Tuesday, May 31, 2011

ശ്രീനിവാസന്‍ ഇനി ലഫ്റ്റനന്റ് കേണല്‍ സരോജ് കുമാര്‍



ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന വാര്‍ത്ത നേരത്തെ വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് ലഫ്റ്റനന്റ് കേണല്‍ സരോജ് കുമാര്‍ എന്ന കഥാപാത്രത്തെയാണ്.

രണ്ടാം ഭാഗത്തില്‍ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന് ലഫ്റ്റനന്റ് കേണല്‍ പദവി കിട്ടുകയാണ്. എന്നാല്‍ ആദ്യഭാഗത്തിലെ നായകനായ സംവിധായക കഥാപാത്രമായി മോഹന്‍‌ലാല്‍ പുതിയ ചിത്രത്തിലുണ്ടാകില്ല. ശ്രീനിവാസനൊപ്പം മകന്‍ വിനീത് ആണ് പ്രധാന വേഷം ചെയ്യുക. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും മലയാള സിനിമയിലെ ചില മോശം പ്രവണതകള്‍ക്കെതിരെയുള്ള വിമര്‍ശനം ആക്ഷേപഹാസ്യത്തിന്റെ രീതിയിലാണ് അവതരിപ്പിക്കുന്നത്. അടുത്തകാലത്തായി മലയാള സിനിമയുടെ അവസ്ഥയാണ്‌ ഉദയനാണ്‌ താരത്തിന്റെ രണ്ടാം ഭാഗത്തിലൂടെ തുറന്നുകാട്ടുക.

ശ്രീനിവാസന്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ നവാഗതനായിരിക്കും. ഉദയനാണ് താരം സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസ്‌ ആയിരുന്നു. വൈശാഖ്‌ മൂവിയാണ്‌ ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്‌. ചിത്രത്തെക്കുറിച്ചുള്ള മറ്റു കാര്യങ്ങളുടെ ചര്‍ച്ച പുരോഗമിക്കുകയാണ്‌.

നല്ല സിനിമയെടുക്കാന്‍ ശ്രമിക്കുന്ന ഉദയഭാനു എന്ന സംവിധായകനെ അവതരിപ്പിച്ച മോഹന്‍‌ലാലായിരുന്നു ഉദയനാണ് താരത്തിലെ നായകന്‍. സിനിമാനടിയെ അവതരിപ്പിച്ച മീനയായിരുന്നു നായിക. താരാധിപത്യത്തിന്റെ മോശം വശങ്ങള്‍ തുറന്ന് കാട്ടുന്ന സരോജ്‌കുമാര്‍ എന്ന സൂപ്പര്‍സ്‌റ്റാറായി ശ്രീനിവാ‍സനും വേഷമിട്ട ഈ ചിത്രം ആക്ഷേപഹാസ്യത്തിന്റെ ചേരുവകള്‍ ചേര്‍ത്താണ് ഒരുക്കിയിരുന്നത്. ചിരിക്കാനും ചിന്തിക്കാനും നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമായിരുന്നു ഉദയനാണ് താരം.