Tuesday, December 14, 2010

ഓര്‍മ മാത്രം



അച്ഛനും അമ്മയും അഞ്ചു വയസുള്ള മകനും മാത്രമടങ്ങുന്നതായിരുന്നു ആ കുടുംബം. ഒരു പ്രശ്‌നവുമില്ലാതെ മമ്പോട്ടു പോയിക്കൊണ്ടിരുന്ന ആ കുടുംബത്തിന് ഒരു ദുരന്തത്തെ നേരിടേണ്ടിവരുന്നു. ആ ദുരന്തത്തിലൂടെ അയാള്‍ സമൂഹത്തെ നോക്കിക്കാണുകയും സമൂഹം, അയാളെ നോക്കിക്കാണുകയും ചെയ്യുന്നു. വര്‍ത്തമാനകാലത്തിന്റെ പല ഘടകങ്ങളിലൂടെയുമാണ് സമൂഹം ഇതിനെ നേരിടുന്നത്. മധുകൈതപ്രം സംവിധാനം ചെയ്യുന്ന 'ഓര്‍മ മാത്രം' എന്ന ചിത്രത്തിലൂടെ അവലോകനം ചയ്യുന്നത് ഈ പ്രമേയമാണ്. ദിലീപും പ്രിയങ്കയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'നസ്രാണി'ക്കുശേഷം ഹൊറൈസണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം. രാജന്‍ (ദോഹ) നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിലെ അവന്യു റസിഡന്റ് ഹോട്ടലില്‍ നടന്നു. ചലച്ചിത്ര, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേരുടെയും ബന്ധുമിത്രാദികളുടെയും അണിയറപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പ്രശസ്ത സംവിധായകന്‍ ജയരാജ് ആദ്യ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് നിര്‍മാതാവ് എം. രാജനും ഭാര്യ രജിതാരാജനും രാംദാസ് തളിപ്പറമ്പ്, ബാബു ചെറിയാന്‍, മനോജ് കെ. ജയന്‍, ലാലു അലക്‌സ്, കെ. ബാബു എം.എല്‍.എ. എന്നിവര്‍ ചേര്‍ന്നു പൂര്‍ത്തീകരിച്ചു.

ദിലീപ്, പ്രിയങ്ക, പ്രമോദ് പപ്പന്‍, രഞ്ജിത് ശങ്കര്‍, ഇടവേള ബാബു, മമ്മി സെഞ്ച്വറി, കെ. മോഹന്‍ (സെവന്‍ ആര്‍ട്‌സ്) ജഗദീഷ് ചന്ദ്രന്‍, ദിലീപ് കുന്നത്ത്, വ്യാസന്‍ എടവനക്കാട്, എം.ജെ. രാധാകൃഷ്ണന്‍, കൈതപ്രം വിശ്വനാഥ്, അനില്‍ മുഖത്തല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സി.വി. ബാലകൃഷ്ണന്‍, സാബുചെറിയാന്‍, ദിലീപ്, എം. ജയരാജ്, ലാലു അലക്‌സ്, മനോജ് കെ. ജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംവിധായകന്‍ മധു കൈതപ്രം നന്ദി പ്രകാശിപ്പിച്ചു. ദിലീപ്, പ്രിയങ്ക എന്നിവര്‍ക്കു പുറമെ ജഗതി, ലാലുഅലക്‌സ്, സലിംകുമാര്‍, മനോജ് കെ. ജയന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. റഹീം കടവത്തിന്റെ കഥയ്ക്ക് സി.വി. ബാലകൃഷ്ണന്‍ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. കൈതപ്രം ദാമോദരന്‍-കൈതപ്രം വിശ്വനാഥന്‍ ടീമിന്റേതാണ് ഗാനവിഭാഗം. എം.ജെ. രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഒക്‌ടോബര്‍ അവസാനവാരത്തില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. കൊച്ചിയും തിരുപ്പൂരുമാണ് ലൊക്കേഷനുകള്‍.