Showing posts with label blessi. Show all posts
Showing posts with label blessi. Show all posts

Monday, July 18, 2011

ലാല്‍ @ 300




അഭിനയനാള്‍വഴിയില്‍ മോഹന്‍ലാല്‍ 300 സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന പ്രണയമായിരിക്കും ലാലിന്റെ 300 ാമത് ചിത്രമായി പ്രദര്‍ശനത്തിനെത്തുക. ഏറെ അഭിനയസാധ്യതയുള്ള വേഷത്തിന്റെ തിളക്കവുമായാണ് ലാലിന്റെ 'പ്രണയം' ഒരുങ്ങുന്നത്. സമീപകാല ചിത്രങ്ങളില്‍ കണ്ട ഗെറ്റപ്പുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ലാലിനെയാകും 'പ്രണയ'ത്തില്‍ കാണാനാകുക. ചിത്രത്തിലെ ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് സംവിധായകനും സസ്‌പെന്‍സ് നിലനിര്‍ത്തുന്ന സ്ഥിതിക്ക് ആരാധകരും തികഞ്ഞ ആകാംക്ഷയിലാണ്. തീവ്രപ്രണയം സൗഹൃദമായി വഴിമാറുമോ എന്നതായിരിക്കും ചിത്രത്തിന്റെ കാതല്‍.

നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ലാലിന്റെ മുന്നൂറാമത് ചിത്രം എന്ന നിലയിലാകും പ്രണയം മാര്‍ക്കറ്റ് ചെയ്യുക. വന്‍ പബ്ലിസിറ്റിയോടെ പ്രണയം ഈ ഓണക്കാലത്ത് വിരുന്നെത്തും. കാസനോവയാണ് ഓണച്ചിത്രമായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ അനിശ്ചിതമായി നീണ്ടു. ഇതിനിടെയിലാണ് സപ്തംബര്‍ ഏഴിന് പ്രണയം മാക്‌സ് ലാബ് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് വരുന്നത്.



ലാലിന് പുറമേ അനുപം ഖേറും ജയപ്രദയും പ്രണയത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം ജയചന്ദ്രന്‍ ചിട്ടപ്പെട്ടുത്തി ഒ.എന്‍.വി കുറുപ്പ് എഴുതിയ നാല് ഗാനങ്ങളുണ്ടാകും സിനിമയില്‍

Thursday, June 23, 2011

മോഹന്‍ലാലിന്‍റെ മുന്നൂറാം ചിത്രം ഓണത്തിന്


യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ 300 സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ ആണ് ലാലിന്‍റെ മുന്നൂറാം ചിത്രം. അതിലും ആഹ്ലാദകരമായ വാര്‍ത്ത, മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ തീരുമാനിച്ചു എന്നതാണ്. മോഹന്‍ലാലിന് ഓണച്ചിത്രം ഉണ്ടാകില്ലെന്ന നിരാശയിലായിരുന്നു ലാല്‍ ആ‍രാധകര്‍. എന്തായാലും ബ്ലെസിയുടെ സിനിമ ഓണത്തിനെത്തുന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ ലാലിന്‍റെ ഓണച്ചിത്രമായി മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ്. എന്നാല്‍ ഷൂട്ടിംഗ് തീരാത്തതിനാല്‍ കാസനോവ ഓണത്തിനെത്തിക്കാനാവില്ലെന്ന് റോഷന്‍ അറിയിച്ചു. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്‍റെ സിനിമ ഓണച്ചിത്രമാക്കാന്‍ ആലോചിച്ചെങ്കിലും ഓണത്തിനിറക്കാനായി ഒരു സിനിമ തട്ടിക്കൂട്ടാന്‍ താനില്ലെന്ന് സത്യന്‍ അറിയിച്ചതോടെ ആ വഴിയും അടഞ്ഞു.

അങ്ങനെയാണ് ബ്ലെസിയുടെ സിനിമയെക്കുറിച്ച് ലാല്‍ ക്യാമ്പ് ആരാഞ്ഞത്. ‘പ്രണയം’ 15 ദിവസത്തോളം ഷൂട്ടിംഗ് നേരത്തേ പൂര്‍ത്തിയായതാണ്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് വേഗം തീര്‍ത്ത് ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്ന് ബ്ലെസി ഉറപ്പു നല്‍കി. അതോടെ മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി ‘പ്രണയം’ ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഒരു സമ്പൂര്‍ണ പ്രണയചിത്രമാണ് പ്രണയം. മോഹന്‍ലാല്‍, ജയപ്രദ, അനുപം ഖേര്‍, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്നവരുടെ പ്രണയം എന്ന കണ്‍‌സെപ്ടാണ് ബ്ലെസി ഇവിടെ പ്രയോഗിക്കുന്നത്. ഒ എന്‍ വി രചിച്ച നാലു ഗാനങ്ങളാണ് മറ്റൊരു സവിശേഷത. എം ജയചന്ദ്രനാണ് സംഗീതം. സെപ്റ്റംബര്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

'പ്രണയം' ഓണത്തിനെത്തും


ലാല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ബ്ലെസിയുടെ മോഹന്‍ലാല്‍ ചിത്രം 'പ്രണയം' ഈ ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തും. കാസനോവയാണ് ഓണച്ചിത്രമായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കും എന്ന് വന്നതോടെ ഓണത്തിന് ലാല്‍ചിത്രമുണ്ടാകില്ലെന്ന് സൂചന പരന്നു.

ഇതിനിടെ പ്രണയത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കാസനോവയില്‍ ലാല്‍ വീണ്ടും ജോയിന്‍ ചെയ്തു. വിദേശത്തെ ഷൂട്ടിങ്ങിന് ശേഷം മടങ്ങിയെത്തിയ ലാല്‍ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. സൂപ്പര്‍താരങ്ങള്‍ വമ്പന്‍ ചിത്രവുമായി ഓണക്കാലത്തെത്തുമ്പോള്‍ തങ്ങളുടെ താരത്തിന്റെ ചിത്രമുണ്ടാവില്ലെന്ന വാര്‍ത്തകള്‍ ലാല്‍ ആരാധകരില്‍ നിരാശ പടര്‍ത്തിയിരുന്നു. ഏതായാലും സപ്തംബര്‍ ഏഴിന് പ്രണയം മാക്‌സ് ലാബ് റിലീസ് ചെയ്യുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 

ലാലിന്റെ 300 ാമത് ചിത്രം എന്ന നിലയിലായിരിക്കും പ്രണയം മാര്‍ക്കറ്റ് ചെയ്യുക. ലാലിന് പുറമേ അനുപം ഖേറും ജയപ്രദയും പ്രണയത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം ജയചന്ദ്രന്‍ ചിട്ടപ്പെട്ടുത്തി ഒ.എന്‍.വി കുറുപ്പ് എഴുതിയ നാല് ഗാനങ്ങളുണ്ടാകും സിനിമയില്‍

Monday, March 28, 2011

മോഹന്‍ലാല്‍ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്



ഭാവോജ്ജ്വലമായ കഥാപാത്രങ്ങള്‍ കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന നടനാണ് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴൊക്കെ, എത്ര സാഹസികമായ രംഗമായാലും കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ മോഹന്‍ലാലിന് കഴിയാറുണ്ട്. മോശം സിനിമകളില്‍ പോലും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ മാത്രം തിളങ്ങിനില്‍ക്കുന്നതിന് കാരണവും മറ്റൊന്നല്ല. മോഹന്‍ലാല്‍ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്.

ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ വ്യത്യസ്തമായ പ്രകടനം. രണ്ടു ഗെറ്റപ്പുകളിലാണ് ഈ സിനിമയില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സുന്ദരനായ പ്രണയനായകന്‍റെ വേഷമാണ് അതിലൊന്ന്. എന്നാല്‍ അടുത്ത ഗെറ്റപ്പ് ആണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. നരച്ച തലമുടിയും കഷണ്ടി കയറിയ നെറ്റിയുമായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. സിനിമയുടെ പ്രധാന സീനുകളിലെല്ലാം മോഹന്‍ലാലിന് ഈ ഗെറ്റപ്പ് ആയിരിക്കും.

മുമ്പും നര കയറിയും കഷണ്ടിക്കാരനായുമൊക്കെ മോഹന്‍ലാലിനെ നമ്മള്‍ കണ്ടിട്ടുണ്ട്. ഉടയോന്‍, പവിത്രം, പക്ഷേ, പരദേശി, സൂര്യഗായത്രി, കളിപ്പാട്ടം തുടങ്ങിയ സിനിമകള്‍ ഉദാഹരണം. എന്നാല്‍ ‘പ്രണയം’ എന്ന സിനിമ അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു. ഇതൊരു ബ്ലെസിച്ചിത്രമാണെന്നതു തന്നെ കാരണം.

വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ‘പ്രണയം’ പറയുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അനുപം ഖേര്‍, ജയപ്രദ എന്നിവരും ഈ സിനിമയിലെ പ്രധാന താരങ്ങളാണ്.

Thursday, March 10, 2011

ബ്ലെസ്സിയും സമുദ്രക്കനിയും ശശികുമാറും ഒരു ചിത്രത്തില്‍



തെന്നിന്ത്യന്‍ സിനിമയിലെ മൂന്നു പ്രമുഖ സംവിധായകര്‍ ഒരുമിച്ച ഇന്‍വെസ്റ്റിഗേഷന്‍ സിനിമയായ 'ഈശന്‍' തമിഴ്‌നാട്ടിലെ വന്‍വിജയവുമായി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി.

നാടോടികള്‍ എന്ന സിനിമയുടെ സംവിധായകനും ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടനുമായ സമുദ്രക്കനിയും തന്മാത്ര, കാഴ്ച എന്നീ സിനിമകളിലൂടെ പ്രശസ്തനായ ബ്ലെസ്സിയും സുബ്രഹ്മണ്യപുരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നെടുത്ത ശശികുമാറും ചേര്‍ന്നാണ് ഈശന്‍ എന്ന ചിത്രമൊരുക്കുന്നത്.

ശശികുമാര്‍ സംവിധാനം ചെയ്യുന്ന ഈശനില്‍ സമുദ്രക്കനി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ആയിട്ടാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ എന്‍ജിനീയര്‍ ആയി അഭിനയിക്കുകയാണ് ബ്ലെസ്സി. ഈ ചിത്രം കേരളത്തില്‍ മഞ്ജു റിലീസും ശ്രീഹരി റിലീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കുന്നു.

ഭാര്യ മരിച്ചതിനുശേഷം മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് അവരുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കഴിയുന്ന ഗൃഹനാഥനായ എന്‍ജിനീയറാണ് ബ്ലെസ്സി. ഒരു പ്രത്യേക സാഹചര്യത്തില്‍ അവരുടെ ഗ്രാമത്തില്‍ നിന്ന് ബ്ലെസ്സിക്ക് മദ്രാസിലേക്ക് സ്ഥലംമാറ്റം കിട്ടുന്നു.

മഹാനഗരത്തിലെത്തിയ ബ്ലെസ്സി തന്റെ മകളെ ഫാഷന്‍ ഡിസൈനിങ് പഠിക്കുന്നതിന് ഒരുന്നത സ്ഥാപനത്തില്‍ ചേര്‍ക്കുന്നു. മകനെ മറ്റൊരു കോളേജിലും.

അവിടത്തെ മന്ത്രിപുത്രനുമായി പെണ്‍കുട്ടി പരിചയത്തിലാകുന്നു. പ്രണയത്തിന്റെ വലയില്‍ അവളെ പെടുത്തിയ മന്ത്രിപുത്രന്‍ അവളെ ഒരു സത്കാരത്തിന് ഹോട്ടല്‍മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അവിടെവെച്ച് നാലുപേര്‍ ചേര്‍ന്ന് അവളെ ബലാത്സംഗം ചെയ്യുന്നു. ഈ സംഭവത്തിന്റെ ആഘാതത്തില്‍ ആ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നു. മോര്‍ച്ചറിയില്‍ വെച്ച് അവയിലൊരു മൃതദേഹത്തിന് അനക്കം കാണുമ്പോള്‍ എല്ലാവരും ചേര്‍ന്ന് ആ ജീവന്‍ രക്ഷിക്കുന്നു. ആണ്‍കുട്ടിയാണ് രക്ഷപ്പെടുന്നത്. പിന്നീട് അപ്രതീക്ഷിതമായി മന്ത്രിപുത്രന്‍ കൊല്ലപ്പെടുന്നു. പിന്നാലെ മറ്റു മൂന്നുപേരും. ഈ കൊലപാതകങ്ങളുടെ അന്വേഷണത്തിനെത്തുന്ന ഓഫീസറാണ് സമുദ്രക്കനി.

തമിഴ്‌സിനിമയുടെ സ്ഥിരം ഫോര്‍മുലകളെ തകിടം മറിക്കുന്ന രണ്ടു സംവിധായകരും ഒരു മലയാളി സംവിധായകനും ചേര്‍ന്നൊരുക്കിയ ഈ സിനിമ കാഴ്ചയുടെ വിസ്മയങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുചെന്നെത്തിക്കുന്നത്.

Monday, February 21, 2011

‘പ്രണയം’ ഇതുവരെ എവിടെയായിരുന്നു?



മോഹന്‍ലാലും ബ്ലെസിയും വരികയാണ്. ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രണയകഥയാണ് ബ്ലെസിയുടെ പുതിയ ചിത്രമായ ‘പ്രണയം’ പറയുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലും ജയപ്രദയും അനുപം ഖേറുമാണ് പ്രധാന വേഷങ്ങളില്‍. ഈ മൂന്നുപേരുടെയും ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടായിരിക്കുമെന്ന് ബ്ലെസി പറഞ്ഞു.

“സിനിമ ഉണ്ടായ കാലം മുതല്‍ പ്രണയകഥകള്‍ ധാരാളമായി പലരും പറഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രണയകഥ എങ്ങനെ പറയാന്‍ കഴിയും എന്നാണ് ഞാന്‍ അന്വേഷിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിന്‍റെ തിരക്കഥാജോലികള്‍ നടന്നുവരികയായിരുന്നു. ഈ പ്രണയകഥ ഇതിനുമുമ്പ് മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒന്നാണ്. ഞാന്‍ അത്ഭുതപ്പെട്ട ഒരു കാര്യം, ‘പ്രണയം’ എന്ന മനോഹരമായ പേര് ഇതുവരെ ആരും മലയാള സിനിമയില്‍ ഉപയോഗിച്ചില്ല എന്നതാണ്. തിരക്കഥ എഴുതാനിരിക്കും മുമ്പ് ‘പ്രണയം’ എന്ന പേര് രജിസ്റ്റര്‍ ചെയ്യുകയാണ് ഞാന്‍ ചെയ്തത്” - ബ്ലെസി വ്യക്തമാക്കി.

“ഞാന്‍ 420 സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം വന്നപ്പോള്‍ തിരക്കഥ വായിക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്. ഫന്‍റാസ്റ്റിക്കായിട്ടുള്ള തിരക്കഥയാണ് ബ്ലെസിയുടേത്. മനോഹരമായ സിനിമകള്‍ ഉണ്ടാകുന്ന മലയാള സിനിമയില്‍ വീണ്ടും എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം” - അനുപം ഖേര്‍ പറഞ്ഞു.

“മലയാള സിനിമയില്‍ മികച്ച ടൈറ്റിലുകള്‍ ഇടുന്ന ഒട്ടേറെ സംവിധായകരുണ്ട്. പത്മരാജന്‍ മുതല്‍ ലാല്‍ ജോസ്, രഞ്ജിത് തുടങ്ങി ഒട്ടേറെ പേര്‍. പക്ഷേ ‘പ്രണയം’ എന്ന ലളിതവും സ്ട്രെയിറ്റുമായ ഒരു പേര് ഇതുവരെ ആരും ഇട്ടിട്ടില്ല. ആ പേര് ഇത്രകാലം എവിടെ മൂടിക്കിടന്നു എന്നും ഇപ്പോള്‍ എങ്ങനെ കണ്ടെത്തി എന്നും ചില സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ ‘ഇത് ഒരു ബ്ലെസി ചിത്രമാണ്’ എന്നായിരുന്നു ഞാന്‍ മറുപടി പറഞ്ഞത്” - ഈ സിനിമയില്‍ അഭിനയിക്കുന്ന നടന്‍ അനൂപ് മേനോന്‍ പറഞ്ഞു.

തന്‍‌മാത്ര, ഭ്രമരം എന്നീ സിനിമകള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘പ്രണയം’. ഒ എന്‍ വിയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രന്‍. നവാഗതനായ സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. തന്‍‌മാത്രയും ഭ്രമരവും ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമകളായിരുന്നു. ആ ജനുസിലേക്ക് പ്രണയവും ചേര്‍ക്കാനാണ് ബ്ലെസിയും മോഹന്‍ലാലും ഒത്തുകൂടുന്നത്.

Thursday, February 10, 2011

ലാല്‍-ബ്ലെസി ചിത്രത്തില്‍ അനുപം ഖേര്‍



തന്മാത്ര, ഭ്രമരം കരിയറിലെ എണ്ണപ്പെട്ട സിനിമകളുടെ സംവിധായകന്‍ ബ്ലെസിയുമൊത്ത് ലാല്‍ വീണ്ടും കൈകോര്‍ക്കുന്നു. പ്രണയം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ബോളിവുഡിന്റെ അഭിനയസാമ്രാട്ട് അനുപം ഖേര്‍ അഭിനയിക്കുന്നത് ലാല്‍ ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസാണ്. മോഹന്‍ലാലും അനുപം ഖേറും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയായിരിക്കും ഇത്. 1990ല്‍ പുറത്തിറങ്ങിയ ഇന്ദ്രജാലം, 2001ല്‍ പ്രജ എന്നീ ലാല്‍ ചിത്രങ്ങളിലാണ് അനുപം ഖേര്‍ ഇതിന് മുന്പ് മുഖം കാണിച്ചിരിയ്ക്കുന്നത്. ഇതിലെല്ലാം ചെറിയ വേഷങ്ങളായിരുന്നെങ്കില്‍ പ്രണയത്തില്‍ ലാലിനൊപ്പം നില്‍ക്കുന്ന വേഷത്തില്‍ തന്നെയാണ് അനുപം പ്രത്യക്ഷപ്പെടുന്നത്.

മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളുടെ പോയകാലത്തെ പ്രണയം തന്നെയാണ് സിനിമയുടെ പ്രമേയം. അടുത്തയാഴ്ച കൊച്ചിയില്‍ ചിത്രീകരണം ആരംഭിയ്ക്കുന്ന സിനിമയില്‍ ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവരുടെ കോമ്പിനേഷന്‍ സീനുകളാണ് ആദ്യം ചിത്രീകരിയ്ക്കുക. പ്രണയത്തിലൂടെ സതീഷ് കുറുപ്പ് എന്നൊരു ക്യാമറമാനെ കൂടി ബ്ലെസി മലയാളത്തിന് സമ്മാനിയ്ക്കുകയാണ്. ഒഎന്‍വിയുടെ വരികള്‍ക്ക് ജയചന്ദ്രന്‍ ഈണം പകരും.

പ്രണയത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം പ്രിയന്‍ ചിത്രമായ അറബിയും ഒട്ടകവും മാധവന്‍നായരും... തീര്‍ക്കുന്നതിനായി ലാല്‍ അബുദാബിയിലേക്ക് പോകും. ഇത് പൂര്‍ത്തിയാക്കിയതിന് ശേഷം ബ്ലെസി ചിത്രത്തില്‍ ലാല്‍ വീണ്ടും ജോയിന്‍ ചെയ്യും.

ചൈനാ ടൗണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നിങ്ങനെ പക്കാ കൊമേഴ്‌സ്യല്‍ മസാലകള്‍ക്ക് ശേഷമാണ് ലാല്‍ ബ്ലെസിയ്‌ക്കൊപ്പം കൈകോര്‍ക്കുന്നത്. ലാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. കൂട്ടുകെട്ട് ഒന്നിച്ചപ്പോഴൊക്കെ മലയാളത്തിന് മികച്ച സിനിമകള്‍ ലഭിച്ചിരുന്നു. ബ്ലെസിയുടെ സിനിമകളില്‍ അഭിനയത്തിന്റെ പുതിയ തലങ്ങളിലെത്തിച്ചേരാനും ലാലിന് കഴിഞ്ഞു. എന്നാല്‍ അനുപം ഖേറിനെ പോലെ എക്‌സ്പീരിയന്‍സ് ആക്ടര്‍ക്കൊപ്പമുള്ള അഭിനയം ലാലിനൊരു വെല്ലുവിളിയാവുമെന്ന കാര്യത്തില്‍ സംശയമില്ല.

Tuesday, January 11, 2011

മോഹന്‍ലാല്‍ ഉറച്ചുതന്നെ, ബ്ലെസിയെയും പിടിച്ചു!



2010ല്‍ ഏറ്റ തിരിച്ചടി മോഹന്‍‌ലാല്‍ ക്യാമ്പിനെ ഉണര്‍ത്തിയിരിക്കുകയാണ്. ഈ വര്‍ഷം വമ്പന്‍ ഹിറ്റുകളിലൂടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. മുമ്പ് തീരുമാനിച്ചിരുന്ന പ്രൊജക്ടുകള്‍ കൂടാതെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കാന്‍ കഴിയുന്ന ചില പ്രൊജക്ടുകള്‍ കൂടി ഇത്തവണത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ലാല്‍. ഏറ്റവും പുതിയ വാര്‍ത്ത, ബ്ലെസിയുടെ ഒരു സിനിമയും ഈ വര്‍ഷം മോഹന്‍ലാലിന് ഉണ്ടാകും എന്നതാണ്.

നേരത്തേ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് എന്നീ വമ്പന്‍‌മാരുടെ ചിത്രങ്ങളില്‍ ഈ വര്‍ഷം അഭിനയിക്കുക എന്ന ചടുലനീക്കത്തിലൂടെ മോഹന്‍ലാല്‍ എതിര്‍ക്യാമ്പുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബ്ലെസിയെക്കൂടി പിടിച്ചതോടെ ഈ വര്‍ഷം മോഹന്‍ലാലിന് ഗംഭീര സിനിമകളാണ് വരിക എന്നുറപ്പായി. ലാല്‍ ജോസിന്‍റെ സിനിമയും ഈ വര്‍ഷം ഉള്‍പ്പെടുത്താനാണ് പുതിയ നീക്കം.

‘ആ‍ടുജീവിതം’ എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാണ് ബ്ലെസി തീരുമാനിച്ചിരുന്നത്. അതിനുശേഷം ഒരു വിക്രം ചിത്രം സംവിധാനം ചെയ്യാനും ബ്ലെസിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, തന്‍റെ മറ്റെല്ലാ പ്രൊജക്ടുകളും മാറ്റിവച്ച് മോഹന്‍ലാലിനോട് സഹകരിക്കാന്‍ ബ്ലെസി തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിന്‍റെ നേരിട്ടുള്ള അഭ്യര്‍ത്ഥനപ്രകാരമാണ് ബ്ലെസി തന്‍റെ മറ്റ് പ്രൊജക്ടുകള്‍ നീട്ടിവച്ചതെന്നറിയുന്നു.

ഈ വര്‍ഷം റിലീസാകുമെന്ന് പ്രതീക്ഷിക്കുന്ന മോഹന്‍ലാല്‍ പ്രൊജക്ടുകള്‍ ശ്രദ്ധിക്കുക - ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, കാസനോവ, സത്യന്‍ അന്തിക്കാടിന്‍റെ ‘ജീവിതസാഗരം’, പ്രിയദര്‍ശന്‍റെ കോമഡിച്ചിത്രം, ബ്ലെസിയുടെ ഫാമിലി ഡ്രാമ, ലാല്‍ ജോസിന്‍റെ ഹ്യൂമര്‍ ചിത്രം. 2010 ആവര്‍ത്തിക്കാതിരിക്കാനുള്ള ലാലിന്‍റെ ഈ ശ്രമങ്ങള്‍ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.