Tuesday, May 31, 2011

തമിഴിലും മോഹന്‍‌ലാലിന്റെ ഒരുനാള്‍ വരും



മോഹന്‍‌ലാലിനെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരുനാള്‍ വരും. സമീറ റെഡ്ഡി ആദ്യമായി അഭിനയിച്ച മലയാളചിത്രം കൂടിയാണ് ഇത്. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ഈ ചിത്രം തീയേറ്ററുകളില്‍ വേണ്ടെത്ര സ്വീകരിക്കപ്പെട്ടിരുന്നില്ല. ശ്രീനിവാസനും ഒരു സുപ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ എന്താ ഈ സിനിമയെക്കുറിച്ച് പറയുന്നത് എന്നല്ലേ? കാര്യമുണ്ട്.

ഒരു നാള്‍ വരും തമിഴിലേക്ക് ഡബ് ചെയ്യുന്നു. മോഹന്‍‌ലാലും ശ്രീനിവാസനുമൊക്കെ തമിഴില്‍ സംസാരിച്ച് ചിത്രം വിജയിപ്പിക്കുമോ എന്ന ഒരു പരീക്ഷണമാണ് നടത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തമിഴ് ഡബിംഗ് ജോലികള്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

അഴിമതി സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തില്‍ പറയുന്നത്. സാധാരണക്കാരനായ കൊളപ്പുള്ളി സുകുമാരന്‍ നഗത്തില്‍ വീട് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇയാള്‍ക്ക് വീട് വയ്ക്കാന്‍ അഴിമതിക്കാനായ ടൌണ്‍ പ്ലാനിംഗ് ഓഫീസര്‍ അനുവാദം നല്‍കുന്നില്ല. തുടര്‍ന്ന് സുകുമാരന്‍ പ്ലാനിംഗ് ഓഫീസറെ കുടുക്കാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. ചില ട്വിസ്റ്റുകളും കഥ പുരോഗമിക്കുമ്പോള്‍ സംഭവിക്കുന്നു.സുകുമാരനെ മോഹന്‍‌ലാലും പ്ലാനിംഗ് ഓഫീസറെ ശ്രീനിവാസനുമാണ് അവതരിപ്പിച്ചത്.