Wednesday, November 24, 2010

ബോഡിഗാര്‍ഡിന്‍റെ തമിഴ് പതിപ്പിന് സ്റ്റേ!



മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദിലീപ് ചിത്രം ബോഡിഗാര്‍ഡിന്‍റെ തമിഴ് പതിപ്പായ ‘കാവലന്‍’ റിലീസ് ചെയ്യുന്നത് കോടതി സ്റ്റേ ചെയ്തു. അടുത്ത ഒന്നര മാസത്തേക്കാണ് സ്റ്റേ. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഈ തിരിച്ചടി. മലയാള സംവിധായകന്‍ സിദ്ദിഖ് ഒരുക്കുന്ന കാവലനില്‍ വിജയ് - അസിന്‍ ജോഡി വീണ്ടും ഒന്നിക്കുകയാണ്.


സിംഗപ്പൂരിലെ തന്ത്ര ഐ എന്‍ സി പ്രൊപ്രൈറ്ററായ ശരവണന്‍റെ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ‘കാവലന്‍’ സ്റ്റേ ചെയ്തിരിക്കുന്നത്. കാവലന്‍റെ നിര്‍മ്മാതാവായ രൊമേഷ് കുമാറിനെതിരെയാണ് ശരവണന്‍ ഹര്‍ജി നല്‍കിയത്.

കാവലന്‍റെ ഓവര്‍സീസ് റൈറ്റ് രൊമേഷ് കുമാര്‍ തനിക്ക് അഞ്ചുകോടി രൂപയ്ക്ക് നല്‍കിയിരുന്നെന്നും ഒന്നരക്കോടി രൂപ അഡ്വാന്‍സായി രൊമേഷിന് കൈമാറിയതായും ശരവണന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. എന്നാല്‍ അതിനുശേഷം, ഓവര്‍സീസ് റൈറ്റ് സിനിമാ പാരഡൈസിന് രൊമേഷ് കുമാര്‍ വില്‍ക്കുകയാണുണ്ടായതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

തനിക്ക് അവകാശം നിലനില്‍ക്കെ എങ്ങനെ മറ്റൊരു കമ്പനിക്ക് അവകാശം വില്‍ക്കും എന്ന് ആരാഞ്ഞപ്പോള്‍ രൊമേഷ് കുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ശരവണന്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി കാവലന്‍റെ റിലീസ് ഒന്നര മാസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു