Showing posts with label major ravi. Show all posts
Showing posts with label major ravi. Show all posts

Tuesday, June 14, 2011

മോശം സിനിമയ്ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു



കോഴിക്കോട്: പ്രഥമ ഡൂള്‍ന്യൂസ് മലയാളം ഫിലിംബോര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2010ല്‍ മോശം പ്രകടനം കാഴ്ചവെച്ച അഭിനേതാവിനുള്ള 'പുരസ്‌കാരം' മോഹന്‍ലാലിന് ലഭിച്ചു. മോശം നടിക്കുള്ള പുരസ്‌കാരം അര്‍ച്ചനാ കവിയും റിമ കല്ലിങ്കലും പങ്കിട്ടു. വിജി തമ്പിയാണ് മോശം സംവിധായകന്‍. ഏറ്റവും മോശം സിനിമയായി വിജി തമ്പി സംവിധാനം ചെയ്ത ഏപ്രില്‍ ഫൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും ജനരോഷം ഉയര്‍ത്തിയ സിനിമ മേജര്‍രവി സംവിധാനം ചെയ്ത കാണ്ഡഹാറാണ്. ജഗദീഷ് മോശം തിരക്കഥാകൃത്തിനുള്ള ഫിലിംബോര്‍ അവാര്‍ഡ് നേടി. ചിത്രം ഏപ്രില്‍ഫൂള്‍. മോശം ഹാസ്യനടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് അധ്യക്ഷനായ ജൂറിയാണ് ഫിലിംബോര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ സിനിമകള്‍ തിരഞ്ഞെടുത്തത്.

ജൂണ്‍ 11ന് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൂറി അംഗങ്ങളായ വി.എച്ച് നിഷാദ്, മജ്‌നി,നദീം നൗഷാദ്,മുഹമ്മദ് സുഹൈല്‍,ഡോ.കവിതാ രാമന്‍ എന്നിവര്‍ പങ്കെടുത്തു

Friday, January 21, 2011

കാണ്ഡഹാര്‍ തകര്‍ന്നെങ്കിലും ലാലിന്‍റെ ഡേറ്റ് മേജര്‍ രവിക്ക്!



കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ സിനിമയാണ് കാണ്ഡഹാര്‍. തിരക്കഥയിലെയും സംവിധാനത്തിലെയും പാകപ്പിഴകളായിരുന്നു കാണ്ഡഹാറിനെ തകര്‍ത്തത്. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു തീരുമാനം മോഹന്‍ലാലിന്‍റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. മേജര്‍ രവിക്ക് വീണ്ടും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നു.

‘അമ്മ’ എന്നാണ് മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പേര്. തന്‍റെ പട്ടാള ട്രാക്ക് വിട്ട് ഇത്തവണ ഒരു കുടുംബകഥ പറയാനാണ് മേജര്‍ ഒരുങ്ങുന്നത്. അനുജന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ പെട്ട് പുലിവാലു പിടിക്കുന്ന ജ്യേഷ്ഠനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. അമ്മയും മക്കളും തമ്മിലുള്ള ഹൃദയബന്ധവും ഈ സിനിമയിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നു.

മേജര്‍ രവി തന്നെയാണ് ‘അമ്മ’യുടെ രചന നിര്‍വഹിക്കുന്നത്. മേജറിന്‍റെ മിക്ക സിനിമകളുടെയും രചന അദ്ദേഹം തന്നെയാണ്. കാണ്ഡഹാറിനുണ്ടായ കനത്ത തിരിച്ചടിയാണ് പട്ടാളക്കഥകളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കാന്‍ മേജര്‍ തീരുമാനിച്ചതിന് പിന്നില്‍. ‘അമ്മ’ എന്ന സബ്ജക്ട് മേജര്‍ വളരെ മുമ്പേ ആലോചിച്ചതാണ്. എന്നാല്‍ കാണ്ഡഹാര്‍ പോലുള്ള വമ്പന്‍ പ്രൊജക്ടുകളുടെ തിരക്കില്‍‌പെട്ടുപോയതിനാല്‍ ഈ സിനിമ ആരംഭിക്കാന്‍ വൈകുകയായിരുന്നു.

‘അമ്മ’ കേരളത്തില്‍ മാത്രമായി ചിത്രീകരിക്കാനാണ് തീരുമാനമെന്നറിയുന്നു. താരതമ്യേന കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന സിനിമയില്‍ നല്ല ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ മേജര്‍ രവി തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Thursday, December 16, 2010

കാണ്ഡഹാര്‍ - സമ്മിശ്ര പ്രതികരണം



കീര്‍ത്തിചക്ര,കുരുക്ഷേത്ര തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം മേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ
കാണ്ഡഹാര്‍ ആദ്യ ദിവസം കാണാന്‍ ചെന്നത് വളരെയേറെ പ്രതീക്ഷകളോടെയാണ്.എന്നാല്‍ ഒരു മേജര്‍ രവി ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന തരത്തിലുള്ള ചിത്രമല്ല കാണ്ഡഹാര്‍ എന്നത് ഒരു ദുഃഖ സത്യമാണ് . ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് നായകനായ മഹാദേവന്റെ നേതൃത്വത്തില്‍ മിഷന്‍ നടക്കുന്നത് .എന്നാല്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ കാതലായ ഭാഗം ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു .വളരെ എളുപ്പത്തില്‍ മേജര്‍ മഹാദേവനും സംഘവും പൂര്‍ത്തിയാക്കുന്ന ഈ മിഷന്‍ കണ്ടാല്‍ ഇത്ര എളുപ്പമാണോ ഒരു കമന്റോ ഓപ്പറേഷന്‍ എന്ന് സംശയിച്ചു പോകും .

അതെ സമയം സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട് സംവിധായകന്‍ തന്നെ തയ്യാറാക്കിയ സംഭാഷങ്ങള്‍ ചില രംഗങ്ങളില്‍ അങ്ങേയറ്റം മികവു പുലര്‍ത്തിയിട്ടുണ്ട് .അതെ പോലെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം അമിതാബ് ബച്ചന്‍ ആദ്യമായി തനിക്ക് ലഭിച്ച മലയാള ചിത്രത്തിലെ ലോകനാഥ് ശര്‍മ എന്ന വേഷം മികച്ചതാക്കി.അമിതാബ് ബച്ചന്റെ സംഭാഷങ്ങള്‍ ഏതാണ്ട് മുഴുവനായി ഹിന്ദിയില്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.നീണ്ട ഇടവേളക്ക് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന സുമലത ചിത്രത്തില്‍ രണ്ടു സീനുകളിലാണ് പ്രത്യക്ഷപ്പെടുന്നത് .തമിഴ് താരം ഗണേഷ് വെങ്കിട്ടരാമനും തന്റെ റോള്‍ മോശമില്ലാതെ കൈകാര്യം ചെയ്തു .സംവിധായകനായ മേജര്‍ രവിയും ചിത്രത്തില്‍ ഒരു മോശമില്ലാത്ത വേഷം കൈകാര്യം ചെയ്യുന്നുണ്ട് .
സുനില്‍ ചന്ദ്രിക നായരുടെ സോ എസ്തെബെ മൂവീസും മോഹന്‍ലാലിന്‍റെ പ്രണവ് ആര്‍ട്സ് ഇന്‍റര്‍നാഷണലും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ഏതാണ്ട് 200 തിയെറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത് .ചിത്രം മുടക്കുമുതല്‍ തിരിച്ച് പിടിക്കുമോ എന്ന് വരും നാളുകള്‍ തെളിയിക്കും .നിരവധി പോരായ്മകള്‍ ഉണ്ടെങ്കിലും ദേശസ്നേഹം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന ഇത്തരം ചിത്രങ്ങള്‍ വിജയിക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം .

Monday, December 13, 2010

കണ്ടഹാര്‍ 125 തീയേറ്ററുകളില്‍

അമിതാബ് ബച്ചന്‍,മോഹന്‍ലാല്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന മേജര്‍ രവി ചിത്രമായ 'കണ്ടഹാര്‍' 125 തീയേറ്ററുകളില്‍ ഡിസംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തും.മാക്സ് ലാബ്‌ പ്രദര്‍ശനത്തിന് എത്തിക്കുന്ന ഈ ചിത്രത്തിന് തിരുവനന്തപുരത്ത് നാല് സെന്ററുകളില്‍ പ്രദര്‍ശനം ഉണ്ടാവും.കേരളത്തിനു പുറത്ത് ബാംഗ്ലൂരില്‍ 9 തീയേറ്ററുകളിലും,ചെന്നൈയില്‍ 5 തീയേറ്ററുകളിലും കണ്ടഹാര്‍ പ്രദര്‍ശനത്തിന് എത്തും.ഇത് കൂടാതെ മുംബൈ , ഡല്‍ഹി , പൂനെ , ഹൈദരാബാദ് എന്നിവിടങ്ങളിലും ഡിസംബര്‍ 16ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.