Showing posts with label thilakan. Show all posts
Showing posts with label thilakan. Show all posts

Sunday, May 15, 2011

തിലകന്‍ തിരിച്ചെത്തുന്നു; ഒപ്പം രഞ്ജിത്തും പൃഥ്വിരാജും


വളരെക്കാലമായി സമാന്തരസിനിമയിലും ലോ ബജറ്റ് സിനിമകളിലും മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന തിലകന്‍ ഇതാ വീണ്ടും മെയിന്‍ സ്ട്രീം സിനിമയില്‍ തിരിച്ചെത്തുന്നു. തിലകന് ഏര്‍പ്പെടുത്തിയിരുന്ന അപ്രഖ്യാപിത വിലക്ക് സിനിമാ സംഘടനകള്‍ നീക്കിയതിനെ തുടര്‍ന്നാണിത്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റിന് ശേഷം പ്രമുഖ സംവിധായകന്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പീ എന്ന സിനിമയിലൂടെയാണ് തിലകന്‍ മുഖ്യധാരാ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജാണ് സിനിമയിലെ നായകന്‍. ഈ സിനിമ കൂടാതെ മോഹന്‍ലാല്‍ നായകനാവുന്ന മറ്റൊരു സിനിമയിലും തിലകന്‍ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കും എന്നറിയുന്നു.

മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കിയിട്ടാണ് ഇന്ത്യന്‍ റുപ്പീ ഒരുക്കുന്നത്. ഒറ്റദിവസം കൊണ്ട് കോടീശ്വരന്‍‌മാരാകാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ യുവത്വത്തെക്കുറിച്ചാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്.
ആദ്യചിത്രമായ ഉറുമിയിലൂടെ തന്നെ മലയാളത്തിലെ പ്രമുഖ സിനിമാ ബാനറായി മാറിക്കഴിഞ്ഞ ഓഗസ്‌റ്റ്‌ സിനിമയും രഞ്‌ജിത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോള്‍ തിയറ്ററും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക. പൃഥ്വിരാജ്‌, സന്തോഷ്‌ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ഓഗസ്‌റ്റ്‌ സിനിമയുടെ സാരഥികള്‍.

ജയപ്രകാശ്‌ അല്ലെങ്കില്‍ ജെ.പി എന്ന് വിളീക്കപ്പെടുന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനായി പൃഥ്വിരാജ് ഇതില്‍ വേഷമിടും. മാധവമേനോന്‍ എന്ന കഥാപാത്രത്തെയാണ്‌ തിലകന്‍ അവതരിപ്പിക്കുക. നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ്‌, കല്‍പ്പന, ബാബുരാജ്‌ എന്നിവരും ഇന്ത്യന്‍ റുപ്പീയില്‍ അഭിനയിക്കും. റീമാ കല്ലിങ്കല്‍ ആണ്‌ നായിക. ടിനിടോമിനും ശ്രദ്ധിക്കപ്പെടുന്ന വേഷമാണ്‌ ചിത്രത്തില്‍. എസ്‌ കുമാറാണ്‌ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും. ഷഹബാസ്‌ അമനാണ്‌ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്‌. എഡിറ്റര്‍ - വിജയശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സണ്‍ പൊടുത്താസ്‌.

Wednesday, April 27, 2011

വിലക്കിന്‍റെ കാലം കഴിഞ്ഞു, തിലകന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം



മലയാള സിനിമയില്‍ വിലക്കിന്‍റെ കാലം അവസാനിക്കുകയാണ്. നടന്‍ തിലകന്‍ പൂര്‍വാധികം ശക്തിയോടെ മലയാള സിനിമയില്‍ സജീവമാകുന്നു. തിലകനെതിരായ വിലക്ക് ഫെഫ്ക പിന്‍‌വലിച്ചതോടെ തിലകന്‍റെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്നു.

മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് തിലകന്‍ തിരിച്ചെത്തുന്നത് ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ്. മോഹന്‍ലാല്‍ നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തിലകന്‍ അവതരിപ്പിക്കും എന്നാണ് സൂചന. മേയ് അവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന.

‘എന്‍റെ ചിത്രത്തില്‍ തിലകന്‍ ചേട്ടന് യോജിക്കുന്ന ഒരു വേഷമുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ സഹകരിപ്പിക്കും” - എന്ന് തിലകനെതിരെ വിലക്കുവന്ന സമയത്തുതന്നെ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ തിലകന്‍ അഭിനയിക്കുന്ന കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

ഷീലയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മനസ്സിനക്കരെയ്ക്ക് ശേഷം സത്യന്‍ ചിത്രത്തില്‍ വീണ്ടും ഷീല എത്തുകയാണ്. പത്മപ്രിയ, ബിജുമേനോന്‍, ഇന്നസെന്‍റ്, മാമുക്കോയ, കെ പി എ സി ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇളയരാജ സംഗീതം നല്‍കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസ്.

കിരീടം, ചെങ്കോല്‍, സ്ഫടികം, കിലുക്കം, നരസിംഹം, മിന്നാരം, ഇവിടം സ്വര്‍ഗമാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ - തിലകന്‍ കോമ്പിനേഷന്‍ മലയാളികള്‍ ആസ്വദിച്ചു. വീണ്ടും ലാലും തിലകനും ഒന്നിക്കുമ്പോള്‍ അഭിനയലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്‍‌മാരുടെ പ്രകടനത്തിനാവും ഏവരും സാക്‍ഷ്യം വഹിക്കുക.

Sunday, January 30, 2011

മാപ്പുപറഞ്ഞ് ഇനി സിനിമയിലേക്കില്ല-തിലകന്‍



കോട്ടയം: ഓസ്‌കാര്‍ കിട്ടുന്ന റോളായാലും മാപ്പുപറഞ്ഞ് സിനിമാഭിനയത്തിലേക്ക് മടങ്ങിവരാന്‍ ഇനി ഒരുക്കമല്ലെന്ന് നടന്‍ തിലകന്‍. തിരുനക്കര മൈതാനത്ത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'അമ്മ'യോട് മാപ്പ് പറഞ്ഞേ സിനിമയിലേക്ക് തിരിച്ചുവരാന്‍ കഴിയൂ എന്നാണെങ്കില്‍ ആ ആഗ്രഹമില്ല. കുറ്റം ചെയ്താലല്ലേ മാപ്പു പറയേണ്ട ആവശ്യമുള്ളൂ- അദ്ദേഹം പറഞ്ഞു.നാടകത്തില്‍ സജീവമാകുമ്പോള്‍ മനസ്സിന്‌സന്തോഷം തിരിച്ചുകിട്ടുന്നു. സാഹിത്യത്തിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം നാടകം തന്നെയാണ്. അന്നും ഇന്നും സിനിമയോട് വലിയ ആഭിമുഖ്യമില്ല.-തിലകന്‍ പറഞ്ഞു.ദര്‍ശന ഡയറക്ടര്‍ ഫാ.തോമസ് പുതുശ്ശേരി തിലകനെ പൊന്നാടയണിയിച്ചു. ദര്‍ശന നാടകോത്സവത്തിലെ മികച്ച നാടകങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ആട്ടിസ്റ്റ് സുജാതനെ തിലകന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

Thursday, January 20, 2011

മുകേഷ് സി‌പി‌ഐ സ്ഥാനാര്‍ത്ഥി, മത്സരം ഗണേഷിനെതിരെ!



തിലകനല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നടന്‍ മുകേഷാണ് സി പി ഐ സ്ഥാനാര്‍ത്ഥി. മത്സരിക്കുന്നതോ, നടനും എം എല്‍ എയുമായ കെ ബി ഗണേഷ്കുമാറിനെതിരെ. ഇക്കാര്യത്തില്‍ സി പി ഐ ഏകദേശം ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. മുകേഷിനും മത്സരിക്കുന്നതിനോട് താല്‍പ്പര്യമുണ്ടെന്നാണ് അറിയുന്നത്.

ഗണേഷിനെതിരെ താന്‍ മത്സരിക്കുമെന്ന് തിലകന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. തന്നെ സി പി ഐ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ മുകേഷ് സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി തിലകന്‍ മാറിനില്‍ക്കാനാണ് സാധ്യത.

നിലവില്‍ പത്തനാപുരം എം എല്‍ എയാണ് ഗണേഷ്. രണ്ടുതവണ മത്സരിച്ചുജയിക്കുകയും ഒരു തവണ മന്ത്രിയാകുകയും ചെയ്തു. ഗണേഷിനെ പത്തനാപുരത്ത് പരാജയപ്പെടുത്തുന്നത് അത്രയെളുപ്പമുള്ള കാര്യമല്ലെന്ന് സി പി ഐക്കറിയാം. തിലകനെ മത്സരിപ്പിച്ചാല്‍ അത് പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം എന്നതിലുപരി വ്യക്തികള്‍ തമ്മിലുള്ള പകവീട്ടലായി മാറും.

Wednesday, January 12, 2011

'അച്ഛന്‍' എന്ന സിനിമയ്ക്ക് ഒടുവില്‍ തിയേറ്റര്‍ അനുവദിച്ചു



കോഴിക്കോട്: തിലകനെ നായകനാക്കി അലി അക്ബര്‍ സംവിധാനം ചെയ്ത 'അച്ഛന്‍' എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒടുവില്‍ തിയേറ്ററുകള്‍ ലഭിച്ചു. ചിത്രം ജനവരി 14ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഒരാഴ്ചയാണ് പ്രദര്‍ശന സമയമായി അനുവദിച്ചിട്ടുള്ളത്.

തിയേറ്ററുകള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സിനിമയുടെ നിര്‍മാതാവ് മരണംവരെ ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴങ്ങുകയാണുണ്ടായത്. തിയേറ്ററുകളിലേക്ക് സിനിമ ചാര്‍ട്ട് ചെയ്യുന്ന സംവിധായകന്‍ ഹരികുമാര്‍ അലി അക്ബറെ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രാഞ്ജലി പാക്കേജ് പ്രകാരം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ ജനവരി 14 മുതല്‍ സര്‍ക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതു പ്രകാരം പോസ്റ്ററുകള്‍ തയ്യാറാക്കുകയും ചെയ്‌തെങ്കിലും അവസാന നിമിഷം കെ.എസ്.എഫ്.ഡി.സി. അധികൃതര്‍ തിയേറ്ററുകള്‍ അനുവദിക്കാനാവില്ല എന്ന നിലപാടില്‍ എത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിനിമയുടെ നിര്‍മാതാവായ അലി അക്ബറുടെ ഭാര്യ പ്രക്ഷോഭപരിപാടികള്‍ തീരുമാനിച്ചത്.

ചിത്രാഞ്ജലി പാക്കേജായിട്ടും ഈ സിനിമയ്ക്ക് സബ്‌സിഡി നല്‍കുന്നില്ല. എട്ടു ലക്ഷം രൂപ ചെലവഴിച്ച് പ്രിന്‍റ് എടുക്കുന്നവര്‍ക്കേ സബ്‌സിഡി നല്‍കൂ എന്നതാണ് കെ.എസ്.എഫ്.ഡി.സി.യുടെ നിലപാട്. തിലകനെ നായകനാക്കി സിനിമ നിര്‍മിച്ചതിന്റെ പേരില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട സിനിമയായിരുന്നു 'അച്ഛന്‍'.

Tuesday, January 11, 2011

സൂപ്പറുകള്‍ വെറും കരിക്കട്ടകള്‍: തിലകന്‍



മലയാളസിനിമ ഇന്ന് നേരിടുന്ന പ്രതിസന്ധികളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം കരിക്കട്ടകളായ സൂപ്പര്‍താരങ്ങള്‍ക്കാണെന്ന് നടന്‍ തിലകന്‍.

തങ്ങളില്ലെങ്കില്‍ മലയാളസിനിമയുടെ ഭാവി അപകടത്തിലാണെന്നുള്ള കരുതുന്നവരാണ് സൂപ്പര്‍താരങ്ങള്‍. സത്യന്‍, പ്രേംനസീര്‍ തുടങ്ങിയവര്‍ അഭിനയിച്ച പഴയകാല ചലച്ചിത്രങ്ങള്‍ ഇന്നും കലാസൃഷ്ടികള്‍ എന്ന നിലയില്‍ പുതിയ തലമുറ ഉള്‍ക്കൊള്ളുമ്പോള്‍ ഇന്നത്തെ സിനിമകള്‍ നൈമിഷികമായി കണ്ട് മറന്നുപോകുകയാണ് ചെയ്യുന്നത്.

പാരിപ്പള്ളി സംസ്‌കാര ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ അവാര്‍ഡുദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തിലകന്‍.

വയസ്സന്‍മാരായ നായകന്മാരോടൊപ്പം അഭിനയിക്കേണ്ടിവരുന്ന നായികമാരുടെ സ്ഥിതിയാണ് ദയനീയം. അച്ഛനേക്കാള്‍ പ്രായമുള്ളവരോടൊപ്പം ഭാര്യയായും കാമുകിയായും അഭിനയിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകര്‍ക്കും ഇവരോട് പുച്ഛമാണ് തോന്നുന്നത്.

നാടകം മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറയപ്പെടുന്ന കാലഘട്ടത്തിലാണ് താന്‍ നാടകത്തിലേക്ക് തിരിച്ചുവരുന്നതെന്നും തിലകന്‍ പറഞ്ഞു.

മണി മാത്രമല്ല, തിലകനും ജഗദീഷും മത്സരിക്കും

കേരളവും തമിഴകത്തെ അനുകരിക്കാനൊരുങ്ങുകയാണോ? അതെയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴകത്തെ പോലെ മലയാള സിനിമാതാരങ്ങളും നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നാല് താരങ്ങളാണ് മലയാള വെള്ളിത്തിരയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. കലാഭവന്‍ മണി, തിലകന്‍, ജഗദീഷ്, ഗണേശ് എന്നിവരാണ് തെരഞ്ഞെടുപ്പിന് ഗ്ലാമര്‍ പകരാന്‍ തയ്യാറെടുക്കുന്നത്.

ഇവരില്‍ മുന്‍‌മന്ത്രി കൂടിയായ ഗണേശ് മത്സരിക്കുമെന്ന് ഉറപ്പാണ്. കലാഭവന്‍ മണിയും ഏതാണ്ട് സീറ്റ് ഉറപ്പാക്കിക്കഴിഞ്ഞെന്നാണ് സൂചന. കലാഭവന്‍ മണി ചാലക്കുടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്നാണ് അറിയുന്നത്. പത്മജ വേണുഗോപാലായിരിക്കും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കരുണാകരന്റെ വേര്‍പാട് സൃഷ്ടിച്ച സഹതാപതരംഗത്തില്‍ നിന്ന് പത്മജയ്ക്ക് ലഭിക്കുന്ന ആനുകൂല്യം മറികടക്കാന്‍ മണിയുടെ സ്ഥാനാര്‍ഥിത്വം ഉപകരിക്കുമെന്നാണ് സിപി‌എം വിലയിരുത്തല്‍. ചാലക്കുടിയില്‍ മണിക്കുള്ള സ്വാധീനം വോട്ടായി മാറിയാല്‍ നിഷ്‌പ്രയാസം വിജയിക്കാനാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണി നിര്‍ത്തിയ രണ്ട്‌ സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതും സിപിഎമ്മിന്‌ ആത്‌മവിശ്വാസം പകരുന്നുണ്ട്‌.

പത്തനാപുരത്താണ്‌ ഗണേശ് ഇത്തവണയും മല്‍സരിക്കുന്നതെങ്കില്‍ തിലകനും അവിടെനിന്നു ജനവിധി തേടാനാണ് സാധ്യത. സിനിമയില്‍ നിന്ന്‌ തന്നെ പുറത്താക്കാന്‍ ഗണേശ് കരുക്കള്‍ നീക്കിയെന്നാണ് തിലകന്‍ ആരോപിക്കുന്നത്. അതിനാല്‍ എല്‍ ഡി എഫ്‌ പിന്തുണച്ചില്ലെങ്കില്‍ കൂടി ഗണേശനെതിരെ സ്വതന്ത്രനായി മല്‍സരിക്കുമെന്നാണ്‌ തിലകന്റെ നിലപാട്‌. എന്നാല്‍ രണ്ടുതവണ തുടര്‍ച്ചയായി വിജയിക്കുന്ന ഗണേശിനെ വീഴ്‌ത്താന്‍ തിലകന്‌ പിന്തുണ നല്‍കാന്‍ സി പി എം- സി പി ഐ കക്ഷികള്‍ തയ്യാറാകുമെന്നാണ്‌ അറിയുന്നത്.

തിരുവനന്തപുരത്തെ ഒരു മണ്ഡലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാനാണ് ജഗദീഷ് താല്‍പ്പര്യപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗദീഷ് മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഏതായാലും മേയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെങ്കിലും അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷയിലാണ് ജഗദീഷ്.

സ്വന്തം പാര്‍ട്ടി പോലും രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പയറ്റാനിറങ്ങിയ ദേവനും നിയമസഭാ സീറ്റില്‍ ഒരു കണ്ണുണ്ട്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ ചെന്നുകണ്ട് കോണ്‍ഗ്രസ് അംഗത്വം നേടിയെങ്കിലും നിയമസഭാ സീറ്റ് ദേവന് ലഭിക്കുന്ന കാര്യം അത്ര എളുപ്പമല്ലെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Wednesday, November 24, 2010

മോഹന്‍ലാലിന്‍റെ വഴിയേ പൃഥ്വിരാജ്




ഷാജി കൈലാസ് - എസ് എന്‍ സ്വാമി ടീം നാടുവാഴികള്‍ ആരംഭിക്കുകയാണ്. മോഹന്‍ലാലിനു പകരം പൃഥ്വിരാജാണ് പുതിയ നാടുവാഴികളില്‍ ‘അര്‍ജുന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പഴയ നാടുവാഴികള്‍ റീമേക്ക് ചെയ്യാന്‍ താന്‍ മോഹന്‍ലാലിനോട് അനുവാദം ചോദിച്ചതായി എസ് എന്‍ സ്വാമി ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

“മോഹന്‍ലാലിനോടും ജോഷിയോടും സെവന്‍ ആര്‍ട്സ് വിജയകുമാറിനോടും അനുവാദം വാങ്ങിയിട്ടാണ് നാടുവാഴികള്‍ റീമേക്ക് ചെയ്യുന്നത്. കഥയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ സ്ക്രീന്‍‌പ്ലേയില്‍ പൃഥ്വിരാജിന് യോജിക്കുന്ന രീതിയില്‍ മാറ്റിയിട്ടുണ്ട്” - സ്വാമി പറഞ്ഞു.

1989ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി മെഗാഹിറ്റായി മാറിയ ചിത്രമാണ് ‘നാടുവാഴികള്‍’. റീമേക്ക് ചിത്രത്തില്‍ അതിഥിതാരമായിപ്പോലും മോഹന്‍ലാല്‍ എത്തില്ലെന്നാണ് സൂചന. നാടുവാഴികളിലെ താരങ്ങളായ മധു, ദേവന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍‌പിള്ള രാജു, ബാബു നമ്പൂതിരി തുടങ്ങിയവര്‍ റീമേക്കിലും അണിനിരക്കും. എന്നാല്‍ തിലകനെ ഒഴിവാക്കാനാണ് സാധ്യത. ആ ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ..’ റീമിക്സ് ചെയ്ത് ഉപയോഗിക്കാനും ആലോചനയുണ്ട്.

മാളവിക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. മലയാളത്തിലെ ഒരു പ്രമുഖ നായിക ഈ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയാകുമെന്നറിയുന്നു. ജൂലൈ 14ന് ചിത്രത്തിന്‍റെ പൂജ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു. ഓഗസ്റ്റിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. സിയോണ്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫാക്ടറിയാണ് നാടുവാഴികള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.