Thursday, February 3, 2011

ഹാസ്യതാരം മച്ചാന്‍ വര്‍ഗീസ് അന്തരിച്ചു



പ്രശസ്ത ചലച്ചിത്രതാരം മച്ചാന്‍ വര്‍ഗീസ് (47) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരം നാലരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. അര്‍ബുദരോഗബാധിതനായി ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് പെട്ടെന്നുള്ള മരണത്തിന് കാരണം. മരണസമയത്ത് അടുത്ത ബന്ധുക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. ബുധനാഴ്ച വെന്‍റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച ഡയാലിസിസിനു വിധേയനാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

എം എ നിഷാദ് സംവിധാനം ചെയ്ത ബെസ്റ്റ് ഓഫ് ലക്ക് ആണ് മച്ചാന്‍ വര്‍ഗീസിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് മച്ചാന്‍ വര്‍ഗീസ് സിനിമയിലെത്തുന്നത്. സുഹൃത്തുക്കളെ എല്ലാവരെയും സ്നേഹത്തോടെ ‘മച്ചാനേ...’ എന്ന് വിളിക്കുന്ന വര്‍ഗീസിന് സംവിധായകന്‍ സിദ്ദിഖ് ആണ് ‘മച്ചാന്‍ വര്‍ഗീസ്’ എന്ന് പേര് നല്‍കുന്നത്.

ലാളിത്യമുള്ള ഹാസ്യത്തിന്‍റെ വക്താവായിരുന്നു മച്ചാന്‍. അഭിനയം അദ്ദേഹത്തിന് ഒരിക്കലും ആയാസകരമായ ഒരു പ്രവര്‍ത്തിയായിരുന്നില്ല. എത്ര ചെറിയ വേഷമായിരുന്നാലും തന്‍റേതായ ശൈലി കൊണ്ട് അവയെ വ്യത്യസ്തമാക്കാന്‍ മച്ചാന് കഴിഞ്ഞിരുന്നു.

മാന്നാര്‍ മത്തായി സ്പീക്കിംഗ്, തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൌസ്, തൊമ്മനും മക്കളും, ചതിക്കാത്ത ചന്തു, ജലോത്സവം, രസികന്‍, മീശമാധവന്‍, സി ഐ ഡി മൂസ, ചക്രം, പാപ്പീ അപ്പച്ചാ, ഡ്യൂപ്ലിക്കേറ്റ്, മലബാര്‍ വെഡ്ഡിംഗ്, പട്ടാളം, വെള്ളിത്തിര, തിളക്കം, കുഞ്ഞിക്കൂനന്‍, വണ്‍‌മാന്‍ ഷോ, ഫ്രണ്ട്സ്, വാഴുന്നോര്‍, മന്ത്രമോതിരം, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങിയവയാണ് മച്ചാന്‍ വര്‍ഗീസിന്‍റെ പ്രധാന സിനിമകള്‍.

എറണാകുളം എളമക്കര സ്വദേശിയാണ്‌ മച്ചാന്‍ വര്‍ഗീസ്. ഭാര്യ എല്‍സി, മകന്‍ റോബിച്ചന്‍, മകള്‍ റിന്‍സു.