Tuesday, December 21, 2010

20-ട്വന്‍റിയുമായി സിനിമാ താരങ്ങള്‍



ചെന്നൈ: 20-ട്വന്‍റിയിലേക്ക് സിനിമാ താരങ്ങളും. ശരത്കുമാറിന്റെയും രാധികാശരത് കുമാറിന്റെയും നേതൃത്വത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആണ് ക്രിക്കറ്റിന്റെയും സിനിമയുടെയും തകര്‍പ്പന്‍ മിശ്രണത്തിന് രൂപം നല്‍കുന്നത്.

ബോളിവുഡ്ഡില്‍ നിന്ന് മുംബൈ ഹീറോസ്, തെലുങ്ക് സിനിമയില്‍ നിന്ന് ഹൈദരാബാദ് ടൈഗേഴ്‌സ്, കന്നടയില്‍ നിന്ന് ബാംഗ്ലൂര്‍ റോയല്‍സ്, തമിഴില്‍ നിന്ന് ചെന്നൈ സൂപ്പര്‍ സ്റ്റാര്‍സ് എന്നീ ടീമുകളാണ് അങ്കത്തിനൊരുങ്ങുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍അടക്കമുള്ള താരങ്ങള്‍ തിരക്കിലായിപ്പോയതിനാല്‍ ഇക്കുറി കൊച്ചിന്‍ കിങ്‌സ് രംഗത്തില്ലെന്ന് ശരത് കുമാര്‍ പറഞ്ഞു.

ബോളിവുഡ്ഡ് ടീമിനെ സുനില്‍ ഷെട്ടിയാണ് നയിക്കുക. മുംബൈയുടെ ഐക്കണ്‍ പ്ലെയറായി സല്‍മാന്‍ ഖാനും കളത്തിലിറങ്ങും. ചെന്നൈ ടീം ക്യാപ്റ്റന്‍ ശരത് കുമാറായിരിക്കും. വിജയും സൂര്യയും മുന്‍നിരയിലുണ്ടാവും. സംഗതി കുട്ടിക്കളിയല്ലെന്നും ശരിക്കും സീരിയസ്സാണെന്നുമാണ് രാധിക ശരത്കുമാര്‍ പറയുന്നത്. പരിശീലനത്തിന് പ്രത്യേകം കോച്ചുണ്ടാവും.

വരുന്ന ജനവരിയിലാണ് ടീം ഫിക്‌സേഷന്‍ നടക്കുക. ജേതാക്കള്‍ക്ക് സമ്മാനം 25 ലക്ഷം രൂപയാണ്. അടുത്ത 10 കൊല്ലത്തേക്കുള്ള പദ്ധതിയാണ് സി.സി.എല്‍. തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങളെയും അണിനിരത്തിയുള്ള മെഗാ ഗെയിമിനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ശരത്കുമാര്‍ വ്യക്തമാക്കുന്നു.