Showing posts with label kpac lalitha. Show all posts
Showing posts with label kpac lalitha. Show all posts

Wednesday, April 27, 2011

വിലക്കിന്‍റെ കാലം കഴിഞ്ഞു, തിലകന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം



മലയാള സിനിമയില്‍ വിലക്കിന്‍റെ കാലം അവസാനിക്കുകയാണ്. നടന്‍ തിലകന്‍ പൂര്‍വാധികം ശക്തിയോടെ മലയാള സിനിമയില്‍ സജീവമാകുന്നു. തിലകനെതിരായ വിലക്ക് ഫെഫ്ക പിന്‍‌വലിച്ചതോടെ തിലകന്‍റെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്നു.

മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് തിലകന്‍ തിരിച്ചെത്തുന്നത് ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ്. മോഹന്‍ലാല്‍ നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തിലകന്‍ അവതരിപ്പിക്കും എന്നാണ് സൂചന. മേയ് അവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന.

‘എന്‍റെ ചിത്രത്തില്‍ തിലകന്‍ ചേട്ടന് യോജിക്കുന്ന ഒരു വേഷമുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ സഹകരിപ്പിക്കും” - എന്ന് തിലകനെതിരെ വിലക്കുവന്ന സമയത്തുതന്നെ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ തിലകന്‍ അഭിനയിക്കുന്ന കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

ഷീലയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മനസ്സിനക്കരെയ്ക്ക് ശേഷം സത്യന്‍ ചിത്രത്തില്‍ വീണ്ടും ഷീല എത്തുകയാണ്. പത്മപ്രിയ, ബിജുമേനോന്‍, ഇന്നസെന്‍റ്, മാമുക്കോയ, കെ പി എ സി ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇളയരാജ സംഗീതം നല്‍കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസ്.

കിരീടം, ചെങ്കോല്‍, സ്ഫടികം, കിലുക്കം, നരസിംഹം, മിന്നാരം, ഇവിടം സ്വര്‍ഗമാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ - തിലകന്‍ കോമ്പിനേഷന്‍ മലയാളികള്‍ ആസ്വദിച്ചു. വീണ്ടും ലാലും തിലകനും ഒന്നിക്കുമ്പോള്‍ അഭിനയലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്‍‌മാരുടെ പ്രകടനത്തിനാവും ഏവരും സാക്‍ഷ്യം വഹിക്കുക.

Thursday, February 3, 2011

പൃഥ്വി കനിഞ്ഞു, മാണിക്യക്കല്ലിന് ശാപമോക്ഷം



‘മാണിക്യക്കല്ല്’ എന്ന പേരിന് എന്തെങ്കിലും കുഴപ്പമുണ്ടോ? രാശിയുള്ള പേരല്ല അതെന്നാണ് ഇപ്പോള്‍ സിനിമാഫീല്‍ഡിലുള്ളവര്‍ പറയുന്നത്. ‘പെരുന്തച്ചന്‍’ സംവിധാനം ചെയ്ത അജയന്‍ തന്‍റെ രണ്ടാമത്തെ സിനിമയായി ചെയ്യാനിരുന്ന സിനിമയുടെ പേര് മാണിക്യക്കല്ല് എന്നായിരുന്നു. എം ടിയുടെ തിരക്കഥയിലായിരുന്നു അത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല. പിന്നീട് പ്രിയദര്‍ശന്‍ ആ പ്രൊജക്ട് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല.

‘കഥ പറയുമ്പോള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത എം മോഹന്‍ രണ്ടാമത്തെ ചിത്രത്തിന് പേരിട്ടതും ‘മാണിക്യക്കല്ല്’ എന്നുതന്നെ. പൃഥ്വിരാജായിരുന്നു നായകന്‍. ചിത്രീകരണം പാതിവഴിയിലെത്തിയപ്പോള്‍ സിനിമ മുടങ്ങി. പൃഥ്വിയുടെ തിരക്കായിരുന്നു ഒരുകാരണം. അന്യഭാഷാ ചിത്രങ്ങളും വമ്പന്‍ പ്രൊജക്ടുകളും പൃഥ്വിയെ റാഞ്ചിയെടുത്തപ്പോള്‍ മോഹന്‍റെ പാവം മാണിക്യക്കല്ല് ഷൂട്ടിംഗ് പുനരാരംഭിക്കാനാകാതെ കിടന്നു.

പൃഥ്വിയുടെ വമ്പന്‍ സിനിമകള്‍ - രാവണന്‍, അന്‍‌വര്‍, ത്രില്ലര്‍ - എല്ലാം തുടര്‍ച്ചയായി പൊളിഞ്ഞപ്പോള്‍, ഇപ്പോഴിതാ മാണിക്യക്കല്ലിന് ശാപമോക്ഷം ലഭിക്കുകയാണ്. സിറ്റി ഓഫ് ഗോഡ്, അര്‍ജുനന്‍ സാക്ഷി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ പൃഥ്വി ഇനി മാണിക്യക്കല്ലിന് ശേഷമേ മറ്റേതൊരു പ്രൊജക്ടിലേക്കുമുള്ളൂ എന്ന് തീരുമാനിച്ചിരിക്കുകയാണ്. തൊടുപുഴയില്‍ മാണിക്യക്കല്ലിന്‍റെ ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്നു.

ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലേക്ക് സ്ഥലം മാറിവരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഗുരു - ശിഷ്യ ബന്ധത്തിന്‍റെ കഥയാണ് മാണിക്യക്കല്ല് പറയുന്നത്. കുട്ടികള്‍ക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ഇത്. മുകേഷ്, ജഗതി, ഇന്നസെന്‍റ്‌, സലിം കുമാര്‍, കോട്ടയം നസീര്‍, ജഗദീഷ്, കെ പി എ സി ലളിത തുടങ്ങി ‘കഥ പറയുമ്പോള്‍’ ടീമിലെ മിക്ക താരങ്ങളും മാണിക്യക്കല്ലില്‍ അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും മോഹന്‍ തന്നെയാണ്. സംവൃത സുനിലാണ് നായിക.

എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പി സുകുമാര്‍. ഗൌരി മീനാക്ഷി മൂവീസിന്‍റെ ബാനറില്‍ ഗിരീഷ് ലാലാലാണ് മാണിക്യക്കല്ല് നിര്‍മ്മിക്കുന്നത്. കഥ പറയുമ്പോള്‍ പോലെ വ്യത്യസ്തമായ ഒരു കഥ നര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനാണ് മാണിക്യക്കല്ലിലൂടെ എം മോഹന്‍ ശ്രമിക്കുന്നത്.

Tuesday, February 1, 2011

ഗദ്ദാമ എത്തുന്നു



അശ്വതി, പാലക്കാട്ടെ ഗ്രാമീണ പെണ്‍കുട്ടിയാണ്. ഇടത്തരം കുടുംബത്തില്‍ പിറന്ന അശ്വതിക്ക് ചെറുപ്രായത്തില്‍ തന്നെ കുടുംബഭാരം ഏല്‍ക്കേണ്ടി വന്നു. അമ്മയും അനുജത്തിയുമുള്ള കുടുംബത്തെ സംരക്ഷിക്കുകയെന്നത് അശ്വതിയെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണമായിരുന്നു. അച്ചാറ് കമ്പനിയില്‍ ജോലി ചെയ്തു കിട്ടുന്ന കൂലി കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ പ്രയാസമായി.

ഇതിനിടയിലാണ് കല്യാണാലോചനയെത്തിയത്. രാധാകൃഷ്ണന്‍ ഡ്രൈവറാണ്. ശാന്ത പ്രകൃതനായ ആ ചെറുപ്പക്കാരനുമായിട്ടുള്ള വിവാഹം നടന്നു. കല്യാണത്തോടെ എല്ലാം ശരിയാകുമെന്ന് കരുതിയെങ്കിലും പരീക്ഷണങ്ങള്‍ക്ക് തുടരുകയായിരുന്നു. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതോടെ അശ്വതി ജോലിതേടി അറബിനാട്ടിലെത്തി. അവിടെയും ദുരിതങ്ങളാണ് അവളെ കാത്തിരുന്നത്. ഗള്‍ഫില്‍ അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കാരിയായി. ഇതിനിടെ ഒരു ദൈവ ദൂതനെപ്പോലെ ഒരാള്‍ പ്രത്യക്ഷപ്പെട്ടു - റസാക്ക് കോട്ടയ്ക്കല്‍.

സ്വപ്നങ്ങളുമായി അറബി നാട്ടിലെത്തി കഷ്ടപ്പെടുന്നവരെ സഹായിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന റസാക്ക് അശ്വതിക്ക് കൂട്ടാവുകയായിരുന്നു. ഇവിടം മുതല്‍ അശ്വതിയുടെ ജീവിതത്തിലെ വഴിത്തിരിവ് ആരംഭിക്കുന്നു.കമല്‍ സംവിധാനം ചെയ്യുന്ന 'ഗദ്ദാമ' എന്ന നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ അശ്വതിയായി എത്തുന്നത് കാവ്യാമാധവനാണ്. ബിജു മേനോന്‍ രാധാകൃഷ്ണനായും, ശ്രീനിവാസന്‍ റസാക്ക് കോട്ടയ്ക്കലായും പ്രത്യക്ഷപ്പെടുന്നു. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സുരാജ്‌വെഞ്ഞാറമൂട്, മുരളി ഗോപി, ജാഫര്‍ ഇടുക്കി, ശശി കലിംഗ, വിക്രമന്‍ നായര്‍, നിയാസ് കലാഭവന്‍, ഷൈന്‍ ടോം ചാലക്ക, ലെന, കെ.പി.എ.സി. ലളിത, സുകുമാരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ദുബായിയിലും പാലക്കാട്ടുമായി ചിത്രീകരണം പൂര്‍ത്തിയായ 'ഗദ്ദാമ' ഉടന്‍ തീയേറ്ററുകളിലെത്തും. കഥ: കെ.യു. ഇക്ബാലിന്റേതാണ്. കമലും കെ. ഗിരീഷ് കുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. സംഭാഷണം കെ. ഗിരീഷ് കുമാറിന്റേതാണ്.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബെന്നറ്റ് വിത്ത്‌രാഗ് ഈണം പകരുന്നു. ഹരിഹരന്‍, വിജയ് യേശുദാസ്, കാര്‍ത്തിക്, ചിത്ര, ശ്രേയാഘോഷാല്‍ എന്നിവരാണ് ഗായകര്‍. അനിതാ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ പി.വി. പ്രദീപ് നിര്‍മിക്കുന്ന ഈ ചിത്രം മുരളി ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പി.ആര്‍.ഒ. എ.എസ്. ദിനേശ്.