Sunday, May 15, 2011
‘കസിന്‍സ്’ മുടങ്ങിയതിന് കാരണം ലാലോ പൃഥ്വിയോ അല്ല
തന്‍റെ പ്രസ്റ്റീജ് ചിത്രമായ ‘കസിന്‍സ്’ ചിത്രീകരണം ആരംഭിക്കാന്‍ കഴിയാതെ പോയത് മോഹന്‍ലാലിന്‍റെയോ പൃഥ്വിരാജിന്‍റെയോ കുറ്റം കൊണ്ടല്ലെന്ന് സംവിധായകന്‍ ലാല്‍ ജോസ്. കസിന്‍സ് താന്‍ വേണ്ടെന്നുവച്ചിട്ടില്ലെന്നും ദിലീപ് ചിത്രം കഴിഞ്ഞാല്‍ കസിന്‍സ് തുടങ്ങാനാണ് പദ്ധതിയെന്നും ലാല്‍ ജോസ് അറിയിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ‘കസിന്‍സ്’ തുടങ്ങേണ്ടിയിരുന്നത്. മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയുമൊക്കെ ഡേറ്റ്സ് ശരിയായി വന്നതാണ്. എന്നാല്‍ നിര്‍മ്മാതാവിന് ഇവരുടെ ഡേറ്റ്സ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഇതാണ് സത്യം. അല്ലാതെ മോഹന്‍ലാലിന്‍റെയോ പൃഥ്വിയുടെയോ കുറ്റം കൊണ്ടല്ല കസിന്‍സ് മുടങ്ങിയത്. കസിന്‍സ് ഞാന്‍ വേണ്ടെന്നുവച്ചിട്ടില്ല - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ലാല്‍ ജോസ് വെളിപ്പെടുത്തി.
“കസിന്‍സ് എന്ന പ്രൊജക്ട് തീര്‍ച്ചയായും നടക്കും. അതിന്‍റെ വിതരണാവകാശം സെവന്‍ ആര്‍ട്സ് ഏറ്റെടുത്തുകഴിഞ്ഞു. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരുടെ ഡേറ്റുകള്‍ സെവന്‍ ആര്‍ട്സുമായി സംസാരിച്ച് തീര്‍ച്ചപ്പെടുത്തും. ഈ വര്‍ഷമോ അടുത്തവര്‍ഷം ആദ്യമോ കസിന്‍സിന്‍റെ ചിത്രീകരണം ആരംഭിക്കും.” - ലാല്‍ ജോസ് പറയുന്നു.
ലാല്‍ജോസ് അറബിക്കഥ ചെയ്യുന്ന കാലം മുതല്‍ ആലോചിച്ചുതുടങ്ങിയ പ്രൊജക്ടാണ് കസിന്‍സ്. ഇക്ബാല്‍ കുറ്റിപ്പുറത്തെ തിരക്കഥ ചെയ്യാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അറബിക്കഥ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കസിന്‍സ് ചെയ്യാന്‍ ലാല്‍ ജോസിന് കഴിഞ്ഞില്ല. അറബിക്കഥ കഴിഞ്ഞ് മുല്ല, നീലത്താമര, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ സിനിമകള്‍ ലാല്‍ ജോസ് ചെയ്തു. അപ്പോഴും കസിന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്തായാലും സെവന്‍ ആര്‍ട്സ് ഈ പ്രൊജക്ട് ഏറ്റെടുത്തതോടെ ലാല്‍ ജോസിന് ആശ്വാസമായിരിക്കുകയാണ്. തൃശൂര്‍, പൊള്ളാച്ചി, ശിവകാശി എന്നിവിടങ്ങളിലായാണ് കസിന്‍സ് ചിത്രീകരിക്കുകയെന്ന് സൂചനയുണ്ട്.
ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ലാല്‍ ജോസ് ഇപ്പോള്‍ ഒരുങ്ങുന്നത്. ബെന്നി പി നായരമ്പലമാണ് തിരക്കഥയെഴുതുന്നത്. വിദേശത്തുവച്ച് ചിത്രീകരിക്കുന്ന ഈ സിനിമയില്‍ വിദേശ നായികയായിരിക്കും. ദിലീപ് - ബെന്നി - ലാല്‍ ജോസ് ടീമിന്‍റെ ‘ചാന്തുപൊട്ട്’ മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ലാല്‍ ജോസിന്‍റെ പ്രതീക്ഷ.
Labels:
chanthupottu,
cinema news updates,
cousins,
dileep,
filim news updates,
filimnewsupdates,
karukulathel,
lal jose,
mathews k mathew,
mohanlal,
pridhviraj,
seven arts,
tinsmonmathew