Showing posts with label filimnewsupdates. Show all posts
Showing posts with label filimnewsupdates. Show all posts

Tuesday, August 9, 2011

സിദ്ദിഖ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍


വിയറ്റ്‌നാം കോളനിക്ക് ശേഷം സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ഈ വര്‍ഷം അവസാനം ഷൂട്ടിങ് തുടങ്ങുന്ന പുതിയ ചിത്രം 2012 ലെ ലാലിന്റെ പ്രധാന റിലീസായിരിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുക. 1992 ലാണ് സിദ്ദിഖ്-ലാല്‍ ടീമിന്റെ വിയറ്റ്‌നാം കോളനി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം തിയേറ്ററുകളെ ജനസമുദ്രമാക്കിയത്. ബോഡിഗാര്‍ഡിന് ശേഷം തുടങ്ങാനിരുന്ന ചിത്രം സിദ്ദിഖിന്റെ തിരക്ക് കാരണം മാറ്റിവെക്കുകയായിരുന്നു. ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പിന് ശേഷം അത് ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്ന തിരക്കിലായിരുന്നു സിദ്ദിഖ്. സല്‍മാന്‍ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതിന്റെ റിലീസിന് ശേഷമാകും ലാല്‍ ചിത്രത്തിന്റെ തിരക്കഥാ ജോലികളിലേക്ക് സിദ്ദിഖ് കടക്കുക.

Friday, August 5, 2011

അമ്മായിയമ്മയുടെ കാലൊടിഞ്ഞു; ഓണത്തിന് മരുമകനില്ല


മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വമ്പന്‍ സിനിമകള്‍ ഒഴിഞ്ഞതിന് പിന്നാലെ ദിലീപ് ചിത്രമായ മിസ്റ്റര്‍ മരുമകനും ഓണത്തിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിങ് അനിശ്ചിതമായി വൈകുന്നതാണ് സിനിമയുടെ റിലീസിങ് സാധ്യതകളെ ബാധിയ്ക്കുന്നത്.

ഉദയ് സിബി ടീം തിരക്കഥ രചിയ്ക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ സന്ധ്യ മോഹനാണ്. ദിലീപും സനുഷയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന ഹൈലൈറ്റ് നായകന്റെ അമ്മായിയമ്മയായി അഭിനയിക്കുന്നത് തെന്നിന്ത്യന്‍ താരം ഖുശ്ബുവാണ്. എന്നാല്‍ ഖുശ്ബുവിന്റെ അഭാവം തന്നെയാണ് മരുമകന്റെ ഷൂട്ടിങ് വൈകിപ്പിയ്ക്കുന്നത്.

ഈ സിനിമയുടെ ഷൂട്ടിങിനിടെ സ്റ്റെയര്‍കേസില്‍ നിന്നും വീണ് ഖുശ്ബുവിന്റെ കാലിന് സാരമായി പരിക്കേറ്റിരുന്നു. ഇതോടെ സിനിമയുടെ ഷൂട്ടിങും നിര്‍ത്തിവെച്ചു. ദിലീപുമൊത്തുള്ള ഖുശ്ബുവിന്റെ കോമ്പിനേഷന്‍ സീനുകളാണ് ഇനി പ്രധാനമായും ചിത്രീകരിയ്ക്കാനുള്ളത്. ഖുശ്ബു സുഖപ്പെടുന്നത് വരെ ഇത് ചിത്രീകരിയ്ക്കാനും ബുദ്ധിമുട്ടുകളുണ്ട്.

അതേ സമയം ലാല്‍ജോസിന്റെ സ്പാനിഷ് മസാലയ്ക്ക് വേണ്ടി ദിലീപ് ഇപ്പോള്‍ സ്‌പെയിനിലാണ്. ആഗസ്റ്റ് 20ന് തിരിച്ചെത്തുന്ന ദിലീപ് നേരെ പോകുന്നത് മിസ്റ്റര്‍ മരുമകന്റെ സെറ്റിലേക്കാണെങ്കിലും രണ്ടാഴ്ച കൊണ്ട് ഷൂട്ടിങ് തീര്‍ത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യുന്ന കാര്യം സംശയമാണ്.

Monday, July 18, 2011

ലാല്‍ @ 300




അഭിനയനാള്‍വഴിയില്‍ മോഹന്‍ലാല്‍ 300 സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന പ്രണയമായിരിക്കും ലാലിന്റെ 300 ാമത് ചിത്രമായി പ്രദര്‍ശനത്തിനെത്തുക. ഏറെ അഭിനയസാധ്യതയുള്ള വേഷത്തിന്റെ തിളക്കവുമായാണ് ലാലിന്റെ 'പ്രണയം' ഒരുങ്ങുന്നത്. സമീപകാല ചിത്രങ്ങളില്‍ കണ്ട ഗെറ്റപ്പുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ലാലിനെയാകും 'പ്രണയ'ത്തില്‍ കാണാനാകുക. ചിത്രത്തിലെ ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് സംവിധായകനും സസ്‌പെന്‍സ് നിലനിര്‍ത്തുന്ന സ്ഥിതിക്ക് ആരാധകരും തികഞ്ഞ ആകാംക്ഷയിലാണ്. തീവ്രപ്രണയം സൗഹൃദമായി വഴിമാറുമോ എന്നതായിരിക്കും ചിത്രത്തിന്റെ കാതല്‍.

നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ലാലിന്റെ മുന്നൂറാമത് ചിത്രം എന്ന നിലയിലാകും പ്രണയം മാര്‍ക്കറ്റ് ചെയ്യുക. വന്‍ പബ്ലിസിറ്റിയോടെ പ്രണയം ഈ ഓണക്കാലത്ത് വിരുന്നെത്തും. കാസനോവയാണ് ഓണച്ചിത്രമായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ അനിശ്ചിതമായി നീണ്ടു. ഇതിനിടെയിലാണ് സപ്തംബര്‍ ഏഴിന് പ്രണയം മാക്‌സ് ലാബ് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് വരുന്നത്.



ലാലിന് പുറമേ അനുപം ഖേറും ജയപ്രദയും പ്രണയത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം ജയചന്ദ്രന്‍ ചിട്ടപ്പെട്ടുത്തി ഒ.എന്‍.വി കുറുപ്പ് എഴുതിയ നാല് ഗാനങ്ങളുണ്ടാകും സിനിമയില്‍

Wednesday, July 13, 2011

'ദൈവതിരുമകള്‍' 15 ന് പ്രദര്‍ശനത്തിനെത്തും

ചെന്നൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം നായകനാവുന്ന പുതിയ ചിത്രം 'ദൈവ തിരുമകള്‍' ജൂലായ് 15 ന് പ്രദര്‍ശനത്തിനെത്തും. 'മദ്രാസിപ്പട്ടണ' ത്തിലൂടെ ശ്രദ്ധേയനായ എ.എല്‍. വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ''ദൈവ തിരുമകള്‍ ആര്‍ട്ട് സിനിമയല്ല. പ്രേക്ഷകരെ വിനോദിപ്പിക്കാനുള്ള എല്ലാ ചേരുവകളുമുള്ള വാണിജ്യ സിനിമ തന്നെയാണ്'' - വിജയ് പറയുന്നു. 

മുപ്പതാം വയസ്സിലും അഞ്ചു വയസ്സുകാരന്റെ മാനസികവളര്‍ച്ച മാത്രമുള്ള കഥാപാത്രത്തെയാണ് 'ദൈവ തിരുമകളി'ല്‍ വിക്രം അവതരിപ്പിക്കുന്നത്. അനുഷ്‌കയും അമലപോളും ചിത്രത്തില്‍ മികച്ച വേഷത്തില്‍ അഭിനയിക്കുന്നു. ഹാസ്യത്തിന് കൊഴുപ്പേകാന്‍ സന്താനത്തിന്റെ പ്രകടനവുമുണ്ട്. 

'ദൈവ തിരുമകളി'ലെ കഥാപാത്രം തന്നെ കൂടുതല്‍ പ്രശസ്തിയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് വിക്രം. ''നിരവധി ചിത്രങ്ങളില്‍ ഞാന്‍ മികച്ച വേഷം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിലെ പ്രകടനത്തിനാണ് എനിക്ക് ആദ്യമായി സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നുതന്നെ അഭിനന്ദനം ലഭിക്കുന്നത്.'' 'ദൈവ തിരുമകളി'ലെ കഥാപാത്രം അവതരിപ്പിക്കുന്നതിനു മുന്നോടിയായി താന്‍ കാര്യമായ ഗവേഷണവും പരിശീലനവും കൂടി നടത്തിയിരുന്നുവെന്നും വിക്രം പറയുന്നു. 

ബുദ്ധിവളര്‍ച്ചയില്ലാത്ത കുട്ടികളുടെ സ്വഭാവവും പെരുമാറ്റരീതിയും നേരില്‍ക്കണ്ടു പഠിക്കാന്‍ ഇത്തരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കുറെ ദിവസങ്ങള്‍ ചെലവഴിച്ചിരുന്നു. കൂടാതെ മാനസികരോഗ വിദഗ്ധ കൂടിയായ തന്റെ ഭാര്യ ഇത്തരം കുട്ടികളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നുവെന്നും വിക്രം വ്യക്തമാക്കി. കഥാപാത്രത്തിനു വേണ്ടി 12 കിലോഗ്രാം ശരീരഭാരം കുറച്ചിട്ടുണ്ട് വിക്രം. 

വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ എങ്ങനെയാണ് ഇത്രയും മികവുറ്റതാക്കുന്നത് എന്ന ചോദ്യത്തിന് വിക്രം അഭിമാനത്തോടെ ഉദാഹരിക്കുന്നത് നടന്‍ മമ്മൂട്ടിയെയാണ്. ''തന്റെ അഭിനയ ജീവിതത്തില്‍ വ്യത്യസ്ത സിനിമകളിലായി മമ്മൂട്ടി 40 ഓളം പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

എന്നാല്‍ ഈ കഥാപാത്രങ്ങള്‍ക്കൊന്നും സാമ്യമില്ലാതെ, വേറിട്ട രീതിയില്‍ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞിട്ടുണ്ട്'' - വിക്രം പറയുന്നു. ചിത്രത്തില്‍ മൂന്നു ഗാനങ്ങള്‍ ആലപിക്കുന്നതും വിക്രം തന്നെയാണ്. ഇതില്‍ ഒരു ഗാനം വിക്രം തന്നെ ഒറ്റ ദിവസം കൊണ്ട് കംപോസ് ചെയ്തതാണ്. ജി.വി. പ്രകാശാണ് സംഗീത സംവിധായകന്‍. ആദ്യം ചിത്രത്തിന് ദൈവ തിരുമകന്‍ എന്നാണ് പേരിട്ടിരുന്നത്. എന്നാല്‍ പിന്നീട് സംവിധായകന്‍ പേര് മാറ്റുകയായിരുന്നു.

Thursday, June 23, 2011

അവന്‍ വരുന്നൂ, പരമശിവം ഫ്രം വാളയാര്‍



അയാള്‍ ബുദ്ധികൊണ്ട് കളിക്കുന്നവനാണ്. എതിരാളികള്‍ക്കുമേല്‍ എന്നും വിജയം നേടാന്‍ ആഗ്രഹിക്കുന്നവനാണ്. സ്പിരിറ്റു കള്ളക്കടത്തിലായാലും അതേ, നാലാം‌കിട ഗൂണ്ടായിസത്തിലാണെങ്കിലും അതേ. വിജയം എന്നും അയാള്‍ക്കൊപ്പമായിരിക്കണം. വാളയാര്‍ പരമശിവം വ്യത്യസ്തനാകുന്നത് അവിടെയാണ്. വീണ്ടും വരികയാണ്, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍, പരമശിവം ഫ്രം വാളയാര്‍!

റണ്‍‌വേ എന്ന തന്‍റെ മെഗാഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി. വാളയാര്‍ പരമശിവം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജനപ്രിയനായകന്‍ ദിലീപ് തന്നെ. കോമഡിയും ആക്ഷനും കൂട്ടിക്കലര്‍ത്തിയാണ് ജോഷി ‘വാളയാര്‍ പരമശിവം’ ഒരുക്കുന്നത്. ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2004ലാണ് റണ്‍‌വേ റിലീസാകുന്നത്. ദിലീപിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ഒരുക്കാന്‍ പോകുന്നു എന്നറിഞ്ഞ് പലരും ജോഷിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ആത്മഹത്യാപരമായ തീരുമാനമായിരിക്കും അതെന്നൊക്കെയാണ് ജോഷിക്ക് ലഭിച്ച ഉപദേശങ്ങള്‍. എന്നാല്‍ അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയ ജോഷി റണ്‍‌വേ മെഗാഹിറ്റാക്കി മാറ്റി.

ഉദയകൃഷ്ണയും സിബി കെ തോമസും തന്നെയാണ് വാളയാര്‍ പരമശിവത്തിന്‍റെയും തിരക്കഥ രചിക്കുന്നത്. സ്പിരിറ്റ് കള്ളക്കടത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ സിനിമ സെവന്‍‌സിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കാവ്യാ മാധവനായിരുന്നു റണ്‍‌വേയിലെ നായിക. വാളയാര്‍ പരമശിവത്തിലും കാവ്യ തന്നെ നായികയാകും.