Tuesday, May 17, 2011

കഥപറയുന്ന മാണിക്യക്കല്ല്‌



പഠിക്കാന്‍ മടികാട്ടുന്ന കുട്ടികളും പഠിപ്പിക്കാന്‍ മെനക്കെടാത്ത അധ്യാപകരും സമംചേരുമ്പോള്‍ അത് വണ്ണാമല ഗവ. ഹൈസ്‌കൂളാകും. ഓരോ ക്ലാസ്സിലും ഒന്നില്‍ക്കൂടുതല്‍ വര്‍ഷം പഠിക്കുന്ന 'ഇരുത്തം വന്ന' വിദ്യാര്‍ഥികളുടെ സ്‌കൂള്‍. സമ്പൂര്‍ണ പരാജയത്തിന്റെ വട്ടപ്പൂജ്യവും തലയില്‍വെച്ചാണ് ഓരോ വര്‍ഷവും അവിടെനിന്ന് കുട്ടികള്‍ പടിയിറങ്ങുന്നത്. പാഠം പഠിക്കാതെയും പഠിപ്പിക്കാതെയും പരാജയങ്ങളില്‍നിന്ന് പരാജയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടുകൊണ്ടേയിരിക്കുമ്പോഴും സ്‌കൂളിലെ അധ്യാപകരും കുട്ടികളും മാത്രം ഒരു പാഠവും പഠിച്ചില്ല. അവിടേക്കാണ് വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍ വരുന്നത്.

അയാള്‍ സ്‌കൂളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പല പരിഷ്‌കാരങ്ങളെയും തുഗ്ലക്ക് മോഡല്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് അധികൃതരും സഹപ്രവര്‍ത്തകരും, എന്തിന് കുട്ടികള്‍ പോലും. പക്ഷേ, പതുക്കെ പതുക്കെ അയാള്‍ എല്ലാവരെയും തന്റെ വഴിയിലേക്കെത്തിക്കുന്നു. വട്ടപ്പൂജ്യത്തിന്റെ നാണക്കേടില്‍നിന്ന് നൂറ് ശതമാനത്തിന്റെ തിളക്കത്തിലേക്ക് വണ്ണാമല സ്‌കൂളിനെ കൈപിടിച്ചുയര്‍ത്താനുള്ള വിനയചന്ദ്രന്‍ മാഷിന്റെ യാത്ര അവിടെ തുടങ്ങുകയാണ്. ആ കഥയാണ് എം.മോഹനന്‍ സംവിധാനം ചെയ്ത 'മാണിക്യക്കല്ല്' പറയുന്നത്.

പൃഥ്വിരാജാണ് വിനയചന്ദ്രന്‍ മാഷായി എത്തുന്നത്. സംവൃത സുനിലാണ് നായിക. ചാന്ദ്‌നി എന്ന കായികാധ്യാപികയുടെ വേഷമാണ് സംവൃതയ്ക്ക്. നെടുമുടി വേണു, സലീംകുമാര്‍, സായികുമാര്‍, ജഗദീഷ്, കോട്ടയം നസീര്‍, അനില്‍ മുരളി, കെ.പി.എ.സി. ലളിത, മാസ്റ്റര്‍ നവനീത് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സംഗീതസംവിധായകന്‍ എം.ജയചന്ദ്രനും ഗാനരചയിതാവ് അനില്‍ പനച്ചൂരാനും അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

നിര്‍മാണം: എ.എസ്. ഗിരീഷ്‌ലാല്‍, ഛായാഗ്രഹണം: പി. സുകുമാര്‍, സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍, കലാസംവിധാനം: സന്തോഷ് രാമന്‍.കൂത്തുപറമ്പ് പാട്യം സ്വദേശിയായ എം.മോഹനന്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായാണ് സിനിമാരംഗത്തേക്ക് വരുന്നത്. 2007-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം കഥപറയുമ്പോളിലൂടെ മോഹനന്‍ സ്വതന്ത്ര സംവിധായകനായി. ആദ്യപടം സൂപ്പര്‍ഹിറ്റാക്കിയ സംവിധായകരെ സംബന്ധിച്ച് രണ്ടാമത്തെ ചിത്രം ഒരു വെല്ലുവിളിയാണ്.

യാദൃച്ഛികമായി സംഭവിച്ചതല്ല ആദ്യജയമെന്ന് തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യും. മോഹനനെ സംബന്ധിച്ച് അത് മാത്രമായിരുന്നില്ല വെല്ലുവിളി. ആദ്യ ചിത്രം വിജയിച്ചത് ശ്രീനിവാസന്‍ എന്ന രചയിതാവിന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ എന്ന ലേബലുള്ളതുകൊണ്ടും ആണെന്ന വാദങ്ങളെക്കൂടി മറികടക്കണമായിരുന്നു.

വിജയവഴിയില്‍ മാണിക്യക്കല്ല് മുന്നേറുമ്പോള്‍ മോഹനന്‍ അത്തരം മിഥ്യാ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് മലയാള സിനിമയില്‍ സ്വന്തമായ ഒരിടം കണ്ടെത്തിക്കഴിഞ്ഞു. കഥപറയുമ്പോള്‍ സൗഹൃദത്തിന്റെ കഥയായിരുന്നെങ്കില്‍ മാണിക്യക്കല്ല് ഗുരുശിഷ്യ ബന്ധത്തിന്റെ കഥയാണ്. കഥപറയുമ്പോളില്‍നിന്ന് മാണിക്യക്കല്ലിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നു എന്ന കഥ പറയുന്നു ഇവിടെ എം.മോഹനന്‍.

വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം സങ്കല്പമല്ല


വട്ടപ്പൂജ്യം തോല്‍വിയില്‍നിന്ന് നൂറ് ശതമാനം വിജയത്തിലേക്ക് വന്‍ കുതിപ്പ് നടത്തുന്ന വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം ഭാവനാസൃഷ്ടിയില്ല. അത് യാഥാര്‍ഥ്യമാണ്. തലശ്ശേരിയില്‍ ഇതുപോലെ ഒരു സ്‌കൂള്‍ ഉണ്ടായിരുന്നു. എല്ലാ കുട്ടികളും തോല്‍ക്കുന്ന, യാതൊരു സൗകര്യവും ഇല്ലാത്ത ഒരു സ്‌കൂള്‍. എന്നാല്‍, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം സ്‌കൂളിനെ വര്‍ഷങ്ങള്‍ക്കുശേഷം നൂറ് ശതമാനം വിജയത്തിലെത്തിച്ചു. ആ കഥയില്‍നിന്നാണ് മാണിക്യക്കല്ല് എന്ന സിനിമ ഉണ്ടാകുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന മധുരച്ചൂരല്‍, ചോക്കുപൊടി എന്നീ പംക്തികളും സിനിമയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

മാണിക്യക്കല്ല് എന്ന പേര്


എപ്പോഴും തിളങ്ങിക്കൊണ്ടേയിരിക്കുന്നതാണ് മാണിക്യക്കല്ല്. അതുപോലെയായിരിക്കണം അധ്യാപകരും. ചുറ്റുമുള്ളവരിലേക്ക് നന്മയുടെ പ്രകാശം ചൊരിഞ്ഞ് അവര്‍ തിളങ്ങിക്കൊണ്ടേയിരിക്കണം. അതില്‍നിന്നാണ് ആ പേര് വന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗൈഡ് ചെയ്യപ്പെടുന്നത് അധ്യാപകരാലാണ്.
അതുകൊണ്ടുതന്നെ അവരുടെ ഉത്തരവാദിത്വവും കൂടുതലാണ്.അധ്യാപകര്‍ പ്രകാശം വിതറുന്ന മാണിക്യക്കല്ലുകളായാല്‍ തിളങ്ങുന്നത് ഒരു തലമുറയാണ്. ഈ സന്ദേശമാണ് ചിത്രം നല്‍കുന്നത്.

നാലുവര്‍ഷം എന്ന ഗ്യാപ്പ് ഫീല്‍ ചെയ്തതേയില്ല


ആദ്യ ചിത്രത്തിനുശേഷം നാല് വര്‍ഷത്തെ ഗ്യാപ്പ് ഉണ്ടായല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, എനിക്ക് ആ ഗ്യാപ്പ് ഫീല്‍ ചെയ്തിട്ടേയില്ല. കാരണം ബസ്സിനുവേണ്ടി കാത്തിരിക്കുമ്പോള്‍ അഞ്ച് മിനിറ്റുപോലും നമുക്ക് വലിയ ഗ്യാപ്പായി തോന്നും. എന്നാല്‍, ബസ്സില്‍ കയറിക്കഴിഞ്ഞാലോ? സമയം പോകുന്നതേ അറിയില്ല. അതേപോലെയാണ് ഈ സിനിമയുടെ കാര്യവും. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഇതിന്റെ കൂടെയാണ്. പിന്നെങ്ങനെ ഗ്യാപ്പ് ഫീല്‍ ചെയ്യും?

ഹീറോയിസമില്ലാത്ത നായകന്‍


വലിയ ഹീറോയിസമൊന്നുമില്ലാത്ത നായകനായി പൃഥ്വിരാജിനെ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ, കഥ കേട്ട് ത്രില്ലടിച്ച പൃഥ്വിക്ക് പടം സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു. വിനയചന്ദ്രന്‍ മാഷിന്റെ രൂപത്തിലേക്ക് മാറുന്നതിനായി പൃഥ്വി ജിമ്മില്‍ പോകുന്നതുപോലും കുറച്ചുനാളത്തേക്ക് നിര്‍ത്തിവെച്ചു. സംവൃതയുടെയും വ്യത്യസ്തമായ അപ്പിയറന്‍സാണ്. മിക്ക സിനിമകളിലും സംവൃതയുടേത് വളരെ പതുങ്ങിയ സ്വഭാവത്തോടുകൂടിയ കഥാപാത്രങ്ങളാണ്. എന്നാല്‍, ഇതില്‍ തന്റേടിയായ, വായാടിയായ കഥാപാത്രമായാണ് സംവൃത എത്തുന്നത്.

ജയചന്ദ്രനും പനച്ചൂരാനും


എം. ജയചന്ദ്രനെ അഭിനയിപ്പിക്കുന്ന കാര്യം കഥ എഴുതുമ്പോള്‍ത്തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തോട് ഇക്കാര്യം ഷൂട്ടിങ്ങിന് കുറച്ച് ദിവസം മുമ്പ് മാത്രമാണ് പറഞ്ഞത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും എന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. അനില്‍ പനച്ചൂരാന്‍ വന്നത് വളരെ യാദൃച്ഛികമായാണ്. ഇങ്ങനെയൊരു റോള്‍ ചെയ്താലോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.

ആദ്യ പടം നല്‍കിയ ബലം


ശ്രീനിവാസനെപ്പോലുള്ള ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് തന്നെ ഒരു വലിയ അനുഭവമാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സ്‌ക്രിപ്റ്റ് വര്‍ക്കിന് ഇരിക്കുക കൂടി ചെയ്താലോ? കഥപറയുമ്പോള്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ ആ നേട്ടം ഈ പടത്തിന് ഏറെ ഉപകരിച്ചു.

ലൊക്കേഷന്‍ പാലക്കാടും പൊള്ളാച്ചിയും


സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് പാലക്കാട്ടാണ്. പാട്ടുകള്‍ പൊള്ളാച്ചിയിലും ഊട്ടിയിലുമായി ചിത്രീകരിച്ചു. മറ്റു സിനിമകളില്‍ കണ്ടുപരിചയിച്ച പൊള്ളാച്ചിയല്ല മാണിക്യക്കല്ലില്‍ കാണുന്നത് എന്ന പ്രത്യേകതയുണ്ട്.

എം.ടി.യുടെ വാക്കുകള്‍ തന്ന ഐശ്വര്യം


''അധ്യാപകര്‍ മനുഷ്യത്വത്തിന്റെ പ്രതീകങ്ങളാണ്. ജീവിതമെന്ന മഹാസംഘര്‍ഷത്തിന് നടുവില്‍ ജീവിക്കുമ്പോഴും സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ട്‌യ്ത്തയ്ത്ത എം.ടി. വാസുദേവന്‍ നായരുടെ ഈ വാക്കുകള്‍ എഴുതിക്കാണിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഇത് കിട്ടുന്നതും വളരെ യാദൃച്ഛികമായിട്ടാണ്. അദ്ദേഹം ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. അതിലാണ് ഈ വരികള്‍ കണ്ടത്.

ഇങ്ങനെയൊരു സന്ദേശവാക്യം സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ചേര്‍ക്കണമെന്ന് വിചാരിച്ചിരുന്ന സമയത്താണ് അത് കാണുന്നത്. ഉടന്‍തന്നെ വി.ആര്‍. സുധീഷ് മുഖേന എം.ടി. സാറിന്റെ അനുമതി വാങ്ങുകയായിരുന്നു. ആ വാക്കുകള്‍ തന്ന ഐശ്വര്യവും സിനിമയ്ക്ക് ഗുണമായിട്ടുണ്ടെന്നാണ്
വിശ്വാസം.

അടുത്ത ചിത്രം മനസ്സില്‍ രൂപപ്പെട്ടുവരുന്നു


ഒരു സിനിമ കഴിഞ്ഞ് ഉടനെതന്നെ അടുത്തത് ചെയ്യണമെന്നൊന്നുമില്ല. ഈ പടത്തിന്റെ തിരക്കുകള്‍ ഒന്ന് ഒഴിയട്ടെ. അതിനുശേഷം ഭാര്യ ഷീനയ്ക്കും മകള്‍ ഭവ്യതാരയ്ക്കുമൊപ്പം കുറച്ചുനാള്‍, കുടുംബനാഥന്റെ റോളില്‍. പുതിയ സിനിമ മനസ്സില്‍ രൂപപ്പെട്ടുവരുന്നു. ബാക്കി കാര്യങ്ങളെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.