Monday, January 3, 2011

ദയനീയം... സുരേഷ് ഗോപി




2010ല്‍ മമ്മൂട്ടിയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച സുരേഷ് ഗോപി യുടെ സ്ഥിതിയെ ദയനീയം എന്ന് തന്നെ വിശേഷിപ്പിയ്‌ക്കേണ്ടിയിരിക്കുന്നു. മികച്ചവനെന്ന് പേരെടുക്കാന്‍ ഒരു സിനിമ മതി. ഇത് മനസ്സിലാക്കാതെ ചവറു പോലെ സിനിമകളില്‍ അഭിനയിക്കുകയും അതെല്ലാം പൊളിയുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഈ നടന്‍ തന്നെയാണ് സൃഷ്ടിയ്ക്കുന്നത്.

തൊണ്ണൂറുകളില്‍ തിയറ്ററുകളില്‍ തീപ്പൊരി സൃഷ്ടിച്ച ഗോപിയ്ക്ക് കാലത്തിനൊത്ത് മാറാന്‍ കഴിയുന്നില്ല, നല്ല സിനിമകളും നല്ല സംവിധായകന്മാരെയും തിരിച്ചറിയാന്‍ സാധിയ്ക്കുന്നതില്‍ പരാജയപ്പെടുന്നതാണ് നടനെ പ്രതിസന്ധിയിലാഴ്ത്തുന്നത്.

ജനകന്‍,കടാക്ഷം, റിങ് ടോണ്‍, രാമരാവണന്‍, കന്യാകുമാരി എക്‌സ്പ്രസ്, സദ്ഗമയ, മമ്മി ആന്റ് മീ, സഹസ്രം എന്നിങ്ങനെയാണ് സുരേഷ് ഗോപിയുടെ ലേബലില്‍ 2010ല്‍ തിയറ്ററുകളിലെത്തിയ സിനിമകള്‍. ഇതില്‍ സഹസ്രം, മമ്മി ആന്റ് മീ എന്നിവ മാത്രം എടുത്തുപറയാം.

ശബ്ദം കൊണ്ട് നിറഞ്ഞുനില്‍ക്കുകയും അവസാനത്തെ അഞ്ച് നിമിഷം പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന മമ്മി ആന്റ് മീയിലെ കഥാപത്രം സുരേഷ് ഗോപിയ്ക്ക് അടുത്തകാലത്ത് ലഭിച്ച മികച്ച അതിഥി വേഷങ്ങളിലൊന്നായി. തന്റെ ജനപ്രിയത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കാനും അദ്ദേഹത്തിന് സിനിമയിലൂടെ കഴിഞ്ഞു. സഹസ്രവും സുരേഷ് ഗോപി സിനിമകളില്‍ വേറിട്ടുനില്‍ക്കുന്നു.

പിടിവാശികള്‍ ഉപേക്ഷിച്ച് തിരിച്ചറിവോടെ മുന്നോട്ട് നീങ്ങിയാല്‍ സുരേഷ് ഗോപി വീണ്ടും മുന്‍നിരയിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എതിര്‍പ്പുകള്‍ നില്‍ക്കെ തന്നെ ഷാജി-രഞ്ജി പണിക്കര്‍ സിനിമയില്‍ അഭിനയിക്കുമെന്ന് സുരേഷ് ഈയിടെ പറഞ്ഞിരുന്നു. നടനെ സംബന്ധിച്ചിടത്തോളം ഇത് ശുഭ സൂചന തന്നെ.