Sunday, May 15, 2011

തിലകന്‍ തിരിച്ചെത്തുന്നു; ഒപ്പം രഞ്ജിത്തും പൃഥ്വിരാജും


വളരെക്കാലമായി സമാന്തരസിനിമയിലും ലോ ബജറ്റ് സിനിമകളിലും മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന തിലകന്‍ ഇതാ വീണ്ടും മെയിന്‍ സ്ട്രീം സിനിമയില്‍ തിരിച്ചെത്തുന്നു. തിലകന് ഏര്‍പ്പെടുത്തിയിരുന്ന അപ്രഖ്യാപിത വിലക്ക് സിനിമാ സംഘടനകള്‍ നീക്കിയതിനെ തുടര്‍ന്നാണിത്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റിന് ശേഷം പ്രമുഖ സംവിധായകന്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പീ എന്ന സിനിമയിലൂടെയാണ് തിലകന്‍ മുഖ്യധാരാ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജാണ് സിനിമയിലെ നായകന്‍. ഈ സിനിമ കൂടാതെ മോഹന്‍ലാല്‍ നായകനാവുന്ന മറ്റൊരു സിനിമയിലും തിലകന്‍ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കും എന്നറിയുന്നു.

മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കിയിട്ടാണ് ഇന്ത്യന്‍ റുപ്പീ ഒരുക്കുന്നത്. ഒറ്റദിവസം കൊണ്ട് കോടീശ്വരന്‍‌മാരാകാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ യുവത്വത്തെക്കുറിച്ചാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്.
ആദ്യചിത്രമായ ഉറുമിയിലൂടെ തന്നെ മലയാളത്തിലെ പ്രമുഖ സിനിമാ ബാനറായി മാറിക്കഴിഞ്ഞ ഓഗസ്‌റ്റ്‌ സിനിമയും രഞ്‌ജിത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോള്‍ തിയറ്ററും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക. പൃഥ്വിരാജ്‌, സന്തോഷ്‌ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ഓഗസ്‌റ്റ്‌ സിനിമയുടെ സാരഥികള്‍.

ജയപ്രകാശ്‌ അല്ലെങ്കില്‍ ജെ.പി എന്ന് വിളീക്കപ്പെടുന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനായി പൃഥ്വിരാജ് ഇതില്‍ വേഷമിടും. മാധവമേനോന്‍ എന്ന കഥാപാത്രത്തെയാണ്‌ തിലകന്‍ അവതരിപ്പിക്കുക. നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ്‌, കല്‍പ്പന, ബാബുരാജ്‌ എന്നിവരും ഇന്ത്യന്‍ റുപ്പീയില്‍ അഭിനയിക്കും. റീമാ കല്ലിങ്കല്‍ ആണ്‌ നായിക. ടിനിടോമിനും ശ്രദ്ധിക്കപ്പെടുന്ന വേഷമാണ്‌ ചിത്രത്തില്‍. എസ്‌ കുമാറാണ്‌ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും. ഷഹബാസ്‌ അമനാണ്‌ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്‌. എഡിറ്റര്‍ - വിജയശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സണ്‍ പൊടുത്താസ്‌.