Thursday, June 9, 2011

വിജയത്തിളക്കം: മമ്മൂട്ടിയെ മറികടക്കുന്ന ലാല്‍



2010 മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു. പ്രാഞ്ചിയേട്ടന്‍, പോക്കിരിരാജ, ബെസ്റ്റ് ആക്ടര്‍ തുടങ്ങി കലാപരമായും കച്ചവടപരമായും വിജയിച്ച സിനിമകള്‍ മമ്മൂട്ടി ആ വര്‍ഷം മലയാളികള്‍ക്ക് സമ്മാനിച്ചു. മോഹന്‍ലാലിന് പക്ഷേ ആശ്വസിക്കാന്‍ ഒരു ‘ശിക്കാര്‍’ മാത്രമാണ് ഉണ്ടായിരുന്നത്. അലക്സാണ്ടര്‍ ദ ഗ്രേറ്റ്, കാണ്ഡഹാര്‍ തുടങ്ങിയ ദയനീയ പരാജയങ്ങളുടെ നിഴലില്‍ ലാല്‍ വീണുപോയ വര്‍ഷമായിരുന്നു 2010.

എന്നാല്‍ 2011ല്‍ മോഹന്‍ലാല്‍ തിരിച്ചടിക്കുകയാണ്. മോഹന്‍ലാലിന്‍റേതായി ഈ വര്‍ഷം അഞ്ചുമാസത്തിനുള്ളില്‍ റിലീസായ രണ്ടു ചിത്രങ്ങളും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍ എന്നീ സിനിമകള്‍ കോടികളുടെ ലാഭം നേടി. രണ്ടും മള്‍ട്ടിസ്റ്റാര്‍ സിനിമകളാണെന്നും ലാലിന് അഭിമാനിക്കാന്‍ വകയൊന്നുമില്ലെന്നും വിമര്‍ശനങ്ങളുണ്ടെങ്കിലും മോഹന്‍ലാലിന്‍റെ താരപ്രഭ തന്നെയായിരുന്നു ഈ സിനിമകളുടെ മുഖ്യ ആകര്‍ഷണം എന്നത് വിസ്മരിക്കുക വയ്യ.

മമ്മൂട്ടിയുടെ അവസ്ഥയോ? മൂന്നു സിനിമകളാണ് ഈ അഞ്ചുമാസത്തിനകം മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിനെത്തിയത്. ആഗസ്റ്റ് 15, ഡബിള്‍സ്, ദ ട്രെയിന്‍ എന്നിവ. മൂന്നു ചിത്രങ്ങളിലും മമ്മൂട്ടി സോളോ ഹീറോ ആയിരുന്നു. ബോക്സോഫീസില്‍ തകര്‍ന്ന് തരിപ്പണമാകുകയായിരുന്നു ഈ ചിത്രങ്ങളുടെ വിധി.

മമ്മൂട്ടിയുടെ താരമൂല്യത്തിന് ഈ മൂന്നു സിനിമകളുടെയും തകര്‍ച്ച മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഒരു മെഗാവിജയമില്ലാതെ മമ്മൂട്ടിക്ക് ഈ പ്രതിസന്ധി മറികടക്കാനാവില്ല. അടുത്തുതന്നെ അദ്ദേഹം അത് സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.

മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ അഭിനയിച്ച് വിജയം കണ്ടെത്തിയ മോഹന്‍ലാലിനും ഒരു സോളോ ഹിറ്റ് ആവശ്യമാണ്. കാസനോവയോ, അറബി ഒട്ടകമോ, പ്രണയമോ - ഏതു ചിത്രമാണ് മോഹന്‍ലാലിന്‍റെ രക്ഷയ്ക്കെത്തുക എന്ന കാത്തിരിക്കുകയാണ് നല്ല സിനിമയെ സ്നേഹിക്കുന്നവര്‍.