Monday, January 3, 2011

മോഹന്‍ലാലിന് എന്തു പറ്റി?



മോഹന്‍ലാലിന് എന്തുപറ്റി? ഈ ചോദ്യത്തിന്റെ ഉത്തരമല്ലെങ്കിലും സംവിധായകന്‍ രഞ്ജിത്തിന്റെ ചില വാക്കുകള്‍ നടന്റെ അവസ്ഥ വരച്ചുകാട്ടുന്നുണ്ട്. ലാലുമായി ഒരു കാര്യം സംസാരിയ്ക്കണമെങ്കില്‍ മറ്റുപലരെയും ആദ്യം കാണണമെന്നാണ് രഞ്ജിത്ത് പറഞ്ഞതിന്റെ രത്‌നചുരുക്കം. മറ്റുള്ളവരുടെ ആശീര്‍വാദമില്ലാതെ ലാലുമായി ഉള്ളുതുറക്കാന്‍ കഴിയുന്നില്ലെന്ന് രഞ്ജിത്തിനെപ്പോലൊരു സംവിധായകന്‍ പറയുമ്പോള്‍ അതൊരു അപായത്തിന്റെ സൂചനയാണ്.

സ്വന്തമായി തീരുമാനങ്ങളെടുക്കാതെ ലാല്‍ അതെല്ലാം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയാണ്. ഇത് തന്നെയാണ് അനുഗ്രഹീതനായ നടന്‍ നേരിടുന്ന വെല്ലുവിളി. ജനകന്‍, ഒരു നാള്‍ വരും, അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, ശിക്കാര്‍ കാണ്ഡഹാര്‍ എന്നീ സിനിമകളിലാണ് ലാല്‍ കഴിഞ്ഞവര്‍ഷം അഭിനയിച്ചത്. ഇതില്‍ എടുത്തുപറയാവുന്നത് ശിക്കാര്‍ മാത്രം.

പഴയ ലാലിനെ അനുസ്മരിപ്പിച്ച ശിക്കാര്‍ അതിനൊത്ത പ്രകടനവും കാഴ്ചവെച്ചു. അഭൂതപൂര്‍വമായ ഇനീഷ്യല്‍ കളക്ഷനാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ ലോങ്‌റണ്ണില്‍ ഈ നേട്ടം നേടാന്‍ കഴിയാഞ്ഞത് സിനിമാ വിപണിയെ അമ്പരിപ്പിച്ചു. മറ്റു മോഹന്‍ലാല്‍ സിനിമകളെപ്പറ്റിയൊന്നും പറയാനില്ല, മിക്കതും ബോക്്‌സ് ഓഫീസ് ദുരന്തങ്ങള്‍.

ജനകനില്‍ തുടങ്ങി കാണ്ഡഹാറില്‍ അവസാനിച്ച പരാജയഗാഥ 2011ലും ആവര്‍ത്തിയ്ക്കില്ലെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം

ദയനീയം... സുരേഷ് ഗോപി




2010ല്‍ മമ്മൂട്ടിയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച സുരേഷ് ഗോപി യുടെ സ്ഥിതിയെ ദയനീയം എന്ന് തന്നെ വിശേഷിപ്പിയ്‌ക്കേണ്ടിയിരിക്കുന്നു. മികച്ചവനെന്ന് പേരെടുക്കാന്‍ ഒരു സിനിമ മതി. ഇത് മനസ്സിലാക്കാതെ ചവറു പോലെ സിനിമകളില്‍ അഭിനയിക്കുകയും അതെല്ലാം പൊളിയുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഈ നടന്‍ തന്നെയാണ് സൃഷ്ടിയ്ക്കുന്നത്.

തൊണ്ണൂറുകളില്‍ തിയറ്ററുകളില്‍ തീപ്പൊരി സൃഷ്ടിച്ച ഗോപിയ്ക്ക് കാലത്തിനൊത്ത് മാറാന്‍ കഴിയുന്നില്ല, നല്ല സിനിമകളും നല്ല സംവിധായകന്മാരെയും തിരിച്ചറിയാന്‍ സാധിയ്ക്കുന്നതില്‍ പരാജയപ്പെടുന്നതാണ് നടനെ പ്രതിസന്ധിയിലാഴ്ത്തുന്നത്.

ജനകന്‍,കടാക്ഷം, റിങ് ടോണ്‍, രാമരാവണന്‍, കന്യാകുമാരി എക്‌സ്പ്രസ്, സദ്ഗമയ, മമ്മി ആന്റ് മീ, സഹസ്രം എന്നിങ്ങനെയാണ് സുരേഷ് ഗോപിയുടെ ലേബലില്‍ 2010ല്‍ തിയറ്ററുകളിലെത്തിയ സിനിമകള്‍. ഇതില്‍ സഹസ്രം, മമ്മി ആന്റ് മീ എന്നിവ മാത്രം എടുത്തുപറയാം.

ശബ്ദം കൊണ്ട് നിറഞ്ഞുനില്‍ക്കുകയും അവസാനത്തെ അഞ്ച് നിമിഷം പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന മമ്മി ആന്റ് മീയിലെ കഥാപത്രം സുരേഷ് ഗോപിയ്ക്ക് അടുത്തകാലത്ത് ലഭിച്ച മികച്ച അതിഥി വേഷങ്ങളിലൊന്നായി. തന്റെ ജനപ്രിയത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കാനും അദ്ദേഹത്തിന് സിനിമയിലൂടെ കഴിഞ്ഞു. സഹസ്രവും സുരേഷ് ഗോപി സിനിമകളില്‍ വേറിട്ടുനില്‍ക്കുന്നു.

പിടിവാശികള്‍ ഉപേക്ഷിച്ച് തിരിച്ചറിവോടെ മുന്നോട്ട് നീങ്ങിയാല്‍ സുരേഷ് ഗോപി വീണ്ടും മുന്‍നിരയിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എതിര്‍പ്പുകള്‍ നില്‍ക്കെ തന്നെ ഷാജി-രഞ്ജി പണിക്കര്‍ സിനിമയില്‍ അഭിനയിക്കുമെന്ന് സുരേഷ് ഈയിടെ പറഞ്ഞിരുന്നു. നടനെ സംബന്ധിച്ചിടത്തോളം ഇത് ശുഭ സൂചന തന്നെ.

കരുത്തോടെ ബോബന്റെ മടങ്ങിവരവ്



നായകനിരയില്‍ സജീവമായി നില്‍ക്കെ സിനിമയില്‍ വിട്ടുനില്‍ക്കുക, പിന്നെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തുക, അപൂര്‍വമായേ ഇത് സംഭവിയ്ക്കാറുള്ളൂ. അങ്ങനെയൊരു ഭാഗ്യമാണ് ഒരുകാലത്തെ റൊമാന്‍സ് ഹീറോ കുഞ്ചാക്കോ ബോബന് ലഭിച്ചത്.

2009ല്‍ സിനിമയില്‍ വീണ്ടും സജീവമായ ബോബന് ഈ വര്‍ഷം മമ്മി ആന്റ് മീ, സകുടുംബം ശ്യാമള, ഒരിടത്തൊരു പോസ്റ്റ്മാന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഫോര്‍ ഫ്രണ്ട്‌സ് എന്നിങ്ങനെ അഞ്ച് സിനിമകളിലാണ് അഭിനയിച്ചത്. ഇതില്‍ മൂന്നെണ്ണം വിജയിച്ചു.

എന്നാല്‍ മറ്റു നടന്‍മാരുടെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബോബന്റെ വിജയിച്ച മൂന്ന് ചിത്രങ്ങളിലും സ്ത്രീ കഥാപാത്രങ്ങള്‍ നായകനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മമ്മിയായും ശ്യാമളയുമായെത്തി ഉര്‍വശിയും ആണ്‍കുട്ടിയുടെ ചങ്കുറപ്പുമായെത്തിയ എല്‍സമ്മയെന്ന ആനും ബോബനൊപ്പം തിളങ്ങി.

ഈ സിനിമകളൊക്കെ വിജയിച്ചപ്പോള്‍ ഫോര്‍ ഫ്രണ്ട്‌സും ഒരിടത്തൊരു പോസ്റ്റുമാനും പരാജയം രുചിച്ചു. എങ്കിലും മൂന്ന് സിനിമകളുടെ വിജയവുമായി ബോബന്‍ 2010ല്‍ തന്റെ ശക്തി തെളിയിച്ചു.

പൃഥ്വിയുടെ കാര്യം പരുങ്ങലില്‍



2009ലെ പുതിയമുഖത്തിന്റെ വിജയത്തോടെ പൃഥ്വി ആരാധകര്‍ ഒരു കാര്യം പ്രവചിച്ചിരുന്നു. 2010ല്‍ മമ്മൂട്ടി ക്കും ലാലിനും ഒപ്പം പൃഥ്വിയും താരസിംഹാസനത്തിലേറും. യുവനിരയില്‍ പ്രമുഖനായ പൃഥ്വിരാജിന് ഇതിനുള്ള ആകാര, അഭിനയശേഷിയും ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ 2010ലെ പൃഥ്വിയുടെ പ്രകടനം ഈ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതാണ്. അഞ്ച് ചിത്രങ്ങളാണ് പൃഥ്വിയ്ക്ക് ഈ വര്‍ഷമുള്ളത്.

പുണ്യം അഹം എന്ന ചിത്രമൊഴിച്ച് നാല് സിനിമകളിലും പക്കാ ആക്ഷന്‍ റോളുകളിലാണ് പൃഥ്വി പ്രത്യക്ഷപ്പെട്ടത്. താന്തോന്നി, ത്രില്ലര്‍, അന്‍വര്‍, പോക്കിരി രാജ, ഇതില്‍ പോക്കിരി രാജയൊഴിച്ച് ബാക്കി നാലും ബോക്‌സ് ഓഫീസില്‍ തകര്‍ന്നു. പോക്കിരി രാജയില്‍ മമ്മൂട്ടി കൂടി ഉള്ളതിനാല്‍ ഒറ്റയ്ക്ക് ഈ സിനിമയുടെ ക്രെഡിറ്റ് മുഴുവനായും നടന് കിട്ടിയില്ല.

സാഹസികമായ ആക്ഷന്‍ രംഗങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കുന്ന പൃഥ്വി ചിത്രങ്ങള്‍ പരാജയപ്പെടുന്നത് 2010ലെ ചൂടേറിയ ചര്‍ച്ചകളിലൊന്നായിരുന്നു. വമ്പന്‍ ഇനീഷ്യല്‍ കളക്ഷന്‍ ലഭിയ്ക്കുന്ന പൃഥ്വി ചിത്രങ്ങള്‍ ലോങ് റണ്ണില്‍ പരാജയപ്പെടുന്നു. സോളോ ഹീറോ എന്ന നിലയില്‍ ഹിറ്റ് ലഭിയ്ക്കാത്തത് നടനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്. മികച്ച തിരക്കഥകളില്ലാത്ത സിനിമകള്‍ തന്നെയാണ് പൃഥ്വിയ്ക്ക് തിരിച്ചടിയാവുന്നത്. ഫാന്‍സിന്റെ ആര്‍ത്തിരമ്പലുകള്‍പ്പുറം ചിത്രം ലോങ് റണ്ണില്‍ മുന്നേറമെങ്കില്‍ സാധാരണ പ്രേക്ഷകരുടെ പിന്തുണ വേണം. പൃഥ്വിയ്ക്ക് ലഭിയ്ക്കാത്തും ഇപ്പോള്‍ അതു തന്നെയാണ്.

മണിരത്‌നത്തിന്റെ രാവണന് വേണ്ടി പൃഥ്വി കൂടുതല്‍ സമയവും സ്‌ട്രെയിനും എടുത്തവര്‍ഷം കൂടിയാണ് 2010. നിരൂപകപ്രശംസ നേടിയെങ്കിലും രാവണന് നേരിട്ട പരാജയവും പൃഥ്വിയ്‌ക്കേറ്റ തിരിച്ചടിയായി.