ഒടുവില്‍ റിലീസിങ് തീരുമാനമായി. കമല്‍ഹാസന്റെ മന്‍മഥന്‍ അമ്പ് ഡിസംബര്‍ 23 ന് തിയ്യറ്ററുകളിലെത്തുന്നു. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ തൃഷയാണ് കമലിന്റെ നായിക. മാധവനും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. റൊമാന്റിക് എന്റര്‍ടൈനര്‍ എന്ന് വിശേഷിപ്പിക്കുന്ന മന്‍മഥന്‍ അമ്പിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ദേവിശ്രീ പ്രസാദാണ്.
ഡിസംബര്‍ 17 നാണ് നേരത്തെ റിലീസിങ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയാണുണ്ടായത്. കമലിന്റെ ചിത്രം എന്നതുതന്നെയാണ് മന്മഥന്റെ പ്രധാന ആകര്‍ഷണം. റോം, വെനീസ്, പാരീസ്, ബാഴ്‌സലോണ എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ മന്‍മഥന്‍ അമ്പിന് ടൈറ്റാനിക്ക് എന്ന സൂപ്പര്‍ ഹോളിവുഡ് ചിത്രവുമായി സാമ്യമുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നു.
ടൈറ്റാനിക്കിനെ കോമഡി ട്രാക്കില്‍ അവതരിപ്പിക്കുകയാണെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ മന്‍മഥ ബാണം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതില്‍ കമല്‍ഹാസന്‍ എഴുതിയ ഒരു ഗാനത്തിനെതിരെ ഹിന്ദുമക്കള്‍ കക്ഷി എന്ന സംഘടന രംഗത്തെത്തിയത് തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
പ്രശസ്ത മലയാളി ക്യാമറാമാന്‍ രവി കെ. ചന്ദ്രന്റെ അസോസിയേറ്റായിരുന്ന മനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാന്‍ മുഹമ്മദാണ് എഡിറ്റിങ്. ക്രിസ്മസിന് മറ്റ് വമ്പന്‍ റിലീസുകള്‍ ഇല്ലാത്തതും മന്‍മഥന് ഗുണമാകും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഗോകുലം ഗോപാലന്റെ ഗോകുലം റിലീസാണ് കേരളത്തില്‍ മന്‍മഥന്‍ അമ്പ് വിതരണം ചെയ്യുന്നത്.