Wednesday, March 2, 2011

സൈക്കിളില്‍ മോഹന്‍ലാലും സൈന്യവും



സിനിമാ ഷൂട്ടിങ് ആണെന്നാണ് റോഡരികിലുണ്ടായിരുന്നവരൊക്കെ കരുതിയത്. രാവിലെ സൈക്കിള്‍ ചവിട്ടി മോഹന്‍ലാല്‍ ബാരക്‌സ് റോഡിലൂടെ വെസ്റ്റ്ഹില്‍ റോഡിലേക്കിറങ്ങിയതോടെ കാര്യമറിയാത്ത ആളുകള്‍ തടിച്ചുകൂടി. സൂപ്പര്‍ താരത്തെ പകര്‍ത്താന്‍ ക്യാമറയോ സംവിധായകനെയോ കാണാതെ ആളുകളും പിന്നാലെ കൂടി. കണ്ണൂര്‍ റോഡിലൂടെ സിനിമാ സ്റ്റൈലിലൂടെയുള്ള സൈക്കിള്‍ സവാരി ചെന്നെത്തിയത് വിക്രം മൈതാനിയില്‍.

ടെറിട്ടോറിയല്‍ ആര്‍മി നടത്തുന്ന ട്രാന്‍സ് ഇന്ത്യ സൈക്കിള്‍ എക്‌സ്‌പെഡീഷന്‍ പ്രാദേശിക് ഭ്രമണ്‍ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് സേനാംഗങ്ങള്‍ക്കൊപ്പം മോഹല്‍ലാല്‍ സൈക്കിള്‍ സവാരി നടത്തിയത്.

സമാപനച്ചടങ്ങില്‍ ലഫ്. കേണല്‍ മോഹന്‍ലാല്‍ സേനയുടെ കമാന്‍ഡന്റ് കേണല്‍ ബി.എസ്.ബാലിക്ക് ഫ്‌ളാഗ് കൈമാറി.
നമ്മുടെ ജീവിതംകൊണ്ട് രാജ്യത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നതെന്നും ഇന്ത്യക്കാരായ നാം ഓരോരുത്തരും ഇത്തരം ചിന്തയോടെ മുന്നോട്ടു വരണമെന്നും സമാപനച്ചടങ്ങില്‍ മോഹന്‍ലാല്‍ ആഹ്വാനംചെയ്തു.

'കീര്‍ത്തിചക്ര' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ശ്രീനഗറില്‍ ചെന്നപ്പോഴാണ് രാജ്യത്തെ രക്ഷിക്കാന്‍ സേനാംഗങ്ങള്‍ എത്രമാത്രം ജാഗരൂകരാണെന്നും അവരുടെ വെല്ലുവിളികള്‍ എത്ര കഠിനമാണെന്നും മനസ്സിലാക്കുന്നത്. അതാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചത്. ജനങ്ങളും സേനയും തമ്മിലുള്ള ഒത്തുചേരലാണ് ടെറിട്ടോറിയല്‍ ആര്‍മിയിലൂടെ സാധിക്കുന്നത്. അതിനാല്‍ ഓരോരുത്തരും ചിന്തിച്ച് തങ്ങള്‍ക്കൊപ്പം ചേരൂ -അദ്ദേഹം പറഞ്ഞു.

മതസൗഹാര്‍ദം-പരിസ്ഥിതി സംരക്ഷണം, യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കുക, തീവ്രവാദത്തിനെതിരെയുള്ള ബോധവത്കരണം എന്നീ ലക്ഷ്യങ്ങളുമായാണ് സൈക്കിള്‍ പര്യടനം നടത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലത്തുനിന്നാണ് റാലി തുടങ്ങിയത്.
ജില്ലാ കളക്ടര്‍ ഡോ. പി.ബി.സലിം ഉദ്ഘാടനം ചെയ്തു. കേണല്‍ എഡ്‌വിന്‍ ഇ.രാജ് മോഹന്‍ലാലിനൊപ്പം സൈക്കിള്‍ സവാരിയില്‍ പങ്കെടുത്തു. പി.എന്‍.പി.അശോകന്‍ സ്വാഗതവും സുബേദാര്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

നവംബറില്‍ കണ്ണൂരില്‍ സൈക്കിളില്‍ യാത്രചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചാണ് റാലി കോഴിക്കോട്ട് സമാപിച്ചത്.