Thursday, June 9, 2011

ബോഡിഗാര്‍ഡ്: ഇന്ത്യന്‍ വിതരണാവകാശത്തിന് 75 കോടി



ദിലീപില്‍ തുടങ്ങി ഇളയദളപതിയിലൂടെ സാക്ഷാല്‍ സല്‍‌മാന്‍ ഖാനിലെത്തി നില്‍ക്കുകയാണ് ബോഡിഗാര്‍ഡ്. മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സിദ്ദിഖ് തന്‍റെ ആദ്യ ഹിന്ദി ചിത്രമായ ബോഡിഗാര്‍ഡിന്‍റെ തിരക്കിലാണ്. ഓഗസ്റ്റ് 31ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ സിനിമയില്‍ സല്‍മാന്‍ ഖാനും കരീന കപൂറുമാണ് ജോഡി.

വാണ്ടഡ്, ദബാംഗ്, റെഡി എന്നീ ബ്ലോക്ക്‌ബസ്റ്ററുകള്‍ക്ക് ശേഷം എത്തുന്ന സല്‍മാന്‍ ഖാന്‍ ചിത്രം എന്ന പ്രത്യേകതയാണ് ബോഡിഗാര്‍ഡിനെ ബോളിവുഡിന്‍റെ ഹോട്ട് പ്രോപ്പര്‍ട്ടിയാക്കി മാറ്റുന്നത്. ചിത്രത്തിന്‍റെ ഇന്ത്യന്‍ വിതരണാവകാശമായി 75 കോടി രൂപ ലഭിച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഇത് ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് പ്രൈസാണ്.

സാറ്റലൈറ്റ്, മ്യൂസിക്, വീഡിയോ റൈറ്റുകള്‍ക്കെല്ലാം കൂടി ഇനിയും ഒരു 40 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഇന്ത്യയിലെ തിയേറ്ററുകളിലെ വിതരണാവകാശം മാത്രമാണ് 75 കോടി രൂപയ്ക്ക് വിറ്റിരിക്കുന്നത്. ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ സിനിമയുടെ ഓവര്‍സീസ് അവകാശങ്ങളെല്ലാം കൂടി കണക്കിനെടുത്താല്‍ ബോഡിഗാര്‍ഡ് റിലീസിന് മുമ്പ് മൂന്നിരട്ടി ലാഭം നേടിയ ചിത്രമായി മാറുന്നു.

പ്രിയദര്‍ശന് ശേഷം ഇത്രയും വിജയകരമായി ഒരു സിനിമ ബോളിവുഡില്‍ ഒരുക്കാന്‍ കഴിഞ്ഞ ആദ്യ മലയാള സംവിധായകനാണ് സിദ്ദിഖ്. 2010ല്‍ മലയാളത്തിലാണ് സിദ്ദിഖ് ബോഡിഗാര്‍ഡ് ആദ്യമെടുത്തത്. ആ ചിത്രം ഹിറ്റായി. തുടര്‍ന്ന് തമിഴില്‍ ‘കാവലന്‍’ എന പേരില്‍ ബോഡിഗാര്‍ഡ് വീണ്ടും ജനിച്ചു. സിനിമകളെല്ലാം തകര്‍ന്ന് വലിയ പ്രതിസന്ധിയിലായിരുന്ന ഇളയദളപതി വിജയിന് അപ്രതീക്ഷിതമായി ലഭിച്ച ഒരു സൂപ്പര്‍ഹിറ്റായിരുന്നു കാവലന്‍. എന്തായാലും ഹിന്ദി ബോഡിഗാര്‍ഡ് റിലീസിന് മുമ്പ് ലാഭമായെങ്കില്‍, റിലീസിന് ശേഷം ഈ ചിത്രം മെഗാഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.