Showing posts with label arya. Show all posts
Showing posts with label arya. Show all posts

Friday, January 28, 2011

വേനല്‍ വിരുന്നുമായി ബാല




ഇരുണ്ട വിഷയങ്ങളുടെ ചലച്ചിത്രകാരന്‍ എന്ന പ്രതിച്ഛായയില്‍നിന്നു മാറിക്കൊണ്ട് സംവിധായകന്‍ ബാല ഒരുക്കുന്ന 'അവന്‍ ഇവന്‍' ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. ഒടുവില്‍ പുറത്തിറങ്ങിയ 'നാന്‍ കടവുള്‍' എന്ന ചിത്രത്തില്‍ കടുപ്പമേറിയ കാഴ്ചകളാല്‍ പ്രേക്ഷകരെ ഞെട്ടിച്ച ബാല സിനിമാവൃത്തങ്ങളില്‍ കടുത്ത വിമര്‍ശം നേരിട്ടിരുന്നു. ആ ചിത്രത്തിന് ദേശീയതലത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചെങ്കിലും സാധാരണകാണികള്‍ അതിനോട് അത്രനന്നായി പ്രതികരിച്ചിരുന്നില്ല. അഭിശപ്തമായ കാഴ്ചകളാല്‍ ദയാരഹിതമായി പ്രേക്ഷകരെ വേട്ടയാടുന്ന ചിത്രമായതിനാലാണ് എതിരഭിപ്രായങ്ങളുയര്‍ന്നത്.

'സേതു','നന്ദ','പിതാമഹന്‍' എന്നീ ചിത്രങ്ങളിലെല്ലാം ഇരുണ്ട കാഴ്ചകളാണ് ബാല കാട്ടിത്തന്നതെങ്കിലും 'നാന്‍കടവുളി'ല്‍ അതിന്റെ അളവ് അസഹനീയമായെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. രസിപ്പിക്കുന്ന സിനിമകളുടെ വെള്ളപ്പൊക്കത്തിനിടയില്‍ ഞെട്ടലനുഭവിക്കാന്‍ അധികമാരും ഒരുക്കമായിരുന്നില്ലെന്നതിനാല്‍ 'നാന്‍ കടവുള്‍' തിയേറ്ററുകളില്‍ തിരിച്ചടി നേരിട്ടു. എങ്കിലും ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ ആര്യ, പൂജ എന്നിവര്‍ ഏറെ പ്രശംസിക്കപ്പെട്ടു.

'നാന്‍ കടവുള്‍' ഇറങ്ങിയപ്പോഴുണ്ടായ കുറ്റപ്പെടുത്തലുകള്‍ അംഗീകരിച്ചുകൊണ്ട്, അടുത്ത ചിത്രം വ്യത്യസ്തമായിരിക്കുമെന്ന് ബാല വ്യക്തമാക്കിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യമുള്ളതാണ് 'അവന്‍ ഇവന്‍' എന്ന പുതിയ സിനിമയെന്നാണ് അണിയറയില്‍നിന്നുള്ള വിവരങ്ങള്‍. 'നാന്‍ കടവുളി'ലെ നായകനായ ആര്യയെത്തന്നെയാണ് ഈ ചിത്രത്തിനു വേണ്ടിയും ബാല തിരഞ്ഞെടുത്തത്. ഒപ്പം വിശാലുമുണ്ട്. ജനനി അയ്യരാണ് നായിക.

ചിത്രീകരണം മിക്കവാറും പൂര്‍ത്തിയായെന്നും പോസ്റ്റ്‌പ്രൊഡക് ഷന്‍ ജോലികള്‍ കൂടി പൂര്‍ത്തിയായാക്കി ഏപ്രിലില്‍ തിയേറ്ററിലെത്തുമെന്നുമാണ് വിവരം. എല്ലാവിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്ന മധ്യവേനലവധിക്കാലവിരുന്നായിരിക്കും ഈ ചിത്രമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.

മുന്‍ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'അവന്‍ ഇവനെ' ബാലയുടെ ആരാധകര്‍ എപ്രകാരം സ്വീകരിക്കുമെന്നറിയാനാണ് തമിഴ് സിനിമാലോകം കാത്തിരിക്കുന്നത്.

ഉറുമിയില്‍ വിക്രമിന് പകരം ആര്യ



സന്തോഷ് ശിവന്‍-പൃഥ്വിരാജ് ടീമിന്റെ മെഗാ മൂവി ഉറുമിയില്‍ കോളിവുഡ് സ്റ്റാര്‍ ആര്യയും. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ആര്യ ഗസ്റ്റ് റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ആര്യയുടെ ആദ്യ മലയാള ചിത്രം കൂടിയായി ഉറുമി മാറുകയാണ്.

തമിഴിലെ സൂപ്പര്‍താരമായ വിക്രമിന് തീരുമാനിച്ചിരുന്ന റോളിലാണ് ആര്യ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. തിരക്കുകള്‍ മൂലം വിക്രമിന് ഉറുമിയുടെ ഷൂട്ടിങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് ആര്യയ്ക്ക് വരവിന് കളമൊരുക്കിയത്.

പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പിരീയഡ് ചിത്രത്തില്‍ പ്രഭുദേവ ജെനീലിയ, തബു, വിദ്യാ ബാലന്‍, അമോല്‍ ഗുപ്ത എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അണിനിരിക്കുന്നുണ്ട്.

ഇരുപത് കോടി ചെലവില്‍ നിര്‍മിയ്ക്കുന്ന സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ മഹാരാഷ്ട്രയിലെ മാല്‍ഷെ പര്‍വതനിരകളില്‍ പൂര്‍ത്തിയായിരുന്നു. മാഗ്ലൂരിലും ഉഡുപ്പിയിലുമായി രണ്ടാംഘട്ടചിത്രീകണം പുരോഗമിക്കുകയാണ്. ഉറുമിയില്‍ അഭിനയിക്കുന്നതിനായി മൂന്ന് ദിവസത്തെ ഡേറ്റാണ് ആര്യ നല്‍കിയിരിക്കുന്നത്.

Wednesday, December 22, 2010

മുംബൈ പോലീസില്‍ ഇനി പൃഥ്വിയും



കോളിവുഡ് താരം ആര്യയും പൃഥ്വിയും ആദ്യമായി ഒന്നിക്കുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസിലാണ് ഇരുവരും ഒരുമിക്കുന്നത്. റോഷന്റെ പ്രിയ തിരക്കഥാ കൃത്തുക്കളായ ബോബിയും സഞ്ജയ് യുടേയുമാണ് തിരക്കഥ.

റോഷന്റെ തന്നെ പുതിയ നിര്‍മാണ കമ്പനിയായ 1000എഡിയുടെ ബാനറില്‍ നിരമിക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാനുള്ളത്. എന്നാല്‍ ചിത്രത്തിലെ നായികമാരെ ഇതുവരെ തീരുമാനിച്ചിട്ടില്ല. പുതുമുഖത്തെയാണ് റോഷന്‍ തേടുന്നത്. അതിനുവേണ്ടി ടാലന്റ് ഹണ്ട് നടത്താനും പദ്ധതിയുണ്ട്.

റോഷന്റെ ബിഗ് ബജറ്റ് ചിത്രമായ ‘കാസനോവ’ പാതിവഴിയിലെത്തി നില്‍ക്കെയാണ് പുതിയ ചിത്രത്തിന്റെ പൂജനടന്നത്. ‘കാസനോവ’യുടെ ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം അടുത്ത ജൂണില്‍ മുംബൈ പോലീസിന്റെ ചിത്രീകരണം ആരംഭിയ്ക്കാനാണ് തീരുമാനം. 2011ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.