Tuesday, May 31, 2011
വിനീതിന്‍റെ പ്രണയകഥ ക്രിസ്മസിന്
വിനീത് ശ്രീനിവാസന്‍ തിരക്കിലാണ്. തന്‍റെ അടുത്ത സംവിധാന സംരംഭത്തിനുള്ള തിരക്കഥാ രചനയിലാണ് വിനീത്. ഒരു പ്രണയകഥയാണ് പുതിയ ചിത്രത്തിനായി വിനീത് പ്രമേയമാക്കുന്നത്. പുതുമുഖങ്ങള്‍ തന്നെയായിരിക്കും ഈ സിനിമയിലെ പ്രധാന താരങ്ങളെന്നാണ് സൂചന.
തലശ്ശേരിയിലെ കുടുംബവീട്ടിലിരുന്നാണ് വിനീത് തിരക്കഥയെഴുതുന്നത്. സംഗീത സംവിധായകന്‍ ഷാന്‍ വിനീതിനൊപ്പമുണ്ട്. തിരക്കഥാ രചന പൂര്‍ത്തിയാക്കുന്നതിനൊപ്പം ചിത്രത്തിലെ ഗാനങ്ങളും ട്യൂണ്‍ ചെയ്യുകയാണ്. വ്യത്യസ്തമായ ഒരു പ്രണയകഥ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വിനീത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിക്കും.
കഴിഞ്ഞ വര്‍ഷം മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ഹിറ്റ് ചിത്രം നല്‍കിയ വിനീത് ആ ട്രാക്കില്‍ നിന്ന് മാറിയുള്ള ഒരു സിനിമയാണ് തന്‍റെ രണ്ടാം ചിത്രമായി ഒരുക്കുന്നത്. പുതുമുഖങ്ങളെ കൂടാതെ മലയാളത്തിലെ പ്രധാന അഭിനേതാക്കളും ഈ ചിത്രത്തില്‍ അണിനിരക്കും. എന്നാല്‍ വിനീത് ശ്രീനിവാസന്‍ ഈ സിനിമയില്‍ അഭിനയിക്കില്ല.
ഈ വര്‍ഷം വിനീത് അഭിനയിച്ച ട്രാഫിക് എന്ന സിനിമ ട്രെന്‍ഡ് സെറ്ററായി മാറിയിരുന്നു. ഇനി പുതിയ ചിത്രം സംവിധാനം ചെയ്തതിന് ശേഷമേ അഭിനയത്തില്‍ കൈവയ്ക്കൂ എന്ന നിലപാടിലാണ് വിനീത്.
ശ്രീനിവാസന്‍ ഇനി ലഫ്റ്റനന്റ് കേണല്‍ സരോജ് കുമാര്‍
ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന വാര്‍ത്ത നേരത്തെ വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് ലഫ്റ്റനന്റ് കേണല്‍ സരോജ് കുമാര്‍ എന്ന കഥാപാത്രത്തെയാണ്.
രണ്ടാം ഭാഗത്തില്‍ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന് ലഫ്റ്റനന്റ് കേണല്‍ പദവി കിട്ടുകയാണ്. എന്നാല്‍ ആദ്യഭാഗത്തിലെ നായകനായ സംവിധായക കഥാപാത്രമായി മോഹന്‍ലാല്‍ പുതിയ ചിത്രത്തിലുണ്ടാകില്ല. ശ്രീനിവാസനൊപ്പം മകന്‍ വിനീത് ആണ് പ്രധാന വേഷം ചെയ്യുക. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും മലയാള സിനിമയിലെ ചില മോശം പ്രവണതകള്‍ക്കെതിരെയുള്ള വിമര്‍ശനം ആക്ഷേപഹാസ്യത്തിന്റെ രീതിയിലാണ് അവതരിപ്പിക്കുന്നത്. അടുത്തകാലത്തായി മലയാള സിനിമയുടെ അവസ്ഥയാണ് ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗത്തിലൂടെ തുറന്നുകാട്ടുക.
ശ്രീനിവാസന്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായിരിക്കും. ഉദയനാണ് താരം സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു. വൈശാഖ് മൂവിയാണ് ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള മറ്റു കാര്യങ്ങളുടെ ചര്‍ച്ച പുരോഗമിക്കുകയാണ്.
നല്ല സിനിമയെടുക്കാന്‍ ശ്രമിക്കുന്ന ഉദയഭാനു എന്ന സംവിധായകനെ അവതരിപ്പിച്ച മോഹന്‍ലാലായിരുന്നു ഉദയനാണ് താരത്തിലെ നായകന്‍. സിനിമാനടിയെ അവതരിപ്പിച്ച മീനയായിരുന്നു നായിക. താരാധിപത്യത്തിന്റെ മോശം വശങ്ങള്‍ തുറന്ന് കാട്ടുന്ന സരോജ്‌കുമാര്‍ എന്ന സൂപ്പര്‍സ്‌റ്റാറായി ശ്രീനിവാസനും വേഷമിട്ട ഈ ചിത്രം ആക്ഷേപഹാസ്യത്തിന്റെ ചേരുവകള്‍ ചേര്‍ത്താണ് ഒരുക്കിയിരുന്നത്. ചിരിക്കാനും ചിന്തിക്കാനും നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമായിരുന്നു ഉദയനാണ് താരം.
തമിഴിലും മോഹന്‍ലാലിന്റെ ഒരുനാള്‍ വരും
മോഹന്‍ലാലിനെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരുനാള്‍ വരും. സമീറ റെഡ്ഡി ആദ്യമായി അഭിനയിച്ച മലയാളചിത്രം കൂടിയാണ് ഇത്. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ഈ ചിത്രം തീയേറ്ററുകളില്‍ വേണ്ടെത്ര സ്വീകരിക്കപ്പെട്ടിരുന്നില്ല. ശ്രീനിവാസനും ഒരു സുപ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ എന്താ ഈ സിനിമയെക്കുറിച്ച് പറയുന്നത് എന്നല്ലേ? കാര്യമുണ്ട്.
ഒരു നാള്‍ വരും തമിഴിലേക്ക് ഡബ് ചെയ്യുന്നു. മോഹന്‍ലാലും ശ്രീനിവാസനുമൊക്കെ തമിഴില്‍ സംസാരിച്ച് ചിത്രം വിജയിപ്പിക്കുമോ എന്ന ഒരു പരീക്ഷണമാണ് നടത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തമിഴ് ഡബിംഗ് ജോലികള്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
അഴിമതി സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തില്‍ പറയുന്നത്. സാധാരണക്കാരനായ കൊളപ്പുള്ളി സുകുമാരന്‍ നഗത്തില്‍ വീട് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇയാള്‍ക്ക് വീട് വയ്ക്കാന്‍ അഴിമതിക്കാനായ ടൌണ്‍ പ്ലാനിംഗ് ഓഫീസര്‍ അനുവാദം നല്‍കുന്നില്ല. തുടര്‍ന്ന് സുകുമാരന്‍ പ്ലാനിംഗ് ഓഫീസറെ കുടുക്കാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. ചില ട്വിസ്റ്റുകളും കഥ പുരോഗമിക്കുമ്പോള്‍ സംഭവിക്കുന്നു.സുകുമാരനെ മോഹന്‍ലാലും പ്ലാനിംഗ് ഓഫീസറെ ശ്രീനിവാസനുമാണ് അവതരിപ്പിച്ചത്.
സുശീന്ദ്രന്‍ ചിത്രത്തില്‍ വിക്രമിന് ഇരട്ട വേഷം
അഴകര്‍സാമിയിന്‍ കുതിരൈ എന്ന ചിത്രത്തിന് ശേഷം സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രം ഇരട്ടവേഷത്തില്‍. അച്‌ഛനായും മകനായുമായാണ് വിക്രം ഈ സിനിമയില്‍ അഭിനയിക്കുക.
ചിത്രത്തിന് വെന്തന്‍ എന്നാണ് പേരിട്ടിരിക്കുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും സുശീന്ദ്രനാണ്.
ദീക്ഷാ സേത്തും മിത്രാ കുര്യനുമാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കനകരത്‌ന രമേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍രാജയുടെയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണ്‍ 7 ന് ആരംഭിക്കും.
ഒരു ഗാനം 16 ഭാഷയില്‍; വിജയ് പുതിയ സ്റ്റൈലില്‍
സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമായ ത്രീ ഇഡിയറ്റ്സിന്റെ തമിഴ് പതിപ്പായ നന്‍പനിലെ ഒരു ഗാനം ഒരുക്കിയിരിക്കുന്നത് ഇന്ത്യയിലെ 16 ഭാഷകളില്‍. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിലായാണ് ഈ ഗാനം ഈ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.
വിജയും ഇല്യാനയുമാണ് ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഹാരിസ് ജയരാജാണ്. വിജയ് പ്രകാശാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഏറെ പ്രത്യേകതകളോടെയാണ് സംവിധായകന്‍ ഷങ്കര്‍ ത്രീ ഇഡിയറ്റ്സിന്റെ തമിഴ് പതിപ്പ് ഒരുക്കുന്നത്. വിജയ് ഇത്രയും നാള്‍ തുടര്‍ന്നുവന്ന അഭിനയശൈലിയില്‍ പോലും ഷങ്കര്‍ മാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. വിജയുടെ ആരാധകര്‍ക്ക് നന്‍പനിലെ കഥാപാത്രം ഒരു അദ്ഭുതമായിരിക്കും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ജീവ, ശ്രീകാന്ത്, സത്യരാജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജെമിനി ഫിലിം സര്‍ക്യൂട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്‍പന്‍ ദീപാവലിയ്‌ക്ക് തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്
ആദാമിന്‍റെ മകന്‍ അബു വീണ്ടും അത്ഭുതം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. കൊമേഴ്സ്യല്‍ മസാലകള്‍ മാത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുമ്പോള്‍, ഡബ്ബ് ചെയ്യപ്പെടുമ്പോള്‍ അബു ചരിത്രം തിരുത്തിയെഴുതുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി രാജ്യം ആദരിച്ച ഈ സിനിമ മറ്റ് ഭാഷകളിലേക്കും എത്തുകയാണ്. ആദ്യം എത്തുന്നത് ബോളിവുഡിലേക്ക്!
ആദാമിന്‍റെ മകന്‍ അബു ഹിന്ദിയില്‍ പുറത്തിറക്കാന്‍ ചിലര്‍ സമീപിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ സലിം അഹമ്മദ് അറിയിച്ചു. എന്നാല്‍ റീമേക്ക് ചെയ്യാനാണോ ഡബ്ബ് ചെയ്യനാണോ തീരുമാനിക്കുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ചിത്രം റീമേക്ക് ചെയ്യപ്പെടുകയാണെങ്കില്‍ അബുവിനെ അവതരിപ്പിക്കാനായി ഹിന്ദിയിലെ ചില പ്രമുഖ താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണ് സൂചനകള്‍.
അതേസമയം, ആദാമിന്‍റെ മകന്‍ അബു ജൂണ്‍ 17ന് കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. മമ്മൂട്ടിയുടെ പ്ലേഹൌസ് അല്ല ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നതെന്നാണ് സൂചന. സിനിമയ്ക്ക് ടാക്സ് ഫ്രീയാക്കണമെന്ന് അണിയറപ്രവര്‍ത്തകര്‍ മന്ത്രി കെ ബി ഗണേഷ്കുമാറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അവാര്‍ഡ് മാത്രമല്ല, സിനിമയെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങളും ആദാമിന്‍റെ മകന്‍ അബുവിന്‍റെ ബോക്സോഫീസ് വിജയത്തിന് സഹായകമാകും എന്നാണ് സിനിമാലോകം കരുതുന്നത്. ഈ ചിത്രത്തിന്‍റെ കഥ മോഷണമാണെന്ന് ആരോപിച്ച് ഒരാള്‍ രംഗത്തെത്തിയതും സലിംകുമാറും സലിം അഹമ്മദും അതിന് മറുപടി നല്‍കിയതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
Thursday, May 26, 2011
സത്യന്‍-മോഹഹന്‍ലാല്‍ ചിത്രം തുടങ്ങുന്നു
പ്രേക്ഷകര്‍ക്ക് ഒട്ടേറെ ജീവിതഗന്ധിയായ സിനിമകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നു. 2008ല്‍ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയത്തിന് ശേഷമാണ് ലാല്‍-സത്യന്‍ ടീം വീണ്ടുമൊന്നിയ്ക്കുന്നത്. ആശീര്‍വാദ് ഫിലിസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇനിയും പേരിടാത്ത ചിത്രത്തിന്റെ നിര്‍മാതാവ്.
കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ നര്‍മ്മവും സെന്റിമെന്റ്‌സും ചേരുംപടി ചേര്‍ത്താണ് സത്യന്‍ സിനിമയൊരുക്കുന്നതെന്ന് സൂചനകളുണ്ട്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ മുതിര്‍ന്ന നടി ഷീലയും ഏറെ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നുണ്ട്.
ബിഗ് ബഡ്ജറ്റ് ചിത്രമായ കാസനോവയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ പകുതിയോടെ സത്യന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യാനാണ് ലാലിന്റെ പ്ലാന്‍. സിംഗിള്‍ ഷെഡ്യൂളില്‍ തീരുന്ന ചിത്രം മിക്കവാറും ലാലിന്റെ ഓണച്ചിത്രമായിരിക്കും.
നസീറിന്റെ കൊച്ചുമകന്‍ സിനിമയിലേക്ക്
മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയതാരം പ്രേംനസീറിന്റെ ചെറുമകന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. 1993ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ രണ്ടാം ഭാഗത്തില്‍ പ്രധാന വേഷമിട്ടാണ് നസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ മകന്‍ സിനിമാലോകത്തേക്ക് ചുവടുവെയ്ക്കുന്നത്.
തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ശ്രീകാന്ത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണ് ഉപ്പുകണ്ടം ബ്രദേഴ്‌സ്-ബാക്ക് ഇന്‍ ആക്ഷന്‍. പിതാവ് ഷാനവാസിന് സിനിമയില്‍ അധികം തിളങ്ങാനായില്ലെങ്കിലും തനിയ്ക്കത് സാധിയ്ക്കുമെന്ന വിശ്വാസത്തിലാണ് ഷമീര്‍. എന്നാല്‍ മുത്തച്ഛന്റെ
ജൂനിയര്‍ നസീര്‍ എന്ന പേരും ഷമീറിന് ഇനിടെ സ്വന്തമായി കഴിഞ്ഞു. സ്‌കൂള്‍ പഠനത്തിനു ശേഷം ചെന്നൈയിലേക്കു പോയ ഷമീര്‍ പിന്നീട് മലേഷ്യയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി. കൊച്ചിയില്‍ കുറച്ചുനാള്‍ ജോലി നോക്കിയ ഷമീര്‍ ന്യൂസിലന്‍ഡില്‍ ഉപരിപഠനത്തിനു പോകുന്നതിന്റെ ഇടവേളയിലാണ് സിനിമയില്‍ ഒരു കൈനോക്കുന്നത്. കുറെക്കാലം കേരളത്തിന് പുറത്തായതിനാല്‍ മലയാളം പറയാന്‍ ലേശം ബുദ്ധിമുട്ടുണ്ടെന്ന് ഷമീര്‍ പറയുന്നു.
സംവിധായകന്‍ ടിഎസ് സുരേഷ് ബാബുവാണ് ജൂനിയര്‍ നസീറിനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. ഷൂട്ടിങ്ങിന്റെ ആദ്യ രണ്ടു നാള്‍ മകന് ഉപദേശങ്ങളുമായി ഷാനവാസ് തിരുവനന്തപുരത്തെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.
കരിയറില്‍ മറ്റാര്‍ക്കും സ്വന്തമാക്കാനാവത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയ നടനാണ് പ്രേംനസീര്‍. എഴുനൂറിലധികം സിനിമകള്‍. അതില്‍ ഷീല-നസീര്‍ ജോഡികള്‍ 107 സിനിമയില്‍. ഒരു വര്‍ഷം (1979) 39 സിനിമകളില്‍ നായകന്‍. നിത്യഹരിതതാരത്തിന്റെ നേട്ടങ്ങളെല്ലാം ഇന്നും ഗിന്നസ്ബുക്കില്‍ തകര്‍ക്കപ്പെടാതെ നിലനില്‍ക്കുന്നു.
ആദാമിന്റെ മകന്‍ അബു മോഷണമെന്ന് ആരോപണം
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന അവാര്‍ഡും നേടിയ ആദാമിന്റെ മകന്‍ അബു എന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം.
സീരിയല്‍ സംവിധായകനായ അബ്ബാസ് കാളത്തോട് ആണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. ചിത്രത്തിന്റെ സംവിധായകനും മറ്റുമെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് അബ്ബാസ് കാളത്തോട്.
എട്ടു വര്‍ഷം മുന്‍പ് താനിറക്കിയ മരുപ്പച്ച എന്ന ഹ്രസ്വചിത്രത്തിന്റെ അനുകരണമാണ് സിനിമയെന്നാണ് ആരോപണം. ചിത്രത്തിലെ മക്ക എന്ന ഗാനവും അനുകരണമാണെന്ന് അബ്ബാസ് കാളത്തോട് ആരോപിക്കുന്നു. ഇതോടെ ആദാമിന്റെ മകന്‍ അബു പുതിയ വിവാദങ്ങളിലേക്ക് ചെന്നുവീഴുകയാമ്.
ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദികളില്‍ മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിയ ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലിം അഹമ്മദാണ്. ചിത്രത്തില്‍ വൃദ്ധന്റെ വേഷം അവതരിപ്പിച്ച നടന്‍ സലീം കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
Wednesday, May 25, 2011
ക്രീസില്‍ കസറാന്‍ ഇനി സ്‌ക്രീനിലെ താരങ്ങള്‍
ബാംഗ്ലൂര്‍: ക്രിസ് ഗെയ്‌ലിന്റെയും പോള്‍ വാല്‍ത്താട്ടിയുടെയും വെടിക്കെട്ട് ബാറ്റിങ് അവസാനിച്ചു. ഇനി സ്‌ക്രീനിലെ താരങ്ങളുടെ പ്രകടനം ആസ്വദിക്കാന്‍ ഒരുങ്ങാം. ക്രിക്കറ്റ് മാമാങ്കം ഐ.പി.എല്ലിനു കൊടിയിറങ്ങുമ്പോള്‍ താരങ്ങള്‍ മണ്ണിലിറങ്ങുന്ന മറ്റൊരു പൂരത്തിന് അരങ്ങൊരുങ്ങി.ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ ഒന്നിച്ചണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സി.സി.എല്‍.) പ്രഥമ സീസണിന് ജൂണ്‍ നാലിനു ബാംഗ്ലൂരില്‍ തുടക്കം. ചെന്നൈ, ഹൈദരാബാദ് എന്നീ വേദികളിലും മത്സരമുണ്ടാകും.
ബോളിവുഡിലെയും തെലുങ്ക്, തമിഴ്, കന്നട സിനിമകളില്‍ നിന്നുമുള്ള താരങ്ങളും തങ്ങളുടെ ടീമുകള്‍ക്കു വേണ്ടി അണിനിരക്കും. ബോളിവുഡിന്റെ സ്വന്തം ടീമായ മുംബൈ ഹീറോസിനെ സല്‍മാന്‍ഖാന്‍ നയിക്കും. തമിഴകത്തെ താരങ്ങള്‍ അണിനിരക്കുന്ന ചെന്നൈ റൈനോസിന്റെ നായകന്‍ സൂര്യയാണ്. തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ് തെലുങ്ക് വാറിയേഴ്‌സിനെ നയിക്കും. സാന്‍ഡല്‍വുഡിന്റെ ടീം കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ നയിക്കുന്നതു സൂദീപാണ്.
ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ജൂണ്‍ നാലിന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ റൈനോസ് തെലുങ്ക് വാറിയേഴ്‌സുമായി ഏറ്റുമുട്ടും. വൈകിട്ട് നടക്കുന്ന രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ മുംബൈ വാറിയേഴ്‌സ് നേരിടും.
നാലു ടീമുകളും പ്രാഥമിക റൗണ്ടില്‍ പരസ്പരം മത്സരിക്കും. പോയന്റ് നിലയില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ ജൂണ്‍ 12ന് ഹൈദരാബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും.ഐ.പി.എല്‍. മാതൃകയില്‍ ട്വന്റി-20 പോരാട്ടമാണ് അരങ്ങേറുന്നത്.നായകതാരങ്ങള്‍ ക്രീസിലും ഫീല്‍ഡിലുമിറങ്ങുമ്പോള്‍ ഗാലറിയില്‍ ആവേശം പകരാന്‍ താരറാണികളുമെത്തും.
സ്വന്തം നാട്ടില്‍ നിന്നുള്ള ടീമുകള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളും മത്സരം കാണാനെത്തുന്നത് ആവേശം ഇരട്ടിയാക്കും.
ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാതാക്കളായ നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസിന്റെ കീഴിലുള്ള എ.കെ.കെ. എന്റര്‍ടെയ്ന്‍മെന്റാണ് കര്‍ണാടക ബുള്‍ഡോസേഴ്‌സിന്റെ ഉടമകള്‍. 17 കോടി രൂപയ്ക്കാണ് ടീമിനെ ഏറ്റെടുത്തിരിക്കുന്നത്.
കന്നട താരസംഘടനയുടെ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ അംബരീഷ്, താരങ്ങളായ പുനീത് രാജ്കുമാര്‍, രമ്യ എന്നിവരാണ് ബുള്‍ഡോസേഴ്‌സ് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. തപ്‌സി, സമാന്ത എന്നിവരാണ് തെലുങ്ക് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. താരങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ താരനിശയേക്കാള്‍ നല്ല മാര്‍ഗം ക്രീസിലിറങ്ങുന്നതാണെന്നാണ് സിനിമാലോകത്തെ പുതിയ സംസാരം. സന്നാഹമത്സരത്തിനു ഗാലറി തിങ്ങി നിറഞ്ഞതിനാല്‍ സി.സി.എല്ലിനു കാഴ്ചക്കാര്‍ കുറയില്ലെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സ്വന്തം ടീമില്ലെന്ന മലയാളികളുടെ വിഷമം മാറാന്‍ അടുത്ത വര്‍ഷംവരെ കാത്തിരിക്കേണ്ടി വരും. മലയാള സിനിമയിലെ താരങ്ങളെ അണിനിരത്തി അടുത്ത സീസണില്‍ പുതിയ സി.സി.എല്‍. ടീം ഉണ്ടാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൊച്ചി കിങ്‌സ് എന്ന പേരില്‍ ടീമിനെ ഇറക്കാന്‍ അവസാനനിമിഷം ശ്രമിച്ചുവെങ്കിലും സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ വൈകിയതു തടസ്സമായി.
Tuesday, May 24, 2011
Three Kings Malayalam Movie Songs
നല്ല സിനിമയുടെ മേല്‍വിലാസം
വ്യത്യസ്തമായ സിനിമാ പരിശ്രമങ്ങള്‍ അപൂര്‍വമായി കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ വേറിട്ടൊരു പരീക്ഷണമായി തിയ്യറ്ററുകളിലെത്തിയ സിനിമയാണ് മാധവ് രാമദാസ് സംവിധാനം ചെയ്ത മേല്‍വിലാസം. സ്വദേശ് ദീപക്കിന്റെ പ്രശസ്ത ഹിന്ദി നാടകമായ കോര്‍ട്ട് മാര്‍ഷലിന്റെ മലയാളരൂപത്തെ സൂര്യകൃഷ്ണമൂര്‍ത്തിയാണ് മേല്‍വിലാസം എന്ന പേരില്‍ നാടകമാക്കിയത്. സൂര്യയുടെ സ്‌റ്റേജ് ഷോകളില്‍ സൂപ്പര്‍ഹിറ്റായി ഓടുകയും ചെയ്തു ഈ നാടകം.
അതിന്റെ സിനിമാഭാഷ്യമാണ് മാധവിന്റെ അതേപേരിലുള്ള ഈ ചിത്രം. അമിത വികാരത്തിന് അടിമപ്പെടുന്നവനല്ല ഒരു പട്ടാളക്കാരന്‍ എന്ന കൃത്രിമ മനോനിലയെയും അതിനെ കീഴ്‌പ്പെടുത്തുന്ന ആസന്നതകളെയും വൈകാരികതയേയും വെളിച്ചത്തുകൊണ്ടുവരുന്ന ഈ ചിത്രം അഭിനേതാക്കള്‍ക്കും ഛായാഗ്രാഹകനുമെല്ലാം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. നാലുചുവരുകളുടെ അടച്ചിട്ട, വായുസഞ്ചാരം പോലും പട്ടാളച്ചിട്ടയില്‍ അധിഷ്ഠിതമായ ഒരു പരിതസ്ഥിതിയില്‍ നടക്കുന്ന കോര്‍ട്ട് മാര്‍ഷല്‍ എന്ന സൈനിക വിചാരണയാണ് മേല്‍വിലാസം എന്ന സിനിമയുടെ ഇതിവൃത്തം.
അതിലൂടെ ഇന്ത്യന്‍ സൈനിക വ്യവസ്ഥയിലെ കീഴാളവിരുദ്ധ നിലപാടിന്റെ തെളിഞ്ഞ ചിത്രണങ്ങളും അതിന്റെ പരിഹാസ്യരൂപവും അടിവരയിട്ട് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു മേല്‍വിലാസം. ജാതിവിവേചനത്തിന്റെ സൈനിക ഭാഷയും സാധാരണക്കാരനായ ഒരു പട്ടാളക്കാരന്റെ നിസ്സഹായ ജീവിതാസ്ഥയും അനിശ്ചിതത്വങ്ങളും ചൂണ്ടിക്കാണിക്കുന്ന ഈ ചിത്രം തിരക്കഥയോടും മൂലനാടകത്തോടും നീതിപുലര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം. മനോഹരമായ ദൃശ്യസന്നിവേശവും ആഖ്യാനവുമാണ് ഈ കൊച്ചുസിനിമയെ അഭിനന്ദനാര്‍ഹമാക്കുന്നത്.
മാധവ് രാമദാസിന്റെ ആദ്യചിത്രം അങ്ങേയറ്റത്തെ കയ്യടക്കം കൊണ്ടും അവതരണശൈലി കൊണ്ടും അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല ചിത്രമായി മാറുന്നു എന്ന് പറയാതെ വയ്യ. ഒരു കോടതി മുറിയില്‍ മാത്രം നിലനില്‍ക്കുന്ന രംഗങ്ങള്‍, ഒന്നേ മുക്കാല്‍ മണിക്കൂര്‍ നേരം അവിടെ മാത്രം കഥ നടക്കുക, എന്നിട്ടും ഒരു മിനിറ്റ് പോലും ബോറടിക്കാതെ പ്രേക്ഷകന്‍ അത് കണ്ടിരിക്കുക എന്നുപറഞ്ഞാല്‍ പിന്നെ ചിത്രത്തിന്റെ മേന്മയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
വെറും പത്ത് ദിവസം കൊണ്ട് ചെറിയ ബജറ്റില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ സെറ്റിട്ട് ചിത്രീകരിച്ച മേല്‍വിലാസം അഭിനേതാക്കളുടെ മികവ് കൊണ്ടും ശ്രദ്ധേയമാണ്. സുരേഷ് ഗോപി, പാര്‍ഥിപന്‍, തലൈവാസല്‍ വിജയ്, കക്കരവി, കൃഷ്ണകുമാര്‍, അശോകന്‍ തുടങ്ങിയ അഭിനേതാക്കള്‍ പ്രകടിപ്പിക്കുന്ന സൂക്ഷ്മതയും മിതത്വവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും കലാസംവിധാനവും അടക്കം എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയിട്ടും പക്ഷേ ചിത്രം കാണാന്‍ ആളുണ്ടായില്ല എന്നതാണ് വിചിത്രം.
നല്ല സിനിമ തരൂ എന്ന് വാശിപിടിക്കുകയും അങ്ങനെ ഒന്ന് സംഭവിച്ചാല്‍ അത് കാണാതിരിക്കുകയും ചെയ്യുന്ന അതേ ഇരട്ടത്താപ്പ് മലയാളി പ്രേക്ഷകര്‍ ഈ ചിത്രത്തോടും കാണിച്ചു. സൂപ്പര്‍താര-മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രത്തോട് പ്രത്യേക മമതയുള്ള തിയ്യറ്ററുകളും മേല്‍വിലാസത്തെ എങ്ങനെയങ്കിലും ഹോള്‍ഡ് ഓവര്‍ ആക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. അങ്ങനെ ടി.ഡി. ദാസന്‍ ആറ് ബി പോലെ മറ്റൊരു മനോഹര ചിത്രം കൂടി അനാഥമായി തിയ്യറ്ററുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു.
അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ടി.വിയില്‍ കണ്ടിട്ട് നാം പറയും ഇത് എത്ര നല്ല ചിത്രമായിരുന്നുവെന്ന്. അങ്ങനെയുള്ള എത്രയോ ഉദാഹരണങ്ങള്‍ നമ്മള്‍ക്ക് മുന്നിലുണ്ട്. റിലീസ് ചെയ്ത് തിയ്യറ്ററില്‍ നിന്ന് പുറത്താക്കപ്പെട്ട മേല്‍വിലാസം ഒരുകൂട്ടം സഹൃദയരുടെ പിന്തുണയോടെ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍.
കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയനാകുന്ന രാമചന്ദ്രന്‍ എന്ന തമിഴ് ജവാന്റെ അവഗണന നിറഞ്ഞ സൈനിക ജീവിതം സൗന്ദര്യാത്മകതയോടെ ചിത്രീകരിച്ച ഈ സിനിമയ്ക്കും നായകന്റെ അതേഗതിയാണ് സിനിമാലോകം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ജൂണ്‍ മാസത്തില്‍ മൂന്നാംതവണ തിയ്യറ്ററുകളിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് മാധവ് രാമദാസും അണിയറ പ്രവര്‍ത്തകരും. ആനന്ദ് ബാലകൃഷ്ണന്റെ ഛായാഗ്രഹണം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന മേല്‍വിലാസം ഇപ്പോള്‍ മൗത്ത് പബ്ലിസിറ്റിയുടെ മാത്രം ബലത്തിലാണ് മുന്നോട്ടുനീങ്ങുന്നതെന്ന് സംവിധായകന്‍ പറയുന്നു.
തിരക്കഥയുടെ കെട്ടുറപ്പും പിരിമുറുക്കം സൃഷ്ടിക്കുന്ന വിചാരണക്കോടതിയിലെ അന്തരീക്ഷത്തെയും അതേ പിരിമുറുക്കത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ സംവിധാന മികവാണ് ഏറ്റവും അംഗീകരിക്കപ്പെടേണ്ടത്.
ചിത്രം തിയ്യറ്റര്‍ വിട്ടെങ്കിലും സംവിധായകന്‍ ശരത്തിന്റെ സഹായിയായി സിനിമാലോകത്തെത്തിയ മാധവ് രാമദാസ് തനിക്ക് വന്നുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണത്തില്‍ സന്തുഷ്ടനാണ്.
ഒരു കോടതി മുറിയ്ക്കുള്ളിലെ പരിമിതമായ സാഹചര്യത്തെ മുന്‍നിര്‍ത്തി അതിഭാവുകത്വമില്ലാത്ത അഭിനയത്തോടെ തന്റെ ജോലി മനോഹരമായി ചെയ്ത അഭിനേതാക്കളും ചിത്രത്തോട് നീതിപുലര്‍ത്തിയിരിക്കുന്നു. കുട്ടിസ്രാങ്കും ടിഡി ദാസനും ആത്മകഥയും കോക്ക്‌ടെയിലും ട്രാഫിക്കും ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കും പ്രാഞ്ചിയേട്ടനും പോലെയുള്ള നല്ല ചിത്രങ്ങളുടെ ശ്രേണി ഇനിയും നീളാന്‍ ഇത്തരം ചിത്രങ്ങളെ പ്രേക്ഷകന്‍ ഇടപെട്ട് രക്ഷിച്ചേ മതിയാകൂ. എങ്കില്‍ മാത്രമേ മലയാളസിനിമയുടെ നല്ല മേല്‍വിലാസത്തിന് നിലനില്‍പ്പുള്ളു.
Wednesday, May 18, 2011
Tuesday, May 17, 2011
കഥപറയുന്ന മാണിക്യക്കല്ല്
പഠിക്കാന്‍ മടികാട്ടുന്ന കുട്ടികളും പഠിപ്പിക്കാന്‍ മെനക്കെടാത്ത അധ്യാപകരും സമംചേരുമ്പോള്‍ അത് വണ്ണാമല ഗവ. ഹൈസ്‌കൂളാകും. ഓരോ ക്ലാസ്സിലും ഒന്നില്‍ക്കൂടുതല്‍ വര്‍ഷം പഠിക്കുന്ന 'ഇരുത്തം വന്ന' വിദ്യാര്‍ഥികളുടെ സ്‌കൂള്‍. സമ്പൂര്‍ണ പരാജയത്തിന്റെ വട്ടപ്പൂജ്യവും തലയില്‍വെച്ചാണ് ഓരോ വര്‍ഷവും അവിടെനിന്ന് കുട്ടികള്‍ പടിയിറങ്ങുന്നത്. പാഠം പഠിക്കാതെയും പഠിപ്പിക്കാതെയും പരാജയങ്ങളില്‍നിന്ന് പരാജയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടുകൊണ്ടേയിരിക്കുമ്പോഴും സ്‌കൂളിലെ അധ്യാപകരും കുട്ടികളും മാത്രം ഒരു പാഠവും പഠിച്ചില്ല. അവിടേക്കാണ് വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍ വരുന്നത്.
അയാള്‍ സ്‌കൂളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പല പരിഷ്‌കാരങ്ങളെയും തുഗ്ലക്ക് മോഡല്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് അധികൃതരും സഹപ്രവര്‍ത്തകരും, എന്തിന് കുട്ടികള്‍ പോലും. പക്ഷേ, പതുക്കെ പതുക്കെ അയാള്‍ എല്ലാവരെയും തന്റെ വഴിയിലേക്കെത്തിക്കുന്നു. വട്ടപ്പൂജ്യത്തിന്റെ നാണക്കേടില്‍നിന്ന് നൂറ് ശതമാനത്തിന്റെ തിളക്കത്തിലേക്ക് വണ്ണാമല സ്‌കൂളിനെ കൈപിടിച്ചുയര്‍ത്താനുള്ള വിനയചന്ദ്രന്‍ മാഷിന്റെ യാത്ര അവിടെ തുടങ്ങുകയാണ്. ആ കഥയാണ് എം.മോഹനന്‍ സംവിധാനം ചെയ്ത 'മാണിക്യക്കല്ല്' പറയുന്നത്.
പൃഥ്വിരാജാണ് വിനയചന്ദ്രന്‍ മാഷായി എത്തുന്നത്. സംവൃത സുനിലാണ് നായിക. ചാന്ദ്‌നി എന്ന കായികാധ്യാപികയുടെ വേഷമാണ് സംവൃതയ്ക്ക്. നെടുമുടി വേണു, സലീംകുമാര്‍, സായികുമാര്‍, ജഗദീഷ്, കോട്ടയം നസീര്‍, അനില്‍ മുരളി, കെ.പി.എ.സി. ലളിത, മാസ്റ്റര്‍ നവനീത് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സംഗീതസംവിധായകന്‍ എം.ജയചന്ദ്രനും ഗാനരചയിതാവ് അനില്‍ പനച്ചൂരാനും അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
നിര്‍മാണം: എ.എസ്. ഗിരീഷ്‌ലാല്‍, ഛായാഗ്രഹണം: പി. സുകുമാര്‍, സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍, കലാസംവിധാനം: സന്തോഷ് രാമന്‍.കൂത്തുപറമ്പ് പാട്യം സ്വദേശിയായ എം.മോഹനന്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായാണ് സിനിമാരംഗത്തേക്ക് വരുന്നത്. 2007-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം കഥപറയുമ്പോളിലൂടെ മോഹനന്‍ സ്വതന്ത്ര സംവിധായകനായി. ആദ്യപടം സൂപ്പര്‍ഹിറ്റാക്കിയ സംവിധായകരെ സംബന്ധിച്ച് രണ്ടാമത്തെ ചിത്രം ഒരു വെല്ലുവിളിയാണ്.
യാദൃച്ഛികമായി സംഭവിച്ചതല്ല ആദ്യജയമെന്ന് തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യും. മോഹനനെ സംബന്ധിച്ച് അത് മാത്രമായിരുന്നില്ല വെല്ലുവിളി. ആദ്യ ചിത്രം വിജയിച്ചത് ശ്രീനിവാസന്‍ എന്ന രചയിതാവിന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ എന്ന ലേബലുള്ളതുകൊണ്ടും ആണെന്ന വാദങ്ങളെക്കൂടി മറികടക്കണമായിരുന്നു.
വിജയവഴിയില്‍ മാണിക്യക്കല്ല് മുന്നേറുമ്പോള്‍ മോഹനന്‍ അത്തരം മിഥ്യാ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് മലയാള സിനിമയില്‍ സ്വന്തമായ ഒരിടം കണ്ടെത്തിക്കഴിഞ്ഞു. കഥപറയുമ്പോള്‍ സൗഹൃദത്തിന്റെ കഥയായിരുന്നെങ്കില്‍ മാണിക്യക്കല്ല് ഗുരുശിഷ്യ ബന്ധത്തിന്റെ കഥയാണ്. കഥപറയുമ്പോളില്‍നിന്ന് മാണിക്യക്കല്ലിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നു എന്ന കഥ പറയുന്നു ഇവിടെ എം.മോഹനന്‍.
വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം സങ്കല്പമല്ല
വട്ടപ്പൂജ്യം തോല്‍വിയില്‍നിന്ന് നൂറ് ശതമാനം വിജയത്തിലേക്ക് വന്‍ കുതിപ്പ് നടത്തുന്ന വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം ഭാവനാസൃഷ്ടിയില്ല. അത് യാഥാര്‍ഥ്യമാണ്. തലശ്ശേരിയില്‍ ഇതുപോലെ ഒരു സ്‌കൂള്‍ ഉണ്ടായിരുന്നു. എല്ലാ കുട്ടികളും തോല്‍ക്കുന്ന, യാതൊരു സൗകര്യവും ഇല്ലാത്ത ഒരു സ്‌കൂള്‍. എന്നാല്‍, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം സ്‌കൂളിനെ വര്‍ഷങ്ങള്‍ക്കുശേഷം നൂറ് ശതമാനം വിജയത്തിലെത്തിച്ചു. ആ കഥയില്‍നിന്നാണ് മാണിക്യക്കല്ല് എന്ന സിനിമ ഉണ്ടാകുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന മധുരച്ചൂരല്‍, ചോക്കുപൊടി എന്നീ പംക്തികളും സിനിമയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
മാണിക്യക്കല്ല് എന്ന പേര്
എപ്പോഴും തിളങ്ങിക്കൊണ്ടേയിരിക്കുന്നതാണ് മാണിക്യക്കല്ല്. അതുപോലെയായിരിക്കണം അധ്യാപകരും. ചുറ്റുമുള്ളവരിലേക്ക് നന്മയുടെ പ്രകാശം ചൊരിഞ്ഞ് അവര്‍ തിളങ്ങിക്കൊണ്ടേയിരിക്കണം. അതില്‍നിന്നാണ് ആ പേര് വന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗൈഡ് ചെയ്യപ്പെടുന്നത് അധ്യാപകരാലാണ്.അതുകൊണ്ടുതന്നെ അവരുടെ ഉത്തരവാദിത്വവും കൂടുതലാണ്.അധ്യാപകര്‍ പ്രകാശം വിതറുന്ന മാണിക്യക്കല്ലുകളായാല്‍ തിളങ്ങുന്നത് ഒരു തലമുറയാണ്. ഈ സന്ദേശമാണ് ചിത്രം നല്‍കുന്നത്.
നാലുവര്‍ഷം എന്ന ഗ്യാപ്പ് ഫീല്‍ ചെയ്തതേയില്ല
ആദ്യ ചിത്രത്തിനുശേഷം നാല് വര്‍ഷത്തെ ഗ്യാപ്പ് ഉണ്ടായല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, എനിക്ക് ആ ഗ്യാപ്പ് ഫീല്‍ ചെയ്തിട്ടേയില്ല. കാരണം ബസ്സിനുവേണ്ടി കാത്തിരിക്കുമ്പോള്‍ അഞ്ച് മിനിറ്റുപോലും നമുക്ക് വലിയ ഗ്യാപ്പായി തോന്നും. എന്നാല്‍, ബസ്സില്‍ കയറിക്കഴിഞ്ഞാലോ? സമയം പോകുന്നതേ അറിയില്ല. അതേപോലെയാണ് ഈ സിനിമയുടെ കാര്യവും. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഇതിന്റെ കൂടെയാണ്. പിന്നെങ്ങനെ ഗ്യാപ്പ് ഫീല്‍ ചെയ്യും?
ഹീറോയിസമില്ലാത്ത നായകന്‍
വലിയ ഹീറോയിസമൊന്നുമില്ലാത്ത നായകനായി പൃഥ്വിരാജിനെ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ, കഥ കേട്ട് ത്രില്ലടിച്ച പൃഥ്വിക്ക് പടം സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു. വിനയചന്ദ്രന്‍ മാഷിന്റെ രൂപത്തിലേക്ക് മാറുന്നതിനായി പൃഥ്വി ജിമ്മില്‍ പോകുന്നതുപോലും കുറച്ചുനാളത്തേക്ക് നിര്‍ത്തിവെച്ചു. സംവൃതയുടെയും വ്യത്യസ്തമായ അപ്പിയറന്‍സാണ്. മിക്ക സിനിമകളിലും സംവൃതയുടേത് വളരെ പതുങ്ങിയ സ്വഭാവത്തോടുകൂടിയ കഥാപാത്രങ്ങളാണ്. എന്നാല്‍, ഇതില്‍ തന്റേടിയായ, വായാടിയായ കഥാപാത്രമായാണ് സംവൃത എത്തുന്നത്.
ജയചന്ദ്രനും പനച്ചൂരാനും
എം. ജയചന്ദ്രനെ അഭിനയിപ്പിക്കുന്ന കാര്യം കഥ എഴുതുമ്പോള്‍ത്തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തോട് ഇക്കാര്യം ഷൂട്ടിങ്ങിന് കുറച്ച് ദിവസം മുമ്പ് മാത്രമാണ് പറഞ്ഞത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും എന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. അനില്‍ പനച്ചൂരാന്‍ വന്നത് വളരെ യാദൃച്ഛികമായാണ്. ഇങ്ങനെയൊരു റോള്‍ ചെയ്താലോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.
ആദ്യ പടം നല്‍കിയ ബലം
ശ്രീനിവാസനെപ്പോലുള്ള ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് തന്നെ ഒരു വലിയ അനുഭവമാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സ്‌ക്രിപ്റ്റ് വര്‍ക്കിന് ഇരിക്കുക കൂടി ചെയ്താലോ? കഥപറയുമ്പോള്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ ആ നേട്ടം ഈ പടത്തിന് ഏറെ ഉപകരിച്ചു.
ലൊക്കേഷന്‍ പാലക്കാടും പൊള്ളാച്ചിയും
സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് പാലക്കാട്ടാണ്. പാട്ടുകള്‍ പൊള്ളാച്ചിയിലും ഊട്ടിയിലുമായി ചിത്രീകരിച്ചു. മറ്റു സിനിമകളില്‍ കണ്ടുപരിചയിച്ച പൊള്ളാച്ചിയല്ല മാണിക്യക്കല്ലില്‍ കാണുന്നത് എന്ന പ്രത്യേകതയുണ്ട്.
എം.ടി.യുടെ വാക്കുകള്‍ തന്ന ഐശ്വര്യം
''അധ്യാപകര്‍ മനുഷ്യത്വത്തിന്റെ പ്രതീകങ്ങളാണ്. ജീവിതമെന്ന മഹാസംഘര്‍ഷത്തിന് നടുവില്‍ ജീവിക്കുമ്പോഴും സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ട്‌യ്ത്തയ്ത്ത എം.ടി. വാസുദേവന്‍ നായരുടെ ഈ വാക്കുകള്‍ എഴുതിക്കാണിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഇത് കിട്ടുന്നതും വളരെ യാദൃച്ഛികമായിട്ടാണ്. അദ്ദേഹം ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. അതിലാണ് ഈ വരികള്‍ കണ്ടത്.
ഇങ്ങനെയൊരു സന്ദേശവാക്യം സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ചേര്‍ക്കണമെന്ന് വിചാരിച്ചിരുന്ന സമയത്താണ് അത് കാണുന്നത്. ഉടന്‍തന്നെ വി.ആര്‍. സുധീഷ് മുഖേന എം.ടി. സാറിന്റെ അനുമതി വാങ്ങുകയായിരുന്നു. ആ വാക്കുകള്‍ തന്ന ഐശ്വര്യവും സിനിമയ്ക്ക് ഗുണമായിട്ടുണ്ടെന്നാണ്
വിശ്വാസം.
അടുത്ത ചിത്രം മനസ്സില്‍ രൂപപ്പെട്ടുവരുന്നു
ഒരു സിനിമ കഴിഞ്ഞ് ഉടനെതന്നെ അടുത്തത് ചെയ്യണമെന്നൊന്നുമില്ല. ഈ പടത്തിന്റെ തിരക്കുകള്‍ ഒന്ന് ഒഴിയട്ടെ. അതിനുശേഷം ഭാര്യ ഷീനയ്ക്കും മകള്‍ ഭവ്യതാരയ്ക്കുമൊപ്പം കുറച്ചുനാള്‍, കുടുംബനാഥന്റെ റോളില്‍. പുതിയ സിനിമ മനസ്സില്‍ രൂപപ്പെട്ടുവരുന്നു. ബാക്കി കാര്യങ്ങളെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.
ജനപ്രിയന്‍ ഈ പ്രിയദര്‍ശന്‍
തനി ഗ്രാമീണനാണ് ഈ ചെറുപ്പക്കാരന്‍. മലയോര ഗ്രാമത്തിലാണ് താമസമെന്നതുകൊണ്ടല്ല ഈ വിശേഷണം. ജീവിതത്തിലും പെരുമാറ്റത്തിലും ചിന്തയിലും ഗ്രാമീണത കാത്തുസൂക്ഷിക്കുന്നു ഈ മിടുക്കനായ യുവാവ്.അതുകൊണ്ടുതന്നെ പ്രിയദര്‍ശന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനപ്രിയനാണ് പ്രിയദര്‍ശന്‍. സ്‌നേഹത്തോടെ പ്രിയന്‍ എന്നു വിളിച്ചു വിളിച്ച് ഇന്ന് പ്രിയദര്‍ശന്‍ എല്ലാവരുടെയും പ്രിയനായി മാറി. എന്തു ജോലിയും ചെയ്യാന്‍ പ്രിയന്‍ ഒരുക്കമാണ്. പുല്ല് പറിക്കുന്നതുതൊട്ട് കണക്കപ്പിള്ളയുടെ ജോലിവരെ പ്രിയന്‍ ചെയ്യും.
ആ ഗ്രാമത്തില്‍ ആരെല്ലാം എന്തൊക്കെ പണിയെടുത്ത് ജീവിക്കുന്നുണ്ടോ ആ പണിയൊക്കെ പ്രിയന്‍ നന്നായി ചെയ്യും. അതിന്പുറമെ സാധനങ്ങള്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാനും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനും പ്രിയന്‍ സമയം കണ്ടെത്തും. നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും പ്രിയനുമായി നല്ലൊരു ആത്മബന്ധമുണ്ട്. നിഷ്‌ക്കളങ്കതയും ഉപാധികളില്ലാത്ത സ്‌നേഹവും കൊണ്ട് സമ്പന്നനാണ് പ്രിയന്‍.
ജോലികിട്ടി ഗ്രാമത്തില്‍ നിന്ന് പ്രിയന്‍ നഗരത്തിലെത്തുന്നു. ഗ്രാമത്തിന്റെ നിഷ്‌ക്കളങ്കതയുമായെത്തിയ പ്രിയനെ നഗരത്തിലെ ജീവിതം ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇതിനിടയിലാണ് വൈശാഖന്‍ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്. വീട്ടുകാര്‍ ഉണ്ടാക്കിയ പണം ധൂര്‍ത്തടിക്കുന്ന വൈശാഖനുമായി പ്രിയന്‍ ചങ്ങാത്തത്തിലാവുന്നു. പരസ്പര വൈരുധ്യമുള്ള രണ്ടുപേര്‍ സ്‌നേഹിതരാവുമ്പോള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'ജനപ്രിയന്‍' എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നവാഗതനായ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ജനപ്രിയന്‍ എന്ന ചിത്രത്തില്‍ പ്രിയദര്‍ശനായി വരുന്നത് ജയസൂര്യയാണ്. വൈശാഖനായി മനോജ് കെ. ജയനും അഭിനയിക്കുന്നു. സ്‌പോട്ട്‌ലൈറ്റ് വിഷന്‍സിന്റെ ബാനറില്‍ മാമ്മന്‍ ജോണ്‍, റീന എം. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മീരയായി ഭാമ നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നഗരത്തില്‍ പ്രിയന്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ അടുത്തുള്ള വീട്ടിലെ പെണ്‍കുട്ടിയാണ് മീര. സുന്ദരിയും വിദ്യാസമ്പന്നയും സമ്പന്നകുടുംബത്തിലെ അംഗവുമാണ് മീര. ബസ് യാത്രയ്ക്കിടയിലാണ് പരസ്പരം കണ്ടുമുട്ടുന്നതും തുടര്‍ന്ന് പ്രണയത്തിലാവുന്നതും. പക്ഷേ, പുറം ലോകമറിയാതെയാണ് ഇരുവരും പ്രണയിക്കുന്നത്.
ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, ദേവന്‍, ജാഫര്‍ ഇടുക്കി, കിഷോര്‍, ഷാജു, ഭീമന്‍ രഘു, പ്രകാശ്, വിനോദ് കെടാമംഗലം, സരയു, രശ്മി ബോബന്‍, ശ്രീലത നമ്പൂതിരി, ഗീത വിജയന്‍, നിഷ, സാരംഗ്, റോസ്‌ലിന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഫോര്‍ ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം കൃഷ്ണ പൂജപ്പുര, കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രദീപ് നായര്‍. വയലാര്‍ ശരച്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് ഗൗതം ആണ്. മെയ് 20ന് കലാസംഘം 'ജനപ്രിയന്‍' തീയറ്ററുകളിലെത്തിക്കുന്നു.
ഇനിയും 50 കൊല്ലം നായകനായി തുടരാം-പൃഥ്വിരാജ്
മലയാള സിനിമയിലെ പ്രവണത വെച്ചുനോക്കിയാല്‍ തനിക്കിനിയും അന്‍പതുവര്‍ഷമെങ്കിലും നായകനായി തുടരാനാകുമെന്ന് പൃഥ്വിരാജ്. വിവാഹം കഴിഞ്ഞതുകൊണ്ട് തന്റെ വിപണിമൂല്യത്തിന് ഇടിവൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ 'മാണിക്യക്കല്ലി'ന്റെ പ്രചാരണാര്‍ത്ഥം നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
17-ാം വയസില്‍ നായകനായി സിനിമയില്‍ എത്തിയതാണ് താന്‍. മലയാള സിനിമയുടെ ഇന്നത്തെ പ്രവണതവെച്ച് ഇനിയും കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും തുടരാനുമാകും. ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്ന പ്രചാരണം ശരിയല്ല. 'ഉറുമി' ഒരു ആക്ഷന്‍ ചിത്രമല്ല. 'വീട്ടിലേക്കുള്ള വഴി' ഉള്‍പ്പെടെയുള്ള സിനിമകള്‍ തിയേറ്ററില്‍ എത്തിയിരുന്നെങ്കില്‍ ഇത്തരം ഇമേജുകള്‍ മാറിയേനെ.
'മാണിക്യക്കല്ലി'ന്റെ ക്ലൈമാക്‌സിന് 'കഥപറയുമ്പോള്‍' സിനിമയുടെ ക്ലൈമാക്‌സുമായി സാമ്യം ഉണ്ടെന്നുള്ള വിമര്‍ശനം യാദൃച്ഛികം മാത്രമാണ്. തന്റെ വിവാഹം ഒരു 'മീഡിയാ ഇവന്‍റാക്കി' മാറ്റാന്‍ താല്‍പര്യമില്ലാത്തതിനാലാണ് മാധ്യമങ്ങളില്‍നിന്ന് അക്കാര്യത്തില്‍ അകലം പാലിച്ചത്. വിവാഹം തികച്ചും സ്വകാര്യമായി നടത്തണമെന്നായിരുന്നു ആഗ്രഹമെന്നും പൃഥ്വിരാജ് പറഞ്ഞു. മാണിക്യക്കല്ലിന്റെ സംവിധായകന്‍ മോഹന്‍, നടി സംവൃതാ സുനില്‍, നിര്‍മാതാവ് ഗിരീഷ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Monday, May 16, 2011
കുഞ്ഞേട്ടനായി ഗിന്നസ്പക്രു
സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി, സായി കുമാര്‍, മണിയന്‍ പിള്ള, സാജു കൊടിയന്‍, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ് ഊര്‍മിള ഉണ്ണി വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
മുല്ലനേഴി വയലാര്‍ ശരത്ചന്ദ്ര വര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ജെയ്‌സണ്‍ ജെ നായരാണ്. കെപി നമ്പ്യാരാണ് ക്യാമറമാന്‍.
പക്രു ഇതിന് മുന്പ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മൈ ബിഗ് ഫാദര്‍, സ്വന്തം ഭാര്യ സിന്ദാബാദ് എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു
സീനിയേഴ്‌സിന്റെ മദ്യപാന പോസ്റ്റര്‍ വിവാദത്തില്‍
കാമ്പസ് ചിത്രമായ സീനിയേഴ്‌സിന്റെ മദ്യപാന പോസ്റ്റര്‍ വിവാദമാകുന്നു. എസ്ബി കോളെജിന്റെ ടവറിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച മദ്യപാന രംഗമാണ് വിവാദമാകുന്നത്.
കോളജിന്റെ പ്രധാന കെട്ടിടത്തിന്റെ മുന്നിലിരുന്ന് ഒരു സംഘം മദ്യപിക്കുന്ന ചിത്രമടങ്ങിയ പോസ്റ്റര്‍ സംസ്ഥാനത്തുടനീളം സിനിമയുടെ പ്രചരണത്തിനായി പതിച്ചിട്ടുണ്ട്. കേരളത്തിലെ മഹത്തരവും പാരമ്പര്യവുമുളള കലാലയമായ എസ്ബി കോളജിന്റെ പേരും ചിത്രവും മദ്യപാനരംഗം ചിത്രീകരിക്കാന്‍ സിനിമാ നിര്‍മാതാക്കള്‍ ഉപയോഗിച്ചതിനെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കോളജിന്റെ പശ്ചാത്തലത്തില്‍ ഈ സിനിമ ചിത്രീകരിക്കാന്‍ ആരും അനുവാദം ചോദിക്കുകയോ ചിത്രീകരണം നടക്കുകയോ ചെയ്തിട്ടില്ലെന്ന് കോളെജ് അധികൃതരും പറയുന്നു. ഈ സാഹചര്യത്തില്‍ കോളജ് കാമ്പസിന്റെ പശ്ചാത്തലം സിനിമയില്‍ ദുര്‍വിനയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
എസ്ബി കോളജിന്റെ പശ്ചാത്തലത്തില്‍ മദ്യപാനരംഗം ചിത്രീകരിച്ച സിനിമയുടെ അണിയറക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു മദ്യവിരുദ്ധ ജനകീയ സമരസമിതി ചങ്ങനാശേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
മദ്യപാനരംഗം കോളജ് കാമ്പസിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചത് അപലപനീയമാണെന്നും സമിതി അഭിപ്രായപ്പെട്ടു. സച്ചി-സേതു കൂട്ടുകെട്ടില്‍ തയ്യാറായ തിരക്കഥയില്‍ യുവസംവിധായകന്‍ വൈശാഖ് ആണ് സീനിയേഴ്‌സ് സംവിധാനം ചെയ്തിരിക്കുന്നത്.
സീനിയേഴ്‌സിന് തകര്‍പ്പന്‍ കളക്ഷന്‍
മെഗാഹിറ്റായ പോക്കിരി രാജയിലൂടെ അരങ്ങേറ്റംമ കുറിച്ച സംവിധായകന്‍ വൈശാഖിന്റെ രണ്ടാം ചിത്രമായ സീനിയേഴ്‌സും ചരിത്രം ആവര്‍ത്തിയ്ക്കുന്നു. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ ഈ കോമഡി-സസ്‌പെന്‍സ് ചിത്രത്തിന് തകര്‍പ്പന്‍ തുടക്കമാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചിരിയ്ക്കുന്നത്.
ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ നായകന്മാരായ സീനിയേഴ്‌സ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളോട് കിടപിടിയ്ക്കുന്ന വരവേല്‍പാണ് ലഭിയ്ക്കുന്നത്. പത്മപ്രിയ, അനന്യ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.
ആദ്യവാരത്തില്‍ മൂന്ന് കോടിയോളം രൂപയാണ് സീനിയേഴ്‌സിന് ഗ്രോസ് കളക്ഷന്‍ വന്നിരിയ്ക്കുന്നത്്. ഇതില്‍ നിര്‍മാതാവിന് മാത്രം 1.44 കോടി ഷെയര്‍ ലഭിയ്ക്കും. മമ്മൂട്ടി-ലാല്‍-പൃഥ്വി സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു ചിത്രത്തിന് ലഭിയ്ക്കുന്നഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണിത്.
പതിവ് ക്യാമ്പസ് മൂവീകളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് സീനിയേഴ്‌സിന്റെ ജീവന്‍. തിരക്കഥയിലെ ചെറിയ പാളിച്ചകള്‍ സംവിധാന മികവിലൂടെ മറികടക്കാന്‍ വൈശാഖിന് കഴിഞ്ഞതും ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവരുടെ ഔട്ട്‌സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സുമാണ് സീനിയേഴ്‌സിന് തുണയാവുന്നത്. 80-100 ശതമാനം കളക്ഷനോടെ കുതിയ്ക്കുന്ന സീനിയേഴ്‌സ് 2011ലെ ഹിറ്റുകളിലൊന്നാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
സീനിയേഴ്സിന് പാരയായില്ല; ത്രീ കിംഗ്സ് 27ന്
സീനിയേഴ്സ് തീയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ജയറാം, മനോജ് കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സീനിയേഴ്സ് മികച്ച എന്റര്‍ടൈനര്‍ എന്ന പേര് നേടിക്കഴിഞ്ഞു. മറ്റ് പ്രധാന പുതിയ സിനിമകളൊന്നും മത്സരിക്കാനില്ലാത്തതും സീനിയേഴ്സിന് ഗുണകരമായി. സീനിയേഴ്സിന് ഇങ്ങനെ ഒറ്റയ്ക്ക് മുന്നേറാന്‍ വഴിയൊരുക്കിയ ത്രീ കിംഗ്സ് മെയ് 27ന് തീയേറ്ററിലെത്തും.
കഴിഞ്ഞ 14ന് ആയിരുന്നു ത്രീ കിംഗ്സും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സീനിയേഴ്സുമായി മത്സരം നടത്തേണ്ടെന്ന് കരുതി റിലീസ് മാറ്റുകയായിരുന്നു. ത്രീ കിംഗ്സിന്റെ നിര്‍മ്മാതാവായ ജീവനും സീനിയേഴ്സ് ഒരുക്കിയ രാജനും തമ്മിലുള്ള സൌഹൃദം തന്നെ ഇതിനുകാരണമായത്. സുഹൃത്തുക്കളില്‍ ഒരാളുടെ സിനിമ മതി റിലീസിന് എന്ന് ജീവന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, സന്ധ്യ, സംവൃത, ആന്‍ അഗസ്റ്റ്യന്‍ എന്നിവരെ പ്രഥാനകഥാപാത്രങ്ങളാക്കി ത്രീ കിംഗ്സ് സംവിധാനം ചെയ്തിരിക്കുന്നത് വി കെ പ്രകാശ് ആണ്.
ഭാസ്കരനുണ്ണി രാജ, ശങ്കരനുണ്ണി രാജ, രാമനുണ്ണി രാജ എന്നീ സഹോദരന്‍മാരുടെ കഥയാണ് ത്രീ കിംഗ്സ് പറയുന്നത്. ഒരേ ദിവസം, ഒരേ ആശുപത്രിയില്‍ ജനിച്ച രാജകുമാരന്മാര്‍ ആണ് ഇവര്‍. എന്നാല്‍ ഇവരുടെ ജനനത്തോടെ രാജപ്രതാപമൊക്കെ നശിച്ചു. ഇപ്പോള്‍ കൊട്ടാരവും കുറച്ചു വസ്തുവകകളും മാത്രം. മൂന്നു പേരും രാജാപാര്‍ട്ടിലാണു നില്‍പ്പൊക്കെ. പരസ്പരം പാരവയ്ക്കുകയാണ് ഇവരുടെ പ്രധാന ഹോബി.
അന്യാധീനപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍. സ്പോര്‍ട്സ് രംഗത്തു തിളങ്ങി കാശുണ്ടാക്കാനാണു ഭാസ്കരനുണ്ണിരാജയുടെ ശ്രമം. എങ്ങനെയും സിനിമയില്‍ സൂപ്പര്‍താരമായി കോടികള്‍ സമ്പാദിക്കാനാണു ശങ്കരനുണ്ണി രാജയുടെ നീക്കം. കാശുണ്ടാക്കാന്‍ കുറച്ചു കൂടി എളുപ്പം റിയാലിറ്റി ഷോയില്‍ വിജയിക്കലാണ് എന്നു കരുതി ആ വഴിക്കു നീങ്ങുകയാണ് രാമനുണ്ണിരാജ. പക്ഷെ പരസ്പരപാരകള്‍ കാരണം ഒന്നും നടക്കുന്നില്ല. ഇതിനിടയില്‍ ഇവരുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങളും ഉണ്ടാകുന്നു. ഇതാണ് ത്രീ കിംഗ്സിന്റെ പ്രമേയം.
നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള ത്രീ കിംഗ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈ വി രാജേഷ് ആണ്. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുഞ്ചന്‍, അശോകന്‍, ശ്രീജിത്ത് രവി, ലിഷോയ്, വി.പി. രാമചന്ദ്രന്‍, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്നു.
സുരാജ് വെഞ്ഞാറമൂടിന് കൂളിംഗ് ഗ്ലാസ്
സുരാജ് വെഞ്ഞാറമൂട് വീണ്ടും നായകനാകുന്നു. ബെഞ്ചമിന്‍ സതീഷ് സംവിധാനം ചെയ്യുന്ന കൂളിംഗ് ഗ്ലാസ് എന്ന ചിത്രത്തിലൂടെയാണ് സുരാജ് വീണ്ടും നായകവേഷം അണിയുന്നത്.
പുതുമുഖതാരം പ്രിയങ്കയാണ് നായിക. മുകേഷ്, ജഗതി, സലിംകുമാര്‍, സുധീഷ്, അനൂപ് മേനോന്‍, ഭീമന്‍ രഘു, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
എ ആര്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ മുരളി കൃഷ്‌ണയുടേതാണ് കഥ. വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് എം ജി ശ്രീകുമാര്‍ ഈണം നല്‍കുന്നു.
ഡ്യൂപ്ലിക്കേറ്റ്, ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്നിവയാണ് സുരാജ് ഇതിനു മുമ്പ് നായകനായ ചിത്രങ്ങള്‍.
Sunday, May 15, 2011
പൃഥ്വിരാജോ? അതൊന്നും എനിക്ക് പ്രശ്നമല്ല: സംവൃത
പൃഥ്വിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന ഗോസിപ്പുകളെ കാര്യമാക്കുന്നില്ലെന്ന് നടി സംവൃതാ സുനില്‍. അത്തരം ഗോസിപ്പുകള്‍ക്കൊന്നും വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും സംവൃത പറഞ്ഞു. ഒരു വനിതാ പ്രസിദ്ധീകരണത്തിനനുവദിച്ച അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം പറയുന്നത്.
“ഗോസിപ്പു വാര്‍ത്തകളൊക്കെ ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ? ഇതൊക്കെ ഈ ജോലിയുടെ ഭാഗമാണ്. അതുകൊണ്ട് അത്ര പ്രാധാന്യമേ ഞാന്‍ നല്‍കുന്നുള്ളൂ. ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയും. അത്രതന്നെ” - സംവൃത വ്യക്തമാക്കുന്നു.
‘രസികന്‍’ എന്ന ചിത്രത്തിലെ നായികയായി സിനിമാലോകത്തേക്കെത്തുമ്പോള്‍ ഒരു ‘പാവം കുട്ടി’യായിരുന്നു സംവൃത. ഇപ്പോഴും പാവം കുട്ടി തന്നെ. എങ്കിലും ചോദ്യങ്ങള്‍ക്കൊക്കെ വളരെ ആലോചിച്ചുറപ്പിച്ച മറുപടി. തീരുമാനങ്ങളില്‍ കൃത്യത.
“വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഞാന്‍ സ്വപ്നം കണ്ടിട്ടില്ല. ശരിയായ ആളെക്കാണുമ്പോള്‍ ഇതാണെന്‍റെ ആള്‍ എന്ന് മനസു പറയും എന്നാണ് വിശ്വാസം. ഈ നാട്ടുകാരന്‍ വേണം, ഈ ജോലിക്കാരന്‍ വേണം ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. പരസ്പരം മനസിലാക്കുക എന്നതിലാണ് കാര്യം. എനിക്ക് പ്രണയവിവാഹത്തോട് താല്‍പ്പര്യക്കുറവൊന്നുമില്ല. എങ്കിലും ഒരാളെ പ്രണയിച്ചു മനസിലാക്കി വിവാഹം കഴിക്കാന്‍ കുറച്ചു സമയം വേണ്ടേ?എന്‍റെ സ്വഭാവം അനുസരിച്ച് അറേഞ്ച്ഡ് മാര്യേജ് ആകാനാണ് സാധ്യത” - സംവൃത പറയുന്നു.
വിവാഹത്തിനു ശേഷം സിനിമയോട് ഗുഡ്ബൈ പറയില്ലെന്നും സിനിമയ്ക്ക് തന്നെ ആവശ്യമുള്ളിടത്തോളം താന്‍ സിനിമയിലുണ്ടാകുമെന്നും സംവൃത ഉറപ്പുനല്‍കുന്നു.
‘കസിന്‍സ്’ മുടങ്ങിയതിന് കാരണം ലാലോ പൃഥ്വിയോ അല്ല
തന്‍റെ പ്രസ്റ്റീജ് ചിത്രമായ ‘കസിന്‍സ്’ ചിത്രീകരണം ആരംഭിക്കാന്‍ കഴിയാതെ പോയത് മോഹന്‍ലാലിന്‍റെയോ പൃഥ്വിരാജിന്‍റെയോ കുറ്റം കൊണ്ടല്ലെന്ന് സംവിധായകന്‍ ലാല്‍ ജോസ്. കസിന്‍സ് താന്‍ വേണ്ടെന്നുവച്ചിട്ടില്ലെന്നും ദിലീപ് ചിത്രം കഴിഞ്ഞാല്‍ കസിന്‍സ് തുടങ്ങാനാണ് പദ്ധതിയെന്നും ലാല്‍ ജോസ് അറിയിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ‘കസിന്‍സ്’ തുടങ്ങേണ്ടിയിരുന്നത്. മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയുമൊക്കെ ഡേറ്റ്സ് ശരിയായി വന്നതാണ്. എന്നാല്‍ നിര്‍മ്മാതാവിന് ഇവരുടെ ഡേറ്റ്സ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഇതാണ് സത്യം. അല്ലാതെ മോഹന്‍ലാലിന്‍റെയോ പൃഥ്വിയുടെയോ കുറ്റം കൊണ്ടല്ല കസിന്‍സ് മുടങ്ങിയത്. കസിന്‍സ് ഞാന്‍ വേണ്ടെന്നുവച്ചിട്ടില്ല - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ലാല്‍ ജോസ് വെളിപ്പെടുത്തി.
“കസിന്‍സ് എന്ന പ്രൊജക്ട് തീര്‍ച്ചയായും നടക്കും. അതിന്‍റെ വിതരണാവകാശം സെവന്‍ ആര്‍ട്സ് ഏറ്റെടുത്തുകഴിഞ്ഞു. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരുടെ ഡേറ്റുകള്‍ സെവന്‍ ആര്‍ട്സുമായി സംസാരിച്ച് തീര്‍ച്ചപ്പെടുത്തും. ഈ വര്‍ഷമോ അടുത്തവര്‍ഷം ആദ്യമോ കസിന്‍സിന്‍റെ ചിത്രീകരണം ആരംഭിക്കും.” - ലാല്‍ ജോസ് പറയുന്നു.
ലാല്‍ജോസ് അറബിക്കഥ ചെയ്യുന്ന കാലം മുതല്‍ ആലോചിച്ചുതുടങ്ങിയ പ്രൊജക്ടാണ് കസിന്‍സ്. ഇക്ബാല്‍ കുറ്റിപ്പുറത്തെ തിരക്കഥ ചെയ്യാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അറബിക്കഥ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കസിന്‍സ് ചെയ്യാന്‍ ലാല്‍ ജോസിന് കഴിഞ്ഞില്ല. അറബിക്കഥ കഴിഞ്ഞ് മുല്ല, നീലത്താമര, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ സിനിമകള്‍ ലാല്‍ ജോസ് ചെയ്തു. അപ്പോഴും കസിന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്തായാലും സെവന്‍ ആര്‍ട്സ് ഈ പ്രൊജക്ട് ഏറ്റെടുത്തതോടെ ലാല്‍ ജോസിന് ആശ്വാസമായിരിക്കുകയാണ്. തൃശൂര്‍, പൊള്ളാച്ചി, ശിവകാശി എന്നിവിടങ്ങളിലായാണ് കസിന്‍സ് ചിത്രീകരിക്കുകയെന്ന് സൂചനയുണ്ട്.
ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ലാല്‍ ജോസ് ഇപ്പോള്‍ ഒരുങ്ങുന്നത്. ബെന്നി പി നായരമ്പലമാണ് തിരക്കഥയെഴുതുന്നത്. വിദേശത്തുവച്ച് ചിത്രീകരിക്കുന്ന ഈ സിനിമയില്‍ വിദേശ നായികയായിരിക്കും. ദിലീപ് - ബെന്നി - ലാല്‍ ജോസ് ടീമിന്‍റെ ‘ചാന്തുപൊട്ട്’ മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ലാല്‍ ജോസിന്‍റെ പ്രതീക്ഷ.
തിലകന്‍ തിരിച്ചെത്തുന്നു; ഒപ്പം രഞ്ജിത്തും പൃഥ്വിരാജും
വളരെക്കാലമായി സമാന്തരസിനിമയിലും ലോ ബജറ്റ് സിനിമകളിലും മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന തിലകന്‍ ഇതാ വീണ്ടും മെയിന്‍ സ്ട്രീം സിനിമയില്‍ തിരിച്ചെത്തുന്നു. തിലകന് ഏര്‍പ്പെടുത്തിയിരുന്ന അപ്രഖ്യാപിത വിലക്ക് സിനിമാ സംഘടനകള്‍ നീക്കിയതിനെ തുടര്‍ന്നാണിത്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റിന് ശേഷം പ്രമുഖ സംവിധായകന്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പീ എന്ന സിനിമയിലൂടെയാണ് തിലകന്‍ മുഖ്യധാരാ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജാണ് സിനിമയിലെ നായകന്‍. ഈ സിനിമ കൂടാതെ മോഹന്‍ലാല്‍ നായകനാവുന്ന മറ്റൊരു സിനിമയിലും തിലകന്‍ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കും എന്നറിയുന്നു.
മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കിയിട്ടാണ് ഇന്ത്യന്‍ റുപ്പീ ഒരുക്കുന്നത്. ഒറ്റദിവസം കൊണ്ട് കോടീശ്വരന്‍മാരാകാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ യുവത്വത്തെക്കുറിച്ചാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്.
ആദ്യചിത്രമായ ഉറുമിയിലൂടെ തന്നെ മലയാളത്തിലെ പ്രമുഖ സിനിമാ ബാനറായി മാറിക്കഴിഞ്ഞ ഓഗസ്‌റ്റ് സിനിമയും രഞ്‌ജിത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോള്‍ തിയറ്ററും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക. പൃഥ്വിരാജ്, സന്തോഷ്‌ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ഓഗസ്‌റ്റ് സിനിമയുടെ സാരഥികള്‍.
ജയപ്രകാശ് അല്ലെങ്കില്‍ ജെ.പി എന്ന് വിളീക്കപ്പെടുന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനായി പൃഥ്വിരാജ് ഇതില്‍ വേഷമിടും. മാധവമേനോന്‍ എന്ന കഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിക്കുക. നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ്, കല്‍പ്പന, ബാബുരാജ് എന്നിവരും ഇന്ത്യന്‍ റുപ്പീയില്‍ അഭിനയിക്കും. റീമാ കല്ലിങ്കല്‍ ആണ് നായിക. ടിനിടോമിനും ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ചിത്രത്തില്‍. എസ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും. ഷഹബാസ് അമനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റര്‍ - വിജയശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സണ്‍ പൊടുത്താസ്.
Wednesday, May 11, 2011
Seniors Mp3 Songs
Cast: Jayaram, Kunchakko Boban, Manoj K Jayan, Biju Menon, Ananya
Music : Jassy Gift, Alphonse and Alex paul
Seniors Seniors
Tuesday, May 10, 2011
അടുത്ത ‘പോക്കിരിരാജ’ മോഹന്‍ലാല്‍
വമ്പന്‍ കൊമേഴ്സ്യല്‍ വിജയങ്ങളാണ് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഇപ്പോള്‍ ലക്‍ഷ്യമിടുന്നത്. ചെറിയ ബജറ്റിലുള്ള ചിത്രങ്ങളിലോ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചെറിയ കഥകളിലോ ലാലിന് ഇപ്പോള്‍ താല്‍പ്പര്യമില്ല. വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമായി നീങ്ങാനും ആ രീതിയിലുള്ള നല്ല തിരക്കഥകള്‍ തെരഞ്ഞെടുക്കാനുമാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. കാസനോവ, കാണ്ഡഹാര്‍, തലൈവന്‍ ഇരുക്കിറാന്‍ തുടങ്ങിയവ അത്തരം ശ്രമങ്ങളുടെ ഭാഗമാണ്.
പുതിയ വാര്‍ത്ത, ഒരു അടിപൊളി സിനിമ ഒരുക്കാനുള്ള ചര്‍ച്ചകള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു എന്നാണ്. പോക്കിരിരാജയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും ബിഗ്സ്റ്റാര്‍ പൃഥ്വിരാജിനും സൂപ്പര്‍ഹിറ്റ് സമ്മാനിച്ച വൈശാഖും, തിരക്കഥാകൃത്തുക്കളായ സിബി കെ തോമസും ഉദയ്കൃഷ്ണയുമാണ് കൂടിയാലോചനകള്‍ നടത്തുന്നത്. ‘സീനിയേഴ്സ്’ എന്ന ചിത്രത്തിനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍.
പോക്കിരിരാജയെ മറികടക്കുന്ന ഒരു കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നറാണ് മോഹന്‍ലാല്‍ ലക്‍ഷ്യമിടുന്നത്. മോഹന്‍ലാലിനെ സോളോ ഹീറോയാക്കി സിബി - ഉദയന്‍ ടീം എഴുതുന്ന ആദ്യ തിരക്കഥയുമായിരിക്കും ഇത്. കിലുക്കം കിലുകിലുക്കം, ട്വന്‍റി20, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ സിബി - ഉദയന്‍ തിരക്കഥകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചെങ്കിലും അവയില്‍ മറ്റ് താരങ്ങളും നായകന്‍മാരായുണ്ടായിരുന്നു.
കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കുന്ന ഒരു എന്‍റര്‍ടെയ്നറായിരിക്കണം തന്‍റെ ആദ്യ ലാല്‍ചിത്രമെന്ന് വൈശാഖിന് നിര്‍ബന്ധമുണ്ട്. മുളകുപ്പാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് വൈശാഖ് - മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നത്.
സീനിയേഴ്സ് - ഒരു അടിപൊളി കാമ്പസ് സിനിമ
1. സീനിയേഴ്സ് കണ്ടു. 2. രസമുള്ള സിനിമ. 3. ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. 4. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇംപ്രസീവ് ആക്കുന്നത്. 5. നായകന്‍മാരായ ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ മനോഹരമായി അഭിനയിച്ചു. 6. പോക്കിരിരാജയെ അപേക്ഷിച്ച് വൈശാഖ് ഏറെ മുന്നേറിയിരിക്കുന്നു.
ഇനി ഓരോന്നായി പറയാം:
1. സീനിയേഴ്സ് കണ്ടു
ഞാന്‍ വളരെ അകലെ നിന്ന് തിയേറ്ററിനെ നോക്കി. സീനിയേഴ്സ് റിലീസാകുന്ന ദിവസം. വലിയ തിരക്കൊന്നുമില്ല. ടിക്കറ്റ് കൌണ്ടറിനു മുന്നില്‍ അധികം പേരൊന്നുമില്ല. കഴിഞ്ഞ ദിവസം ‘മാണിക്യക്കല്ല്’ കാണാന്‍ പോയപ്പോള്‍ വിരലാല്‍ എണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് അതിലൊക്കെ എത്രയോ മെച്ചമാണ്.
തിയേറ്റര്‍ പരിസരത്ത് സിനിമാ രംഗത്തെ പരിചിത മുഖങ്ങളെയൊന്നും കണ്ടില്ല. എല്ലാ സിനിമയും ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണുന്ന ചില സംവിധായകരുണ്ട്. അവരെയും കാണാനില്ല. തിയേറ്ററിനുള്ളില്‍ കടന്നു. എനിക്കു തോന്നുന്നത് ‘ഡബിള്‍സ്’ ഇംപാക്ട് ആണ് ഈ ചിത്രത്തിന് തിരക്കു കുറയാന്‍ കാരണം എന്നാണ്. സച്ചി - സേതു എഴുതുന്ന സിനിമ, ഡബിള്‍സിന് ശേഷമെത്തുന്ന അവരുടെ സിനിമ എന്നതൊക്കെ പ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുണ്ടാകണം.
പക്ഷേ സിനിമ തുടങ്ങിയപ്പോഴേക്കും തിയേറ്റര്‍ ഏകദേശം നിറഞ്ഞു. ‘മമ്മൂട്ടിക്ക് നന്ദി’ എന്ന് എഴുതിക്കാണിച്ചപ്പോള്‍ ഒരു ആരവം. കുറച്ചുപേരുടെ ‘ജെയ്’ വിളികളും പിന്നെ ചിലയിടങ്ങളില്‍ നിന്ന് കൂവലും. സിനിമ തുടക്കം തന്നെ ഞെട്ടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കോളജില്‍ ഒരു കൊലപാതകം. അതും നമ്മുടെ മീരാ നന്ദനെ. ഫ്ലാഷ്ബാക്കാണ് കേട്ടോ. ജയറാമിന്‍റെ വോയിസ്‌ഓവറിലാണ് കഥ പറയുന്നത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്മനാഭന്‍(ജയറാം) ജയിലില്‍ പോകുന്നു.
11 വര്‍ഷത്തിന് ശേഷം പത്മനാഭന്‍റെ തീരുമാനമനുസരിച്ച് അയാളും കൂട്ടുകാരായ ഇടിക്കുള(ബിജുമേനോന്‍), റെക്സ്(കുഞ്ചാക്കോ ബോബന്‍), മുന്ന(മനോജ് കെ ജയന്‍) എന്നിവരും ക്യാംപസില്‍ പഠിക്കാനായി തിരിച്ചെത്തുകയാണ്. ഇനിയല്ലേ കളി...
2. രസമുള്ള സിനിമ
രസകരമായ ഒരു സിനിമയാണ് സീനിയേഴ്സ്. നാല്‍വര്‍ സംഘം എന്തിനാണ് കോളജില്‍ മടങ്ങിയെത്തിയത് എന്നതാണ് സിനിമയുടെ സസ്പെന്‍സ്. അവര്‍ക്ക് ചില ഉദ്ദേശ്യങ്ങളൊക്കെയുണ്ട്. കോളജില്‍ ചെല്ലുന്നപാടെ അതൊക്കെ അങ്ങു വെളിപ്പെടുത്താന്‍ പറ്റുമോ? അവിടെ ചില കളികള്‍, തമാശകള്‍, ഏറ്റുമുട്ടലുകള്‍. എന്തായാലും സീനിയേഴ്സ് തകര്‍ത്തുവാരി എന്നു പറഞ്ഞാല്‍ മതിയല്ലോ. ആദ്യ പകുതി ഒരു നിമിഷം പോലും ബോറടിക്കില്ല. 100% ഗ്യാരണ്ടി.
3. ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്ല
ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവയാണല്ലോ അടുത്ത കാലത്ത് ആഘോഷപൂര്‍വം എത്തിയ സിനിമകള്‍. സീനിയേഴ്സ് അവയെയൊക്കെ കടത്തിവെട്ടി. ചിരിപ്പിക്കുകയും രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണിത്. ഒരു രസമുണ്ട്. നമ്മുടെ അനന്യയുടെ ഒരു പ്രകടനം. ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയെ അനുകരിക്കുന്നുണ്ട് കക്ഷി. തിയേറ്ററില്‍ അതിന് സമ്മിശ്ര പ്രതികരണമാണെങ്കിലും ആ നിലപാട് എനിക്കിഷ്ടപ്പെട്ടു. വൈശാഖ് തന്‍റെ ആദ്യ സിനിമയെ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്.
4. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇംപ്രസീവ് ആക്കുന്നത്
സച്ചി - സേതു കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് സീനിയേഴ്സില്‍. ഒരു നല്ല എന്‍റര്‍ടെയ്നര്‍ എങ്ങനെയെഴുതാമെന്ന് ഈ സിനിമയിലൂടെ അവര്‍ കാണിച്ചു തന്നു. ഡബിള്‍സിന് എന്താണാവോ പറ്റിയത്? നമ്മുടെ ലാല്‍(സിദ്ദിഖ് - ലാല്‍) സംവിധാനം ചെയ്ത ടു ഹരിഹര്‍ നഗര്‍ എന്ന സിനിമയില്ലേ. അതിന്‍റെ രചനാരീതിയാണ് സീനിയേഴ്സില്‍ സച്ചി - സേതു പിന്തുടര്‍ന്നിരിക്കുന്നത്. ചില ഡയലോഗുകളൊക്കെ ഗംഭീരമായി. ജയറാം ഒരിടത്ത് മിമിക്രി നമ്പര്‍ കാണിക്കുന്നുണ്ട്. പഴശ്ശിരാജയെയാണ് തോണ്ടിയിരിക്കുന്നത്. “പഴശ്ശിയുടെ സമരമുറകള്‍ കാമ്പസ് ഇനി കാണാന്‍ പോകുന്നതേയുള്ളൂ” - എന്താ ഒരു കൈയടി തിയേറ്ററില്‍!
5. നായകന്‍മാരായ ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ മനോഹരമായി അഭിനയിച്ചു
എങ്കിലും അടിച്ചുപൊളിച്ചത് ബിജു മേനോന്‍ തന്നെ. മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ബിജുവിന്‍റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തില്‍. ഫിലിപ്പ് ഇടിക്കുള എന്ന കഥാപാത്രം ബിജു അല്ലാതെ വേറെ ആരു ചെയ്താലും ഇത്ര നന്നാവില്ല. നല്ല മദ്യപാനിയാണ് കക്ഷി. ഇഷ്ടം പോലെ പണം. “ലിവര്‍ നല്ല കുങ്കുമപ്പൂ പോലെ ഇരുന്നപ്പോ...” എന്നൊക്കെയുള്ള തട്ടിവിടലുകള്‍ സൂപ്പര്‍. പിന്നെ ചില മാനറിസങ്ങള്‍. ‘കര്‍ത്താവേ...മിന്നിച്ചേക്കണേ...” പോലുള്ള നമ്പരുകള്‍. ബിജു ശരിക്കും കസറി.
മനോജ് കെ ജയനും മികച്ച കഥാപാത്രമാണ് - റഷീദ് മുന്ന. ഒരു പ്രണയരോഗി. നന്നായി, ഒരു വ്യത്യസ്തത അനുഭവപ്പെട്ടു. കുഞ്ചാക്കോ ബോബനും പെര്‍ഫോം ചെയ്യാന്‍ ഇടമുണ്ട്. അല്‍പ്പം മങ്ങിയത് ജയറാമാണ്. എങ്കിലും നല്ല ഊര്‍ജ്ജമുള്ള പ്രകടനം തന്നെയാണ് ജയറാമും നടത്തിയത്.
6. പോക്കിരിരാജയേക്കാള്‍ വൈശാഖ് ഏറെ മുന്നേറിയിരിക്കുന്നു
വൈശാഖ് ഒരു നല്ല സംവിധായകനാണെന്ന് പോക്കിരിരാജയിലേ തെളിയിച്ചതാണ്. നല്ല സ്ക്രിപ്റ്റ് കിട്ടിയാല്‍ വൈശാഖ് ഗംഭീരമാക്കും. ടെക്നിക്കലി ബ്രില്യന്‍റ്. പ്രേക്ഷകരെ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ അനുവദിക്കാതെ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ വൈശാഖിന് കഴിഞ്ഞു. ക്ലൈമാക്സിലെ സസ്പെന്‍സില്‍ വലിയ ത്രില്ലൊന്നും ഒളിപ്പിച്ചു വയ്ക്കാന്‍ സാധിച്ചില്ലെങ്കിലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ ഹാപ്പിയാണ്. വളരെ ഫാസ്റ്റായി കഥ പറഞ്ഞു പോകാന്‍ വൈശാഖിനു കഴിഞ്ഞു. ഈ ചെറുപ്പക്കാരന് നല്ല തിരക്കഥയില്‍ മനോഹരങ്ങളായ എന്‍റര്‍ടെയ്‌നറുകള്‍ തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പ്.
അന്തിമവാചകം: കാണുക. ആസ്വദിക്കുക. ഒരു അടിപൊളി കാമ്പസ് സിനിമ.
Sunday, May 8, 2011
മമ്മൂട്ടിയും ‘കാസനോവ’യാകുന്നു, ചിത്രം - കള്ളക്കാമുകന്‍
ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ കാസനോവ വേഷം. ‘കള്ളക്കാമുകന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ഈ സിനിമ ഈ വര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. 2012 വിഷു റിലീസാണ് കള്ളക്കാമുകന്‍. ഉദയ്കൃഷ്ണ - സിബി കെ തോമസ് തിരക്കഥ രചിക്കുന്നതായാണ് വിവരം.
മമ്മൂട്ടി ഇതാദ്യമായല്ല റോമിയോ വേഷത്തില്‍ അഭിനയിക്കുന്നത്. ലോഹിതദാസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ‘കുട്ടേട്ടന്‍’ എന്ന ചിത്രത്തില്‍ പ്രണയപ്പനി ബാധിച്ച വിഷ്ണു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കുട്ടേട്ടന്‍റെ ഒരു എക്സ്റ്റന്‍ഷനായിരിക്കും കള്ളക്കാമുകന്‍ എന്നാണ് സൂചന.
തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം എന്നിവയാണ് ജോണി ആന്‍റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രങ്ങള്‍. തുറുപ്പുഗുലാന്‍ വന്‍ ഹിറ്റായപ്പോള്‍ പട്ടണത്തില്‍ ഭൂതം ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. എന്തായാലും കള്ളക്കാമുകനില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജോണി ആന്‍റണി മമ്മൂട്ടിക്ക് നല്‍കിയിരിക്കുന്നത്. ഈ സിനിമയ്ക്ക് മുമ്പ് പൃഥ്വിരാജിനെ നായകനാക്കി ‘മാസ്റ്റേഴ്സ്’ എന്ന ചിത്രം സംവിധാനം ചെയ്യാനും ജോണി ആന്‍റണിക്ക് പദ്ധതിയുണ്ട്.
Wednesday, May 4, 2011
ജയസൂര്യ വാദ്ധ്യരാവുന്നു
‘രണ്ടാമൂഴം’ ചലച്ചിത്രമാവുന്നു
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നീ ചിത്രങ്ങളെല്ലാം തന്നെ സാമ്പത്തികപരമായും കലാപരമായും ഉന്നത നിലവാരം പുലര്‍ത്തിയ ചിത്രങ്ങളാണ് .
ദി കിംഗ് 2
പ്രതീക്ഷകളുടെ മാണിക്യക്കല്ല്
കഥ പറയുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാണിക്യക്കല്ല്. ഗുരുശിഷ്യ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം കണ്ടുമടുത്ത മലയാള ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൃഥ്വിരാജ്, സംവൃതാ സുനില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്..
വണ്ണമല എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌ക്കൂളിലേക്ക് സ്ഥലംമാറിവരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഈ സ്‌ക്കൂളിലെ കായിക അധ്യാപികയുടെ റോളില്‍ സംവൃത സുനിലുമുണ്ട്.
ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് വണ്ണമലയിലെ സ്‌ക്കൂള്‍. ഒരുകാലത്ത് അടുത്തുള്ള പഞ്ചായത്തുകളില്‍ നിന്നുപോലും കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുമായിരുന്നു. ഏകദേശം മൂവായിരത്തോലം കുട്ടികള്‍ പഠിച്ചിരുന്ന സ്‌ക്കൂള്‍. ഇന്ന് ഇത് വണ്ണാമല ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌ക്കൂളാണ്. ഓരോ ക്ലാസിലും വിരലിലെണ്ണാവുന്ന കുട്ടികള്‍. വൃത്തിയും അച്ചടക്കവുമില്ലാത്ത വിദ്യാലയം. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്‌ക്കൂള്‍ കെട്ടിടം. അവിടെ പഠിപ്പിക്കാന്‍ അധ്യാപകരില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇങ്ങനെയൊരു സ്‌ക്കൂള്‍ ഉണ്ടെന്ന വിചാരം പോലും ബന്ധപ്പെട്ട അധികൃതര്‍ക്കില്ല. അവിടെയുള്ള അധ്യാപകര്‍ക്ക് മറ്റ് ബിസിനസുകളിലാണ് താല്‍പര്യം.
ഈ സ്‌ക്കൂളിലേക്കാണ് വിനയചന്ദ്രന്‍ മാസ്റ്റര്‍ എത്തുന്നത്. ലക്ഷ്യബോധവും ഉത്തരവാദിത്വവുമുള്ള ചെറുപ്പക്കാരനാണിയാള്‍. വെറും തൊഴില്‍ എന്ന നിലയിലല്ല മറിച്ച് ഒരു അധ്യാപകനാകാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാണ് വിനയചന്ദ്രന്‍ ഈ ജോലി നേടിയത്.
പൃഥ്വിരാജ് സ്‌ക്കൂളിലേക്ക് എത്തിയത് എല്ലാവരേയും ഞെട്ടിച്ചു. പുതിയൊരാള്‍ എത്തുന്നു എന്ന് കേട്ടെങ്കിലും അതൊരു തമാശയായിട്ടാണ് കരുതിയത്. കഴിഞ്ഞ എട്ടുവര്‍ഷമായി ഇതുവരെ ആരും പുതുതായി ഈ സ്‌ക്കൂളില്‍ നിയമിക്കപ്പെട്ടിട്ടില്ല. പിരിഞ്ഞു പോയവര്‍ക്കും സ്ഥലം മാറിപ്പോയവര്‍ക്കും പകരക്കാരായി ഇതുവരെ ആരുമെത്തിയിട്ടില്ല. ആകെയെത്തിയത് കായികാധ്യാപിക ചാന്ദിനിയാണ്. ചാന്ദിനിയുടെ പ്രധാന തൊഴില്‍ കോഴിവളര്‍ത്തലും മറ്റുമാണ്. കരുണാകരക്കുറുപ്പും മോശമല്ല. വളം മൊത്തക്കച്ചവടക്കാരനാണ് ഈ ഹെഡ്മാസ്റ്റര്‍ .
ഈ സ്‌ക്കൂളിലെത്തുന്ന വിനയചന്ദ്രന്‍ സ്‌ക്കൂളിലും ആ നാട്ടിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തില്‍ എം.മോഹനന്‍ ദൃശ്യവത്കരിക്കുന്നത്. നന്മയും സ്‌നേഹവുമുള്ള അധ്യാപകന്‍ സമൂഹത്തിലും കുട്ടികളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് മാണിക്യക്കല്ല്.
ഗൗരീ മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്. ഗിരീഷ്‌ലാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു.
ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടിവേണു, മണിയന്‍പിള്ള രാജു, ദേവന്‍, പി. ശ്രീകുമാര്‍, അനൂപ് ചന്ദ്രന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, മണികണ്ഠന്‍, മന്‍രാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, ബാലു ജെയിംസ്, മുത്തുമണി, കെ.പി.എ.സി. ലളിത, ദീപിക, ജാനറ്റ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം ഗാനരചയിതാവായ അനില്‍ പനച്ചൂരാനും സംഗീതസംവിധായകനായ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനാണ്.
മമ്മൂട്ടിയുടെ നായിക കാവ്യ, ‘വെനീസ്’ ഒരുങ്ങുന്നു
ഷാഫി സംവിധാനം ചെയ്യുന്ന ‘വെനീസിലെ വ്യാപാരി’യിലാണ് കാവ്യയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 15ന് ആരംഭിക്കും. ആലപ്പുഴയാണ് പ്രധാന ലൊക്കേഷന്‍.
ആലപ്പുഴയിലെ ഒരു വ്യവസായിയായാണ് മമ്മൂട്ടി വെനീസിലെ വ്യാപാരിയില്‍ വേഷമിടുന്നത്. നായികയ്ക്ക് വളരെയേറെ പ്രാധാന്യമുള്ള കഥയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കാവ്യയ്ക്ക് മികച്ച പ്രകടനം നടത്താനുള്ള അവസരം തന്നെയായിരിക്കും ഈ മമ്മൂട്ടിച്ചിത്രം.
വിവാഹബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് തിരികെയെത്തിയ കാവ്യ വീണ്ടും മലയാള സിനിമയില്‍ ഹിറ്റുകള്‍ തീര്‍ക്കുകയാണ്. പാപ്പി അപ്പച്ചാ, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ഗദ്ദാമ, ചൈനാ ടൌണ്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകളെല്ലാം ഹിറ്റാകുമ്പോള്‍ കാവ്യ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. നിലവില്‍ നായികമാരില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഭാവനയ്ക്ക് കാവ്യയുടെ ഈ തുടരന്‍ വിജയങ്ങള്‍ ഭീഷണിയുയര്‍ത്തും.
വിജയ് ഒരു ‘പാല്‍ക്കാരന്‍ പയ്യന്‍’
‘വേലായുധം’ എന്ന തന്‍റെ പുതിയ ചിത്രത്തിലാണ് വിജയ് പാല്‍ക്കാരനാകുന്നത്. സാധാരണക്കാരനായ ഒരു പാല്‍ക്കാരന്‍ പയ്യന്‍ അവിചാരിതമായി നഗരത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഹിറ്റ്മേക്കര്‍ എം രാജയാണ് വേലായുധം സംവിധാനം ചെയ്യുന്നത്.
ഹന്‍സിക മൊട്‌വാണി ഒരു ഗ്രാമീണ പെണ്‍കൊടിയായും ജെനിലിയ ഡിസൂസ ഒരു ടി വി ജേര്‍ണലിസ്റ്റായും അഭിനയിക്കുന്നു. ഇരുവരും പ്രണയിക്കുന്നത് വിജയ് അവതരിപ്പിക്കുന്ന വേലായുധത്തെ. എല്ലാ കൊമേഴ്സ്യല്‍ ഘടകങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടാണ് എം രാജ സിനിമ ഒരുക്കുന്നത്.
വേലായുധത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. 2000ല്‍ പുറത്തിറങ്ങിയ ‘ആസാദ്’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ് വേലായുധം എന്നാണ് സൂചനകള്‍. വിജയ് ആന്‍റണിയാണ് സംഗീതം. ആസ്കാര്‍ ഫിലിംസിന്‍റെ ബാനറില്‍ വി രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന വേലായുധം ജൂണ്‍ 22ന് പ്രദര്‍ശനത്തിനെത്തും.