'ത്രീ ഇഡിയറ്റ്‌സി'ന്റെ തമിഴ് പുനരാവിഷ്‌കാരത്തില്‍ നിന്ന് ഇളയദളപതി വിജയ് പുറത്തായത് വെറുമൊരു ഹെയര്‍സ്റ്റൈല്‍ കാരണമല്ലെന്നു സൂചന. രാഷ്ട്രീയസമ്മര്‍ദം കാരണമാണ് സംവിധായകന്‍ ഷങ്കര്‍ വിജയിനെ ഒഴിവാക്കിയതെന്നാണ് കേള്‍ക്കുന്നത്.
ഡി.എം.കെയാണ് വിജയിനെതിരെ കളിക്കുന്നതെന്ന പ്രചാരണം ഏതാനും ആഴ്ചകളായി തമിഴകത്ത് ശക്തമാണ്. വിജയ് നായകനായ 'കാവലന്‍' എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകിക്കാനുള്ള ശ്രമങ്ങള്‍ തമിഴ് രാഷ്ട്രീയത്തിലും സിനിമയിലും വിവാദങ്ങളുയര്‍ത്തിയിരുന്നു. ഭരണത്തിലും സിനിമയിലും നിര്‍ണായകസ്വാധീനമുള്ള ഡി.എം.കെ.യാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം വിജയിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ജയലളിതയെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഈ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് 'ത്രീഇഡിയറ്റ്‌സി'ന്റെ തമിഴ് പതിപ്പില്‍നിന്ന് വിജയിനെ ഒഴിവാക്കിയതിനു പിന്നിലെ കഥകള്‍ പുറത്തുവന്നത്.
'കാവലന്‍' ഡിസംബര്‍ 24നാണ് തിയേറ്ററിലെത്തേണ്ടത്. അതിനൊരാഴ്ച മുമ്പ് 'മന്മഥന്‍അമ്പ്' എന്ന ചിത്രം റിലീസ് ചെയ്യും. 'കാവലന്റെ' വരവ് 'മന്മഥന്‍അമ്പി'ന്റെ തിയേറ്റര്‍ വരുമാനത്തെ വിപരീതമായി ബാധിക്കുമെന്ന നിഗമനത്തിലാണ് വിജയ് ചിത്രം വൈകിക്കാനുള്ള നീക്കം തുടങ്ങിയത്. കരുണാനിധിയുടെ മകന്‍ എം.കെ. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനാണ് 'മന്മഥന്‍ അമ്പ്' നിര്‍മിക്കുന്നത്.
അസിനും വിജയും ഒന്നിക്കുന്ന 'കാവലന്‍' വലിയ വിജയപ്രതീക്ഷയുണര്‍ത്തുന്ന ചിത്രമാണ്. ഈ വര്‍ഷം നേരത്തേ വന്ന, വിജയിന്റെ 'സുര' എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതിന്റെ ദോഷം തീര്‍ക്കാന്‍ 'കാവലനു' കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. അതിനാല്‍ ഈ ചിത്രം സമയത്തിന് തിയേറ്ററിലെത്തേണ്ടത് വിജയിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനിടയിലാണ്, കമലഹാസന്‍-മാധവന്‍-തൃഷ ചിത്രമായ മന്മഥന്‍അമ്പിനുവേണ്ടി കാവലനെ തടസ്സപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായത്.
കരുണാനിധിയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ഇന്ന് തമിഴ്‌സിനിമയിലെ വമ്പന്‍ ചിത്രങ്ങളും താരങ്ങളുമെല്ലാം. കലാനിധിയുടെ സണ്‍ പിക്‌ച്ചേഴ്‌സ്, ഉദയനിധി സ്റ്റാലിന്റെ റെഡ്ജയന്റ് മൂവീസ്, ദുരൈ ദയാനിധി അഴഗിരിയുടെ ക്ലൗഡ്‌നയന്‍ മൂവീസ് എന്നിവയെല്ലാം ചേരുമ്പോള്‍ കോളിവുഡിന്റെ കുത്തക കലൈഞ്ജറുടെ കുടുംബത്തിനാകുന്നു. രജനീകാന്തും കമലഹാസനുമുള്‍പ്പെടെയുള്ള താരങ്ങള്‍ ആ കുടുംബത്തിന്റെ ചൊല്‍പ്പടിയിലാണെന്നര്‍ഥം. ടെലിവിഷന്‍, പത്രങ്ങള്‍, കേബിള്‍ ശൃംഖല എന്നിങ്ങനെ തമിഴ്‌നാട്ടിലെ മാധ്യമ-വിനോദമേഖലയുടെ മുഴുവന്‍ നിയന്ത്രണവും കരുണാനിധി കുടുംബത്തിനാണ്.
രജനീകാന്തിന്റെ 'യന്തിരന്‍' നേടിയ വന്‍വിജയം സണ്‍പിക്‌ചേഴ്‌സിന്റെ അപ്രമാദിത്വം ഒന്നുകൂടി ശക്തമാക്കി. വാസ്തവത്തില്‍,'യന്തിരന്‍' നിര്‍മിച്ചുതുടങ്ങിയത് സണ്‍പിക്‌ചേഴ്‌സായിരുന്നില്ല. സാമ്പത്തികപ്രതിസന്ധി കാരണം ആദ്യത്തെ നിര്‍മാതാക്കള്‍ പ്രശ്‌നത്തിലായപ്പോള്‍ സംവിധായകന്‍ ഷങ്കര്‍ സണ്‍പിക്‌ചേഴ്‌സുമായി ബന്ധപ്പെട്ട് ചിത്രം ഏറ്റെടുപ്പിക്കുകയായിരുന്നു.
'ത്രീ ഇഡിയറ്റ്‌സ്' തമിഴില്‍ 'മൂവര്‍' എന്ന പേരിലാണ് ഷങ്കര്‍ പുനരാവിഷ്‌കരിക്കുന്നത്. അതില്‍ വിജയ് ആണ് പ്രധാനവേഷത്തിലെന്ന് തുടക്കംമുതലേ ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, വിജയിനെതിരെ കരുണാനിധികുടുംബം നിലപാടെടുത്തതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ ഷങ്കര്‍ നിര്‍ബന്ധിതനായെന്നാണ് വാര്‍ത്ത.
തമിഴ്‌നാട്ടിലെ രാഷ്ട്രീയസമവാക്യങ്ങളില്‍ മാറ്റം വരണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്ത രജനീകാന്തിനും കമലഹാസനും കരുണാനിധികുടുംബവുമായി ഇപ്പോള്‍ നല്ല ബന്ധമാണ്. സിനിമാരംഗത്തുള്ള മറ്റുള്ളവര്‍ക്കും കലൈഞ്ജര്‍കുടുംബത്തെ പിണക്കാനാവില്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ, 'കാവലന്‍' സമയത്തിനു തിയേറ്ററിലെത്തേണ്ടത് വിജയിന്റെ മാത്രം പ്രശ്‌നമാവുന്നു. കമലും രജനിയും ഏറ്റുമുട്ടിയ ജയലളിതയുടെ പക്ഷംചേര്‍ന്നുകൊണ്ട് വിജയ് പോരാട്ടത്തിനിറങ്ങുകയാണെന്നാണ് സൂചന.