Wednesday, May 4, 2011

വിജയ് ഒരു ‘പാല്‍ക്കാരന്‍ പയ്യന്‍’



‘വന്തേന്‍‌ട പാല്‍ക്കാരന്‍...അടടാ’ ഈ ഗാനം തമിഴ് സിനിമാപ്രേമികള്‍ക്ക് മറക്കാന്‍ കഴിയുമോ? ‘അണ്ണാമലൈ’ എന്ന രജനിച്ചിത്രത്തിലെ ഗാനം. ഒരു പാല്‍ക്കച്ചവടക്കാരനായി രജനീകാന്ത് മിന്നിത്തിളങ്ങിയ സിനിമയായിരുന്നു അണ്ണാമലൈ. എന്തായാലും രജനിയുടെ സൂപ്പര്‍ കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന വേഷത്തിലെത്തുകയാണ് ഇളയദളപതി വിജയ്.

‘വേലായുധം’ എന്ന തന്‍റെ പുതിയ ചിത്രത്തിലാണ് വിജയ് പാല്‍ക്കാരനാകുന്നത്. സാധാരണക്കാരനായ ഒരു പാല്‍ക്കാരന്‍ പയ്യന്‍ അവിചാരിതമായി നഗരത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഹിറ്റ്മേക്കര്‍ എം രാജയാണ് വേലായുധം സംവിധാനം ചെയ്യുന്നത്.

ഹന്‍‌സിക മൊട്‌വാണി ഒരു ഗ്രാമീണ പെണ്‍കൊടിയായും ജെനിലിയ ഡിസൂസ ഒരു ടി വി ജേര്‍ണലിസ്റ്റായും അഭിനയിക്കുന്നു. ഇരുവരും പ്രണയിക്കുന്നത് വിജയ് അവതരിപ്പിക്കുന്ന വേലായുധത്തെ. എല്ലാ കൊമേഴ്സ്യല്‍ ഘടകങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടാണ് എം രാജ സിനിമ ഒരുക്കുന്നത്.

വേലായുധത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. 2000ല്‍ പുറത്തിറങ്ങിയ ‘ആസാദ്’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ് വേലായുധം എന്നാണ് സൂചനകള്‍. വിജയ് ആന്‍റണിയാണ് സംഗീതം. ആസ്കാര്‍ ഫിലിംസിന്‍റെ ബാനറില്‍ വി രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന വേലായുധം ജൂണ്‍ 22ന് പ്രദര്‍ശനത്തിനെത്തും.