Friday, January 14, 2011

ലാലിനു വില്ലന്‍ പൃഥ്വി




പോക്കിരിരാജയിലൂടെ മമ്മൂട്ടിക്കൊപ്പം വെള്ളിത്തിര പങ്കിട്ട്‌ പൃഥ്വിരാജ്‌ ഇനി മോഹന്‍ലാലിനൊപ്പം മത്സരിച്ച്‌ അഭിനയിക്കാന്‍ തയാറെടുക്കുന്നു. ശിക്കാര്‍ എന്ന മെഗാഹിറ്റിന്‌ ശേഷം പത്മകുമാര്‍ ഒരുക്കുന്ന ലാല്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ്‌ പൃഥ്വിരാജ്‌ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്‌. നേരത്തേ, ലാല്‍ ജോസിന്റെ കസിന്‍സിലൂടെ മോഹന്‍ലാലും പൃഥ്വിയും ഒന്നിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കസിന്‍സിനു മുന്‍പ്‌ ഈ വന്‍ ബഡ്‌ജറ്റ്‌ ചിത്രത്തിലൂടെ മലയള സിനിമയിലെ സുവര്‍ണ താരങ്ങള്‍ ഒന്നിക്കുമെന്നാണ്‌ ഇപ്പോള്‍ സ്‌ഥിരീകരിച്ചിരിക്കുന്നത്‌. വളരെ പെട്ടെന്നുണ്ടായ ചില ആലോചനകളാണ്‌ ഈ വമ്പന്‍ ചിത്രത്തിന്റെ പിറവിക്ക്‌ കാരണമായത്‌. മലയാളത്തില്‍ പൃഥ്വിരാജ്‌ ആദ്യമായി വില്ലനാകുന്നു എന്നതാണ്‌ ഈ സിനിമയുടെ പ്രധാന പ്രത്യേകതകളിലൊന്ന്‌.

ശിക്കാറിന്‌ തിരക്കഥയെഴുതിയ എസ്‌ സുരേഷ്‌ബാബു തന്നെയാണ്‌ ഈ സിനിമയ്‌ക്ക് തിരക്കഥ രചിക്കുന്നത്‌. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ തൊഴില്‍ നഷ്‌ടപ്പെട്ട്‌ നാട്ടില്‍ തിരിച്ചെത്തുന്ന ഗള്‍ഫ്‌ മലയാളിയായാണ്‌ മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്‌. തുടര്‍ന്ന്‌ അയാള്‍ അവിചാരിതമായി കേരളത്തില്‍ നിന്ന്‌ തമിഴ്‌നാട്‌ വഴി മൈസൂറിലേക്ക്‌ ഒരു യാത്ര നടത്തുന്നു. ഈ യാത്രയിലാണ്‌ പൃഥ്വി അവതരിപ്പിക്കുന്ന വില്ലന്‍ അയാളുടെ ജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.

വന്‍ ബജറ്റിലൊരുക്കുന്ന ഈ സിനിമയുടെ മറ്റു ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.കഥ വായിച്ചുകേട്ട മോഹന്‍ലാലും പൃഥ്വിരാജും ത്രില്ലടിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനുജന്‍ വേഷത്തിലായിരുന്നു പൃഥ്വി അഭിനയിച്ചത്‌. എന്നാല്‍ ഈ സിനിമയില്‍ വില്ലനാകാനുള്ള അവസരം ലഭിച്ചതാണ്‌ പൃഥ്വിയെ സന്തോഷിപ്പിക്കുന്നത്‌. ഇരുവരും തമ്മില്‍ മത്സരിച്ചുള്ള അഭിനയ മുഹൂര്‍ത്തങ്ങളാകും ചിത്രത്തിന്റെ സവിശേഷത.