Monday, May 16, 2011
സീനിയേഴ്സിന് പാരയായില്ല; ത്രീ കിംഗ്സ് 27ന്
സീനിയേഴ്സ് തീയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ജയറാം, മനോജ് കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സീനിയേഴ്സ് മികച്ച എന്റര്‍ടൈനര്‍ എന്ന പേര് നേടിക്കഴിഞ്ഞു. മറ്റ് പ്രധാന പുതിയ സിനിമകളൊന്നും മത്സരിക്കാനില്ലാത്തതും സീനിയേഴ്സിന് ഗുണകരമായി. സീനിയേഴ്സിന് ഇങ്ങനെ ഒറ്റയ്ക്ക് മുന്നേറാന്‍ വഴിയൊരുക്കിയ ത്രീ കിംഗ്സ് മെയ് 27ന് തീയേറ്ററിലെത്തും.
കഴിഞ്ഞ 14ന് ആയിരുന്നു ത്രീ കിംഗ്സും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സീനിയേഴ്സുമായി മത്സരം നടത്തേണ്ടെന്ന് കരുതി റിലീസ് മാറ്റുകയായിരുന്നു. ത്രീ കിംഗ്സിന്റെ നിര്‍മ്മാതാവായ ജീവനും സീനിയേഴ്സ് ഒരുക്കിയ രാജനും തമ്മിലുള്ള സൌഹൃദം തന്നെ ഇതിനുകാരണമായത്. സുഹൃത്തുക്കളില്‍ ഒരാളുടെ സിനിമ മതി റിലീസിന് എന്ന് ജീവന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, സന്ധ്യ, സംവൃത, ആന്‍ അഗസ്റ്റ്യന്‍ എന്നിവരെ പ്രഥാനകഥാപാത്രങ്ങളാക്കി ത്രീ കിംഗ്സ് സംവിധാനം ചെയ്തിരിക്കുന്നത് വി കെ പ്രകാശ് ആണ്.
ഭാസ്കരനുണ്ണി രാജ, ശങ്കരനുണ്ണി രാജ, രാമനുണ്ണി രാജ എന്നീ സഹോദരന്‍മാരുടെ കഥയാണ് ത്രീ കിംഗ്സ് പറയുന്നത്. ഒരേ ദിവസം, ഒരേ ആശുപത്രിയില്‍ ജനിച്ച രാജകുമാരന്മാര്‍ ആണ് ഇവര്‍. എന്നാല്‍ ഇവരുടെ ജനനത്തോടെ രാജപ്രതാപമൊക്കെ നശിച്ചു. ഇപ്പോള്‍ കൊട്ടാരവും കുറച്ചു വസ്തുവകകളും മാത്രം. മൂന്നു പേരും രാജാപാര്‍ട്ടിലാണു നില്‍പ്പൊക്കെ. പരസ്പരം പാരവയ്ക്കുകയാണ് ഇവരുടെ പ്രധാന ഹോബി.
അന്യാധീനപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍. സ്പോര്‍ട്സ് രംഗത്തു തിളങ്ങി കാശുണ്ടാക്കാനാണു ഭാസ്കരനുണ്ണിരാജയുടെ ശ്രമം. എങ്ങനെയും സിനിമയില്‍ സൂപ്പര്‍താരമായി കോടികള്‍ സമ്പാദിക്കാനാണു ശങ്കരനുണ്ണി രാജയുടെ നീക്കം. കാശുണ്ടാക്കാന്‍ കുറച്ചു കൂടി എളുപ്പം റിയാലിറ്റി ഷോയില്‍ വിജയിക്കലാണ് എന്നു കരുതി ആ വഴിക്കു നീങ്ങുകയാണ് രാമനുണ്ണിരാജ. പക്ഷെ പരസ്പരപാരകള്‍ കാരണം ഒന്നും നടക്കുന്നില്ല. ഇതിനിടയില്‍ ഇവരുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങളും ഉണ്ടാകുന്നു. ഇതാണ് ത്രീ കിംഗ്സിന്റെ പ്രമേയം.
നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള ത്രീ കിംഗ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈ വി രാജേഷ് ആണ്. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുഞ്ചന്‍, അശോകന്‍, ശ്രീജിത്ത് രവി, ലിഷോയ്, വി.പി. രാമചന്ദ്രന്‍, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്നു.
Labels:
ann augustin,
cinema news updates,
dileep's 100th film,
filim news updates,
indrajith,
jayasurya,
Kunjackko Boban,
samvritha sunil,
seniors,
three kings