Tuesday, May 24, 2011

നല്ല സിനിമയുടെ മേല്‍വിലാസം


വ്യത്യസ്തമായ സിനിമാ പരിശ്രമങ്ങള്‍ അപൂര്‍വമായി കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ വേറിട്ടൊരു പരീക്ഷണമായി തിയ്യറ്ററുകളിലെത്തിയ സിനിമയാണ് മാധവ് രാമദാസ് സംവിധാനം ചെയ്ത മേല്‍വിലാസം. സ്വദേശ് ദീപക്കിന്റെ പ്രശസ്ത ഹിന്ദി നാടകമായ കോര്‍ട്ട് മാര്‍ഷലിന്റെ മലയാളരൂപത്തെ സൂര്യകൃഷ്ണമൂര്‍ത്തിയാണ് മേല്‍വിലാസം എന്ന പേരില്‍ നാടകമാക്കിയത്. സൂര്യയുടെ സ്‌റ്റേജ് ഷോകളില്‍ സൂപ്പര്‍ഹിറ്റായി ഓടുകയും ചെയ്തു ഈ നാടകം.

അതിന്റെ സിനിമാഭാഷ്യമാണ് മാധവിന്റെ അതേപേരിലുള്ള ഈ ചിത്രം. അമിത വികാരത്തിന് അടിമപ്പെടുന്നവനല്ല ഒരു പട്ടാളക്കാരന്‍ എന്ന കൃത്രിമ മനോനിലയെയും അതിനെ കീഴ്‌പ്പെടുത്തുന്ന ആസന്നതകളെയും വൈകാരികതയേയും വെളിച്ചത്തുകൊണ്ടുവരുന്ന ഈ ചിത്രം അഭിനേതാക്കള്‍ക്കും ഛായാഗ്രാഹകനുമെല്ലാം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. നാലുചുവരുകളുടെ അടച്ചിട്ട, വായുസഞ്ചാരം പോലും പട്ടാളച്ചിട്ടയില്‍ അധിഷ്ഠിതമായ ഒരു പരിതസ്ഥിതിയില്‍ നടക്കുന്ന കോര്‍ട്ട് മാര്‍ഷല്‍ എന്ന സൈനിക വിചാരണയാണ് മേല്‍വിലാസം എന്ന സിനിമയുടെ ഇതിവൃത്തം.

അതിലൂടെ ഇന്ത്യന്‍ സൈനിക വ്യവസ്ഥയിലെ കീഴാളവിരുദ്ധ നിലപാടിന്റെ തെളിഞ്ഞ ചിത്രണങ്ങളും അതിന്റെ പരിഹാസ്യരൂപവും അടിവരയിട്ട് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു മേല്‍വിലാസം. ജാതിവിവേചനത്തിന്റെ സൈനിക ഭാഷയും സാധാരണക്കാരനായ ഒരു പട്ടാളക്കാരന്റെ നിസ്സഹായ ജീവിതാസ്ഥയും അനിശ്ചിതത്വങ്ങളും ചൂണ്ടിക്കാണിക്കുന്ന ഈ ചിത്രം തിരക്കഥയോടും മൂലനാടകത്തോടും നീതിപുലര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം. മനോഹരമായ ദൃശ്യസന്നിവേശവും ആഖ്യാനവുമാണ് ഈ കൊച്ചുസിനിമയെ അഭിനന്ദനാര്‍ഹമാക്കുന്നത്.

മാധവ് രാമദാസിന്റെ ആദ്യചിത്രം അങ്ങേയറ്റത്തെ കയ്യടക്കം കൊണ്ടും അവതരണശൈലി കൊണ്ടും അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല ചിത്രമായി മാറുന്നു എന്ന് പറയാതെ വയ്യ. ഒരു കോടതി മുറിയില്‍ മാത്രം നിലനില്‍ക്കുന്ന രംഗങ്ങള്‍, ഒന്നേ മുക്കാല്‍ മണിക്കൂര്‍ നേരം അവിടെ മാത്രം കഥ നടക്കുക, എന്നിട്ടും ഒരു മിനിറ്റ് പോലും ബോറടിക്കാതെ പ്രേക്ഷകന്‍ അത് കണ്ടിരിക്കുക എന്നുപറഞ്ഞാല്‍ പിന്നെ ചിത്രത്തിന്റെ മേന്മയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

വെറും പത്ത് ദിവസം കൊണ്ട് ചെറിയ ബജറ്റില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ സെറ്റിട്ട് ചിത്രീകരിച്ച മേല്‍വിലാസം അഭിനേതാക്കളുടെ മികവ് കൊണ്ടും ശ്രദ്ധേയമാണ്. സുരേഷ് ഗോപി, പാര്‍ഥിപന്‍, തലൈവാസല്‍ വിജയ്, കക്കരവി, കൃഷ്ണകുമാര്‍, അശോകന്‍ തുടങ്ങിയ അഭിനേതാക്കള്‍ പ്രകടിപ്പിക്കുന്ന സൂക്ഷ്മതയും മിതത്വവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും കലാസംവിധാനവും അടക്കം എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയിട്ടും പക്ഷേ ചിത്രം കാണാന്‍ ആളുണ്ടായില്ല എന്നതാണ് വിചിത്രം.

നല്ല സിനിമ തരൂ എന്ന് വാശിപിടിക്കുകയും അങ്ങനെ ഒന്ന് സംഭവിച്ചാല്‍ അത് കാണാതിരിക്കുകയും ചെയ്യുന്ന അതേ ഇരട്ടത്താപ്പ് മലയാളി പ്രേക്ഷകര്‍ ഈ ചിത്രത്തോടും കാണിച്ചു. സൂപ്പര്‍താര-മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രത്തോട് പ്രത്യേക മമതയുള്ള തിയ്യറ്ററുകളും മേല്‍വിലാസത്തെ എങ്ങനെയങ്കിലും ഹോള്‍ഡ് ഓവര്‍ ആക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. അങ്ങനെ ടി.ഡി. ദാസന്‍ ആറ് ബി പോലെ മറ്റൊരു മനോഹര ചിത്രം കൂടി അനാഥമായി തിയ്യറ്ററുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു.

അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ടി.വിയില്‍ കണ്ടിട്ട് നാം പറയും ഇത് എത്ര നല്ല ചിത്രമായിരുന്നുവെന്ന്. അങ്ങനെയുള്ള എത്രയോ ഉദാഹരണങ്ങള്‍ നമ്മള്‍ക്ക് മുന്നിലുണ്ട്. റിലീസ് ചെയ്ത് തിയ്യറ്ററില്‍ നിന്ന് പുറത്താക്കപ്പെട്ട മേല്‍വിലാസം ഒരുകൂട്ടം സഹൃദയരുടെ പിന്തുണയോടെ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍.

കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയനാകുന്ന രാമചന്ദ്രന്‍ എന്ന തമിഴ് ജവാന്റെ അവഗണന നിറഞ്ഞ സൈനിക ജീവിതം സൗന്ദര്യാത്മകതയോടെ ചിത്രീകരിച്ച ഈ സിനിമയ്ക്കും നായകന്റെ അതേഗതിയാണ് സിനിമാലോകം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ജൂണ്‍ മാസത്തില്‍ മൂന്നാംതവണ തിയ്യറ്ററുകളിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് മാധവ് രാമദാസും അണിയറ പ്രവര്‍ത്തകരും. ആനന്ദ് ബാലകൃഷ്ണന്റെ ഛായാഗ്രഹണം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന മേല്‍വിലാസം ഇപ്പോള്‍ മൗത്ത് പബ്ലിസിറ്റിയുടെ മാത്രം ബലത്തിലാണ് മുന്നോട്ടുനീങ്ങുന്നതെന്ന് സംവിധായകന്‍ പറയുന്നു.

തിരക്കഥയുടെ കെട്ടുറപ്പും പിരിമുറുക്കം സൃഷ്ടിക്കുന്ന വിചാരണക്കോടതിയിലെ അന്തരീക്ഷത്തെയും അതേ പിരിമുറുക്കത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ സംവിധാന മികവാണ് ഏറ്റവും അംഗീകരിക്കപ്പെടേണ്ടത്.


ചിത്രം തിയ്യറ്റര്‍ വിട്ടെങ്കിലും സംവിധായകന്‍ ശരത്തിന്റെ സഹായിയായി സിനിമാലോകത്തെത്തിയ മാധവ് രാമദാസ് തനിക്ക് വന്നുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണത്തില്‍ സന്തുഷ്ടനാണ്.

ഒരു കോടതി മുറിയ്ക്കുള്ളിലെ പരിമിതമായ സാഹചര്യത്തെ മുന്‍നിര്‍ത്തി അതിഭാവുകത്വമില്ലാത്ത അഭിനയത്തോടെ തന്റെ ജോലി മനോഹരമായി ചെയ്ത അഭിനേതാക്കളും ചിത്രത്തോട് നീതിപുലര്‍ത്തിയിരിക്കുന്നു. കുട്ടിസ്രാങ്കും ടിഡി ദാസനും ആത്മകഥയും കോക്ക്‌ടെയിലും ട്രാഫിക്കും ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കും പ്രാഞ്ചിയേട്ടനും പോലെയുള്ള നല്ല ചിത്രങ്ങളുടെ ശ്രേണി ഇനിയും നീളാന്‍ ഇത്തരം ചിത്രങ്ങളെ പ്രേക്ഷകന്‍ ഇടപെട്ട് രക്ഷിച്ചേ മതിയാകൂ. എങ്കില്‍ മാത്രമേ മലയാളസിനിമയുടെ നല്ല മേല്‍വിലാസത്തിന് നിലനില്‍പ്പുള്ളു.