Monday, January 3, 2011

പൃഥ്വിയുടെ കാര്യം പരുങ്ങലില്‍



2009ലെ പുതിയമുഖത്തിന്റെ വിജയത്തോടെ പൃഥ്വി ആരാധകര്‍ ഒരു കാര്യം പ്രവചിച്ചിരുന്നു. 2010ല്‍ മമ്മൂട്ടി ക്കും ലാലിനും ഒപ്പം പൃഥ്വിയും താരസിംഹാസനത്തിലേറും. യുവനിരയില്‍ പ്രമുഖനായ പൃഥ്വിരാജിന് ഇതിനുള്ള ആകാര, അഭിനയശേഷിയും ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ 2010ലെ പൃഥ്വിയുടെ പ്രകടനം ഈ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതാണ്. അഞ്ച് ചിത്രങ്ങളാണ് പൃഥ്വിയ്ക്ക് ഈ വര്‍ഷമുള്ളത്.

പുണ്യം അഹം എന്ന ചിത്രമൊഴിച്ച് നാല് സിനിമകളിലും പക്കാ ആക്ഷന്‍ റോളുകളിലാണ് പൃഥ്വി പ്രത്യക്ഷപ്പെട്ടത്. താന്തോന്നി, ത്രില്ലര്‍, അന്‍വര്‍, പോക്കിരി രാജ, ഇതില്‍ പോക്കിരി രാജയൊഴിച്ച് ബാക്കി നാലും ബോക്‌സ് ഓഫീസില്‍ തകര്‍ന്നു. പോക്കിരി രാജയില്‍ മമ്മൂട്ടി കൂടി ഉള്ളതിനാല്‍ ഒറ്റയ്ക്ക് ഈ സിനിമയുടെ ക്രെഡിറ്റ് മുഴുവനായും നടന് കിട്ടിയില്ല.

സാഹസികമായ ആക്ഷന്‍ രംഗങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കുന്ന പൃഥ്വി ചിത്രങ്ങള്‍ പരാജയപ്പെടുന്നത് 2010ലെ ചൂടേറിയ ചര്‍ച്ചകളിലൊന്നായിരുന്നു. വമ്പന്‍ ഇനീഷ്യല്‍ കളക്ഷന്‍ ലഭിയ്ക്കുന്ന പൃഥ്വി ചിത്രങ്ങള്‍ ലോങ് റണ്ണില്‍ പരാജയപ്പെടുന്നു. സോളോ ഹീറോ എന്ന നിലയില്‍ ഹിറ്റ് ലഭിയ്ക്കാത്തത് നടനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്. മികച്ച തിരക്കഥകളില്ലാത്ത സിനിമകള്‍ തന്നെയാണ് പൃഥ്വിയ്ക്ക് തിരിച്ചടിയാവുന്നത്. ഫാന്‍സിന്റെ ആര്‍ത്തിരമ്പലുകള്‍പ്പുറം ചിത്രം ലോങ് റണ്ണില്‍ മുന്നേറമെങ്കില്‍ സാധാരണ പ്രേക്ഷകരുടെ പിന്തുണ വേണം. പൃഥ്വിയ്ക്ക് ലഭിയ്ക്കാത്തും ഇപ്പോള്‍ അതു തന്നെയാണ്.

മണിരത്‌നത്തിന്റെ രാവണന് വേണ്ടി പൃഥ്വി കൂടുതല്‍ സമയവും സ്‌ട്രെയിനും എടുത്തവര്‍ഷം കൂടിയാണ് 2010. നിരൂപകപ്രശംസ നേടിയെങ്കിലും രാവണന് നേരിട്ട പരാജയവും പൃഥ്വിയ്‌ക്കേറ്റ തിരിച്ചടിയായി.