Showing posts with label janapriyan malayalam movie. Show all posts
Showing posts with label janapriyan malayalam movie. Show all posts

Thursday, June 23, 2011

'ബോംബെ മാര്‍ച്ച് 12' റിലീസ് നീട്ടി


മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി തിരക്കഥാകൃത്ത് ബാബുജനാര്‍ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം '1993 ബോംബേ മാര്‍ച്ച് 12' ന്റെ റീലീസ് നീട്ടി. ജൂണ്‍ 24ന് സിനിമ തിയേറ്ററിലെത്തിക്കുമെന്നാണ് വിതരണക്കാരായ പ്ലേ ഹൗസ് അറിയിച്ചിരുന്നത്. എന്നാല്‍ ആദാമിന്റെ മകന്‍ അബുവും ഇതേ ദിവസം തന്നെ പ്രദര്‍ശനത്തിനെത്തുന്നതിനാല്‍ ഒരാഴ്ച റീലീസ് വൈകിക്കാന്‍ തീരുമാനിച്ചത്. മറ്റ് മാറ്റങ്ങളുണ്ടായില്ലെങ്കില്‍ ഈ പരീക്ഷണ ചിത്രം ജൂണ്‍ 30 നെത്തും.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദനന്‍ തന്നെ നിര്‍വഹിക്കുന്നു. ലാല്‍, ഉണ്ണി, ഇര്‍ഷാദ്, ജയന്‍, ശ്രീരാമന്‍, സാദിക്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പന്‍, സുധീര്‍ കരമന, അനില്‍ മുരളി, മണികണ്ഠന്‍ പട്ടാമ്പി, കൊച്ചു പ്രേമന്‍, ജോ, സന്തോഷ്, അരുണ്‍ നാരായണന്‍, മാസ്റ്റര്‍ ഫ്ലെമിന്‍ ഫ്രാന്‍സിസ്, റോമ, ശാരി, ജ്യോതി, ശരണ്യ ശശി, രഞ്ജുഷ മേനോന്‍, ശോഭാസിങ്, ബാവിക, ചിന്നു, മീനാക്ഷി, മിനി അരുണ്‍, സുധാനായര്‍, അര്‍ച്ചന, ബിന്ദു വരാപ്പുഴ എന്നിവരാണ് മറ്റ് താരങ്ങള്‍.
ലോകത്തെ നടുക്കിയ ബോംബെ ബോംബ് സ്‌ഫോടനം, അതുമായി ബന്ധമില്ലാത്ത മൂന്നുമലയാളികളുടെ ജീവിതത്തിലുണ്ടാക്കിയ സംഭവ ബഹുലമായ കാര്യങ്ങള്‍ സമകാലിക പശ്ചാത്തലത്തില്‍ ദൃശ്യവത്കരിക്കുകയാണ് ബാബു ജനാര്‍ദനന്‍.
ഛായാഗ്രഹണം-വിപിന്‍ മോഹന്‍, ഗാനരചന-റഫീക് അഹമ്മദ്, സംഗീതം-അഫ്‌സല്‍ യൂസഫ്.

Tuesday, May 31, 2011

വിനീതിന്‍റെ പ്രണയകഥ ക്രിസ്മസിന്



വിനീത് ശ്രീനിവാസന്‍ തിരക്കിലാണ്. തന്‍റെ അടുത്ത സംവിധാന സംരംഭത്തിനുള്ള തിരക്കഥാ രചനയിലാണ് വിനീത്. ഒരു പ്രണയകഥയാണ് പുതിയ ചിത്രത്തിനായി വിനീത് പ്രമേയമാക്കുന്നത്. പുതുമുഖങ്ങള്‍ തന്നെയായിരിക്കും ഈ സിനിമയിലെ പ്രധാന താരങ്ങളെന്നാണ് സൂചന.

തലശ്ശേരിയിലെ കുടുംബവീട്ടിലിരുന്നാണ് വിനീത് തിരക്കഥയെഴുതുന്നത്. സംഗീത സംവിധായകന്‍ ഷാന്‍ വിനീതിനൊപ്പമുണ്ട്. തിരക്കഥാ രചന പൂര്‍ത്തിയാക്കുന്നതിനൊപ്പം ചിത്രത്തിലെ ഗാനങ്ങളും ട്യൂണ്‍ ചെയ്യുകയാണ്. വ്യത്യസ്തമായ ഒരു പ്രണയകഥ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വിനീത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിക്കും.

കഴിഞ്ഞ വര്‍ഷം മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ഹിറ്റ് ചിത്രം നല്‍കിയ വിനീത് ആ ട്രാക്കില്‍ നിന്ന് മാറിയുള്ള ഒരു സിനിമയാണ് തന്‍റെ രണ്ടാം ചിത്രമായി ഒരുക്കുന്നത്. പുതുമുഖങ്ങളെ കൂടാതെ മലയാളത്തിലെ പ്രധാന അഭിനേതാക്കളും ഈ ചിത്രത്തില്‍ അണിനിരക്കും. എന്നാല്‍ വിനീത് ശ്രീനിവാസന്‍ ഈ സിനിമയില്‍ അഭിനയിക്കില്ല.

ഈ വര്‍ഷം വിനീത് അഭിനയിച്ച ട്രാഫിക് എന്ന സിനിമ ട്രെന്‍ഡ് സെറ്ററായി മാറിയിരുന്നു. ഇനി പുതിയ ചിത്രം സംവിധാനം ചെയ്തതിന് ശേഷമേ അഭിനയത്തില്‍ കൈവയ്ക്കൂ എന്ന നിലപാടിലാണ് വിനീത്.

Tuesday, May 17, 2011

ജനപ്രിയന്‍ ഈ പ്രിയദര്‍ശന്‍



തനി ഗ്രാമീണനാണ് ഈ ചെറുപ്പക്കാരന്‍. മലയോര ഗ്രാമത്തിലാണ് താമസമെന്നതുകൊണ്ടല്ല ഈ വിശേഷണം. ജീവിതത്തിലും പെരുമാറ്റത്തിലും ചിന്തയിലും ഗ്രാമീണത കാത്തുസൂക്ഷിക്കുന്നു ഈ മിടുക്കനായ യുവാവ്.അതുകൊണ്ടുതന്നെ പ്രിയദര്‍ശന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനപ്രിയനാണ് പ്രിയദര്‍ശന്‍. സ്‌നേഹത്തോടെ പ്രിയന്‍ എന്നു വിളിച്ചു വിളിച്ച് ഇന്ന് പ്രിയദര്‍ശന്‍ എല്ലാവരുടെയും പ്രിയനായി മാറി. എന്തു ജോലിയും ചെയ്യാന്‍ പ്രിയന്‍ ഒരുക്കമാണ്. പുല്ല് പറിക്കുന്നതുതൊട്ട് കണക്കപ്പിള്ളയുടെ ജോലിവരെ പ്രിയന്‍ ചെയ്യും.

ആ ഗ്രാമത്തില്‍ ആരെല്ലാം എന്തൊക്കെ പണിയെടുത്ത് ജീവിക്കുന്നുണ്ടോ ആ പണിയൊക്കെ പ്രിയന്‍ നന്നായി ചെയ്യും. അതിന്പുറമെ സാധനങ്ങള്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാനും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനും പ്രിയന്‍ സമയം കണ്ടെത്തും. നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും പ്രിയനുമായി നല്ലൊരു ആത്മബന്ധമുണ്ട്. നിഷ്‌ക്കളങ്കതയും ഉപാധികളില്ലാത്ത സ്‌നേഹവും കൊണ്ട് സമ്പന്നനാണ് പ്രിയന്‍.

ജോലികിട്ടി ഗ്രാമത്തില്‍ നിന്ന് പ്രിയന്‍ നഗരത്തിലെത്തുന്നു. ഗ്രാമത്തിന്റെ നിഷ്‌ക്കളങ്കതയുമായെത്തിയ പ്രിയനെ നഗരത്തിലെ ജീവിതം ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇതിനിടയിലാണ് വൈശാഖന്‍ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്. വീട്ടുകാര്‍ ഉണ്ടാക്കിയ പണം ധൂര്‍ത്തടിക്കുന്ന വൈശാഖനുമായി പ്രിയന്‍ ചങ്ങാത്തത്തിലാവുന്നു. പരസ്പര വൈരുധ്യമുള്ള രണ്ടുപേര്‍ സ്‌നേഹിതരാവുമ്പോള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'ജനപ്രിയന്‍' എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നവാഗതനായ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ജനപ്രിയന്‍ എന്ന ചിത്രത്തില്‍ പ്രിയദര്‍ശനായി വരുന്നത് ജയസൂര്യയാണ്. വൈശാഖനായി മനോജ് കെ. ജയനും അഭിനയിക്കുന്നു. സ്‌പോട്ട്‌ലൈറ്റ് വിഷന്‍സിന്റെ ബാനറില്‍ മാമ്മന്‍ ജോണ്‍, റീന എം. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മീരയായി ഭാമ നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നഗരത്തില്‍ പ്രിയന്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ അടുത്തുള്ള വീട്ടിലെ പെണ്‍കുട്ടിയാണ് മീര. സുന്ദരിയും വിദ്യാസമ്പന്നയും സമ്പന്നകുടുംബത്തിലെ അംഗവുമാണ് മീര. ബസ് യാത്രയ്ക്കിടയിലാണ് പരസ്പരം കണ്ടുമുട്ടുന്നതും തുടര്‍ന്ന് പ്രണയത്തിലാവുന്നതും. പക്ഷേ, പുറം ലോകമറിയാതെയാണ് ഇരുവരും പ്രണയിക്കുന്നത്.

ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, ദേവന്‍, ജാഫര്‍ ഇടുക്കി, കിഷോര്‍, ഷാജു, ഭീമന്‍ രഘു, പ്രകാശ്, വിനോദ് കെടാമംഗലം, സരയു, രശ്മി ബോബന്‍, ശ്രീലത നമ്പൂതിരി, ഗീത വിജയന്‍, നിഷ, സാരംഗ്, റോസ്‌ലിന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഫോര്‍ ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം കൃഷ്ണ പൂജപ്പുര, കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രദീപ് നായര്‍. വയലാര്‍ ശരച്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് ഗൗതം ആണ്. മെയ് 20ന് കലാസംഘം 'ജനപ്രിയന്‍' തീയറ്ററുകളിലെത്തിക്കുന്നു.