Wednesday, July 20, 2011

മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഡിജിറ്റല്‍ ഓണത്തിന്


ഇന്ത്യന്‍ വെള്ളിത്തിരയിലെ അദ്ഭുതമായി മാറിയ ആദ്യ ത്രിഡി സിനിമ 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വീണ്ടുമെത്തുന്നു. ഓണത്തിന് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് നവോദയ അപ്പച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതിയ ചില കൂട്ടിച്ചേര്‍ക്കലുകളുമായാണ് കുട്ടിച്ചാത്തന്റെ മൂന്നാം വരവ്. തമിഴ് നടന്‍ പ്രകാശ്‌രാജ്, ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മുന്‍ പതിപ്പിനേക്കാള്‍ 25 മിനിട്ട് ദൈര്‍ഘ്യം കൂടുതലുണ്ട് പുതിയതിന്.

മലയാളത്തില്‍ റിലീസ് ചെയ്തതിന് ശേഷം ഇന്ത്യയിലെ മറ്റ് ഭാഷകകളിലേയ്ക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കും.

ഒരു തലമുറയെ ആകെ വിസ്മയിപ്പിച്ച കുട്ടിച്ചാത്തന്‍ 1984ലാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 1995ല്‍ വീണ്ടും പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ പ്രദര്‍ശനത്തിനെത്തിയപ്പോഴും വിജയചരിത്രം ആവര്‍ത്തിച്ചു. ജിജോ സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ വിതരണത്തിനെത്തിക്കുന്നത് യൂണിവേഴ്‌സല്‍ മൂവി മേക്കേഴ്‌സ് റിലീസാണ്.

Monday, July 18, 2011

ലാല്‍ @ 300




അഭിനയനാള്‍വഴിയില്‍ മോഹന്‍ലാല്‍ 300 സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന പ്രണയമായിരിക്കും ലാലിന്റെ 300 ാമത് ചിത്രമായി പ്രദര്‍ശനത്തിനെത്തുക. ഏറെ അഭിനയസാധ്യതയുള്ള വേഷത്തിന്റെ തിളക്കവുമായാണ് ലാലിന്റെ 'പ്രണയം' ഒരുങ്ങുന്നത്. സമീപകാല ചിത്രങ്ങളില്‍ കണ്ട ഗെറ്റപ്പുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ലാലിനെയാകും 'പ്രണയ'ത്തില്‍ കാണാനാകുക. ചിത്രത്തിലെ ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് സംവിധായകനും സസ്‌പെന്‍സ് നിലനിര്‍ത്തുന്ന സ്ഥിതിക്ക് ആരാധകരും തികഞ്ഞ ആകാംക്ഷയിലാണ്. തീവ്രപ്രണയം സൗഹൃദമായി വഴിമാറുമോ എന്നതായിരിക്കും ചിത്രത്തിന്റെ കാതല്‍.

നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ലാലിന്റെ മുന്നൂറാമത് ചിത്രം എന്ന നിലയിലാകും പ്രണയം മാര്‍ക്കറ്റ് ചെയ്യുക. വന്‍ പബ്ലിസിറ്റിയോടെ പ്രണയം ഈ ഓണക്കാലത്ത് വിരുന്നെത്തും. കാസനോവയാണ് ഓണച്ചിത്രമായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ അനിശ്ചിതമായി നീണ്ടു. ഇതിനിടെയിലാണ് സപ്തംബര്‍ ഏഴിന് പ്രണയം മാക്‌സ് ലാബ് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് വരുന്നത്.



ലാലിന് പുറമേ അനുപം ഖേറും ജയപ്രദയും പ്രണയത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം ജയചന്ദ്രന്‍ ചിട്ടപ്പെട്ടുത്തി ഒ.എന്‍.വി കുറുപ്പ് എഴുതിയ നാല് ഗാനങ്ങളുണ്ടാകും സിനിമയില്‍

Wednesday, July 13, 2011

'ദൈവതിരുമകള്‍' 15 ന് പ്രദര്‍ശനത്തിനെത്തും

ചെന്നൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം നായകനാവുന്ന പുതിയ ചിത്രം 'ദൈവ തിരുമകള്‍' ജൂലായ് 15 ന് പ്രദര്‍ശനത്തിനെത്തും. 'മദ്രാസിപ്പട്ടണ' ത്തിലൂടെ ശ്രദ്ധേയനായ എ.എല്‍. വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ''ദൈവ തിരുമകള്‍ ആര്‍ട്ട് സിനിമയല്ല. പ്രേക്ഷകരെ വിനോദിപ്പിക്കാനുള്ള എല്ലാ ചേരുവകളുമുള്ള വാണിജ്യ സിനിമ തന്നെയാണ്'' - വിജയ് പറയുന്നു. 

മുപ്പതാം വയസ്സിലും അഞ്ചു വയസ്സുകാരന്റെ മാനസികവളര്‍ച്ച മാത്രമുള്ള കഥാപാത്രത്തെയാണ് 'ദൈവ തിരുമകളി'ല്‍ വിക്രം അവതരിപ്പിക്കുന്നത്. അനുഷ്‌കയും അമലപോളും ചിത്രത്തില്‍ മികച്ച വേഷത്തില്‍ അഭിനയിക്കുന്നു. ഹാസ്യത്തിന് കൊഴുപ്പേകാന്‍ സന്താനത്തിന്റെ പ്രകടനവുമുണ്ട്. 

'ദൈവ തിരുമകളി'ലെ കഥാപാത്രം തന്നെ കൂടുതല്‍ പ്രശസ്തിയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് വിക്രം. ''നിരവധി ചിത്രങ്ങളില്‍ ഞാന്‍ മികച്ച വേഷം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിലെ പ്രകടനത്തിനാണ് എനിക്ക് ആദ്യമായി സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നുതന്നെ അഭിനന്ദനം ലഭിക്കുന്നത്.'' 'ദൈവ തിരുമകളി'ലെ കഥാപാത്രം അവതരിപ്പിക്കുന്നതിനു മുന്നോടിയായി താന്‍ കാര്യമായ ഗവേഷണവും പരിശീലനവും കൂടി നടത്തിയിരുന്നുവെന്നും വിക്രം പറയുന്നു. 

ബുദ്ധിവളര്‍ച്ചയില്ലാത്ത കുട്ടികളുടെ സ്വഭാവവും പെരുമാറ്റരീതിയും നേരില്‍ക്കണ്ടു പഠിക്കാന്‍ ഇത്തരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കുറെ ദിവസങ്ങള്‍ ചെലവഴിച്ചിരുന്നു. കൂടാതെ മാനസികരോഗ വിദഗ്ധ കൂടിയായ തന്റെ ഭാര്യ ഇത്തരം കുട്ടികളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നുവെന്നും വിക്രം വ്യക്തമാക്കി. കഥാപാത്രത്തിനു വേണ്ടി 12 കിലോഗ്രാം ശരീരഭാരം കുറച്ചിട്ടുണ്ട് വിക്രം. 

വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ എങ്ങനെയാണ് ഇത്രയും മികവുറ്റതാക്കുന്നത് എന്ന ചോദ്യത്തിന് വിക്രം അഭിമാനത്തോടെ ഉദാഹരിക്കുന്നത് നടന്‍ മമ്മൂട്ടിയെയാണ്. ''തന്റെ അഭിനയ ജീവിതത്തില്‍ വ്യത്യസ്ത സിനിമകളിലായി മമ്മൂട്ടി 40 ഓളം പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

എന്നാല്‍ ഈ കഥാപാത്രങ്ങള്‍ക്കൊന്നും സാമ്യമില്ലാതെ, വേറിട്ട രീതിയില്‍ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞിട്ടുണ്ട്'' - വിക്രം പറയുന്നു. ചിത്രത്തില്‍ മൂന്നു ഗാനങ്ങള്‍ ആലപിക്കുന്നതും വിക്രം തന്നെയാണ്. ഇതില്‍ ഒരു ഗാനം വിക്രം തന്നെ ഒറ്റ ദിവസം കൊണ്ട് കംപോസ് ചെയ്തതാണ്. ജി.വി. പ്രകാശാണ് സംഗീത സംവിധായകന്‍. ആദ്യം ചിത്രത്തിന് ദൈവ തിരുമകന്‍ എന്നാണ് പേരിട്ടിരുന്നത്. എന്നാല്‍ പിന്നീട് സംവിധായകന്‍ പേര് മാറ്റുകയായിരുന്നു.