Sunday, December 5, 2010

മന്മഥന്‍ അമ്പ് എന്റെ വ്യത്യസ്ത ചിത്രം -കമലഹാസന്‍


ഡിസംബര്‍ മൂന്നാം വാരത്തില്‍ പ്രദര്‍ശനത്തിന്

ചെന്നൈ: അഞ്ചുവര്‍ഷത്തിനുശേഷം പ്രശസ്ത ചലച്ചിത്രതാരങ്ങളായ കമലഹാസനും മാധവനും ഒന്നിക്കുന്ന മന്മഥന്‍ അമ്പ് ഡിസംബര്‍ മൂന്നാം വാരത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. കപ്പലിലും വിദേശത്തുമായി ചിത്രീകരിച്ച ബിഗ് ബജറ്റ് സിനിമയില്‍ റൊമാന്‍റിക്കും വിഷാദഭാവവും ഒരുപോലെ സമന്വയിപ്പിച്ചിട്ടുണ്ടെന്ന് കമലഹാസന്‍ ചെന്നൈയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭൂരിഭാഗം രംഗങ്ങളും കപ്പലില്‍ ചിത്രീകരിച്ച സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ കമലഹാസന്‍േറതാണ്.

കപ്പലില്‍ വെച്ച് ആഴ്ചകളോളം ചെലവിട്ട് നിര്‍മിച്ച ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് എല്ലാ കഥാപാത്രങ്ങളും ഒരുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. കപ്പലില്‍ ജീവനക്കാരും സാങ്കേതികവിദഗ്ധരുമായി മാത്രം 150 പേരോളമുണ്ടായിരുന്നു. കപ്പലില്‍വെച്ച് നടക്കുന്ന കഥയായതിനാലാണ് ഭൂരിഭാഗം രംഗങ്ങളും കപ്പലില്‍ വെച്ച് ചിത്രീകരിച്ചതെന്ന് കമലഹാസന്‍ പറഞ്ഞു. തമിഴിനുപുറമേ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യുന്നുണ്ട്. ഡിസംബര്‍ പത്തിന് സെന്‍സറിങ് കഴിഞ്ഞതിനുശേഷം സിനിമ റിലീസ് ചെയ്യുന്ന തീയതി അന്തിമമായി പ്രഖ്യാപിക്കും. ഡിസംബര്‍ പതിനേഴിന് റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമലഹാസന്‍ പറഞ്ഞു.

സിനിമയില്‍ നാലു ഗാനങ്ങളും ഒരു കവിതയുമാണുള്ളത്. ഇതില്‍ മൂന്നു ഗാനങ്ങളും ഒരു കവിതയും കമലഹാസനാണ് എഴുതിയത്. രണ്ടു ഗാനങ്ങളും കവിതയും പാടിയതും കമലഹാസന്‍തന്നെയാണ്.

ഉദയനിധി സ്റ്റാലിന്‍ റെഡ് ജയന്‍റ് മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം കെ.എസ്. രവികുമാറാണ്. കമലഹാസനുമായി ഒന്നിച്ച് ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണിതെന്ന് കെ.എസ്. രവികുമാര്‍ പറഞ്ഞു. കമലഹാസനോടൊപ്പം സിനിമ ചെയ്യുന്നത് ഒരുനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ തവണയും അദ്ദേഹത്തില്‍നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാവുന്നുണ്ട്. സിനിമയില്‍ കമലഹാസന് 30 വയസ്സ് മാത്രമേ തോന്നൂവെന്ന് രവികുമാര്‍ വ്യക്തമാക്കി. കമലഹാസന്‍ ക്യാമറയ്ക്കുമുന്നില്‍ മാത്രമല്ല ക്യാമറയ്ക്കുപിന്നിലും ഒരുപോലെ തിളങ്ങിയ ചിത്രമാണിത്. ദശാവതാരം, തെന്നാലി, പഞ്ചതന്ത്രം എന്നീ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു റോളാണ് കമലഹാസന്‍േറത്. തൃഷ, സംഗീത എന്നിവരും മലയാളി ചലച്ചിത്രതാരങ്ങളായ മഞ്ജു പിള്ള, കുഞ്ചന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കേരളത്തില്‍ സിനിമയുടെ വിതരണം ഗോകുലം മൂവീസാണ്.

മാധവന്‍ (മദനന്‍), തൃഷയെ (അംബുജം) സ്‌നേഹിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അംബുജം മാധവനെ യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടോയെന്ന് അറിയാനായി മാധവന്‍തന്നെ നിയോഗിക്കുന്ന സ്വകാര്യ ഡിറ്റക്ടീവാണ് കമലഹാസന്‍.

കമലഹാസന്റെ ജീവിതപങ്കാളിയായാണ് സംഗീത അഭിനയിക്കുന്നത്. തൃഷയുമായി ഇടപഴകുന്നതിലൂടെ കമലഹാസനെ നഷ്ടപ്പെടുമോയെന്ന സംഗീതയുടെ ആശങ്കയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ദേവിശ്രീ പ്രസാദ് ആണ് സംഗീതസംവിധായകന്‍. സിനിമയുടെ ഓഡിയോ റിലീസ് സിംഗപ്പൂരില്‍വെച്ചാണ് നടന്നത്.