Wednesday, January 12, 2011

'അച്ഛന്‍' എന്ന സിനിമയ്ക്ക് ഒടുവില്‍ തിയേറ്റര്‍ അനുവദിച്ചു



കോഴിക്കോട്: തിലകനെ നായകനാക്കി അലി അക്ബര്‍ സംവിധാനം ചെയ്ത 'അച്ഛന്‍' എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒടുവില്‍ തിയേറ്ററുകള്‍ ലഭിച്ചു. ചിത്രം ജനവരി 14ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഒരാഴ്ചയാണ് പ്രദര്‍ശന സമയമായി അനുവദിച്ചിട്ടുള്ളത്.

തിയേറ്ററുകള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സിനിമയുടെ നിര്‍മാതാവ് മരണംവരെ ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴങ്ങുകയാണുണ്ടായത്. തിയേറ്ററുകളിലേക്ക് സിനിമ ചാര്‍ട്ട് ചെയ്യുന്ന സംവിധായകന്‍ ഹരികുമാര്‍ അലി അക്ബറെ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രാഞ്ജലി പാക്കേജ് പ്രകാരം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ ജനവരി 14 മുതല്‍ സര്‍ക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതു പ്രകാരം പോസ്റ്ററുകള്‍ തയ്യാറാക്കുകയും ചെയ്‌തെങ്കിലും അവസാന നിമിഷം കെ.എസ്.എഫ്.ഡി.സി. അധികൃതര്‍ തിയേറ്ററുകള്‍ അനുവദിക്കാനാവില്ല എന്ന നിലപാടില്‍ എത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിനിമയുടെ നിര്‍മാതാവായ അലി അക്ബറുടെ ഭാര്യ പ്രക്ഷോഭപരിപാടികള്‍ തീരുമാനിച്ചത്.

ചിത്രാഞ്ജലി പാക്കേജായിട്ടും ഈ സിനിമയ്ക്ക് സബ്‌സിഡി നല്‍കുന്നില്ല. എട്ടു ലക്ഷം രൂപ ചെലവഴിച്ച് പ്രിന്‍റ് എടുക്കുന്നവര്‍ക്കേ സബ്‌സിഡി നല്‍കൂ എന്നതാണ് കെ.എസ്.എഫ്.ഡി.സി.യുടെ നിലപാട്. തിലകനെ നായകനാക്കി സിനിമ നിര്‍മിച്ചതിന്റെ പേരില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട സിനിമയായിരുന്നു 'അച്ഛന്‍'.