Wednesday, May 25, 2011

ക്രീസില്‍ കസറാന്‍ ഇനി സ്‌ക്രീനിലെ താരങ്ങള്‍



ബാംഗ്ലൂര്‍: ക്രിസ് ഗെയ്‌ലിന്റെയും പോള്‍ വാല്‍ത്താട്ടിയുടെയും വെടിക്കെട്ട് ബാറ്റിങ് അവസാനിച്ചു. ഇനി സ്‌ക്രീനിലെ താരങ്ങളുടെ പ്രകടനം ആസ്വദിക്കാന്‍ ഒരുങ്ങാം. ക്രിക്കറ്റ് മാമാങ്കം ഐ.പി.എല്ലിനു കൊടിയിറങ്ങുമ്പോള്‍ താരങ്ങള്‍ മണ്ണിലിറങ്ങുന്ന മറ്റൊരു പൂരത്തിന് അരങ്ങൊരുങ്ങി.ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ ഒന്നിച്ചണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സി.സി.എല്‍.) പ്രഥമ സീസണിന് ജൂണ്‍ നാലിനു ബാംഗ്ലൂരില്‍ തുടക്കം. ചെന്നൈ, ഹൈദരാബാദ് എന്നീ വേദികളിലും മത്സരമുണ്ടാകും.

ബോളിവുഡിലെയും തെലുങ്ക്, തമിഴ്, കന്നട സിനിമകളില്‍ നിന്നുമുള്ള താരങ്ങളും തങ്ങളുടെ ടീമുകള്‍ക്കു വേണ്ടി അണിനിരക്കും. ബോളിവുഡിന്റെ സ്വന്തം ടീമായ മുംബൈ ഹീറോസിനെ സല്‍മാന്‍ഖാന്‍ നയിക്കും. തമിഴകത്തെ താരങ്ങള്‍ അണിനിരക്കുന്ന ചെന്നൈ റൈനോസിന്റെ നായകന്‍ സൂര്യയാണ്. തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ് തെലുങ്ക് വാറിയേഴ്‌സിനെ നയിക്കും. സാന്‍ഡല്‍വുഡിന്റെ ടീം കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ നയിക്കുന്നതു സൂദീപാണ്.

ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ജൂണ്‍ നാലിന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ റൈനോസ് തെലുങ്ക് വാറിയേഴ്‌സുമായി ഏറ്റുമുട്ടും. വൈകിട്ട് നടക്കുന്ന രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ മുംബൈ വാറിയേഴ്‌സ് നേരിടും.
നാലു ടീമുകളും പ്രാഥമിക റൗണ്ടില്‍ പരസ്പരം മത്സരിക്കും. പോയന്റ് നിലയില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ ജൂണ്‍ 12ന് ഹൈദരാബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും.ഐ.പി.എല്‍. മാതൃകയില്‍ ട്വന്റി-20 പോരാട്ടമാണ് അരങ്ങേറുന്നത്.നായകതാരങ്ങള്‍ ക്രീസിലും ഫീല്‍ഡിലുമിറങ്ങുമ്പോള്‍ ഗാലറിയില്‍ ആവേശം പകരാന്‍ താരറാണികളുമെത്തും.

സ്വന്തം നാട്ടില്‍ നിന്നുള്ള ടീമുകള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളും മത്സരം കാണാനെത്തുന്നത് ആവേശം ഇരട്ടിയാക്കും.
ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാതാക്കളായ നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസിന്റെ കീഴിലുള്ള എ.കെ.കെ. എന്റര്‍ടെയ്ന്‍മെന്റാണ് കര്‍ണാടക ബുള്‍ഡോസേഴ്‌സിന്റെ ഉടമകള്‍. 17 കോടി രൂപയ്ക്കാണ് ടീമിനെ ഏറ്റെടുത്തിരിക്കുന്നത്.

കന്നട താരസംഘടനയുടെ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ അംബരീഷ്, താരങ്ങളായ പുനീത് രാജ്കുമാര്‍, രമ്യ എന്നിവരാണ് ബുള്‍ഡോസേഴ്‌സ് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. തപ്‌സി, സമാന്ത എന്നിവരാണ് തെലുങ്ക് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. താരങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ താരനിശയേക്കാള്‍ നല്ല മാര്‍ഗം ക്രീസിലിറങ്ങുന്നതാണെന്നാണ് സിനിമാലോകത്തെ പുതിയ സംസാരം. സന്നാഹമത്സരത്തിനു ഗാലറി തിങ്ങി നിറഞ്ഞതിനാല്‍ സി.സി.എല്ലിനു കാഴ്ചക്കാര്‍ കുറയില്ലെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

സ്വന്തം ടീമില്ലെന്ന മലയാളികളുടെ വിഷമം മാറാന്‍ അടുത്ത വര്‍ഷംവരെ കാത്തിരിക്കേണ്ടി വരും. മലയാള സിനിമയിലെ താരങ്ങളെ അണിനിരത്തി അടുത്ത സീസണില്‍ പുതിയ സി.സി.എല്‍. ടീം ഉണ്ടാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൊച്ചി കിങ്‌സ് എന്ന പേരില്‍ ടീമിനെ ഇറക്കാന്‍ അവസാനനിമിഷം ശ്രമിച്ചുവെങ്കിലും സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ വൈകിയതു തടസ്സമായി.