Tuesday, May 31, 2011

വിനീതിന്‍റെ പ്രണയകഥ ക്രിസ്മസിന്



വിനീത് ശ്രീനിവാസന്‍ തിരക്കിലാണ്. തന്‍റെ അടുത്ത സംവിധാന സംരംഭത്തിനുള്ള തിരക്കഥാ രചനയിലാണ് വിനീത്. ഒരു പ്രണയകഥയാണ് പുതിയ ചിത്രത്തിനായി വിനീത് പ്രമേയമാക്കുന്നത്. പുതുമുഖങ്ങള്‍ തന്നെയായിരിക്കും ഈ സിനിമയിലെ പ്രധാന താരങ്ങളെന്നാണ് സൂചന.

തലശ്ശേരിയിലെ കുടുംബവീട്ടിലിരുന്നാണ് വിനീത് തിരക്കഥയെഴുതുന്നത്. സംഗീത സംവിധായകന്‍ ഷാന്‍ വിനീതിനൊപ്പമുണ്ട്. തിരക്കഥാ രചന പൂര്‍ത്തിയാക്കുന്നതിനൊപ്പം ചിത്രത്തിലെ ഗാനങ്ങളും ട്യൂണ്‍ ചെയ്യുകയാണ്. വ്യത്യസ്തമായ ഒരു പ്രണയകഥ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വിനീത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിക്കും.

കഴിഞ്ഞ വര്‍ഷം മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ഹിറ്റ് ചിത്രം നല്‍കിയ വിനീത് ആ ട്രാക്കില്‍ നിന്ന് മാറിയുള്ള ഒരു സിനിമയാണ് തന്‍റെ രണ്ടാം ചിത്രമായി ഒരുക്കുന്നത്. പുതുമുഖങ്ങളെ കൂടാതെ മലയാളത്തിലെ പ്രധാന അഭിനേതാക്കളും ഈ ചിത്രത്തില്‍ അണിനിരക്കും. എന്നാല്‍ വിനീത് ശ്രീനിവാസന്‍ ഈ സിനിമയില്‍ അഭിനയിക്കില്ല.

ഈ വര്‍ഷം വിനീത് അഭിനയിച്ച ട്രാഫിക് എന്ന സിനിമ ട്രെന്‍ഡ് സെറ്ററായി മാറിയിരുന്നു. ഇനി പുതിയ ചിത്രം സംവിധാനം ചെയ്തതിന് ശേഷമേ അഭിനയത്തില്‍ കൈവയ്ക്കൂ എന്ന നിലപാടിലാണ് വിനീത്.

ശ്രീനിവാസന്‍ ഇനി ലഫ്റ്റനന്റ് കേണല്‍ സരോജ് കുമാര്‍



ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന വാര്‍ത്ത നേരത്തെ വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് ലഫ്റ്റനന്റ് കേണല്‍ സരോജ് കുമാര്‍ എന്ന കഥാപാത്രത്തെയാണ്.

രണ്ടാം ഭാഗത്തില്‍ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന് ലഫ്റ്റനന്റ് കേണല്‍ പദവി കിട്ടുകയാണ്. എന്നാല്‍ ആദ്യഭാഗത്തിലെ നായകനായ സംവിധായക കഥാപാത്രമായി മോഹന്‍‌ലാല്‍ പുതിയ ചിത്രത്തിലുണ്ടാകില്ല. ശ്രീനിവാസനൊപ്പം മകന്‍ വിനീത് ആണ് പ്രധാന വേഷം ചെയ്യുക. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും മലയാള സിനിമയിലെ ചില മോശം പ്രവണതകള്‍ക്കെതിരെയുള്ള വിമര്‍ശനം ആക്ഷേപഹാസ്യത്തിന്റെ രീതിയിലാണ് അവതരിപ്പിക്കുന്നത്. അടുത്തകാലത്തായി മലയാള സിനിമയുടെ അവസ്ഥയാണ്‌ ഉദയനാണ്‌ താരത്തിന്റെ രണ്ടാം ഭാഗത്തിലൂടെ തുറന്നുകാട്ടുക.

ശ്രീനിവാസന്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ നവാഗതനായിരിക്കും. ഉദയനാണ് താരം സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസ്‌ ആയിരുന്നു. വൈശാഖ്‌ മൂവിയാണ്‌ ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്‌. ചിത്രത്തെക്കുറിച്ചുള്ള മറ്റു കാര്യങ്ങളുടെ ചര്‍ച്ച പുരോഗമിക്കുകയാണ്‌.

നല്ല സിനിമയെടുക്കാന്‍ ശ്രമിക്കുന്ന ഉദയഭാനു എന്ന സംവിധായകനെ അവതരിപ്പിച്ച മോഹന്‍‌ലാലായിരുന്നു ഉദയനാണ് താരത്തിലെ നായകന്‍. സിനിമാനടിയെ അവതരിപ്പിച്ച മീനയായിരുന്നു നായിക. താരാധിപത്യത്തിന്റെ മോശം വശങ്ങള്‍ തുറന്ന് കാട്ടുന്ന സരോജ്‌കുമാര്‍ എന്ന സൂപ്പര്‍സ്‌റ്റാറായി ശ്രീനിവാ‍സനും വേഷമിട്ട ഈ ചിത്രം ആക്ഷേപഹാസ്യത്തിന്റെ ചേരുവകള്‍ ചേര്‍ത്താണ് ഒരുക്കിയിരുന്നത്. ചിരിക്കാനും ചിന്തിക്കാനും നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമായിരുന്നു ഉദയനാണ് താരം.

തമിഴിലും മോഹന്‍‌ലാലിന്റെ ഒരുനാള്‍ വരും



മോഹന്‍‌ലാലിനെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരുനാള്‍ വരും. സമീറ റെഡ്ഡി ആദ്യമായി അഭിനയിച്ച മലയാളചിത്രം കൂടിയാണ് ഇത്. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ഈ ചിത്രം തീയേറ്ററുകളില്‍ വേണ്ടെത്ര സ്വീകരിക്കപ്പെട്ടിരുന്നില്ല. ശ്രീനിവാസനും ഒരു സുപ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ എന്താ ഈ സിനിമയെക്കുറിച്ച് പറയുന്നത് എന്നല്ലേ? കാര്യമുണ്ട്.

ഒരു നാള്‍ വരും തമിഴിലേക്ക് ഡബ് ചെയ്യുന്നു. മോഹന്‍‌ലാലും ശ്രീനിവാസനുമൊക്കെ തമിഴില്‍ സംസാരിച്ച് ചിത്രം വിജയിപ്പിക്കുമോ എന്ന ഒരു പരീക്ഷണമാണ് നടത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തമിഴ് ഡബിംഗ് ജോലികള്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

അഴിമതി സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തില്‍ പറയുന്നത്. സാധാരണക്കാരനായ കൊളപ്പുള്ളി സുകുമാരന്‍ നഗത്തില്‍ വീട് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇയാള്‍ക്ക് വീട് വയ്ക്കാന്‍ അഴിമതിക്കാനായ ടൌണ്‍ പ്ലാനിംഗ് ഓഫീസര്‍ അനുവാദം നല്‍കുന്നില്ല. തുടര്‍ന്ന് സുകുമാരന്‍ പ്ലാനിംഗ് ഓഫീസറെ കുടുക്കാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. ചില ട്വിസ്റ്റുകളും കഥ പുരോഗമിക്കുമ്പോള്‍ സംഭവിക്കുന്നു.സുകുമാരനെ മോഹന്‍‌ലാലും പ്ലാനിംഗ് ഓഫീസറെ ശ്രീനിവാസനുമാണ് അവതരിപ്പിച്ചത്.

സുശീന്ദ്രന്‍ ചിത്രത്തില്‍ വിക്രമിന് ഇരട്ട വേഷം



അഴകര്‍സാമിയിന്‍ കുതിരൈ എന്ന ചിത്രത്തിന് ശേഷം സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രം ഇരട്ടവേഷത്തില്‍. അച്‌ഛനായും മകനായുമായാണ് വിക്രം ഈ സിനിമയില്‍ അഭിനയിക്കുക.

ചിത്രത്തിന് വെന്തന്‍ എന്നാണ് പേരിട്ടിരിക്കുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും സുശീന്ദ്രനാണ്.

ദീക്ഷാ സേത്തും മിത്രാ കുര്യനുമാണ്‌ ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കനകരത്‌ന രമേഷാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. യുവന്‍ ശങ്കര്‍രാജയുടെയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണ്‍ 7 ന്‌ ആരംഭിക്കും.