Thursday, March 10, 2011

ബ്ലെസ്സിയും സമുദ്രക്കനിയും ശശികുമാറും ഒരു ചിത്രത്തില്‍



തെന്നിന്ത്യന്‍ സിനിമയിലെ മൂന്നു പ്രമുഖ സംവിധായകര്‍ ഒരുമിച്ച ഇന്‍വെസ്റ്റിഗേഷന്‍ സിനിമയായ 'ഈശന്‍' തമിഴ്‌നാട്ടിലെ വന്‍വിജയവുമായി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി.

നാടോടികള്‍ എന്ന സിനിമയുടെ സംവിധായകനും ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടനുമായ സമുദ്രക്കനിയും തന്മാത്ര, കാഴ്ച എന്നീ സിനിമകളിലൂടെ പ്രശസ്തനായ ബ്ലെസ്സിയും സുബ്രഹ്മണ്യപുരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നെടുത്ത ശശികുമാറും ചേര്‍ന്നാണ് ഈശന്‍ എന്ന ചിത്രമൊരുക്കുന്നത്.

ശശികുമാര്‍ സംവിധാനം ചെയ്യുന്ന ഈശനില്‍ സമുദ്രക്കനി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ആയിട്ടാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ എന്‍ജിനീയര്‍ ആയി അഭിനയിക്കുകയാണ് ബ്ലെസ്സി. ഈ ചിത്രം കേരളത്തില്‍ മഞ്ജു റിലീസും ശ്രീഹരി റിലീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കുന്നു.

ഭാര്യ മരിച്ചതിനുശേഷം മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് അവരുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കഴിയുന്ന ഗൃഹനാഥനായ എന്‍ജിനീയറാണ് ബ്ലെസ്സി. ഒരു പ്രത്യേക സാഹചര്യത്തില്‍ അവരുടെ ഗ്രാമത്തില്‍ നിന്ന് ബ്ലെസ്സിക്ക് മദ്രാസിലേക്ക് സ്ഥലംമാറ്റം കിട്ടുന്നു.

മഹാനഗരത്തിലെത്തിയ ബ്ലെസ്സി തന്റെ മകളെ ഫാഷന്‍ ഡിസൈനിങ് പഠിക്കുന്നതിന് ഒരുന്നത സ്ഥാപനത്തില്‍ ചേര്‍ക്കുന്നു. മകനെ മറ്റൊരു കോളേജിലും.

അവിടത്തെ മന്ത്രിപുത്രനുമായി പെണ്‍കുട്ടി പരിചയത്തിലാകുന്നു. പ്രണയത്തിന്റെ വലയില്‍ അവളെ പെടുത്തിയ മന്ത്രിപുത്രന്‍ അവളെ ഒരു സത്കാരത്തിന് ഹോട്ടല്‍മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അവിടെവെച്ച് നാലുപേര്‍ ചേര്‍ന്ന് അവളെ ബലാത്സംഗം ചെയ്യുന്നു. ഈ സംഭവത്തിന്റെ ആഘാതത്തില്‍ ആ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നു. മോര്‍ച്ചറിയില്‍ വെച്ച് അവയിലൊരു മൃതദേഹത്തിന് അനക്കം കാണുമ്പോള്‍ എല്ലാവരും ചേര്‍ന്ന് ആ ജീവന്‍ രക്ഷിക്കുന്നു. ആണ്‍കുട്ടിയാണ് രക്ഷപ്പെടുന്നത്. പിന്നീട് അപ്രതീക്ഷിതമായി മന്ത്രിപുത്രന്‍ കൊല്ലപ്പെടുന്നു. പിന്നാലെ മറ്റു മൂന്നുപേരും. ഈ കൊലപാതകങ്ങളുടെ അന്വേഷണത്തിനെത്തുന്ന ഓഫീസറാണ് സമുദ്രക്കനി.

തമിഴ്‌സിനിമയുടെ സ്ഥിരം ഫോര്‍മുലകളെ തകിടം മറിക്കുന്ന രണ്ടു സംവിധായകരും ഒരു മലയാളി സംവിധായകനും ചേര്‍ന്നൊരുക്കിയ ഈ സിനിമ കാഴ്ചയുടെ വിസ്മയങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുചെന്നെത്തിക്കുന്നത്.