Tuesday, May 17, 2011

ജനപ്രിയന്‍ ഈ പ്രിയദര്‍ശന്‍



തനി ഗ്രാമീണനാണ് ഈ ചെറുപ്പക്കാരന്‍. മലയോര ഗ്രാമത്തിലാണ് താമസമെന്നതുകൊണ്ടല്ല ഈ വിശേഷണം. ജീവിതത്തിലും പെരുമാറ്റത്തിലും ചിന്തയിലും ഗ്രാമീണത കാത്തുസൂക്ഷിക്കുന്നു ഈ മിടുക്കനായ യുവാവ്.അതുകൊണ്ടുതന്നെ പ്രിയദര്‍ശന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനപ്രിയനാണ് പ്രിയദര്‍ശന്‍. സ്‌നേഹത്തോടെ പ്രിയന്‍ എന്നു വിളിച്ചു വിളിച്ച് ഇന്ന് പ്രിയദര്‍ശന്‍ എല്ലാവരുടെയും പ്രിയനായി മാറി. എന്തു ജോലിയും ചെയ്യാന്‍ പ്രിയന്‍ ഒരുക്കമാണ്. പുല്ല് പറിക്കുന്നതുതൊട്ട് കണക്കപ്പിള്ളയുടെ ജോലിവരെ പ്രിയന്‍ ചെയ്യും.

ആ ഗ്രാമത്തില്‍ ആരെല്ലാം എന്തൊക്കെ പണിയെടുത്ത് ജീവിക്കുന്നുണ്ടോ ആ പണിയൊക്കെ പ്രിയന്‍ നന്നായി ചെയ്യും. അതിന്പുറമെ സാധനങ്ങള്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാനും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനും പ്രിയന്‍ സമയം കണ്ടെത്തും. നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും പ്രിയനുമായി നല്ലൊരു ആത്മബന്ധമുണ്ട്. നിഷ്‌ക്കളങ്കതയും ഉപാധികളില്ലാത്ത സ്‌നേഹവും കൊണ്ട് സമ്പന്നനാണ് പ്രിയന്‍.

ജോലികിട്ടി ഗ്രാമത്തില്‍ നിന്ന് പ്രിയന്‍ നഗരത്തിലെത്തുന്നു. ഗ്രാമത്തിന്റെ നിഷ്‌ക്കളങ്കതയുമായെത്തിയ പ്രിയനെ നഗരത്തിലെ ജീവിതം ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇതിനിടയിലാണ് വൈശാഖന്‍ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്. വീട്ടുകാര്‍ ഉണ്ടാക്കിയ പണം ധൂര്‍ത്തടിക്കുന്ന വൈശാഖനുമായി പ്രിയന്‍ ചങ്ങാത്തത്തിലാവുന്നു. പരസ്പര വൈരുധ്യമുള്ള രണ്ടുപേര്‍ സ്‌നേഹിതരാവുമ്പോള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'ജനപ്രിയന്‍' എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നവാഗതനായ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ജനപ്രിയന്‍ എന്ന ചിത്രത്തില്‍ പ്രിയദര്‍ശനായി വരുന്നത് ജയസൂര്യയാണ്. വൈശാഖനായി മനോജ് കെ. ജയനും അഭിനയിക്കുന്നു. സ്‌പോട്ട്‌ലൈറ്റ് വിഷന്‍സിന്റെ ബാനറില്‍ മാമ്മന്‍ ജോണ്‍, റീന എം. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മീരയായി ഭാമ നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നഗരത്തില്‍ പ്രിയന്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ അടുത്തുള്ള വീട്ടിലെ പെണ്‍കുട്ടിയാണ് മീര. സുന്ദരിയും വിദ്യാസമ്പന്നയും സമ്പന്നകുടുംബത്തിലെ അംഗവുമാണ് മീര. ബസ് യാത്രയ്ക്കിടയിലാണ് പരസ്പരം കണ്ടുമുട്ടുന്നതും തുടര്‍ന്ന് പ്രണയത്തിലാവുന്നതും. പക്ഷേ, പുറം ലോകമറിയാതെയാണ് ഇരുവരും പ്രണയിക്കുന്നത്.

ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, ദേവന്‍, ജാഫര്‍ ഇടുക്കി, കിഷോര്‍, ഷാജു, ഭീമന്‍ രഘു, പ്രകാശ്, വിനോദ് കെടാമംഗലം, സരയു, രശ്മി ബോബന്‍, ശ്രീലത നമ്പൂതിരി, ഗീത വിജയന്‍, നിഷ, സാരംഗ്, റോസ്‌ലിന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഫോര്‍ ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം കൃഷ്ണ പൂജപ്പുര, കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രദീപ് നായര്‍. വയലാര്‍ ശരച്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് ഗൗതം ആണ്. മെയ് 20ന് കലാസംഘം 'ജനപ്രിയന്‍' തീയറ്ററുകളിലെത്തിക്കുന്നു.