Wednesday, March 2, 2011

മാതൃഭൂമി മ്യൂസിക്കിന്റെ 'ചൈന ടൗണ്‍' ഓഡിയോ സി.ഡി. പുറത്തിറക്കി



മാതൃഭൂമി മ്യൂസിക്ക് പുറത്തിറക്കുന്ന 'ചൈന ടൗണ്‍' ഓഡിയോ സി.ഡി പ്രകാശനം ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന്‍ കേണല്‍ ബി.എസ്. ബാലിയില്‍ നിന്ന് മാക്‌സ് ലാബ് ഡയരക്ടര്‍ കെ.സി. ബാബു ഏറ്റുവാങ്ങി.

കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല, മുന്‍മന്ത്രി ഡോ. എം.കെ. മുനീര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ചലചിത്രതാരങ്ങളായ മോഹന്‍ലാല്‍, ജയറാം, പ്രിഥ്വിരാജ്, ദിലീപ്, ഇന്ദ്രജിത്ത്, ബിജുമേനോന്‍, കാവ്യമാധവന്‍, സ്വരാജ് വെഞ്ഞാറംമൂട്, സുരേഷ്‌കൃഷ്ണ, സംവൃതാസുനില്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രമുഖവ്യവസായി രവിപിള്ള, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയാ മാനേജര്‍ കെ.ആര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ടിനി ടോം, സ്വരാജ് വെഞ്ഞാറംമൂട് എന്നിവര്‍ അവതരിപ്പിച്ച കോമഡിഷോയും അഫ്‌സലിന്റെ ഗാനമേളയുമുണ്ടായിരുന്നു. മലബാര്‍ ഗോള്‍ഡായിരുന്നു പരിപാടിയുടെ പ്രായോജകര്‍.

സൈക്കിളില്‍ മോഹന്‍ലാലും സൈന്യവും



സിനിമാ ഷൂട്ടിങ് ആണെന്നാണ് റോഡരികിലുണ്ടായിരുന്നവരൊക്കെ കരുതിയത്. രാവിലെ സൈക്കിള്‍ ചവിട്ടി മോഹന്‍ലാല്‍ ബാരക്‌സ് റോഡിലൂടെ വെസ്റ്റ്ഹില്‍ റോഡിലേക്കിറങ്ങിയതോടെ കാര്യമറിയാത്ത ആളുകള്‍ തടിച്ചുകൂടി. സൂപ്പര്‍ താരത്തെ പകര്‍ത്താന്‍ ക്യാമറയോ സംവിധായകനെയോ കാണാതെ ആളുകളും പിന്നാലെ കൂടി. കണ്ണൂര്‍ റോഡിലൂടെ സിനിമാ സ്റ്റൈലിലൂടെയുള്ള സൈക്കിള്‍ സവാരി ചെന്നെത്തിയത് വിക്രം മൈതാനിയില്‍.

ടെറിട്ടോറിയല്‍ ആര്‍മി നടത്തുന്ന ട്രാന്‍സ് ഇന്ത്യ സൈക്കിള്‍ എക്‌സ്‌പെഡീഷന്‍ പ്രാദേശിക് ഭ്രമണ്‍ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് സേനാംഗങ്ങള്‍ക്കൊപ്പം മോഹല്‍ലാല്‍ സൈക്കിള്‍ സവാരി നടത്തിയത്.

സമാപനച്ചടങ്ങില്‍ ലഫ്. കേണല്‍ മോഹന്‍ലാല്‍ സേനയുടെ കമാന്‍ഡന്റ് കേണല്‍ ബി.എസ്.ബാലിക്ക് ഫ്‌ളാഗ് കൈമാറി.
നമ്മുടെ ജീവിതംകൊണ്ട് രാജ്യത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നതെന്നും ഇന്ത്യക്കാരായ നാം ഓരോരുത്തരും ഇത്തരം ചിന്തയോടെ മുന്നോട്ടു വരണമെന്നും സമാപനച്ചടങ്ങില്‍ മോഹന്‍ലാല്‍ ആഹ്വാനംചെയ്തു.

'കീര്‍ത്തിചക്ര' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ശ്രീനഗറില്‍ ചെന്നപ്പോഴാണ് രാജ്യത്തെ രക്ഷിക്കാന്‍ സേനാംഗങ്ങള്‍ എത്രമാത്രം ജാഗരൂകരാണെന്നും അവരുടെ വെല്ലുവിളികള്‍ എത്ര കഠിനമാണെന്നും മനസ്സിലാക്കുന്നത്. അതാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചത്. ജനങ്ങളും സേനയും തമ്മിലുള്ള ഒത്തുചേരലാണ് ടെറിട്ടോറിയല്‍ ആര്‍മിയിലൂടെ സാധിക്കുന്നത്. അതിനാല്‍ ഓരോരുത്തരും ചിന്തിച്ച് തങ്ങള്‍ക്കൊപ്പം ചേരൂ -അദ്ദേഹം പറഞ്ഞു.

മതസൗഹാര്‍ദം-പരിസ്ഥിതി സംരക്ഷണം, യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കുക, തീവ്രവാദത്തിനെതിരെയുള്ള ബോധവത്കരണം എന്നീ ലക്ഷ്യങ്ങളുമായാണ് സൈക്കിള്‍ പര്യടനം നടത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലത്തുനിന്നാണ് റാലി തുടങ്ങിയത്.
ജില്ലാ കളക്ടര്‍ ഡോ. പി.ബി.സലിം ഉദ്ഘാടനം ചെയ്തു. കേണല്‍ എഡ്‌വിന്‍ ഇ.രാജ് മോഹന്‍ലാലിനൊപ്പം സൈക്കിള്‍ സവാരിയില്‍ പങ്കെടുത്തു. പി.എന്‍.പി.അശോകന്‍ സ്വാഗതവും സുബേദാര്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

നവംബറില്‍ കണ്ണൂരില്‍ സൈക്കിളില്‍ യാത്രചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചാണ് റാലി കോഴിക്കോട്ട് സമാപിച്ചത്.

'അമ്മ'യുടെ താരനിശ ഇന്നത്തേക്ക് മാറ്റി (3-3-2011)


കോഴിക്കോട്: ചലചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ' കോഴിക്കോട്ട് ബുധനാഴ്ച നടത്താനിരുന്ന താരനിശ വ്യാഴാഴ്ചത്തേക്ക് മാറ്റി. പരിപാടി നടക്കുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനടുത്തുള്ള ശ്രീകണേ്ഠശ്വര ക്ഷേത്രത്തിലെ ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് താരനിശ മാറ്റിവെച്ചത്. ശിവരാത്രി ആഘോഷമായതിനാല്‍ ഭക്തജനങ്ങളുടെയും ക്ഷേത്രകമ്മിറ്റിക്കാരുടെയും വികാരം മാനിച്ചാണ് പരിപാടി ഒരു ദിവസത്തേക്ക് മാറ്റിയതെന്ന് 'അമ്മ' പ്രസിഡന്‍റ് ഇന്നസെന്‍റ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബുധനാഴ്ച പങ്കെടുക്കാനിരുന്ന ചലചിത്രതാരങ്ങളെല്ലാം വ്യാഴാഴ്ചത്തെ താരനിശയില്‍ ഉണ്ടാകുമെന്നും പരിപാടി കാണാന്‍ നിലവിലുള്ള പാസ് തന്നെ ഉപയോഗിക്കാമെന്നും ഇന്നസെന്‍റ് പറഞ്ഞു.ശിവരാത്രിദിനത്തില്‍ സ്റ്റേഡിയത്തില്‍ പരിപാടി നടത്തുന്നതിനെതിരെ ശ്രീകണേ്ഠശ്വരക്ഷേത്രയോഗം കോവൂര്‍ പ്രാദേശികകമ്മിറ്റി പ്രസിഡന്‍റ് സതീഷ്‌കുറ്റിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സ്റ്റേഡിയത്തില്‍ താരനിശ നടത്തിയാല്‍ പതിനായിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ഉത്സവത്തിന് പ്രശ്‌നമുണ്ടാകുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് യാതൊരു തടസ്സവും ഉണ്ടാവരുതെന്ന് ഹര്‍ജിയില്‍ വാദം കേട്ട മുന്‍സിഫ് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രതിസന്ധിയിലായ സംഘാടകര്‍ ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിമിന്റെ വീട്ടില്‍വെച്ച് ക്ഷേത്ര ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. അനുരഞ്ജനശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പരിപാടി മാറ്റിവെക്കേണ്ടിവന്നതെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു.

എന്നാല്‍ കോടതിയുത്തരവ് ധിക്കരിച്ച് പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്ന സംഘാടകരെ ഭക്തജനങ്ങള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നെന്ന് ക്ഷേത്രയോഗം ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

താരനിശ മാറ്റിവെച്ചതിനെത്തുടര്‍ന്ന് അബുദാബിയിലേക്കും മസ്‌ക്കറ്റിലേക്കും ചിത്രീകരണത്തിന് പോകേണ്ടിയിരുന്ന താരങ്ങളുടെ യാത്ര റദ്ദാക്കി. ചര്‍ച്ചയില്‍ ക്ഷേത്രയോഗത്തെ പ്രതിനിധീകരിച്ച് യോഗം പ്രസിഡന്‍റ് പി.വി. ചന്ദ്രന്‍, ഖജാന്‍ജി ഐ.പി. പുഷ്പരാജ്, പൊറോളി സുന്ദര്‍രാജ്, എഴുത്തുപള്ളി അനിരുദ്ധന്‍, ചമ്പയില്‍ ജയരാജന്‍, എം.ശ്രീകുമാര്‍, കുറ്റിയില്‍ സതീഷ്, താരസംഘടനയ്ക്കുവേണ്ടി ഇടവേള ബാബു, ടി.എ. റസാഖ്, സൂര്യ ടി.വി. പ്രതിനിധി അനില്‍ എന്നിവരാണ് പങ്കെടുത്തത്. പരിപാടി നടക്കുന്ന വേദി സന്ദര്‍ശിച്ച ജില്ലാകളക്ടര്‍ക്കു മുന്നില്‍ ഭക്തജനങ്ങള്‍ പ്രകടനമായി എത്തി പ്രതിഷേധമറിയിച്ചു. സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ പരിപാടി മാറ്റിവെക്കാന്‍ ഉത്തരവിട്ടതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ നടന്‍മാരായ മോഹന്‍ലാല്‍, മുകേഷ്, ദിലീപ്, ലാല്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് എന്നിവരും പങ്കെടുത്തു.

മോഹന്‍ലാലിന്റെ ജീവചരിത്രം: 'മുഖരാഗ'ത്തിന്റെ ബ്രോഷര്‍ പുറത്തിറക്കി



കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന മോഹന്‍ലാലിന്റെ ജീവചരിത്രമായ 'മുഖരാഗ'ത്തിന്റെ ബ്രോഷര്‍ നടന്‍ മമ്മൂട്ടി, ഇന്നസെന്‍റിന് നല്‍കി പ്രകാശനംചെയ്തു. പത്രപ്രവര്‍ത്തകനായ ഭാനുപ്രകാശാണ് പുസ്തകം രചിക്കുന്നത്. സാഹിത്യ സാമൂഹികരംഗങ്ങളിലുള്ള കലാകാരന്റെ ഇടപെടലുകള്‍ക്ക് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി പറഞ്ഞു.

ചില ചലച്ചിത്രരചനകള്‍ക്ക് സാമൂഹികമണ്ഡലത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ഭാവങ്ങളും രാഗങ്ങളും മിന്നിമറയുന്ന കലാകാരനാണ് മോഹന്‍ലാലെന്നും മമ്മൂട്ടി പറഞ്ഞു. നടന്മാരായ മോഹന്‍ലാല്‍, ദിലീപ്, പുസ്തക രചയിതാവ് ഭാനുപ്രകാശ്, ടിനി ടോം എന്നിവര്‍ സംസാരിച്ചു. ബുക്‌സ് മാനേജര്‍ നൗഷാദ് നന്ദി പറഞ്ഞു. പുസ്തകം മാര്‍ച്ചില്‍ തയ്യാറാവുമെന്ന് ഭാനു പ്രകാശ് പറഞ്ഞു