാണ് മോശം സംവിധായകന്‍. ഏറ്റവും മോശം സിനിമയായി വിജി തമ്പി സംവിധാനം ചെയ്ത ഏപ്രില്‍ ഫൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും ജനരോഷം ഉയര്‍ത്തിയ സിനിമ മേജര്‍രവി സംവിധാനം ചെയ്ത കാണ്ഡഹാറാണ്. ജഗദീഷ് മോശം തിരക്കഥാകൃത്തിനുള്ള ഫിലിംബോര്‍ അവാര്‍ഡ് നേടി. ചിത്രം ഏപ്രില്‍ഫൂള്‍. മോശം ഹാസ്യനടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് അധ്യക്ഷനായ ജൂറിയാണ് ഫിലിംബോര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ സിനിമകള്‍ തിരഞ്ഞെടുത്തത്.

ജൂണ്‍ 11ന് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൂറി അംഗങ്ങളായ വി.എച്ച് നിഷാദ്, മജ്‌നി,നദീം നൗഷാദ്,മുഹമ്മദ് സുഹൈല്‍,ഡോ.കവിതാ രാമന്‍ എന്നിവര്‍ പങ്കെടുത്തു

12 വര്‍ഷത്തിന് ശേഷം കമലും ജയറാമും ഒന്നിക്കുന്നു



കമല്‍ ജയറാമിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്നു. 12 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയറാം-കമല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നത്. 1998 ല്‍ പുറത്തിറങ്ങിയ കൈക്കുടന്ന നിലാവിലാണ് ഈ കൂട്ടികെട്ട് ഏറ്റവും ഒടുവില്‍ ഒന്നിച്ചത്.

കഥ തുടരുന്നു എന്ന ചിത്രത്തിനുശേഷം തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. കെ. ഗിരീഷ് കുമാര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഇന്നസെന്റ,് ബിജു മേനോന്‍, സലിംകുമാര്‍, സംവൃത സുനില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഛായാഗ്രഹണം - അഴകപ്പന്‍.

ജയരാജിന്റെ 'നായിക'യില്‍ ജയറാം നായകന്‍

 


'ദി ട്രെയിന്‍' റിലീസ് ചെയ്തതിന് പിന്നാലെ ജയരാജ് പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് കടന്നു. ദീദി ദാമോദരന്റെ തിരക്കഥയില്‍ ഒരുക്കുന്ന 'നായിക'യുടെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിക്കുന്നു. ജയറാം, ശാരദ, പത്മപ്രിയ, മംമ്ത തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മകയിരം ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ബഞ്ചമിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'സീനിയേഴ്‌സ്' പൂര്‍ത്തിയാക്കി ഒരു മാസത്തെ കുടുംബസമേതമുള്ള വിദേശപര്യടനവും പൂര്‍ത്തിയാക്കിയാണ് ജയറാം ഈ പുതിയ ചിത്രത്തിലഭിനയിക്കുവാന്‍ എത്തിയത്.

കസ്തൂരി മണക്കുന്നല്ലോ കാറ്റേ...
നീ വരുമ്പോള്‍...
കണ്മണിയെ കണ്ടുവോ നീ...
കവിളിണ തഴുകിയോ നീ...


മലയാളികള്‍ നെഞ്ചോടുചേര്‍ത്തുപിടിച്ച ഹിറ്റ് മേക്കര്‍ ശശികുമാറിന്റെ 'പിക്‌നിക്' എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനം. നായികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെയാണ് മൂന്നാറില്‍ ചിത്രത്തിന്റെ ചിത്രീകരണമാരംഭിച്ചത്.

നായികയെ ഒരുക്കുന്നവര്‍


ബാനര്‍-മകീര്യം ക്രിയേഷന്‍സ്, നിര്‍മാണം-തോമസ് ബെഞ്ചമിന്‍, സംവിധാനം-ജയരാജ്, കഥ, തിരക്കഥ, സംഭാഷണം-ദീദി ദാമോദരന്‍, ഛായാഗ്രഹണം-സീനു മുരിക്കുമ്പുഴ, കലാസംവിധാനം-സുജിത് രാഘവ്, നൃത്തസംവിധാനം-സെല്‍വി, സംഗീതം-എം.കെ. അര്‍ജുനന്‍, ഗാനരചന- ശ്രീകുമാരന്‍തമ്പി, വസ്ത്രാലങ്കാരം-ഷീബാ രോഹന്‍, ചമയം- ബിജുഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മഹേഷ് കവടിയാര്‍.

Thursday, June 9, 2011

വരുന്നൂ... ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’



ഹിറ്റുകള്‍ അപൂര്‍വ സംഭവങ്ങളായി മാറുന്ന ഇക്കാലത്ത്, 200 ദിവസങ്ങളോളം തിയേറ്ററുകളില്‍ കളിച്ച് കോടികളുടെ ലാഭം നേടിയ മലയാള സിനിമയായിരുന്നു ‘ഹാപ്പി ഹസ്ബന്‍ഡ്സ്’. സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ചിത്രം 8.5 കോടി രൂപയാണ് ലാഭം നേടിയത്. ഹാപ്പി ഹസ്ബന്‍ഡ്സിലെ തമാശകള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്ത - ഈ സിനിമയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നു.

‘കുഞ്ഞളിയന്‍’ എന്ന ചെറിയ ചിത്രത്തിന് ശേഷം സജി സുരേന്ദ്രന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമയിരിക്കും ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, ഭാവന, റീമ കല്ലിങ്കല്‍ എന്നിവര്‍ തന്നെ രണ്ടാം ഭാഗത്തിലും അഭിനയിക്കും. കൃഷ്ണ പൂജപ്പുരയായിരിക്കും തിരക്കഥയെഴുതുക.

മിലന്‍ ജലീല്‍ ചിത്രം നിര്‍മ്മിക്കുമെന്നാണ് ആദ്യ സൂചന. ജയറാമിന്‍റെയും ജയസൂര്യയുടെയും മറ്റ് പ്രൊജക്ടുകളുടെ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം ഹാപ്പി ഹസ്ബന്‍ഡ്സിന്‍റെ രണ്ടാം ഭാഗം ആരംഭിക്കാനാണ് സജി സുരേന്ദ്രന്‍ ഉദ്ദേശിക്കുന്നത്. അതിനു മുമ്പ് ‘കുഞ്ഞളിയന്‍’ തീര്‍ക്കും. ജയസൂര്യയാണ് ആ ചിത്രത്തിലെ നായകന്‍.

ഹാപ്പി ഹസ്ബന്‍ഡ്സ് രണ്ടാം ഭാഗത്തിന്‍റെ വണ്‍‌ലൈന്‍ കൃഷ്ണ പൂജപ്പുര പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുഞ്ഞളിയന്‍, മിസ്റ്റര്‍ സെക്യൂരിറ്റി എന്നീ ജയസൂര്യ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുന്നതും കൃഷ്ണ പൂജപ്പുരയാണ്.

പൃഥ്വിക്ക് പിന്നാലെ മമ്മൂട്ടിയും സ്കൂള്‍ അധ്യാപകന്‍



കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പാളിച്ചകള്‍ തുറന്നുകാട്ടിയ സിനിമയാണ് മാണിക്യക്കല്ല്. പൃഥ്വിരാജ് വിനയചന്ദ്രന്‍ എന്ന സ്കൂള്‍ അധ്യാപകനെ അവതരിപ്പിച്ച ചിത്രം. ഇപ്പോഴിതാ, മെഗാസ്റ്റാര്‍ മമ്മൂട്ടിയും സ്കൂള്‍ അധ്യാപകനായി വരുന്നു. നിരവധി അന്തരാഷ്ട്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ അധ്യാപക വേഷം.

ബുദ്ധദേബ് തന്നെയാണ് ഈ പ്രൊജക്ട് വിവരം അറിയിച്ചത്. മമ്മൂട്ടിയുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അദ്ദേഹം ഉടന്‍ തന്നെ കേരളത്തിലെത്തും. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

ബംഗാളിലെ പൊലെ തന്നെ തന്‍റെ സിനിമകള്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും പരിചിതമാണെന്ന് ബുദ്ധദേബ് ദാസ് ഗുപ്ത പറഞ്ഞു. മമ്മൂട്ടിയെ താനൊരു സൂപ്പര്‍സ്റ്റാറായല്ല കാണുന്നതെന്നും കഠിനാദ്ധ്വാനിയായ ഒരു നല്ല നടനായാണ് അദ്ദേഹത്തെ വിലയിരുത്തുന്നതെന്നും ബുദ്ധദേബ് വ്യക്തമാക്കി.

കാല്‍‌പുരുഷ്, ജനാല, സ്വപ്നേര്‍ ദിന്‍, ചരാചര്‍, ഫേര, ഉത്തര, ലാല്‍ ദര്‍ജ, നീം അന്നപൂര്‍ണ, ദൂരത്വ, ആന്ദി ഗലി, ബാഗ് ബഹാദൂര്‍, മൊന്ദോ മെയര്‍ ഉപാഖ്യാന്‍ തുടങ്ങിയ വിഖ്യാത സിനിമകളുടെ സംവിധായകനാണ് ബുദ്ധദേബ് ദാസ് ഗുപ്ത.

കൊച്ചുതെമ്മാടി, തനിയാവര്‍ത്തനം തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി സ്കൂള്‍ അധ്യാപകനായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയവയാണ്. ബുദ്ധദേബ് ദാസ് ഗുപ്തയുടെ ചിത്രവും തനിക്ക് കരിയറില്‍ ഗുണം ചെയ്യുമെന്നാണ് മമ്മൂട്ടി പ്രതീക്ഷിക്കുന്നത്.

സീനിയേഴ്സ് പണം വാരുന്നു, പൃഥ്വിക്ക് ഇരട്ട വിജയം



‘പോക്കിരിരാജ’യുടെ മെഗാവിജയം ആവര്‍ത്തിക്കുകയാണ് സംവിധായകന്‍ വൈശാഖ്. ‘സീനിയേഴ്സ്’ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ് സീനിയേഴ്സ്. ബിജുമേനോന്‍, മനോജ് കെ ജയന്‍ എന്നിവരുടെ കോമഡികളും ആര്‍ക്കും പ്രവചിക്കാനാവാത്ത ക്ലൈമാക്സ് ട്വിസ്റ്റുമാണ് ചിത്രത്തെ വന്‍ വിജയമാക്കിയത്.

വെറും 20 ദിവസങ്ങള്‍ക്കുള്ളില്‍ നാലരക്കോടി രൂപയാണ് വിതരണക്കാര്‍ക്ക് ഷെയര്‍ ലഭിച്ചിരിക്കുന്നത്. സീനിയേഴ്സിന്‍റെ നിര്‍മ്മാണച്ചെലവ് 3.8 കോടി രൂപ മാത്രമായിരുന്നു. ലോംഗ് റണ്ണില്‍ നിര്‍മ്മാതാവിന് കോടികളുടെ ലാഭമായിരിക്കും സീനിയേഴ്സ് നേടിക്കൊടുക്കുകയെന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ട്.

മോഹന്‍ലാലിന്‍റെ ചൈനാ ടൌണ്‍ ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ്. ദിലീപിന്‍റെ സ്ലാപ്സ്റ്റിക് കോമഡിയും മോഹന്‍ലാല്‍, ജയറാം എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവുമാണ് ചൈനാ ടൌണിന്‍റെ ഹൈലൈറ്റ്. 50 ദിവസങ്ങള്‍ക്കുള്ളില്‍ ഏഴുകോടിയോളം രൂപ കളക്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് ഇരട്ടവിജയം സ്വന്തമാക്കിയതാണ് ഏറ്റവും പ്രത്യേകതയുള്ള വാര്‍ത്ത. പൃഥ്വിയുടെ മാണിക്യക്കല്ല് ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്തും ഉറുമി നാലാം സ്ഥാനത്തുമാണ്. ഹൃദയഹാരിയായ ഒരു കുടുംബചിത്രം എന്ന ലേബലാണ് മാണിക്യക്കല്ലിനെ ഹിറ്റാക്കുന്നത്. ദൃശ്യവിസ്മയം എന്ന നിലയില്‍ ഉറുമിയെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ജയസൂര്യ നായകനായ ‘ജനപ്രിയന്‍’ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ്. പ്രേക്ഷകര്‍ക്ക് മനം‌നിറഞ്ഞ് ചിരിക്കാനുള്ള അവസരമാണ് ഈ ചിത്രം ഒരുക്കുന്നത്. ജയസൂര്യയുടെ കരിയറില്‍ ഈ ചിത്രത്തിന്‍റെ വിജയം വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നവാഗത സംവിധായകന്‍ ബോബന്‍ സാമുവല്‍ പ്രതീക്ഷയുണര്‍ത്തുന്നു.

വിജയത്തിളക്കം: മമ്മൂട്ടിയെ മറികടക്കുന്ന ലാല്‍



2010 മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു. പ്രാഞ്ചിയേട്ടന്‍, പോക്കിരിരാജ, ബെസ്റ്റ് ആക്ടര്‍ തുടങ്ങി കലാപരമായും കച്ചവടപരമായും വിജയിച്ച സിനിമകള്‍ മമ്മൂട്ടി ആ വര്‍ഷം മലയാളികള്‍ക്ക് സമ്മാനിച്ചു. മോഹന്‍ലാലിന് പക്ഷേ ആശ്വസിക്കാന്‍ ഒരു ‘ശിക്കാര്‍’ മാത്രമാണ് ഉണ്ടായിരുന്നത്. അലക്സാണ്ടര്‍ ദ ഗ്രേറ്റ്, കാണ്ഡഹാര്‍ തുടങ്ങിയ ദയനീയ പരാജയങ്ങളുടെ നിഴലില്‍ ലാല്‍ വീണുപോയ വര്‍ഷമായിരുന്നു 2010.

എന്നാല്‍ 2011ല്‍ മോഹന്‍ലാല്‍ തിരിച്ചടിക്കുകയാണ്. മോഹന്‍ലാലിന്‍റേതായി ഈ വര്‍ഷം അഞ്ചുമാസത്തിനുള്ളില്‍ റിലീസായ രണ്ടു ചിത്രങ്ങളും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍ എന്നീ സിനിമകള്‍ കോടികളുടെ ലാഭം നേടി. രണ്ടും മള്‍ട്ടിസ്റ്റാര്‍ സിനിമകളാണെന്നും ലാലിന് അഭിമാനിക്കാന്‍ വകയൊന്നുമില്ലെന്നും വിമര്‍ശനങ്ങളുണ്ടെങ്കിലും മോഹന്‍ലാലിന്‍റെ താരപ്രഭ തന്നെയായിരുന്നു ഈ സിനിമകളുടെ മുഖ്യ ആകര്‍ഷണം എന്നത് വിസ്മരിക്കുക വയ്യ.

മമ്മൂട്ടിയുടെ അവസ്ഥയോ? മൂന്നു സിനിമകളാണ് ഈ അഞ്ചുമാസത്തിനകം മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിനെത്തിയത്. ആഗസ്റ്റ് 15, ഡബിള്‍സ്, ദ ട്രെയിന്‍ എന്നിവ. മൂന്നു ചിത്രങ്ങളിലും മമ്മൂട്ടി സോളോ ഹീറോ ആയിരുന്നു. ബോക്സോഫീസില്‍ തകര്‍ന്ന് തരിപ്പണമാകുകയായിരുന്നു ഈ ചിത്രങ്ങളുടെ വിധി.

മമ്മൂട്ടിയുടെ താരമൂല്യത്തിന് ഈ മൂന്നു സിനിമകളുടെയും തകര്‍ച്ച മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഒരു മെഗാവിജയമില്ലാതെ മമ്മൂട്ടിക്ക് ഈ പ്രതിസന്ധി മറികടക്കാനാവില്ല. അടുത്തുതന്നെ അദ്ദേഹം അത് സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.

മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ അഭിനയിച്ച് വിജയം കണ്ടെത്തിയ മോഹന്‍ലാലിനും ഒരു സോളോ ഹിറ്റ് ആവശ്യമാണ്. കാസനോവയോ, അറബി ഒട്ടകമോ, പ്രണയമോ - ഏതു ചിത്രമാണ് മോഹന്‍ലാലിന്‍റെ രക്ഷയ്ക്കെത്തുക എന്ന കാത്തിരിക്കുകയാണ് നല്ല സിനിമയെ സ്നേഹിക്കുന്നവര്‍.

‘കോ’ ഹിന്ദിയില്‍, നായിക കാര്‍ത്തിക തന്നെ


തമിഴകത്ത് മെഗാഹിറ്റായി മാറിയ ‘കോ’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. അക്ഷയ് കുമാര്‍ താല്‍പ്പര്യമെടുത്താണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ആന്‍റണി ഡിസില്‍‌വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകവേഷത്തില്‍ അക്ഷയ് എത്തും. ‘കോ’യിലെ നായികയായ കാര്‍ത്തിക തന്നെ ഹിന്ദി പതിപ്പിലും അഭിനയിക്കും. ഒരു കോടി രൂപയാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശത്തുകയായി നല്‍കിയിരിക്കുന്നത്. ഇത്രയും വലിയൊരു തുക നല്‍കി ഒരു തമിഴ് ചിത്രം റീമേക്ക് ചെയ്യുന്നത് ഇതാദ്യമാണ്.

റിലീസായി ആദ്യ രണ്ടു ദിനങ്ങളില്‍ തന്നെ അഞ്ചുകോടി രൂപ ഗ്രോസ് നേടിയ സിനിമ മുടക്കുമുതലിന്‍റെ പലമടങ്ങ് തിരിച്ചുപിടിക്കുമെന്നാണ് സൂചന. മുംബൈയില്‍ വച്ച് ‘കോ’ കണ്ട അക്ഷയ് കുമാര്‍ ഉടന്‍ തന്നെ സംവിധായകന്‍ കെ വി ആനന്ദിനെ വിളിച്ച് അഭിനന്ദനമറിയിച്ചു. റീമേക്ക് റൈറ്റ് തനിക്ക് തരണമെന്നും അക്ഷയ് അഭ്യര്‍ത്ഥിക്കുകയായിരുന്നു. മൂന്നാറില്‍ തന്‍റെ അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്ന ആനന്ദ് ഇതിന് സമ്മതം നല്‍കി.

ഒരു പ്രസ് ഫോട്ടോഗ്രാഫറുടെ സംഘര്‍ഷഭരിതമായ ജീവിതം കൊമേഴ്സ്യല്‍ ചേരുവകളെല്ലാം ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നതിലെ ക്രാഫ്ടാണ് അക്ഷയ് കുമാറിനെ ആകര്‍ഷിച്ചത്. കാര്‍ത്തികയെ തന്നെ നായികയാക്കാമെന്നുള്ളത് അക്ഷയ് കുമാറിന്‍റെ സജഷനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോഷ്, മകരമഞ്ഞ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുള്ള കാര്‍ത്തികയ്ക്ക് കരിയറില്‍ വന്‍ കുതിപ്പാണ് ‘കോ’ നല്‍കിയത്.

‘കോ’യുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്ന ആന്‍റണി ഡിസില്‍‌വ അക്ഷയ് കുമാറിന്‍റെ അടുത്ത സുഹൃത്താണ്. അക്ഷയിനെ നായകനാക്കി ‘ബ്ലൂ’ എന്ന പരാജയചിത്രം സംവിധാനം ചെയ്തത് ആന്‍റണി ഡിസില്‍‌വയാണ്.

‘സ്റ്റോപ്പ് വയലന്‍സ്’ രണ്ടാം ഭാഗം തുടങ്ങി, പൃഥ്വി ഇല്ല



2002ല്‍ എ കെ സാജന്‍ സംവിധാനം ചെയ്ത ‘സ്റ്റോപ്പ് വയലന്‍സ്’ മലയാള സിനിമയില്‍ മാറ്റത്തിന്‍റെ സന്ദേശവുമായി വന്ന ചിത്രമാണ്. പൃഥ്വിരാജ് എന്ന യുവ സൂപ്പര്‍താരത്തിന്‍റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു ആ സിനിമ. സ്റ്റോപ്പ് വയലന്‍സിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ സ്റ്റോപ്പ് വയലന്‍സില്‍ ‘സാത്താന്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നില്ല. മറ്റൊരു യുവപ്രതീക്ഷയായ ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.

അതേ, സ്റ്റോപ്പ് വയലന്‍സിന്‍റെ രണ്ടാം ഭാഗമായ ‘അസുരവിത്ത്’ പെരുമഴയത്തും ചിത്രീകരണം പുരോഗമിക്കുകയാണ്. എ കെ സാജന്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ഡോണ്‍ ബോസ്കോ എന്ന യുവ പുരോഹിതനെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. സംവൃത സുനിലാണ് നായിക.

സ്റ്റോപ്പ് വയലന്‍സില്‍ ചന്ദ്രാ ലക്ഷ്മണ്‍ അവതരിപ്പിച്ച ആഞ്ചലീന എന്ന കഥാപാത്രത്തിന്‍റെ മകനാണ് ഡോണ്‍ ബോസ്കോ. ഒരു മാലാഖയെപ്പോലെ പരിശുദ്ധയായിരുന്ന ആഞ്ചലീനയ്ക്ക് സാത്താനില്‍(പൃഥ്വി അവതരിപ്പിച്ച കഥാപാത്രം) ഉണ്ടായ മകന്‍. അയാള്‍ ഒരു പുരോഹിതനാണ്. പക്ഷേ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ചില സംഭവങ്ങള്‍ അവനെ മാറ്റിത്തീര്‍ക്കുകയാണ്.

ലീലാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന അസുരവിത്തില്‍ ബിജു മേനോന്‍, നിവിന്‍ പോളി, ജഗതി, വിജയരാഘവന്‍, കലാഭവന്‍ മണി, വിജയകുമാര്‍, സീമാ ജി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

സ്റ്റോപ്പ് വയലന്‍സ്, ലങ്ക എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള എ കെ സാജന്‍ ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ്. ദ്രോണ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ തകര്‍ച്ചയോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന എ കെ സാജന്‍ അസുരവിത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്.

ബോഡിഗാര്‍ഡ്: ഇന്ത്യന്‍ വിതരണാവകാശത്തിന് 75 കോടി



ദിലീപില്‍ തുടങ്ങി ഇളയദളപതിയിലൂടെ സാക്ഷാല്‍ സല്‍‌മാന്‍ ഖാനിലെത്തി നില്‍ക്കുകയാണ് ബോഡിഗാര്‍ഡ്. മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സിദ്ദിഖ് തന്‍റെ ആദ്യ ഹിന്ദി ചിത്രമായ ബോഡിഗാര്‍ഡിന്‍റെ തിരക്കിലാണ്. ഓഗസ്റ്റ് 31ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ സിനിമയില്‍ സല്‍മാന്‍ ഖാനും കരീന കപൂറുമാണ് ജോഡി.

വാണ്ടഡ്, ദബാംഗ്, റെഡി എന്നീ ബ്ലോക്ക്‌ബസ്റ്ററുകള്‍ക്ക് ശേഷം എത്തുന്ന സല്‍മാന്‍ ഖാന്‍ ചിത്രം എന്ന പ്രത്യേകതയാണ് ബോഡിഗാര്‍ഡിനെ ബോളിവുഡിന്‍റെ ഹോട്ട് പ്രോപ്പര്‍ട്ടിയാക്കി മാറ്റുന്നത്. ചിത്രത്തിന്‍റെ ഇന്ത്യന്‍ വിതരണാവകാശമായി 75 കോടി രൂപ ലഭിച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഇത് ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് പ്രൈസാണ്.

സാറ്റലൈറ്റ്, മ്യൂസിക്, വീഡിയോ റൈറ്റുകള്‍ക്കെല്ലാം കൂടി ഇനിയും ഒരു 40 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഇന്ത്യയിലെ തിയേറ്ററുകളിലെ വിതരണാവകാശം മാത്രമാണ് 75 കോടി രൂപയ്ക്ക് വിറ്റിരിക്കുന്നത്. ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ സിനിമയുടെ ഓവര്‍സീസ് അവകാശങ്ങളെല്ലാം കൂടി കണക്കിനെടുത്താല്‍ ബോഡിഗാര്‍ഡ് റിലീസിന് മുമ്പ് മൂന്നിരട്ടി ലാഭം നേടിയ ചിത്രമായി മാറുന്നു.

പ്രിയദര്‍ശന് ശേഷം ഇത്രയും വിജയകരമായി ഒരു സിനിമ ബോളിവുഡില്‍ ഒരുക്കാന്‍ കഴിഞ്ഞ ആദ്യ മലയാള സംവിധായകനാണ് സിദ്ദിഖ്. 2010ല്‍ മലയാളത്തിലാണ് സിദ്ദിഖ് ബോഡിഗാര്‍ഡ് ആദ്യമെടുത്തത്. ആ ചിത്രം ഹിറ്റായി. തുടര്‍ന്ന് തമിഴില്‍ ‘കാവലന്‍’ എന പേരില്‍ ബോഡിഗാര്‍ഡ് വീണ്ടും ജനിച്ചു. സിനിമകളെല്ലാം തകര്‍ന്ന് വലിയ പ്രതിസന്ധിയിലായിരുന്ന ഇളയദളപതി വിജയിന് അപ്രതീക്ഷിതമായി ലഭിച്ച ഒരു സൂപ്പര്‍ഹിറ്റായിരുന്നു കാവലന്‍. എന്തായാലും ഹിന്ദി ബോഡിഗാര്‍ഡ് റിലീസിന് മുമ്പ് ലാഭമായെങ്കില്‍, റിലീസിന് ശേഷം ഈ ചിത്രം മെഗാഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.

മമ്മൂട്ടിയുടെ കോബ്ര ഡിസംബറില്‍



മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലാല്‍ചിത്രമൊരുങ്ങുന്നു. കോബ്ര എന്നുപേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ സംവിധായകനായ ലാലും ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.
നേരത്തെ കോട്ടയം ബ്രദേഴ്‌സ് എന്ന പേര് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സിനോട് സാമ്യമുണ്ടാവുമെന്നു കരുതി പേരുമാറ്റുകയായിരുന്നു.
ചിത്രത്തിലെ മറ്റുതാരങ്ങളെക്കുറിച്ച് തീരുമാനമായിട്ടില്ല. മമ്മൂട്ടിയുടെ പ്ലേഹൗസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, ടൂര്‍ണമെന്റ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ലാലിന്റെ ടൂര്‍ണമെന്റ് വന്‍പരാജയമായിരുന്നു. ചിത്രീകരണം ആരംഭിച്ച കോബ്ര ഡിസംബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.
മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയത്തിലായാലും സംവിധാനത്തിലായാലും ഹിറ്റുകള്‍ ആവര്‍ത്തിച്ച ചരിത്രമാണ് ലാലിനുള്ളത്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ 1996 ല്‍ പുറത്തിറങ്ങിയ ഹിറ്റലര്‍ എക്കാലത്തെയുംമികച്ച ചിത്രങ്ങളിലൊന്നായിരുന്നു.

Thursday, June 2, 2011

മോഹന്‍‌ലാലിന്റെ കാസനോവ ഓഗസ്റ്റ്‌ 31ന്



ഇന്നു വരും നാളെ വരും മറ്റന്നാള്‍ വരും എന്ന അവസ്ഥയായിരുന്നു മോഹന്‍ലാല്‍ നായകനാകുന്ന കാസനോവയ്ക്ക്. പടം ഉപേക്ഷിച്ചില്ലെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നും അനിശ്ചിതകാലത്തേയ്ക്ക് ചിത്രീകരണം മാറ്റിവച്ചിരിക്കുകയാണെന്നും പലതവണ വാര്‍ത്തകള്‍ വന്നു. എന്തായാലും ഇപ്പോള്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടുണ്ട്. മോഹന്‍ലാലിന്റെ ഓണച്ചിത്രമായി കാസനോവ ഓഗസ്റ്റ്‌ 31ന് റിലീസ് ചെയ്യും.

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഈ വന്‍ ബഡ്ജറ്റ് ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗ് അടുത്തിടെ ദുബായില്‍ പൂര്‍ത്തിയായിരുന്നു. അവശേഷിച്ച ഭാഗങ്ങള്‍ ബാങ്കോക്കില്‍ പൂര്‍ത്തിയാവുന്നു. ജൂലൈയിലാണ് കാസനോവ റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ മോഹന്‍ലാലിന് ഓണച്ചിത്രം ഇല്ലാത്തത് മൂലം റിലീസ് നീട്ടുകയായിരുന്നു.

ഇന്‍റര്‍നാഷണല്‍ ഫ്ലവര്‍ സെല്ലറാണ് കാസനോവ. ഇയാള്‍ക്ക് പൂക്കളെ പോലെ തന്നെയാണ് പ്രണയിനിമാരും. എവിടെച്ചെന്നാലും അവിടെ കാമുകിമാരുടെ നിരയും സൃഷ്ടിക്കപ്പെടും. ലക്ഷങ്ങള്‍ വിലയുള്ള ബ്രാന്‍ഡഡ് ഡ്രസുകള്‍ ധരിച്ചും കൂളിംഗ് ഗ്ലാസുകള്‍ മാറിമാറി വച്ചും വിലയേറിയ കാറുകളില്‍ സഞ്ചരിച്ചും പ്രണയിനിമാരെ വിസ്മയിപ്പിക്കുന്ന കഥാപാത്രമാണ് മോഹന്‍‌ലാലിന്റെ കാസനോവ. കാസനോവയുടെ പ്രണയജീവിതം കളര്‍ഫുളായി ചിത്രീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.

ഈ ലൌ ത്രില്ലര്‍ പ്രണയവും പകയും ഒരുപോലെ ആഘോഷിക്കുന്ന ചിത്രമാണ്. സഞ്ജയ് - ബോബി ടീമാണ് കാസനോവയ്ക്ക് തിരക്കഥ രചിക്കുന്നത്. ശ്രേയ, റോമ, സഞ്ജന തുടങ്ങിയവരാണ് നായികമാര്‍. ഗോപി സുന്ദര്‍, അല്‍‌ഫോണ്‍സ്, ഗൗരി എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ദിവ്യ ഉണ്ണിയുടെ സഹോദരിയും സിനിമയിലേക്ക്‌




മുന്‍കാല നായിക ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി മലയാള സിനിമയില്‍ ഭാഗ്യംപരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഷൂട്ടിങ് പുരോഗമിക്കുന്ന 'ഡോക്ടര്‍ ലൗ' എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിലേക്കെത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കോളജ് വിദ്യാര്‍ഥിനിയുടെ വേഷമാണ് വിദ്യക്ക്. മറ്റൊരു പ്രധാന കഥാപാത്രമായി അനന്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് . വിദ്യാര്‍ഥിയായ വിദ്യ പഠനത്തോടൊപ്പം സിനിമയിലും സജീവമാകാന്‍ ഒരുങ്ങുകയാണ്. അമേരിക്കയില്‍ ബിസിനസ്സുകാരനെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ്. വിവാഹത്തോടെ അവര്‍ സിനിമ ലോകത്തോട് വിടപറയുകയും ചെയ്തു.