Tuesday, May 17, 2011

ഇനിയും 50 കൊല്ലം നായകനായി തുടരാം-പൃഥ്വിരാജ്



മലയാള സിനിമയിലെ പ്രവണത വെച്ചുനോക്കിയാല്‍ തനിക്കിനിയും അന്‍പതുവര്‍ഷമെങ്കിലും നായകനായി തുടരാനാകുമെന്ന് പൃഥ്വിരാജ്. വിവാഹം കഴിഞ്ഞതുകൊണ്ട് തന്റെ വിപണിമൂല്യത്തിന് ഇടിവൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ 'മാണിക്യക്കല്ലി'ന്റെ പ്രചാരണാര്‍ത്ഥം നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

17-ാം വയസില്‍ നായകനായി സിനിമയില്‍ എത്തിയതാണ് താന്‍. മലയാള സിനിമയുടെ ഇന്നത്തെ പ്രവണതവെച്ച് ഇനിയും കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും തുടരാനുമാകും. ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്ന പ്രചാരണം ശരിയല്ല. 'ഉറുമി' ഒരു ആക്ഷന്‍ ചിത്രമല്ല. 'വീട്ടിലേക്കുള്ള വഴി' ഉള്‍പ്പെടെയുള്ള സിനിമകള്‍ തിയേറ്ററില്‍ എത്തിയിരുന്നെങ്കില്‍ ഇത്തരം ഇമേജുകള്‍ മാറിയേനെ.

'മാണിക്യക്കല്ലി'ന്റെ ക്ലൈമാക്‌സിന് 'കഥപറയുമ്പോള്‍' സിനിമയുടെ ക്ലൈമാക്‌സുമായി സാമ്യം ഉണ്ടെന്നുള്ള വിമര്‍ശനം യാദൃച്ഛികം മാത്രമാണ്. തന്റെ വിവാഹം ഒരു 'മീഡിയാ ഇവന്‍റാക്കി' മാറ്റാന്‍ താല്‍പര്യമില്ലാത്തതിനാലാണ് മാധ്യമങ്ങളില്‍നിന്ന് അക്കാര്യത്തില്‍ അകലം പാലിച്ചത്. വിവാഹം തികച്ചും സ്വകാര്യമായി നടത്തണമെന്നായിരുന്നു ആഗ്രഹമെന്നും പൃഥ്വിരാജ് പറഞ്ഞു. മാണിക്യക്കല്ലിന്റെ സംവിധായകന്‍ മോഹന്‍, നടി സംവൃതാ സുനില്‍, നിര്‍മാതാവ് ഗിരീഷ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.